പവിത്രമേലങ്കി പ്രാർത്ഥന…….
പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാ വിന്റേയും നാമത്തിൽ ആമ്മേൻ.
ഈശോ മറിയം യൗസേപ്പേ, ഞാനിതാ എന്റെ ആത്മാവും ഹൃദയവും നിങ്ങൾക്കു സമർപ്പിക്കുന്നു.
പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചുയർത്തിയതിന് നന്ദിസൂചകമായി.
3 ത്രിത്വസ്തുതി.
വിശ്വാസപ്രമാണം ചൊല്ലുക
സമർപ്പണം
ഓ! മഹത്വമേറിയ പിതാവായ വി. യൗസേപ്പേ, താഴ്മയോടെ ഞാനിതാ അങ്ങേ തിരുമുമ്പിൽ പ്രണമിക്കുന്നു. ഈ പ്രാർത്ഥനയിൽ എന്നോടൊപ്പം സന്നിഹിതരായിരിക്കാനായി ഈശോനാഥനോടും അങ്ങേ നിർമ്മലമണവാട്ടിയായ പരി. കന്യാമറിയത്തോടും സ്വർഗ്ഗത്തിലെ എല്ലാ മാലാഖമാരോടും വിശുദ്ധരോടും ഞാൻ താഴ്മയോടെ യാചിക്കുന്നു. ഏറ്റവും ആത്മാർത്ഥമായ വിശ്വാസവും ഗാഢഭക്തിയും വാഗ്ദാനം ചെയ്തുകൊണ്ട് യൗസേപ്പിതാവേ, അമൂല്യമായ ഈ മേലങ്കി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അങ്ങയോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാനായി ജീവിതകാലം മുഴുവൻ അങ്ങയെ ആദരിക്കാൻ എന്നാലാവുന്നതുപോലെ ശ്രമിച്ചു കൊള്ളാമെന്ന് ഉറപ്പു നൽകുന്നു.
വി. യൗസേപ്പേ, ഇപ്പോഴും എന്റെ ജീവിതം – മുഴുവനിലും എന്നെ സഹായിക്കേണമേ. മരണസമയത്ത് ഈശോയും മാതാവും അങ്ങയെ താങ്ങിത്തുണച്ചതുപോലെ എന്റെ മരണവിനാഴികയിൽ എന്നെയും താങ്ങിതുണക്കണമേ. അങ്ങനെ ഞാനും സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം ആയിരിക്കുവാനും നിത്യതയിൽ അങ്ങയെ വാഴ്ത്തി സ്തുതിക്കുവാനും ഇടയാവട്ടെ…
ആമ്മേൻ
(നിയോഗം സമർപ്പിക്കുക)
ഓ! ശ്രേഷ്ഠനായ വി.യൗസേപ്പേ, അങ്ങയുടെ ദിവ്യവ്യക്തിത്വത്തെ അലങ്കരിക്കുന്ന നിരവധിയായ പുണ്യഗണങ്ങളെപ്പറ്റി എപ്പോഴും ബോധവാൻ / ബോധവതിയായിക്കൊണ്ട് അങ്ങയുടെ മുമ്പിലും അങ്ങയുടെ ദിവ്യസുതനായ ഈശോയുടെ മുമ്പിലും പ്രണമിച്ച് ആർദ്രമായ ഭക്തിയോടെ ഈ പ്രാർത്ഥനാനിധി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.
ഓ! മഹത്വപൂർണ്ണനായ വി. യൗസേപ്പേ, ഭൂമിയിലേക്കുള്ള അങ്ങയുടെ വരവിന് വഴിയൊരുക്കുവാനായി ദൈവം മുന്നോടിയായി അയച്ച പൂർവ്വ യൗസേപ്പിനുണ്ടായ സ്വപ്നം അങ്ങിൽ നിറവേറിയല്ലോ. അങ്ങ് യഥാർത്ഥത്തിൽ യേശുവാകുന്ന ദിവ്യസൂര്യന്റെ ഉജ്ജ്വലരശ്മികളാൽ വലയം ചെയ്യപ്പെടുക മാത്രമല്ല പരിശുദ്ധ കന്യാമറിയമെന്ന സ്വർഗ്ഗീയ ചന്ദ്രികയുടെ തേജസ്സാർന്ന പ്രഭയിൽ മനോഹരമായി പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്തവല്ലോ. പൂർവ്വയൗസേപ്പിന്റെ ചരിത്രത്തിൽ പിതാവായ യാക്കോബ് ഈജിപ്തിലെ സിംഹാസനത്തിലേക്കുയർത്തപ്പെട്ട തന്റെ പ്രിയപുത്രനെ നേരിട്ടു ചെന്ന് അഭിനന്ദിക്കാൻ പോയപ്പോൾ അത് അദ്ദേഹത്തിന്റെ സന്താനപരമ്പരയ്ക്ക് ഈജിപ്തിലേക്കു പോകാൻ വഴിതുറന്നതുപോലെ അങ്ങയുടെ മുന്നിൽ അണയുന്ന ഞങ്ങൾ ജീവജലത്തിന്റെ ഉറവയായ ഈശോയുടെ സന്നിധിയിൽ എത്തുന്നതിനിടയാവട്ടെ.
ഈ അമൂല്യമേലങ്കി അങ്ങേയ്ക്ക് ആദരപൂർവ്വം കാഴ്ചയണയ്ക്കാൻ അങ്ങയെ അത്യധികം ആദരിക്കുകയും വിശ്വസിക്കുകയും ചെയ്ത ഈശോയും മറിയവും, അങ്ങയുടെ വിശ്വസ്ത ദാസൻ / ദാസിയായ എന്നേയും അങ്ങേ സവിധേ എത്തിക്കുമാറാകട്ടെ. ഓ മഹാനായ യൗസേപ്പിതാവേ, സർവ്വശക്തനായ ദൈവം എന്നെ കരുണാർദ്രമായി കടാക്ഷിക്കുവാൻ അങ്ങ് ഇടയാക്കണമേ. ശിക്ഷാർഹരും നിഷ്ഠൂരരുമായ തന്റെ സഹോദരങ്ങളെ സ്നേഹത്തോടെ പൂർവ്വയൗസേപ്പ് സ്വീകരിച്ച് പട്ടിണിയിലും മരണത്തിലും നിന്നു രക്ഷിച്ചതുപോലെ, ഓ മഹത്വപൂർണ്ണനായ പുണ്യപിതാവേ, അങ്ങേ മാദ്ധ്യസ്ഥ്യതയെ പ്രതി കണ്ണീരിന്റെ ഈ താഴ്‌വരയിൽ ദൈവം എന്നെ ഉപേക്ഷിക്കാൻ ഇടയാവാതിരിക്കട്ടെ എന്നു ഞാൻ യാചിക്കുന്നു. എന്നും അവിടുത്തെ പവി ത്രമേലങ്കിയുടെ പരിരക്ഷയുടെ തണലിൽ ശാന്തനായി ജീവിക്കുന്ന അങ്ങയുടെ ഭക്തദാസൻ / ദാസി മാത്രമായി ദൈവം എന്നെ എല്ലായ്പ്പോഴും കണക്കാക്കാൻ ഇടയാക്കണമേ. ഈ പരിരക്ഷയുടെ സുരക്ഷിതവലയത്തിനുള്ളിൽ എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഏറെ പ്രത്യേകമായി, എന്റെ അവസാന വിനാഴികവരെയും കഴിഞ്ഞു കൂടുന്ന തിനുള്ള കൃപ എനിക്കായി നേടിത്തരണമേ.