ദിവ്യബലി വായനകൾ Saturday of week 1 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 16/1/2021

Saint Joseph Vaz 
on Saturday of week 1 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

ദിവ്യസത്യത്തിന്റെ മഹത്ത്വപൂര്‍ണമായ പ്രഘോഷണത്താല്‍,
ഈ വിശുദ്ധര്‍ ദൈവത്തിന്റെ സ്‌നേഹിതരായിത്തീര്‍ന്നു.

Or:
സങ്കീ 18:49; 22:22

കര്‍ത്താവേ, ജനതകളുടെ മധ്യേ
ഞാനങ്ങയെ ഏറ്റുപറയും;
ഞാന്‍ അങ്ങേ നാമം
എന്റെ സഹോദരരോടു വിവരിക്കും.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ജോസഫ് വാസിന്‍റെ
മാതൃകയിലൂടെയും വൈദികശുശ്രൂഷയിലൂടെയും
ഏഷ്യയിലെ സഭയെ അങ്ങ് സമ്പന്നമാക്കിയല്ലോ.
അങ്ങേ ദാസന്‍ സത്യത്തിന്‍റെ വചനത്താല്‍ സജീവമാക്കിയവരും
ജീവന്‍റെ കൂദാശയാല്‍ പരിപോഷിപ്പിച്ചവരുമായ
അങ്ങേ ജനത്തെ കടാക്ഷിക്കണമേ.
അദ്ദേഹത്തിന്‍റെ മാധ്യസ്ഥ്യത്താല്‍,
അവര്‍ നിരന്തരം വിശ്വാസത്തില്‍ വളരാനും
സുവിശേഷത്തിന് ഫലപ്രദമായ സാക്ഷികളായിത്തീരാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 4:12-16
നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.

സഹോദരരേ, ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അവന്റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്.
സ്വര്‍ഗത്തിലേക്കു കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാന പുരോഹിതന്‍, ദൈവപുത്രനായ യേശു, നമുക്കുള്ളതുകൊണ്ടു നമ്മുടെ വിശ്വാസത്തെ നമുക്കു മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപംചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. അതിനാല്‍, വേണ്ടസമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 19:7-9,14

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

കര്‍ത്താവിന്റെ നിയമം അവികലമാണ്;
അത് ആത്മാവിനു പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്;
അതു വിനീതരെ വിജ്ഞാനികളാക്കുന്നു.

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

കര്‍ത്താവിന്റെ കല്‍പനകള്‍ നീതിയുക്തമാണ്;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
കര്‍ത്താവിന്റെ പ്രമാണം വിശുദ്ധമാണ്;
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

ദൈവഭക്തി നിര്‍മലമാണ്;
അത് എന്നേക്കും നിലനില്‍ക്കുന്നു;
കര്‍ത്താവിന്റെ വിധികള്‍ സത്യമാണ്;
അവ തികച്ചും നീതിപൂര്‍ണമാണ്.

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

എന്റെ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ!
എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും
അങ്ങേ ദൃഷ്ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!

കര്‍ത്താവേ, അങ്ങേ വാക്കുകള്‍ ആത്മാവും ജീവനുമാണ്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 2:13-17
നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാന്‍ വന്നത്.

അക്കാലത്ത്, യേശു വീണ്ടും കടല്‍ത്തീരത്തേക്കുപോയി. ജനക്കൂട്ടം അവന്റെ അടുത്തെത്തി. അവന്‍ അവരെ പഠിപ്പിച്ചു. അവന്‍ കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും അവന്റെയും ശിഷ്യരുടെയും കൂടെ ഇരുന്നു. കാരണം, അവനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു. അവന്‍ പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ ശിഷ്യന്മാരോടു ചോദിച്ചു: അവന്‍ ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? ഇതു കേട്ട് യേശു പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാളില്‍,
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ തൃക്കണ്‍പാര്‍ക്കണമേ.
കര്‍ത്താവിന്റെ പീഡാസഹനരഹസ്യം കൊണ്ടാടുന്ന ഞങ്ങള്‍,
അനുഷ്ഠിക്കുന്നത് അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
എസെ 34:15

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനെന്റെ ആടുകളെ മേയിക്കുകയും
ഞാനവര്‍ക്ക് വിശ്രമസ്ഥലം നല്കുകയുംചെയ്യും.

Or:
മത്താ 10:27

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അന്ധകാരത്തില്‍ നിങ്ങളോടു പറയുന്നവ
പ്രകാശത്തില്‍ പറയുവിന്‍;
ചെവിയില്‍ മന്ത്രിച്ചത്
പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ രഹസ്യങ്ങളുടെ ശക്തിയാല്‍,
അങ്ങേ ദാസരെ സത്യവിശ്വാസത്തില്‍ സ്ഥിരീകരിക്കണമേ.
അങ്ങനെ, വിശുദ്ധ N അവിരാമം പ്രയത്‌നിച്ചതും
തന്റെ ജീവിതം സമര്‍പ്പിച്ചതുമായ ആ വിശ്വാസം,
വാക്കാലും പ്രവൃത്തിയാലും എല്ലായിടത്തും
അങ്ങേ ദാസര്‍ ഏറ്റുപറയുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment