അനുദിനവിശുദ്ധർ – ജനുവരി 27

♦️♦️♦️ January 27 ♦️♦️♦️
വിശുദ്ധ ആന്‍ജെലാ മെരീസി
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

1474-ല്‍ വെരോണ രൂപതയിലാണ് വിശുദ്ധ ആന്‍ജെലാ മെരീസി ജനിച്ചത്. തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ വളരെ ദൈവഭക്തിയിൽ വളർന്ന അവൾ, തന്നെ ക്രിസ്തുവിന്റെ മണവാട്ടിയായി പ്രതിഷ്ട്ടിക്കുകയും ചെയ്തു. വിശുദ്ധയുടെ മാതാപിതാക്കളുടെ മരണത്തോടെ അവള്‍ നിശബ്ദതയിലും, ഏകാന്തതയിലും പൂര്‍ണ്ണമായി ദൈവത്തിനു വേണ്ടി ജീവിക്കുവാന്‍ തീരുമാനിച്ചു,

എന്നാല്‍ അവളുടെ അമ്മാവന്‍ കുടുംബകാര്യങ്ങള്‍ നോക്കിനടത്തുവാന്‍ അവളെ നിര്‍ബന്ധിച്ചു. എന്നാൽ, വിശുദ്ധയാകട്ടെ പൈതൃകസ്വത്തുക്കള്‍ ഉപേക്ഷിച്ച് താന്‍ ആഗ്രഹിച്ചപോലത്തെ ഒരു ജീവിതത്തിനായി ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. 1524-ല്‍ വിശുദ്ധ നാടുകളിലേക്ക് നടത്തിയ തീര്‍ത്ഥയാത്ര മദ്ധ്യേ അവളുടെ കാഴ്ചശക്തി താല്‍ക്കാലികമായി നഷ്ടപ്പെട്ടു. നീണ്ട വർഷങ്ങൾക്ക് ശേഷം, റോമില്‍ വെച്ച് വിശുദ്ധ ക്ലമന്റ് ഏഴാമന്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍, പാപ്പാ അവളോടു റോമില്‍ തന്നെ തുടരുവാന്‍ ആവശ്യപ്പെട്ടു.

പിന്നീട് വിശുദ്ധ ഉര്‍സുലായുടെ സംരക്ഷണത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സന്യാസിനീ സഭ സ്ഥാപിച്ചു. അതായിരുന്നു ഉര്‍സുലിന്‍ സഭയുടെ തുടക്കം. വിശുദ്ധ ആന്‍ജെലാ മെരീസി മരിക്കുമ്പോള്‍ അവൾക്കു എഴുപത് വയസ്സായിരുന്നു പ്രായം. വിശുദ്ധയുടെ മരണശേഷം മൃതശരീരം അഴുകാതെ മുപ്പത് ദിവസത്തോളം ഇരുന്നുവെന്നു പണ്ഡിതർ പറയുന്നു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. ആഫ്രിക്കയിലെ അവിറ്റൂസ്

2. സ്പെയിനിലെ വി. എമേരിയൂസിന്‍റെ അമ്മയായ കാന്‍റിഡാ

3. 27 രക്തസാക്ഷികളിലെ മൂന്നു പേരായ ഡാഷിയൂസ്, ജൂലിയന്‍, വിന്‍സെന്‍റ്

4. സ്പെയിനിലെ എമേരയൂസ് കറ്റയോണിയാ

5. കബേനിയായിലെ ഗമെല്‍ബെര്‍ട്ട്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്.. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ.. അത്‌ ദൈവത്തിന്റെ ശക്തിയത്രേ.. (1കോറിന്തോസ് 1:18)
രക്ഷകനായ ദൈവമേ..
എന്റെ അവിശ്വസ്തതയുടെ മുറിവുണക്കാനും, എന്റെ മേൽ സ്നേഹം ചൊരിയാനും കരുണ കാണിച്ചവനായ എന്റെ ദൈവത്തിന് കൃതജ്ഞതയർപ്പിക്കാൻ ഈ പ്രഭാതത്തിലും ഞാൻ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. ജീവിതത്തിൽ വേദനിപ്പിക്കുന്ന ഓരോ അനുഭവങ്ങളുമുണ്ടാവുമ്പോൾ എന്റെ സങ്കടങ്ങളുടെ പ്രതീകമായി മാത്രം കുരിശിനെ കണ്ട് ഈശോയോട് പരാതി പറയുകയും.. എന്തിനാണ് ഈ കുരിശ് എനിക്കു തന്നത് എന്നു ചോദിച്ചു കൊണ്ട് ഈശോയേ കുറ്റപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ഒരാളായിരുന്നു ഞാനും.. കുരിശുകളെ സന്തോഷത്തോടെ സ്വീകരിക്കണമെന്നു പറഞ്ഞു കേൾക്കുമ്പോഴൊക്കെ എങ്ങനെയാണതിന് സാധിക്കുക എന്നു ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈശോയേ.. അൽപ്പനേരത്തെ കുരിശനുഭവത്തിനു പിന്നിൽ മറഞ്ഞിരിക്കുന്ന ഉയർപ്പനുഭവത്തിന്റെ സന്തോഷമറിയാനും.. രക്ഷയുടെ വഴിയനുഭവം സ്വന്തമാക്കാനും, അതിലെല്ലാമുപരി എന്നോടുള്ള എന്റെ ദൈവത്തിന്റെ സ്നേഹത്തിന്റെ ആഴമറിയാനും കുരിശനുഭവങ്ങൾ എന്നും എനിക്കു വഴികാട്ടുകയായിരുന്നു എന്ന സത്യം ഞാൻ അറിയാതെ പോയി. എന്റെ വേദനകളുടെ കടന്നു പോകലിലൂടെ മാത്രം എന്നെ തേടി വരുന്ന ആനന്ദം.. നൊമ്പരങ്ങളുടെ കൈയ്പ്പാണെന്ന് പുറമേ തോന്നിപ്പിച്ചു കൊണ്ട് ഉള്ളിൽ മറഞ്ഞിരുന്ന സന്തോഷത്തിന്റെ അതിമധുരം.. എല്ലാം ഞാൻ അറിഞ്ഞത് എന്റെ സങ്കടങ്ങളുടെ പെരുമഴപ്പെയ്ത്തിനു ശേഷം എന്നെ തഴുകിയുണക്കിയ നിന്റെ കുളിർവെയിൽ സാന്ത്വനത്തിൽ മാത്രമാണ്. ഈശോയേ.. രക്ഷയിലൂടെ ചരിക്കുന്നവർക്കു സ്വന്തമാകുന്ന ദൈവത്തിന്റെ ശക്തി കുരിശിന്റെ വചനാനുഭവത്തിലൂടെ തന്നെ സ്വന്തമാക്കുന്ന അനുഗ്രഹത്തിന്റെ ഉടമകളായി മാറാൻ ഞങ്ങളെയും സഹായിക്കേണമേ..
വിശുദ്ധ തിമോത്തേയോസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

Advertisements

ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു; എന്‍െറ ഹൃദയം അങ്ങയുടെരക്‌ഷയില്‍ ആനന്‌ദം കൊള്ളും.
ഞാന്‍ കര്‍ത്താവിനെ പാടിസ്‌തുതിക്കും; അവിടുന്ന്‌ എന്നോട്‌ അതിരറ്റകരുണ കാണിച്ചിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 13 : 5-6

Leave a comment