♦️♦️♦️ January 23♦️♦️♦️
വിശുദ്ധ ഇദേഫോണ്‍സസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
സ്പെയിനില്‍ വളരെയേറെ ആദരിക്കപ്പെട്ട ഒരു വിശുദ്ധനാണ് വിശുദ്ധ ഇദേഫോണ്‍സസ്, പരിശുദ്ധ ദൈവമാതാവിനോടുള്ള തന്റെ അഗാധമായ ഭക്തിമൂലമാണ് ഈ വിശുദ്ധന്‍ ഏറ്റവുമധികം അറിയപ്പെടുന്നത്. കന്യകാ മാതാവിനോടുള്ള തന്റെ ഭക്തി മാതാവിന്റെ ‘നിത്യമായ കന്യകാത്വത്തെ’ പ്രതിപാദിക്കുന്ന തന്റെ പ്രസിദ്ധമായ ഒരു കൃതിയില്‍ വിശുദ്ധന്‍ പ്രകടിപ്പിച്ചിരിക്കുന്നു.
607-ല്‍ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധന്‍ ജനിക്കുന്നത്. വിശുദ്ധ ഇദേഫോണ്‍സസ്, സെവില്ലേയിലെ വിശുദ്ധ ഇസിദോറിന്റെ ശിഷ്യനായിരിന്നുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ടോള്‍ഡോക്ക് സമീപമുള്ള അഗാലിയായിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു, ക്രമേണ അവിടത്തെ അശ്രമാധിപനായി തീരുകയും ചെയ്തു. ഈ അധികാരത്തിന്റെ പുറത്താണ് വിശുദ്ധന്‍ 653 ലേയും 655 ലേയും ടോള്‍ഡോയിലെ കൌണ്‍സിലുകളില്‍ പങ്കെടുത്തത്.
657-ല്‍ പുരോഹിതരും ജനങ്ങളും ഇദേഫോണ്‍സിനെ, അദ്ദേഹത്തിന്റെ അമ്മാവനായ യൂജെനിയൂസിന്റെ പിന്‍ഗാമിയായി ടോള്‍ഡോയിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. മരണം വരെ വിശുദ്ധന്‍ തന്റെ സഭാപരമായ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ ശുഷ്കാന്തിയോടും പവിത്രതയോടും കൂടി നിര്‍വഹിച്ചു. മധ്യകാലഘട്ടങ്ങളിലെ കലാകാരന്‍മാരുടെ ഒരു പ്രധാനപ്പെട്ട വിഷയമായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പരിശുദ്ധമാതാവ് വിശുദ്ധന് പ്രത്യക്ഷപ്പെടുകയും, ഒരു കാസ സമ്മാനിക്കുകയും ചെയ്തുവെന്ന് ദൈവശാസ്ത്ര പണ്ഡിതര്‍ പറയുന്നുണ്ട്.
വളരെയേറെ പ്രചാരം നേടിയ ഒരു എഴുത്ത്കാരന്‍ കൂടിയായിരുന്നു വിശുദ്ധ ഇദേഫോണ്‍സസ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ രചനകളില്‍ വെറും നാലെണ്ണം മാത്രമേ ചരിത്രകാരന്മാര്‍ക്ക് ലഭിച്ചിട്ടുള്ളൂ. ‘പ്രസിദ്ധരായ മനുഷ്യരെ സംബന്ധിച്ച്’ (Concerning Famous Men) എന്ന കൃതി ഏഴാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടങ്ങളിലെ സ്പെയിനിലെ സഭയുടെ ചരിത്രത്തെ കുറിക്കുന്ന ഒരു പ്രധാനപ്പെട്ട രേഖകൂടിയാണ്. 667 ല്‍ വിശുദ്ധ ഇദേഫോണ്‍സസ് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
1. അന്‍സീറായില്‍വച്ച് രക്തസാക്ഷിയായ അഗാത്താഞ്ചെലൂസ്
2. ഇറ്റലിയില്‍ ടെയാനോയിലെ ബിഷപ്പായ അമാസിയൂസ്
3. മൗരിറ്റാനിയായിലെ സെവേരിയനും ഭാര്യ അക്വിലായും
4. ഓര്‍മോണ്ട്
5. അസ്കലാസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പ്രഭാത പ്രാർത്ഥന
“യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു.(മത്തായി 11.25)” ഈശോയെ, അവിടുന്ന് കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരെ അടുത്ത് വരുവാൻ അനുവദിക്കുകയും ചെയ്തുവല്ളോ. ഇന്നേ ദിനത്തിൽ പ്രത്യകമായി ഞങ്ങളുടെ കുഞ്ഞു മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ബാലാരിഷ്ടതകൾ വിട്ടുമാറാത്ത കുഞ്ഞുങ്ങൾ ഉണ്ട്. ചെറിയ പ്രായത്തിൽ തന്നെ വിവിധ അസുഖങ്ങൾ കൊണ്ട് വേദന അനുഭവിക്കുന്ന കുഞ്ഞുങ്ങൾ അവരെ അവിടുന്ന് സ്പർശിക്കണമേ. സൗഖ്യം നൽകണമേ. ഇന്നേ ദിനത്തിൽ വലിയ ആശ്വാസത്തിന്റെ കുളിർ കാറ്റ് അവരുടെ ജീവിതത്തിൽ വീശുവാൻ ഇടവരുത്തണമേ. പിതാവേ, സ്‌കൂളിൽ പോകുന്ന മക്കളെ ഓർക്കുന്നു. അവർക്ക് പഠിക്കുവാൻ ആവശ്യമായ ബുദ്ധിയും കഴിവും നൽകി അനുഗ്രഹിക്കണമേ. വിവേക പൂർവം വളരുവാനും തിന്മകളിൽ നിന്ന് അകന്നു നിൽക്കുവാനും ഞങ്ങളുടെ മക്കൾക്ക് കൃപ നൽകണമേ. മക്കളെ ഓർത്തു വിഷമിക്കുന്ന മാതാപിതാക്കളെ ഓർക്കുന്നു. കർത്താവെ അവരെ ആശ്വസിപ്പിക്കണമേ. അവരുടെ മക്കളെ നേർവഴിക്ക് നയിക്കണമേ. ഈ ലോകത്തിലെ നന്മകൾ അവർക്ക് പ്രദാനം ചെയ്യണമേ. പരിശുദ്ധ ദൈവ മാതാവേ, ഞങ്ങളുടെ കുഞ്ഞു മക്കളെ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ. ഓരോ ദിനത്തിലും അവരുടെ ജീവിതത്തിൽ അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കട്ടെ. ഉണ്ണിയായ ഈശോയെ കൈകളിൽ എടുക്കുകയും സംരക്ഷിക്കുകയും ചെയ്തു പോലെ അവിടുന്ന് ഞങ്ങളുടെ മക്കളെ സംരക്ഷിക്കണമേ. പാപകരമായ സഹചര്യങ്ങളിൽ നിന്നും അവരെ കാത്തു പരിപാലിക്കുവാൻ അവിടുത്തെ മാദ്ധ്യസ്ഥം സഹായകമാകട്ടെ. വിശ്വാസത്തിലും വിശുദ്ധിയിലും ഓരോ ദിനത്തിലും വളരുവാൻ ഞങ്ങളുടെ കുഞ്ഞുങ്ങളെ സഹായിക്കണമേ. ആമേൻ
പരിശുദ്ധ കന്യക മറിയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
കര്‍ത്താവ് എന്‍െറ ശക്‌തിയും സംരക്‌ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്‌ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്‍െറ ദൈവം; ഞാന്‍ അവിടുത്തെ സ്‌തുതിക്കും. അവിടുന്നാണ് എന്‍െറ പിതാവിന്‍െറ ദൈവം; ഞാന്‍ അവിടുത്തെ കീര്‍ത്തിക്കും.
പുറപ്പാട് 15 : 2