ജോസഫ് യേശുവാകുന്ന പ്രകാശത്താൽ നയിക്കപ്പെട്ടവൻ

ജോസഫ് ചിന്തകൾ 41

ജോസഫ് യേശുവാകുന്ന പ്രകാശത്താൽ നയിക്കപ്പെട്ടവൻ

 
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു ചിത്രകാരനായിരുന്നു ജോർജ്ജ് ഡി ലാ ടൂർ (Georges de La Tour 1593-1652). 1642 ൽ ജോർജ് രചിച്ച വിശ്വ പ്രസിദ്ധമായ ഒരു ചിത്രമാണ് ആണ് സെന്റ് ജോസഫ് ദി കാർപെന്റർ (Saint Joseph the Carpenter) എന്നത്. 1948 മുതൽ ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിലാണ് (Louvre museum) ഈ ചിത്രത്തിൻ്റെ സ്ഥാനം.
ബൈബളിൽ രേഖപ്പെടുത്താത്ത ഒരു വിഷയമാണ് ഈ ചിത്രരചനയുടെ ആധാരം. മരപ്പണിക്കാരനായ യൗസേപ്പിതാവ് ഒരു ഒറ്റത്തടി ഒരു ആഗർ (തടിയില് ദ്വാരങ്ങളിടുവാന് ഉപയോഗിക്കുന്ന പണി ആയുധം) ഉപയോഗിച്ചു തുരക്കുമ്പോൾ ഈശോ കൈയ്യിൽ മെഴുകുതിരി പിടിച്ചു കൊണ്ടു വെളിച്ചം കാണിക്കുന്നു. ആ തിരിനാളം മാത്രമാണ് ആ ചിത്രത്തിലെ വെളിച്ചം. ആ വെളിച്ചത്തിൽ ഈശോയുടെ മുഖം പ്രകാശിക്കുന്നു. ഒറ്റത്തടിയിലുള്ള മരപ്പണി കുരിശിനെയും ക്രിസ്തുവിൻ്റെ ബലിയേയുമാണ് സൂചിപ്പിക്കുക എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.
 
യേശുവാകുന്ന പ്രകാശത്താൽ എന്നും നയിക്കപ്പെട്ടവനായിരുന്നു ജോസഫ്. അവൻ ലോകത്തിൻ്റെ പ്രകാശമാണെന്ന സത്യം ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയും ജോസഫായിരുന്നു. ബാലനായ യേശു തിരിനാളം കാണിച്ചു കൊടുക്കുമ്പോൾ ഈ ചിത്രമനുസരിച്ച് യേശുവിൻ്റെ മുഖമാണ് കൂടുതൽ പ്രകാശമാനമാകുന്നത്. ക്രിസ്തുവാകുന്ന പ്രകാശത്തെ നോക്കി കർമ്മം ചെയ്യാനാണ് യൗസേപ്പിതാവു നൽകുന്ന പാഠം.
 
രണ്ടാമതായി തൻ്റെ വളർത്തു പുത്രൻ കുരിശു വഹിക്കേണ്ടവനാണന്ന യാഥാർത്ഥ്യം യൗസേപ്പു തിരിച്ചറിയുന്നു. കുരിശിൻ്റെ നിഴലിൽ ഈശോയെ വളർത്തിയ പിതാവ് ഇന്നേ ദിനം നമ്മോടു പറയുന്നത് മറ്റൊന്നുമല്ല. ജീവിതത്തെ പ്രശോഭിതമാക്കാൻ ആഗ്രഹമുണ്ടാ പ്രകാശമായ യേശുവിൻ്റെ മുഖത്തേക്കു നോക്കി പഠിക്കുക. പ്രകാശത്തിൻ്റെ വഴികളിലാണ് കുരിശിൻ്റെ വഴിക്ക് (രക്ഷയുടെ വഴി) തെളിമ ലഭിക്കുക.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment