അനുദിനവിശുദ്ധർ – ജനുവരി 18

♦️♦️♦️ January 18 ♦️♦️♦️
വിശുദ്ധ പ്രിസ്ക്കാ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ആദ്യകാല റോമന്‍ സഭയിലെ ഒരു വിശുദ്ധയാണ് പ്രിസില്ല എന്നറിയപ്പെടുന്ന വിശുദ്ധ പ്രിസ്ക്കാ. ഒരു കുലീന കുടുംബത്തിലെ ക്രിസ്തീയരായ മാതാപിതാക്കളുടെ മകളായി ജനിച്ച വിശുദ്ധ പ്രിസ്ക്കാ റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസിന്റെ കാലത്താണ് ജീവിച്ചിരുന്നത്. മറ്റുള്ള റോമന്‍ ചക്രവര്‍ത്തിമാരുടെയത്രയും മതപീഡനം ക്ലോഡിയസ് നടത്തിയില്ലായെങ്കിലും, ക്രിസ്ത്യാനികള്‍ തുറന്ന വിശ്വാസ പ്രകടനങ്ങള്‍ക്ക് തയ്യാറായിരുന്നില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ വിശുദ്ധ പ്രിസ്ക്കായുടെ മാതാപിതാക്കള്‍ വലിയൊരളവ് വരെ തങ്ങളുടെ വിശ്വാസം മറച്ചുവക്കുന്നതില്‍ വിജയിച്ചിരുന്നതിനാല്‍ അവര്‍ ക്രിസ്ത്യാനികളാണെന്ന സംശയം ആര്‍ക്കും ഉണ്ടായിരുന്നില്ല.

എന്നിരുന്നാലും തന്റെ വിശ്വാസം മറച്ചുവെക്കുന്നതില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് വിശുദ്ധക്ക് തോന്നിയിരുന്നില്ല. ചെറുപ്പത്തില്‍ തന്നെ അവള്‍ യേശുവിലുള്ള തന്റെ വിശ്വാസത്തെപ്പറ്റി തുറന്നു പറഞ്ഞു. അധികം താമസിയാതെ ഇക്കാര്യം ചക്രവര്‍ത്തിയുടെ ചെവിയിലുമെത്തി. ചക്രവര്‍ത്തി അവളെ പിടികൂടുകയും വിജാതീയ ദൈവമായ അപ്പോളോക്ക് ബലിയര്‍പ്പിക്കുവാന്‍ അവളോടു ആജ്ഞാപിക്കുകയും ചെയ്തു.

യേശുവില്‍ അചഞ്ചലമായ വിശ്വാസമുണ്ടായിരുന്ന വിശുദ്ധ പ്രിസ്ക്കാ ഇതിനു വിസമ്മതിച്ചു, ഇക്കാരണത്താല്‍ അവര്‍ വിശുദ്ധയെ വളരെ ക്രൂരമായി മര്‍ദ്ദിച്ചു. അപ്പോള്‍ പെട്ടെന്ന്‍ തന്നെ അവള്‍ക്ക് മുകളിലായി ഒരു തിളക്കമാര്‍ന്ന മഞ്ഞപ്രകാശം പ്രത്യക്ഷപ്പെടുകയും അവള്‍ ഒരു ചെറിയ നക്ഷത്രമായി കാണപ്പെടുകയും ചെയ്തു.

വിശുദ്ധ പ്രിസ്ക്കാ, ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഉപേക്ഷിക്കും എന്ന പ്രതീക്ഷയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി വിശുദ്ധയെ തുറുങ്കിലടക്കുവാന്‍ ഉത്തരവിട്ടു. അവളുടെ മനസ്സ് മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവളെ ഗോദായില്‍ (Amphitheatre) കൊണ്ട് പോയി സിംഹത്തിനെറിഞ്ഞു കൊടുത്തു.

തിങ്ങികൂടിയ കാണികളെ സ്തബ്ദരാക്കികൊണ്ട് വിശുദ്ധ ഭയലേശമന്യേ നിലയുറപ്പിച്ചു. നഗ്നപാദയായി നില്‍ക്കുന്ന ആ പെണ്‍ക്കുട്ടിക്കരികിലേക്ക് സിംഹം ചെല്ലുകയും അവളുടെ പാദങ്ങള്‍ നക്കി തുടക്കുകയും ചെയ്തു. അവളെ പിന്തിരിപ്പിക്കുവാനുള്ള തന്റെ വിഫലമായ ശ്രമങ്ങളില്‍ വിറളിപൂണ്ട ചക്രവര്‍ത്തി അവസാനം അവളെ കഴുത്തറത്ത് കൊലപ്പെടുത്തി.

ഏഴാം നൂറ്റാണ്ടിലെ റോമന്‍ രക്തസാക്ഷികളുടെ കല്ലറകളുടെ സ്ഥിതിവിവരകണക്കില്‍ ഒരു വലിയ ഗുഹയിലെ കല്ലറയില്‍ പ്രിസില്ലയെ അടക്കം ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. ബിഥിനിയക്കാരായ രണ്ടു പടയാളികളായ അമ്മോണിയൂസും, രോസേയൂസും

2. കമ്പാഞ്ഞയിലെ അര്‍ക്കെലായിസ്, തെക്ല, സൂസന്ന

3. ബന്‍ഗന്‍ഡ്രിയിലെ ഡേയിക്കൊളാ (ഡെസ്ലാ, ഡെല്ലാ, ഡീക്കുള്‍, ഡീല്‍)

4. ഇന്നീസ് ക്ലോട്രന്‍ ദ്വീപിലെ ഡിയാര്‍മീസ് (ഡീര്‍മിറ്റ്, ഡെര്‍മോട്ട്)

5. കൊമോയിലെ ലിബരാറ്റാ, ഫൌസ്തീന
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ലോകവും അതിന്റെ മോഹങ്ങളും കടന്നു പോകുന്നു. ദൈവഹിതം പ്രവർത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനിൽക്കുന്നു..(യോഹന്നാൻ : 2/17)
പരിശുദ്ധനായ ദൈവമേ…
വിശുദ്ധമായതിനെ വിശുദ്ധിയോടെ തന്നെ നേടാനും,ആ വിശുദ്ധിയിൽ ഉറച്ചു നിന്നു കൊണ്ട് അങ്ങയോടൊപ്പം അനുഗ്രഹീതമായ ജീവിതം നയിക്കാനും ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. ഈ ലോകത്തിലെ ജീവിതയാത്രയിൽ പലപ്പോഴും ഞങ്ങൾ ബലഹീനരായി പോകാറുണ്ട്. കണ്ണിന് കുളിർമയേകുന്ന കാഴ്ചകളും, കാതുകൾക്ക് ഇമ്പമേകുന്ന വാക്കുകളും, മനസ്സിനെ മയക്കുന്ന സുഖലോലുപതകളുമായി ലോകം ഞങ്ങളെ തേടിയെത്തുമ്പോൾ പാപവഴികളിലേക്ക് ഞങ്ങളുടെ ജീവിതവും നിപതിക്കുന്നു. അപ്പോൾ അവിടെ ഒരിക്കലും സഹനത്തിന്റെയും ത്യാഗത്തിന്റെയും വഴികളിലൂടെ തേടിയെത്തുന്ന ദൈവഹിതത്തിനു ഞങ്ങൾ വിലകൽപ്പിക്കില്ല.ഏതു പ്രതിസന്ധികളുടെ മുൾച്ചെടിക്കുള്ളിലും ജ്വലിച്ചെരിയാൻ ശക്തിയുള്ള ദൈവസ്നേഹ പ്രവർത്തനത്തിനു വേണ്ടിയും ഞങ്ങൾ കാത്തിരിക്കുകയുമില്ല.

നല്ല ദൈവമേ… ലോകത്തിലെ സുഖമോഹങ്ങളും, ജീവിത നേട്ടങ്ങളുമെല്ലാം കടന്നു പോയാലും ഒരിക്കലും മാറ്റമില്ലാതെ തുടരുന്നത് അവിടുത്തെ ശക്തിപ്രഭാവം മാത്രമാണെന്ന് ഞങ്ങൾ തിരിച്ചറിയാൻ ഇടവരുത്തേണമേ നാഥാ.. ഒരിക്കലും തന്റെ സൃഷ്ടികൾ നശിക്കുന്നതു കാണാൻ ആഗ്രഹിക്കാത്ത എന്റെ കർത്താവിന്റെ കാരുണ്യത്തിൽ ആശ്രയിക്കാൻ എന്റെ ഹൃദയത്തെയും ഒരുക്കേണമേ.. അപ്പോൾ ലോകവും അതിന്റെ മോഹങ്ങളും കടന്നു പോയാലും ദൈവഹിതം പ്രവർത്തിക്കുന്നതിൽ സ്വന്തം ഹൃദയത്തെ ഒരുക്കമുള്ളവരാക്കി സൂക്ഷിക്കുന്ന ഞങ്ങളിൽ അവിടുത്തെ കരുണയും പ്രത്യാശയും ദൈവസ്നേഹത്തിൽ അടിയുറച്ച് എന്നും നിലനിൽക്കുക തന്നെ ചെയ്യും..
വിശുദ്ധ യൂദാ ശ്ലീഹാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

Advertisements

അങ്ങയുടെ സന്നിധിയില്‍നിന്ന്‌ എന്നെ തള്ളിക്കളയരുതേ!
അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ എന്നില്‍ നിന്ന്‌ എടുത്തുകളയരുതേ!
സങ്കീര്‍ത്തനങ്ങള്‍ 51 : 11

Leave a comment