ദിവ്യബലി വായനകൾ 3rd Sunday in Ordinary Time (Sunday of the Word of God) 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 24/1/2021

3rd Sunday in Ordinary Time (Sunday of the Word of God) 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 96:1,6

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമിമുഴുവനും കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ.
സ്തുതിയും സൗന്ദര്യവും അവിടത്തെ സന്നിധിയിലുണ്ട്,
വിശുദ്ധിയും തേജസ്സും അവിടത്തെ വിശുദ്ധമന്ദിരത്തിലും.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ പ്രവൃത്തികള്‍
അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.
അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍
സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

യോനാ 3:1-5,10
നിനെവേയിലെ ജനങ്ങള്‍ തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് പിന്‍തിരിഞ്ഞു.

യോനായ്ക്കു വീണ്ടും കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി. എഴുന്നേറ്റ് മഹാനഗരമായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്ദേശം നീ അവിടെ പ്രഘോഷിക്കുക. കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍ മൂന്നു ദിവസത്തെ യാത്ര വേണ്ടിയിരുന്നു. യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേ നശിപ്പിക്കപ്പെടും. നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
തങ്ങളുടെ ദുഷ്ടതയില്‍ നിന്ന് അവര്‍ പിന്‍തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞതിന്മ അയച്ചില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 25:4-5,6-7,8-9

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച
അങ്ങേ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങേ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ.

രണ്ടാം വായന

1 കോറി 7:29-31
ഈ ലോകത്തിന്റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.

സഹോദരരേ, സമയം പരിമിതമാണ്. ഇനിമേല്‍ ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെ പോലെയും വിലപിക്കുന്നവര്‍ വിലപിക്കാത്തവരെ പോലെയും ആഹ്ളാദിക്കുന്നവര്‍ ആഹ്ളാദിക്കാത്തവരെ പോലെയും വാങ്ങുന്നവര്‍ ഒന്നും കൈവശമില്ലാത്തവരെ പോലെയും ലോകകാര്യങ്ങളില്‍ ഇടപെടുന്നവര്‍ ഇടപെടാത്തവരെ പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 1:14-20
ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.

അക്കാലത്ത്, യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
യേശു ഗലീലിക്കടല്‍ത്തീരത്തു കൂടെ കടന്നുപോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനെ വലയുപേക്ഷിച്ച്, അവര്‍ അവനെ അനുഗമിച്ചു. കുറച്ചുദൂരം കൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യാക്കോബിനെയും അവന്റെ സഹോദരന്‍ യോഹന്നാനെയും കണ്ടു. അവര്‍ വഞ്ചിയിലിരുന്നു വലയുടെ കേടുപോക്കുകയായിരുന്നു. ഉടനെ അവന്‍ അവരെയും വിളിച്ചു. അവര്‍ പിതാവായ സെബദിയെ സേവകരോടൊപ്പം വള്ളത്തില്‍ വിട്ട് അവനെ അനുഗമിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍
പ്രീതിയോടെ സ്വീകരിക്കണമേ.
അവ വിശുദ്ധീകരിച്ച്,
ഞങ്ങള്‍ക്ക് രക്ഷയായി ഭവിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 34:6

കര്‍ത്താവിലേക്കു വരുകയും പ്രകാശിതരാകുകയും ചെയ്യുവിന്‍,
നിങ്ങളുടെ മുഖം ലജ്ജിക്കാതിരിക്കട്ടെ.

Or:
യോഹ 8:12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്;
എന്നെ അനുഗമിക്കുന്നവന്‍
ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ ജീവദായകമായ കൃപ സ്വീകരിച്ചുകൊണ്ട്,
അങ്ങേ ദാനത്തില്‍ എപ്പോഴും ഞങ്ങള്‍
അഭിമാനം കൊള്ളാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s