♦️♦️♦️ January 14 ♦️♦️♦️
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്.
തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു.
‘ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.
1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി. അങ്ങനെ ധീരരക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാൽ ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിന്നു് പ്രാർത്ഥിക്കുന്ന ദേവസഹായം പിള്ളയുടെ പെയിന്‍റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തുക്കാട്ടുന്നു.
2004-ൽ, ഭാരത മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശചെയ്തു. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ 2-ന് കത്തോലിക്ക സഭ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അന്നത്തെ വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ, ഇന്ത്യന്‍ മനഃസാക്ഷിയുടെയും തമിഴിന്റെയും പ്രതീകമായാണ് ദേവസഹായം പിള്ളയെ വിശേഷിപ്പിച്ചത്.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
1. സൂഫണിലെ ബിഷപ്പായിരുന്ന ബാര്‍ബാസിമാസ്
2. സ്കോട്ട്ലന്‍റിലെ കെന്‍റിജേണ്‍ മൂങ്കോ (സിന്‍റെയിറന്‍)
3. മിലാനിലെ ബിഷപ്പ് ആര്യന്‍ ഒസ്റ്ററ ഗോത്ത്സിനെ ഭയന്ന്‍കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് പലായനം ചെയ്ത ദാഷിയൂസ്
4. കാന്‍റര്‍ബറി ബിഷപ്പായ ദേവൂസ് ഡേഡിത്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

🌻പ്രഭാത പ്രാർത്ഥന.🌻
റബ്ബി, അങ്ങ് ദൈവത്തിൽ നിന്നും വന്ന ഒരു ഗുരുവാണെന്ന് ഞങ്ങൾ അറിയുന്നു. ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല.. (യോഹന്നാൻ : 3/2)
സർവ്വശക്തനായ ദൈവമേ..
എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ഞങ്ങളെ അത്രമാത്രം സ്നേഹിക്കുന്ന എന്റെ ദൈവത്തിന് ഈ പ്രഭാതത്തിൽ ഞങ്ങൾ ഒരായിരം നന്ദിയും സ്തുതിയും പുകഴ്ച്ചയും അർപ്പിക്കുന്നു. ഈശോയേ.. പ്രാർത്ഥനയിലും വിശ്വാസത്തിലുമൊക്കെ ഉറച്ചു നിന്നു കൊണ്ട് ഞങ്ങൾ ദൈവത്തോടു കൂടെയാണ് എന്ന ഒരു മനോഭാവത്തോടെയാണ് മറ്റുള്ളവരുടെ മുൻപിൽ ഞങ്ങൾ ജീവിക്കാൻ ശ്രമിക്കുന്നത്. പക്ഷേ എന്റെ അയൽക്കാരനോ, സഹോദരങ്ങൾക്കോ ഞാൻ വഴിയായി ഒരു സഹായമോ ആശ്വാസമോ കൊടുക്കേണ്ടതായി വരുമ്പോൾ പലപ്പോഴും ദൈവസ്നേഹ പ്രവർത്തികളൊന്നും ഞങ്ങളിൽ നിന്നും ഉണ്ടാവാറില്ല. എന്റെ പ്രിയപ്പെട്ടവർ എന്നോട് ഒരു തെറ്റു ചെയ്തു പോയാൽ ക്ഷമിക്കുന്ന ദൈവീകഭാവത്തെ സ്വന്തമാക്കാതെ ഞാനവരോട് മനസ്സിലെങ്കിലും ശത്രുതയും, വൈരാഗ്യവും പകയുമൊക്കെ വച്ചു പുലർത്തുകയും, അവരുടെ ഏറ്റവും മോശമായ ഒരു ജീവിതാവസ്ഥയിൽ അത് മനസ്സിൽ വച്ചു കൊണ്ട് ആനന്ദിക്കുകയുമാണ് ഞാൻ ചെയ്യാറുള്ളത്. എന്റെ സ്നേഹിതന് ഒരു നല്ല സമാരിയാക്കാരന്റെ ആശ്വാസം വേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഒരു വയ്യാവേലി എടുത്തു തലയിൽ വയ്ക്കാൻ വയ്യ എന്ന ചിന്തയോടെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഒഴിഞ്ഞു പോകാറാണ് പതിവ്.. ഇങ്ങനെ ആവശ്യസാഹചര്യങ്ങളിൽ നിന്നും ഞാൻ അകന്നു പോകുമ്പോൾ ക്രിസ്തുവിന്റെ പരസ്നേഹപാഠങ്ങൾ എന്നിൽ നിഷ്ഫലമായി തീരുകയാണ് ചെയ്യുന്നത് എന്ന സത്യം ഞാൻ മറന്നു പോകുന്നു.
നല്ല ഈശോയേ.. ദൈവം കൂടെ വസിക്കുന്ന ഒരുവനിൽ വിളങ്ങി നിൽക്കേണ്ട ദൈവീകഭാവങ്ങളൊന്നും ഞാൻ സ്വന്തമാക്കിയിട്ടില്ലെങ്കിൽ എന്നിലൊരിക്കലും അവിടുത്തെ അടയാളങ്ങൾ ദൃശ്യമാവില്ല എന്ന സത്യത്തെ തിരിച്ചറിയാൻ ഇനിയെങ്കിലും എന്നെ സഹായിക്കണേ.. അപ്പോൾ അന്യദുഃഖങ്ങളിൽ ആനന്ദമായും, അപരന്റെ തെറ്റുകൾ പൊറുക്കുന്ന ക്ഷമയെന്ന പുണ്യമായും, സങ്കടങ്ങളിൽ ആശ്വാസമായും, തിടുക്കങ്ങളിൽ സമാധാനമായുമൊക്കെ ഞാനും കരുണമയനായ ദൈവത്തിന്റെ കരുതൽ ഭാവങ്ങളെ നേടിയെടുക്കുകയും, ഞാൻ ദൈവത്തോടു കൂടെയാണ് എന്നതിലുപരിയായി ദൈവം എന്റെ കൂടെയുണ്ട് എന്ന ഉറച്ച ആത്മവിശ്വാസം ഞാനും സ്വന്തമാക്കുകയും,എനിക്കു ചുറ്റുമുള്ളവരിൽ അത് അനുഭവവേദ്യമായി തീരുകയും ചെയ്യും..
വിശുദ്ധ മദർ തെരേസ്സ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.. ആമേൻ