ജോസഫ് ചിന്തകൾ 43
ജോസഫ് ദൈവവസാന്നിധ്യത്തെ സ്നേഹിച്ച മനുഷ്യൻ
വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വലിയ ഒരു ഗുണമാണ് ഇന്നത്തെ ചിന്താവിഷയം. ദൈവവസാന്നിധ്യത്തെ സ്നേഹിച്ച വ്യക്തിയായിരുന്നു നസറത്തിലെ തച്ചനും ഈശോയുടെ വളർത്തു പിതാവുമായ യൗസേപ്പ്.
യൗസേപ്പിതാവിനെ വിശ്വസ്തയുടെയും നീതിയുടെയും അനുസരണയുടെയും നിശബ്ദതയുടെയും വലിയ മാതൃകയായി നാം മനസ്സിലാക്കുന്നു. അതിനു കാരണം യൗസേപ്പ് ദൈവസാന്നിധ്യത്തെ സ്നേഹിക്കുകയും ദൈവസാന്നിധ്യത്തിൽ ജോലി ചെയ്യുകയും ചെയ്ത വ്യക്തിയായതുകൊണ്ടാണ്. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ അഭിപ്രായത്തിൽ ഉറങ്ങുമ്പോഴും ദൈവസാന്നിധ്യ അവബോധത്തിൽ ജീവിച്ച വ്യക്തിയാണ് യൗസേപ്പ് . ഉത്തമ ഗീതത്തെ ഉദ്ധരിച്ചു കൊണ്ട് ബനഡിക്ട് പാപ്പ യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം പറയുന്നു: “ഞാനുറങ്ങി; പക്ഷേ, എന്റെ ഹൃദയംഉണര്ന്നിരുന്നു.”(ഉത്തമഗീതം 5 : 2) ബാഹ്യമായ ഇന്ദ്രിയങ്ങൾ വിശ്രമിക്കുകയാണങ്കിലും ആത്മാവിൻ്റെ അഗാധതയിൽ അവ തുറവിയും സ്വീകരിക്കുന്നതുമാണ്. ..വിശുദ്ധ യൗസേപ്പിതാവ് ജീവിക്കുന്ന ദൈവവും അവൻ്റെ ദൂതനും പറഞ്ഞ കാര്യങ്ങൾ സ്വീകരിക്കാൻ തുറവിയുള്ള ഹൃദയം ഉള്ള വ്യക്തിയായിരുന്നു. … ആന്തരിക മനനവും പ്രവർത്തിക്കും കൂട്ടിയോചിപ്പിക്കുന്ന വ്യക്തിയായിരുന്നു ജോസഫ്. “
അദമ്യമായ ദൈവസ്നേഹവും സഹോദര സ്നേഹവുമാണ് ദൈവസാന്നിധ്യം നമ്മിൽ ജനിക്കുന്നതിനു നിദാനം ദൈവസാന്നിധ്യ അവബോധം മറ്റു മനുഷ്യരെ സ്നേഹിക്കുന്നതിലും ജോലി ചെയ്യുന്നതിലും പ്രതിഫലിക്കുന്നു. ദൈവസാന്നിധ്യത്തെ സ്നേഹിക്കുന്നവൻ അവനു വേണ്ടി ജീവിക്കുന്നില്ല മറ്റുള്ളവർക്കു വേണ്ടിയാണ് ജീവിക്കുന്നത്.
ദൈവസാന്നിധ്യത്തെ സ്നേഹിച്ചു തുടങ്ങുമ്പോൾ പാപവും പാപമാർഗ്ഗങ്ങളും നമ്മളിൽ നിന്നു അപ്രത്യക്ഷമാക്കും. ആർക്കും സുരക്ഷിതമായ അഭയസ്ഥാനം കൊടുക്കാൻ കഴിയുന്ന സങ്കേതങ്ങളുമായി നമ്മുടെ ജീവിതം മാറും.
ദൈവസാന്നിധ്യത്തെ സ്നേഹിച്ചു തുടങ്ങുന്ന വ്യക്തികളിൽ ജോസഫിൻ്റെ ചൈതന്യമുണ്ടെന്ന തിരിച്ചറിവ് ഇന്നത്തെ ദിനത്തെ സമ്പന്നമാക്കട്ടെ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements
Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Categories: ജോസഫ് ചിന്തകൾ