പുലർവെട്ടം 435

{പുലർവെട്ടം 435}

 
“ചരടു മുറിഞ്ഞൊരു പട്ടം പോലെ
ചന്ദ്രിക വാനിൽ ദൂരെ
പകുതിയലിഞ്ഞൊരു മഞ്ഞിൻ തെരുവായ്
നീയും ഞാനും താഴെ”
 
ഷഹബാസ് അമൻ പാടുകയാണ്. സ്നേഹത്തിന്റെ തീനിലാവുകളിൽ മഞ്ഞുപോലെ അലിഞ്ഞു പോകുന്ന മനുഷ്യരുണ്ട്. അവർ കൂടി സമാസമം ചേർന്നിട്ടാണ് രാഗത്തിന്റെ ചെറുതും വലുതുമായ വൃത്തങ്ങൾ പൂർണ്ണമാകുന്നത്. കരം കൂപ്പിയും കണ്ണു നിറഞ്ഞും സ്നേഹാനുഭവങ്ങളെ നമ്രതയോടെ സ്വീകരിക്കാനാവുക എന്നതാണ് പ്രധാനം.
 
ഒരു വാണിഭത്തെരുവല്ലാത്തതുകൊണ്ട് അതിൽ വലിപ്പച്ചെറുപ്പങ്ങളുടെയോ വിനീതവിധേയത്വത്തിന്റേയോ നിഴൽ ഇനിയും വീണിട്ടില്ല.
 
നൽകുന്നതിന്റെ ആഹ്ളാദത്തെക്കുറിച്ചു മാത്രമല്ല, ആത്മാദരവുള്ള വാങ്ങലുകളുടെ കഥ കൂടിയാണ് പറഞ്ഞു വരുന്നത്.
കിണറിൻചുവട്ടിലെ യേശുവിലേക്ക് തന്നെ വരൂ: ‘എനിക്ക് കുടിക്കാൻ തരിക’, അവളുടെ മുൻപിൽ കൈനീട്ടി നിൽക്കുന്ന ആചാര്യനിൽ നമ്മളീ പറയാൻ ശ്രമിക്കുന്നതിന്റെ മുഴുവൻ ചാരുതയും അടക്കം ചെയ്തിട്ടുണ്ട്. ആനന്ദഭിക്ഷുവും മാതംഗിയുമായി അത് നമ്മുടെ ഭാഷയിൽ പകർന്നാടിയിട്ടുണ്ട്. നൽകുന്നതിനുള്ള വാഴ്ത്തുകൾ കൊണ്ട് സ്വീകരിക്കുക എന്ന കല വല്ലാതെ അവഗണിക്കപ്പെട്ടുപോയി.
 
അഭിനന്ദനങ്ങളെപ്പോലും സ്വീകരിക്കാൻ വൈമുഖ്യം കാട്ടുന്ന മനസ്സ്, ഒരാളിൽ നിന്ന് സഹായം തേടുകയോ തിരയുകയോ ചെയ്യുകയെന്നത് ആത്മഹത്യാപരമായി എണ്ണി. നമ്മളിലേക്ക് അവർ ചൊരിഞ്ഞ പൊൻനാണയങ്ങൾ അവരുടെ കമ്മട്ടത്തിൽ അടിച്ചതാണെന്നുള്ള ധാരണയാണ് ആദ്യം തള്ളിമാറ്റേണ്ടത്. അളവുകളില്ലാത്ത ഒരു ഭണ്ഡാരത്തിൽ നിന്ന് അവർ പെറുക്കിയെടുത്ത് നൽകിയതാണ് ഇതൊക്കെ എന്നതാണ് യാഥാർത്ഥ്യം.
 
കുറേക്കാലം മുൻപാണ്, ഇപ്പോൾ വളരെയേറെ അർത്ഥപൂർണ്ണമായി ജീവിക്കുന്ന ഒരു സ്ത്രീ അവളെ സന്ദർശിച്ചിരുന്ന ഒരദ്ധ്യാപകനോട് പറഞ്ഞതിങ്ങനെ: “ഒരേയൊരു ആഗ്രഹമേയുള്ളൂ. ആരെയും ബുദ്ധിമുട്ടിക്കാതെ കടന്നുപോവണം.” മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം കൊണ്ട് സ്വന്തം മുറിയ്ക്ക് പുറത്ത് ഒരു ജീവിതം അവൾക്ക് അസാധ്യമായിരുന്നു.
 
അദ്ധ്യാപകൻ പിറ്റേന്ന് വന്നത് ഒരു ചെറിയ കുപ്പിയുമായാണ്. അവളെ അടിമുടി നടുക്കിക്കൊണ്ട് അയാൾ പറഞ്ഞു: “ഇതെടുത്തുകൊള്ളുക, വിഷമാണ്. ഒരാളെയും ബുദ്ധിമുട്ടിപ്പിക്കാതെ കളം കാലിയാക്കാൻ തത്കാലം ഇതേയുള്ളൂ വഴി.”
 
കുറച്ചൊന്നു നേരെയായപ്പോൾ അയാൾ പറഞ്ഞു: “കൊണ്ടും കൊടുത്തും തന്നെയാണ് എല്ലായിടങ്ങളിലും ജീവിതം മുൻപോട്ടു പോകുന്നത്. അതിൽ ആത്മനിന്ദയ്ക്കോ ലജ്ജയ്ക്കോ ഉള്ള കാരണങ്ങളൊന്നുമില്ല.”
സ്നേഹഭിക്ഷു ഒരു മോശം പദമല്ല.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 435

Leave a reply to Love Alone Cancel reply