ദിവ്യബലി വായനകൾ Saint Thomas Aquinas, Priest, Doctor  on Thursday of week 3 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 28/1/2021

Saint Thomas Aquinas, Priest, Doctor 
on Thursday of week 3 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. പ്രഭാ 15:5

സഭാമധ്യേ അവന്റെ അധരം തുറക്കുകയും
കര്‍ത്താവ് ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം
അവനില്‍ നിറയ്ക്കുകയും ചെയ്തു;
മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു.

Or:
സങ്കീ 37:30-31

നീതിമാന്റെ അധരം ജ്ഞാനം സംസാരിക്കുന്നു;
അവന്റെ നാവില്‍ നിന്ന് നീതി ഉതിരുന്നു.
ദൈവത്തിന്റെ നിയമം
അവന്റെ ഹൃദയത്തില്‍ത്തന്നെ കുടികൊള്ളുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ തോമസ് അക്വിനാസിനെ
വിശുദ്ധിയുടെ തീക്ഷ്ണതയാലും ദിവ്യസത്യങ്ങളുടെ പഠനത്താലും
അങ്ങ് ഉത്കൃഷ്ടനാക്കിയല്ലോ.
അദ്ദേഹം പഠിപ്പിച്ചത് ബുദ്ധിശക്തിവഴി ഗ്രഹിക്കാനും
അദ്ദേഹം ചെയ്തത് അനുകരണത്തിലൂടെ പൂര്‍ത്തിയാക്കാനും വേണ്ട
കൃപാവരം ഞങ്ങള്‍ക്ക് നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 10:19-25
സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്കു പര്യാലോചിക്കാം.

സഹോദരരേ, യേശുവിന്റെ രക്തംമൂലം വിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാന്‍ നമുക്കു മനോധൈര്യമുണ്ട്. എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു. ദൈവഭവനത്തിന്റെ മേല്‍നോട്ടക്കാരനായി നമുക്കൊരു മഹാപുരോഹിതനുണ്ട്. അതിനാല്‍, വിശ്വാസത്തിന്റെ ഉറപ്പുള്ള സത്യഹൃദയത്തോടെ നമുക്ക് അടുത്തുചെല്ലാം. ഇതിന് ദുഷ്ടമനഃസാക്ഷിയില്‍ നിന്നു നമ്മുടെ ഹൃദയത്തെ വെടിപ്പാക്കുകയും ശരീരം ശുദ്ധജലത്താല്‍ കഴുകുകയും വേണം. നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവന്‍ വിശ്വസ്തനാകയാല്‍ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതില്‍ നാം സ്ഥിരതയുള്ളവരായിരിക്കണം. സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്കു പര്യാലോചിക്കാം. ചിലര്‍ സാധാരണമായി ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്ഷിക്കരുത്. മാത്രമല്ല, ആ ദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വേണം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 24:1bc-2,3-4ab,5-6

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും
ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റെതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും
നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

കര്‍ത്താവിന്റെ മലയില്‍ ആരു കയറും?
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും?
കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍,
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

അവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും;
രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 4:21-25
വിളക്കു പീഠത്തിന്മേല്‍ വയ്ക്കാനല്ലേ? നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.

അക്കാലത്ത്, യേശു ജനത്തോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ? പീഠത്തിന്മേല്‍ വയ്ക്കാനല്ലേ? വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. അവന്‍ പറഞ്ഞു: നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. ഉള്ളവനു നല്‍കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും എടുക്കപ്പെടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ N ന്റെ തിരുനാളില്‍
സന്തോഷത്തോടെ അര്‍പ്പിക്കുന്ന ഈ ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,
അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ജീവന്റെ അപ്പമായ ക്രിസ്തുവാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
ഗുരുനാഥനായ ക്രിസ്തുവഴി പഠിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ N ന്റെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
സ്‌നേഹത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment