അനുദിനവിശുദ്ധർ – ജനുവരി 30

♦️♦️♦️ January 30 ♦️♦️♦️
വിശുദ്ധ ഹയസിന്താ മാരിസ്കോട്ടി
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

1585-ല്‍ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വിശുദ്ധ ഹയസിന്താ ജനിച്ചത്‌. തന്റെ സ്വന്തം സഹോദരി കന്യാസ്ത്രീയായിട്ടുള്ള വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീ മഠത്തില്‍ നിന്ന് അവൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തന്റെ പ്രായത്തിലുള്ളവരിൽ നിന്നും വിഭിന്നയായി ക്ലാരിസ്‌ (ഹയസിന്തായുടെ പഴയ പേര് ) കാരുണ്യ പ്രവര്‍ത്തികളോടൊന്നും വലിയ ആഭിമുഖ്യം കാണിച്ചിരുന്നില്ല. ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്‌. സന്യാസിനിയായിരുന്ന വിശുദ്ധ തന്റെ യൗവനത്തിൽ തന്റെ മതപരമായ നിയമങ്ങളോടു ഒട്ടും തന്നെ നീതി പുലര്‍ത്തിയിരുന്നില്ല. തെറ്റുകള്‍ തിരുത്തി നവീകരിച്ചു പുതിയ ആളായെങ്കിലും അധികം താമസിയാതെ വീണ്ടും ദൈവനിന്ദാപരമായ ജീവിതത്തിലേക്ക്‌ ഹയസിന്താ വഴുതി വീണു. എന്നാൽ പിന്നീട് സ്ഥായിയായ മനപരിവര്‍ത്തനത്തിനു വിധേയയായ വിശുദ്ധ അനുതാപം നിറഞ്ഞ ഒരു ജീവിതം നിയമിച്ചു.

അവള്‍ക്ക് 20 വയസ്സായപ്പോള്‍, മാര്‍ക്വിസ്‌ കാസ്സിസൂച്ചി എന്ന് പേരായ ചെറുപ്പക്കാരന്‍ അവളെ നിരാകരിച്ചുകൊണ്ട് അവളുടെ അനിയത്തിയെ വിവാഹം ചെയ്തു. ആ സംഭവത്തിനു ശേഷം അവള്‍ കോപാകുലയും ക്ഷമയില്ലാത്തവളുമായി തീര്‍ന്നു. അതിനാല്‍ തന്നെ അവളുടെ വീട്ടിലെ ജീവിതം അസഹ്യമായി മാറുകയും ചെയ്തു. സഹികെട്ട അവളുടെ കുടുംബം വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിനീ മഠത്തില്‍ ചേരുവാന്‍ അവളെ നിര്‍ബന്ധിച്ചു. അതിന്‍ പ്രകാരം മഠത്തില്‍ ചേര്‍ന്ന അവള്‍ അവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തിരികെ മഠത്തില്‍ എത്തുകയും അവിടെ പ്രവേശനം ലഭിച്ച അവള്‍ കാലക്രമേണ കന്യകാവൃതം സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും ഒട്ടും ക്ഷമയില്ലാത്ത അവള്‍ ഏതാണ്ട് പത്തു വര്‍ഷത്തോളം താന്‍ കൂടി ഭാഗമായ സന്യാസിനീ സമൂഹത്തിനു മാനഹാനി ഉണ്ടാക്കുവാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല. മതപരമായ നിയമങ്ങളെ അവള്‍ ഒട്ടും തന്നെ വകവെച്ചിരുന്നില്ല. തന്റെ സ്ഥാനവും സമ്പന്നതയും മൂലം ലഭിച്ചിരുന്ന സൗഭാഗ്യങ്ങളൊന്നും തന്നെ അവള്‍ ഉപേക്ഷിച്ചിരുന്നില്ല.

അവളുടെ ആദ്യ പരിവര്‍ത്തനം സംഭവിച്ചത് അവള്‍ രോഗിയായിരുന്നപ്പോള്‍ അവളെ കുമ്പസാരിപ്പിക്കുവാനായി പുരോഹിതന്‍ വന്നപ്പോളാണ്. അവളുടെ മുറിയിലെ ആഡംബര ഉപകരണങ്ങള്‍ കണ്ട പുരോഹിതന്‍ ആശ്ചര്യപ്പെട്ടുകൊണ്ട്, ‘അവള്‍ ഈ മഠത്തില്‍ താമസിക്കുന്നത് സാത്താനെ സഹായിക്കുവാന്‍ വേണ്ടി മാത്രമാണെന്ന്’ അവളോടു പറഞ്ഞു. ഈ അഭിപ്രായം അവളുടെ ആത്മീയ ജാടകള്‍ക്കുമേലുള്ള ഒരടിയായി മാറി. അതിശയോക്തി കലര്‍ന്ന ഭക്തിയോടു കൂടി അവള്‍ സ്വയം നവീകരണത്തിനു വിധേയയാവുവാന്‍ തീരുമാനിച്ചു.

അവള്‍ ദൈവത്തിങ്കലേക്കു വലിയൊരു കാല്‍വെയ്പ് നടത്തിയെങ്കിലും, കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നു. അവള്‍ പിന്നെയും രോഗബാധിതയായി, ഇത്തവണ കുറച്ചു ഗൗരവമായിരുന്നു അവളുടെ രോഗാവസ്ഥ. അവള്‍ പിന്നെയും നവീകരണത്തിന് വിധേയയാവുകയും, ദൈവം ആഗ്രഹിച്ച തരത്തിലുള്ള ഒരു ജീവിതത്തിലേക്ക്‌ മടങ്ങിവരികയും ചെയ്തു. ക്ഷമയുടേയും, അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേയും, വിശ്രമമില്ലാത്ത നല്ല പ്രവര്‍ത്തികളുടേയും, മാധുര്യത്തിന്റേയും, വിശാലമനസ്‌കതയുടേയും ഒരു മാതൃകയായി മാറി വിശുദ്ധ. ആ സമയം മുതല്‍ കഠിനമായ അച്ചടക്കത്തിന്റേയും, നിരന്തരമായ ഉപവാസത്തിന്റെയും, ഉറക്കമൊഴിച്ചുള്ള നീണ്ട പ്രാര്‍ത്ഥനകളുടേയുമായ ഒരു ജീവിതത്തിനായി അവള്‍ സ്വയം സമര്‍പ്പിച്ചു.

ഒട്ടും മര്യാദയില്ലാത്തൊരു സ്വഭാവത്തിനുടമയായിരുന്ന വിശുദ്ധ ഒരു മാതൃകാ സന്യാസിനീയായത് ശ്രദ്ധേയമായൊരു നേട്ടം തന്നെയാണ്. മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന കാര്യത്തില്‍ അസാമാന്യമായ കഴിവിനുടമയായിരുന്നു വിശുദ്ധ. ആത്മനിയന്ത്രണം പാലിക്കേണ്ട ആത്മീയ ഭൌതിക മേഖലകളില്‍ തന്റെ ഉപദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് കത്തെഴുതുന്നവര്‍ക്ക് പ്രായോഗികമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു വന്നു.

വിശുദ്ധ ഹയസിന്തായുടെ കാരുണ്യപ്രവര്‍ത്തികള്‍ പ്രശംസാര്‍ഹമായിരുന്നു. സ്വന്തം സമൂഹത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലായിരുന്നു വിശുദ്ധയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇതിനായി വിശുദ്ധയുടെ സ്വാധീനഫലമായി വിറ്റെര്‍ബോയില്‍ രണ്ടു സമിതികള്‍ ഉണ്ടായി, പ്രായമായവരേയും, രോഗികളേയും ശുശ്രൂഷിക്കുവാന്‍ അവര്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു. തന്റെ അഭ്യര്‍ത്ഥനകളുടെ ഫലമായി തനിക്ക് ദാനമായി ലഭിച്ചിരുന്ന സമ്പത്ത്‌ മുഴുവന്‍ വിശുദ്ധ ഇതിനായി ചിലവഴിച്ചു.

വിശുദ്ധയുടെ വിശ്വാസം ഇപ്പോഴും ജീവിച്ചിരിക്കുന്നതാണ്, ജിവിതത്തിലെ വളവും തിരിവും നിറഞ്ഞ പാത സ്വീകരിക്കേണ്ടിവന്നപ്പോള്‍ ധൈര്യസമേതം അവള്‍ അതിനെ പിന്തുടര്‍ന്നു. 1640 ജനുവരി 30ന് വിശുദ്ധ ഹയസിന്താ ദൈവസന്നിധിയിലേക്ക് യാത്രയായി. 1807-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ജീവിതത്തിലെ സഹനങ്ങള്‍ ദൈവസഹായത്താല്‍ എങ്ങിനെ അനുഗ്രഹങ്ങളാക്കി മാറ്റമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് വിശുദ്ധ ഹയസിന്തായുടെ ജീവിതം.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. ഫ്രാന്‍സിലെ അദെലങമൂസ്

2. അലക്സാണ്ട്രിയായിളെ അഗ്രിപ്പിനൂസ്

3. മൗബെത്തിലെ അന്‍ദെഗുണ്ട്

4. അലക്സാണ്ടര്‍

5. പ്രോവെന്‍സില്‍ ആന്‍റിബെസ് ബിഷപ്പായിരുന്ന അര്‍മേന്താരിയൂസു
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

🌻പ്രഭാത പ്രാർത്ഥന.🌻

നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്നും ഒരു സ്വരം ശ്രവിക്കും.. ഇതാണു വഴി.. ഇതിലെ പോവുക.. (ഏശയ്യ 30/21)
സർവ്വശക്തനായ ദൈവമേ..
അങ്ങയേ ദർശിക്കാനായി ഈ പ്രഭാതത്തിലും ഞാൻ അണഞ്ഞിരിക്കുന്നു.എന്റെ ആന്തരിക നേത്രങ്ങളെ അങ്ങു തുറന്നു തരേണമേ.. അപ്പോൾ പ്രഭാതം പോലെ പൊട്ടിവിടരുന്ന വെളിച്ചത്തിന്റെ അനുഭവത്താൽ എന്റെ ആത്മാവു സുഖം പ്രാപിക്കും.. പലപ്പോഴും ജീവിതയാത്രയിൽ ദൈവസ്വരത്തിനോ, അവിടുത്തെ ഹിതത്തിനോ കാതോർക്കാതെ സ്വന്തം താല്പര്യങ്ങളെയും ഇഷ്ടങ്ങളെയും മുൻനിർത്തിയാണ് ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അനുയോജ്യവും സുഗമവുമായ പാതകൾ എന്നു തോന്നിപ്പിക്കുന്ന ഇടങ്ങളിലൂടെ അനേകദൂരം സഞ്ചരിച്ചു കഴിയുമ്പോഴായിരിക്കും മുന്നിലുണ്ടായിരുന്നത് ഇരുളടഞ്ഞതും, ദുർഘടവുമായ മുൾപ്പാതയായിരുന്നുവെന്നും, പാപത്തിന്റെ നൈമിഷിക സുഖങ്ങൾ കണ്മുൻപിൽ വെളിവാക്കിയ മരീചിക മാത്രമായിരുന്നു ഞാൻ ദർശിച്ചതെന്നും തിരിച്ചറിയുകയുള്ളു.. അപ്പോൾ വഴിതെളിച്ചു തരുന്ന ഒരു പിൻവിളിക്കായി അറിയാതെയെങ്കിലും
മനസ്സു വല്ലാതെ ആഗ്രഹിക്കുന്നുണ്ടാവും..
ഈശോയേ..
കൂടു ചലിപ്പിക്കുകയും, കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും, വിരിച്ച ചിറകുകളിൽ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെ പോലെ എന്നെ നയിക്കുന്ന എന്റെ കർത്താവിൽ ഞാൻ ശരണം വയ്ക്കുന്നു. അനുയോജ്യമായ വഴികളിലൂടെ മാത്രം എന്നെ നയിക്കുകയും, നടത്തുകയും ചെയ്യണമേ നാഥാ.. അപ്പോൾ പാപവഴികളിൽ കാലിടറാതെ എന്റെ കാതുകളിൽ അങ്ങയുടെ സ്വരം ശ്രവിക്കുകയും, നല്ലയിടയനായ അവിടുത്തെ കരുതലിന്റെ തണലിൽ എന്റെ ആത്മാവ് എന്നും അങ്ങയോടു ചേർന്നിരിക്കുകയും ചെയ്യും..
വിശുദ്ധ ഗീവർഗീസ് സഹദാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

Advertisements

മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.
ജറെമിയാ 1 : 5

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s