ദിവ്യബലി വായനകൾ 2nd Sunday in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 17/1/2021

2nd Sunday in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 66:4

അത്യുന്നതനായ ദൈവമേ,
ഭൂമി മുഴുവനും അങ്ങയെ ആരാധിക്കുകയും
അങ്ങയെ പാടിപ്പുകഴ്ത്തുകയും
അങ്ങേ നാമത്തിന് സ്‌തോത്രമാലപിക്കുകയും ചെയ്യുന്നു.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
ദയാപൂര്‍വം ശ്രവിക്കുകയും
ഞങ്ങളുടെ കാലയളവില്‍
അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 സാമു 3:3-10,19
അരുളിച്ചെയ്താലും, അങ്ങേ ദാസനിതാ ശ്രവിക്കുന്നു.

സാമുവല്‍ ദേവലായത്തില്‍ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു. അപ്പോള്‍ കര്‍ത്താവ് സാമുവലിനെ വിളിച്ചു: സാമുവല്‍! സാമുവല്‍! അവന്‍ വിളികേട്ടു: ഞാന്‍ ഇതാ! അവന്‍ ഏലിയുടെ അടുക്കലേക്കോടി, അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഏലി പറഞ്ഞു: ഞാന്‍ നിന്നെ വിളിച്ചില്ല; പോയിക്കിടന്നുകൊള്ളുക, അവന്‍ പോയിക്കിടന്നു. കര്‍ത്താവ് വീണ്ടും സാമുവലിനെ വിളിച്ചു: സാമുവല്‍! അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. ഏലി പറഞ്ഞു: മകനേ, നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക. കര്‍ത്താവാണ് വിളിച്ചതെന്നു സാമുവല്‍ അപ്പോഴും അറിഞ്ഞില്ല; കാരണം, അതുവരെ കര്‍ത്താവിന്റെ ശബ്ദം അവനു വെളിവാക്കപ്പെട്ടിരുന്നില്ല.
മൂന്നാമതും കര്‍ത്താവ് സാമുവലിനെ വിളിച്ചു. അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുത്തു ചെന്നു പറഞ്ഞു: അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. കര്‍ത്താവാണ് ബാലനെ വിളിച്ചതെന്ന് അപ്പോള്‍ ഏലിക്ക് മനസ്സിലായി. അതിനാല്‍, ഏലി സാമുവലിനോടു പറഞ്ഞു: പോയിക്കിടന്നുകൊള്ളുക. ഇനി നിന്നെ വിളിച്ചാല്‍, കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങേ ദാസന്‍ ഇതാ ശ്രവിക്കുന്നു എന്നുപറയണം. സാമുവല്‍ പോയി കിടന്നു. അപ്പോള്‍ കര്‍ത്താവ് വന്നുനിന്ന് മുന്‍പിലത്തെപ്പോലെ സാമുവല്‍! സാമുവല്‍! എന്നുവിളിച്ചു. സാമുവല്‍ പ്രതിവചിച്ചു: അരുളിച്ചെയ്താലും, അങ്ങേ ദാസനിതാ ശ്രവിക്കുന്നു.
സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 40:1,3,6-9

എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെ കാത്തിരുന്നു;
അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു.
അവിടുന്ന് ഒരു പുതിയ ഗാനം
എന്റെ അധരങ്ങളില്‍ നിക്‌ഷേപിച്ചു,
നമ്മുടെ ദൈവത്തിന് ഒരു സ്‌തോത്രഗീതം.

എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല;
എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയും
അവിടുന്ന് ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.

എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.
എന്റെ ദൈവമേ, അങ്ങേ ഹിതം
നിറവേറ്റുകയാണ് എന്റെ സന്തോഷം,
അങ്ങേ നിയമം എന്റെ ഹൃദയത്തിലുണ്ട്.

എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ
സന്തോഷവാര്‍ത്ത അറിയിച്ചു;
കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.

എന്റെ ദൈവമേ, അങ്ങേ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.

രണ്ടാം വായന

1 കോറി 6:13-15,17-20
നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണ്.

ശരീരം ദുര്‍വൃത്തിക്കുവേണ്ടി ഉള്ളതല്ല; പ്രത്യുത, ശരീരം കര്‍ത്താവിനും കര്‍ത്താവ് ശരീരത്തിനും വേണ്ടിയുള്ളതാണ്. ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചു; അവിടുത്തെ ശക്തിയാല്‍ നമ്മെയും അവിടുന്ന് ഉയിര്‍പ്പിക്കും. നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ക്രിസ്തുവിന്റെ അവയവങ്ങള്‍ എനിക്കു വേശ്യയുടെ അവയവങ്ങളാക്കാമെന്നോ? ഒരിക്കലുമില്ല!
കര്‍ത്താവുമായി സംയോജിക്കുന്നവന്‍ അവിടുത്തോട് ഏകാത്മാവായി തീരുന്നു. വ്യഭിചാരത്തില്‍ നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 1:35-42
ഞങ്ങള്‍ മിശിഹായെ കണ്ടു.

അടുത്ത ദിവസം യോഹന്നാന്‍ തന്റെ ശിഷ്യന്മാരില്‍ രണ്ടു പേരോടു കൂടെ നില്‍ക്കുമ്പോള്‍ യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവന്‍ പറഞ്ഞതു കേട്ട് ആ രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതു കണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ – ഗുരു എന്നാണ് ഇതിനര്‍ഥം – അങ്ങ് എവിടെയാണു വസിക്കുന്നത്? അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അവന്‍ വസിക്കുന്നിടം കാണുകയും അന്ന് അവനോടു കൂടെ താമസിക്കുകയും ചെയ്തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു. യോഹന്നാന്‍ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടു പേരില്‍ ഒരുവന്‍ ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസായിരുന്നു. അവന്‍ ആദ്യമേ തന്റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങള്‍ മിശിഹായെ – ക്രിസ്തുവിനെ – കണ്ടു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം
ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍
യഥായോഗ്യം പങ്കെടുക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:5

എന്റെ മുമ്പില്‍ അങ്ങ് വിരുന്നൊരുക്കി;
എന്റെ അമൂല്യമായ പാനപാത്രം കവിഞ്ഞൊഴുകുന്നു.

Or:
1 യോഹ 4:16

ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും
അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം
ഞങ്ങളില്‍ നിറയ്ക്കണമേ.
ഒരേ സ്വര്‍ഗീയ അപ്പത്താല്‍ അങ്ങ് പരിപോഷിതരാക്കിയ ഇവരെ
ഒരേ ഭക്താനുഷ്ഠാനത്താല്‍ ഒരുമയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment