ദിവ്യബലി വായനകൾ Wednesday of week 2 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 20/1/2021

Saint Sebastian, Martyr 
or Wednesday of week 2 in Ordinary Time 
or Saint Fabian, Pope, Martyr 

Liturgical Colour: Red.

പ്രവേശകപ്രഭണിതം

ഈ വിശുദ്ധന്‍ തന്റെ ദൈവത്തിന്റെ നിയമത്തിനുവേണ്ടി
മരണംവരെ പോരാടുകയും
ദുഷ്ടരുടെ വാക്കുകള്‍ ഭയപ്പെടാതിരിക്കുകയും ചെയ്തു;
എന്തെന്നാല്‍, ഉറച്ച പാറമേലായിരുന്നു അദ്ദേഹം അടിസ്ഥാനമിട്ടത്.

Or:
cf. ജ്ഞാനം 10:12

ജ്ഞാനം എല്ലാറ്റിനെയുംകാള്‍ ശക്തമാണെന്നറിയാന്‍,
കര്‍ത്താവ് അവനെ കഠിനപോരാട്ടത്തിനു വിധേയനാക്കി.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ധീരതയുടെ ചൈതന്യം ഞങ്ങള്‍ക്കു നല്കണമേ.
അങ്ങനെ, അങ്ങേ രക്തസാക്ഷിയായ വിശുദ്ധ സെബാസ്റ്റ്യന്റെ
മഹനീയമാതൃകയാല്‍ ഉദ്‌ബോധിതരായി,
മനുഷ്യരെക്കാളുപരി അങ്ങയെ അനുസരിക്കാന്‍
ഞങ്ങള്‍ പരിശീലിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 7:1-3,15-17
നീ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു.

സഹോദരരേ, രാജാക്കന്മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കിസെദേക്ക് അവനെ അനുഗ്രഹിച്ചു. സകലത്തിന്റെയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്റെ പേരിന് ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്റെ – സമാധാനത്തിന്റെ – രാജാ വെന്നുമാണ് അര്‍ഥം. അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ ആയുസ്സിന് അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്.
മെല്‍ക്കിസെദേക്കിന്റെ സാദൃശ്യത്തില്‍ മറ്റൊരു പുരോഹിതന്‍ പ്രത്യക്ഷനാകുന്നതില്‍ നിന്ന് ഇതു കൂടുതല്‍ വ്യക്തമാകുന്നു. ഇവനോ, ശാരീരിക ജനനക്രമമനുസരിച്ചല്ല, പ്രത്യുത, അക്ഷയമായ ജീവന്റെ ശക്തിനിമിത്തമാണ് പുരോഹിതനായത്. എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു എന്ന് അവനെക്കുറിച്ചു സാക്ഷ്യമുണ്ട്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 110:1,2,3,4

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു:
ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്കുക.

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

കര്‍ത്താവു സീയോനില്‍ നിന്നു
നിന്റെ അധികാരത്തിന്റെ ചെങ്കോല്‍ അയയ്ക്കും;
ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക.

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം
നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും;
ഉഷസ്സിന്റെ ഉദരത്തില്‍ നിന്നു മഞ്ഞെന്നപോലെ
യുവാക്കള്‍ നിന്റെ അടുത്തേക്കുവരും.

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

കര്‍ത്താവു ശപഥംചെയ്തു:
മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു
നീ എന്നേക്കും പുരോഹിതനാകുന്നു,
അതിനു മാറ്റമുണ്ടാവുകയില്ല.

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 3:1-6
സാബത്തില്‍ ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് നിയമാനുസൃതം.

അക്കാലത്ത്, യേശു വീണ്ടും സിനഗോഗില്‍ പ്രവേശിച്ചു. കൈ ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അറിയാന്‍ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. കൈ ശോഷിച്ചവനോട് അവന്‍ പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. അനന്തരം, അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു. അവരുടെ ഹൃദയകാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറ ഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു. ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, യേശുവിനെ നശിപ്പിക്കുവാന്‍ വേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിച്ച ഈ കാഴ്ചദ്രവ്യങ്ങള്‍,
അങ്ങേ ആശീര്‍വാദത്താല്‍ പവിത്രീകരിക്കണമേ.
അങ്ങേ സ്‌നേഹാഗ്നിയാല്‍ വിശുദ്ധ N
സകല ശാരീരിക പീഡനങ്ങളും തരണം ചെയ്തുവല്ലോ.
അതേ സ്‌നേഹാഗ്നി, അങ്ങേ കൃപയാല്‍,
ഞങ്ങളെയും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, രക്തസാക്ഷിയായ അങ്ങേ വിശുദ്ധന്‍ (വിശുദ്ധ)
N ന്റെ (യുടെ) സ്മരണാഘോഷത്തില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
അങ്ങേക്ക് സ്വീകാര്യമായിത്തീരട്ടെ.
ഈ പുണ്യവാന്‍ (പുണ്യവതി) ചൊരിഞ്ഞ രക്തം
അങ്ങേ തിരുമുമ്പില്‍ അമൂല്യമായിരുന്നപോലെ,
ഈ കാണിക്കകളും അങ്ങേ മഹിമയ്ക്ക്
പ്രീതികരമായിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16:24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.

Or:
മത്താ 10:39

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍,
നിത്യമായി അതു കണ്ടെത്തും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ രക്തസാക്ഷിയായ
വിശുദ്ധ N ന്റെ ആത്മധൈര്യം
അദ്ദേഹത്തെ അങ്ങേ ശുശ്രൂഷയില്‍ വിശ്വസ്തനും
പീഡാസഹനത്തില്‍ വിജയിയും ആക്കിത്തീര്‍ത്തുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍,
അതേ ആത്മധൈര്യം ഞങ്ങള്‍ക്കും പ്രദാനം ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s