മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും
മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ പോലും സർക്കാർ നൽകുന്നില്ല എന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻ കുട്ടിയുടെ പ്രസ്താവന ചില മാധ്യമങ്ങളിൽ വായിക്കാനിടയായി. അദ്ദേഹത്തിന്റെ പ്രസ്താവന സത്യവിരുദ്ധമാണ്. സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ഏകപക്ഷീയവും തെറ്റിധാരണ പരത്തുന്നതുമായ പ്രസ്താവനകൾ നടത്തുന്നത് ഉചിതമല്ലെന്ന് ആദ്യമേതന്നെ സൂചിപ്പിച്ചുകൊള്ളട്ടെ.
ഏതൊരു മതത്തിന്റെയും മതപഠന പരിശീലന സംവിധാനത്തിൽ സുപ്രധാനമായ രണ്ടു ഘടകങ്ങളാണ് മതാധ്യാപകർ, മതപഠന സ്ഥാപനങ്ങൾ എന്നിവ. ഇവ ഒരുക്കുകയും സുസജ്ജമായ മതപഠന സംവിധാനം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത് അതതു മത സമൂഹങ്ങളുടെയും സമുദായ സംഘടനകളുടെയും പ്രാഥമിക ചുമതലയാണ്.
“”ഏതെങ്കിലും മതത്തിന്റെ മതപഠനത്തിന് സർക്കാർ സഹായം ലഭിക്കുന്നുണ്ടെങ്കിൽ അത് ഇസ്ലാമിക മതപഠനത്തിനു മാത്രമാണ്” എന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ദീപികയിൽ എഴുതിയ ലേഖനത്തിലെ വരികൾ അക്ഷരംപ്രതി ആവർത്തിക്കുകതന്നെ വേണം. കാരണം അതാണ് വസ്തുത. കേരളത്തിൽ ഇസ്ലാമിക മതപഠന സംവിധാനത്തിന് സർക്കാർ ധന സഹായം ലഭിക്കുന്ന വിധം വിശദമായി പരിശോധിക്കേണ്ടതാണ്.
മദ്രസ അധ്യാപക ക്ഷേമനിധി
ഇസ്ലാമിക മതപഠന കേന്ദ്രങ്ങൾ മദ്രസ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവിടെ മതം പഠിപ്പിക്കുന്ന പരിശീലകർ (ഉസ്താദുമാർ) പൊതുവേ മദ്രസാ അധ്യാപകർ എന്നും അറിയപ്പെടുന്നു. പ്രദേശത്തെ മഹല്ല് കമ്മിറ്റികളുടെയോ മുസ്ലിം സംഘടനകളുടെയോ ഉടമസ്ഥതയിലാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ നിയമസഭയിൽ അവതരിപ്പിച്ച കണക്കു പ്രകാരം 21,683 മദ്രസകളും 2,04,683 മദ്രസാധ്യാപകരുമാണ് കേരളത്തിൽ ഉള്ളത്.
പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായ കമ്മിറ്റി നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ഇസ്ലാമിക മതപഠന സംവിധാനത്തിനുള്ള സർക്കാർ സഹായം ആരംഭിക്കുന്നത്. സംസ്ഥാന പൊതുഭരണ (ന്യൂനപക്ഷ സെൽ ) വകുപ്പ് പുറപ്പെടുവിച്ച G O (Rt. )No. 2374/09/GAD Dated 31-3-2009 എന്ന ഉത്തരവ് പ്രകാരം നാലു കോടി രൂപ മദ്രസ അധ്യാപക ക്ഷേമ ഫണ്ട് എന്ന രീതിയിൽ അനുവദിക്കപ്പെട്ടു. 2010 മേയ് 31 ലെ പൊതുഭരണ (ന്യൂനപക്ഷ സെൽ ) വകുപ്പ്, സ.ഉ (പി )209/2010/പൊ. ഭ. വ. എന്ന സർക്കാർ ഉത്തരവ് പ്രകാരം കേരള മദ്രസ അധ്യാപക ക്ഷേമ നിധി നിലവിൽ വന്നു. കോഴിക്കോട് കേന്ദ്രമാക്കി ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
കേരള മദ്രസ അധ്യാപക ക്ഷേമനിധി ആക്ട്
2018 ഓഗസ്റ്റ് 31 ന് ഓർഡിനൻസ് ആയാണ് ഇതു പുറത്തു വരുന്നത്. സംസ്ഥാനത്തെ മദ്രസാധ്യാപകരുടെ ക്ഷേമത്തിനായും അവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നല്കുന്നതിനായും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികമായതോ ആയ മറ്റ് കാര്യങ്ങൾക്കും വേണ്ടി ഒരു ക്ഷേമനിധി രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഇത്. ഈ ഓർഡിനൻസ് 2019 ഡിസംബറിൽ സംസ്ഥാന നിയമസഭ പാസാക്കുകയും 2019 ലെ കേരള മദ്രസാധ്യാപക ക്ഷേമനിധി ആക്ട് എന്ന പേരിൽ നിയമമാകുകയും ചെയ്തിരിക്കുന്നു.
ക്ഷേമനിധിയിൽ അംഗങ്ങളായ മദ്രസ അധ്യാപകരും മദ്രസ മാനേജർമാരും അടയ്ക്കുന്ന അംശാദായംകൊണ്ടു മാത്രം ഈ ക്ഷേമനിധി പ്രവർത്തിക്കുന്നു എന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അധികാരികളുടെ പ്രചാരണം വസ്തുതാവിരുദ്ധമാണ്. 2019 ലെ ആക്ടിന്റെ വകുപ്പ് 4, പ്രകാരം “നിധിയുടെ സുഗമമായ പ്രവർത്തനത്തിനും അംഗങ്ങൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനും അവ മുടക്കം കൂടാതെ നൽകുന്നതിനും ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ള ഗ്രാന്റിൽനിന്നും സർക്കാർ തുക അനുവദിക്കുന്നതും അത് നിധിയുടെ കോർപസ് ഫണ്ട് ആയിരിക്കുന്നതുമാണ്’ എന്ന് നിർവചിച്ചിരിക്കുന്നു. മാത്രമല്ല ഈ ആക്ടിന്റെ വകുപ്പ് മൂന്ന് ഉപവകുപ്പ് (3b), (3f) എന്നിവ പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകളിൽനിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നോ മറ്റ് സ്ഥാപനങ്ങളിൽനിന്നോ നൽകിയേക്കാവുന്ന ഏതെങ്കിലും ഗ്രാന്റുകൾ, വായ്പകൾ, മുൻകൂറുകൾ എന്നിവയും മദ്രസാധ്യാപക ക്ഷേമ നിധിയുടെ ധനാഗമ മാർഗങ്ങളാണ്. അതായത് വിവിധ സർക്കാർ ഫണ്ടുകൾ (Public money )ഒരു പ്രത്യേക മത വിഭാഗത്തിന്റെ മതാധ്യാപകരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നതിന് നിയമം മൂലം വ്യവസ്ഥ ചെയ്തിരിക്കുന്നു.
മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്
ആക്ടിന്റെ വകുപ്പ് 10 പ്രകാരം മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭരണ നിർവഹണത്തിനും നടത്തിപ്പിനും ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി കേരള മദ്രസാധ്യാപക ക്ഷേമ നിധി ബോർഡ് രൂപീകരിച്ചു. 2010 മുതൽ പ്രവർത്തിക്കുന്ന മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ് ഒരു പരിപൂർണ സർക്കാർ ക്ഷേമ നിധി ബോർഡ് ആയി പരിവർത്തനം ചെയ്തു. ഈ ബോർഡിൽ ചെയർമാൻ, അംഗങ്ങൾ, സിഇഒ ഉൾപ്പെടെ ഭരണ സമിതിയും ദൈനംദിന ഓഫീസ് പ്രവർത്തനങ്ങൾക്കായി സർക്കാർ ശമ്പളം പറ്റുന്ന മുഴുവൻ സമയ ഉദ്യോഗസ്ഥ സംവിധാനവും നിലവിലുണ്ട്. നിലവിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ബൃഹത്തായ ഏജൻസിയാണ് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ്.
സർക്കാരിന്റെ ഇതര ക്ഷേമനിധി ബോർഡുകളിൽനിന്നു തികച്ചും വ്യത്യസ്തമാണ് മദ്രസാധ്യാപക ക്ഷേമ നിധി ബോർഡ്. തൊഴിലാളിക്ഷേമം മുൻ നിർത്തിയുള്ള വിവിധ മത സമൂഹങ്ങളിലെ അംഗങ്ങൾ ഗുണഭോക്താക്കളായ സെക്കുലർ സ്ഥാപനങ്ങളാണ് നമുക്ക് ഏവർക്കും പരിചിതമായ ക്ഷേമനിധി ബോർഡുകൾ. ഇതാകട്ടെ ഇസ്ലാമിക മത പഠനവും മത പ്രചാരണവും മാത്രം ചുമതലയായുള്ള മദ്രസാധ്യാപകർ മാത്രം ഗുണഭോക്താക്കളായ അവരുടെ ക്ഷേമത്തിനായി സർക്കാർ സംവിധാനവും ഫണ്ടും ഉപയോഗിക്കുന്ന ഒരു സ്ഥാപനമാണ്. കേരളത്തിൽ ഇതര ന്യൂനപക്ഷ മത വിഭാഗങ്ങളിലെയോ ഭൂരിപക്ഷ വിഭാഗത്തിലെയോ മതാധ്യാപകർക്കു വേണ്ടി സമാനമായ സർക്കാർ സംവിധാനമുണ്ടോയെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.
മദ്രസാധ്യാപകർക്കുള്ള ക്ഷേമപദ്ധതികൾ
മദ്രസ അധ്യാപക ക്ഷേമനിധിയിലെ അംഗങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.
1. 60 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് മദ്രസ അധ്യാപക ക്ഷേമനിധിയിലെ അംഗത്വ പ്രാബല്യമനുസരിച്ച് 1500 രൂപ മുതൽ 7500 രൂപ വരെ പ്രതിമാസ പെൻഷൻ, മരണ ശേഷം 10,000 മുതൽ 50,000 രൂപ വരെ കുടുംബ ധനസഹായം, കുടുംബ പെൻഷൻ എന്നിവ .
2.മദ്രസ അധ്യാപകരുടെ സ്വന്തം വിവാഹത്തിനും പെണ്മക്കളുടെ വിവാഹത്തിനും 10,000 രൂപ വീതം ധനസഹായം.
3.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന മദ്രസ അധ്യാപകരുടെ മക്കളായ വിദ്യാർഥികൾക്ക് 2000 രൂപ വീതം കാഷ് അവാർഡ്. പ്രഫഷണൽ കോഴ്സുകൾ പഠിക്കുന്ന മക്കൾക്ക് സർക്കാർ ഫീസ് നിരക്കിൽ റീഇൻബേഴ്സ്മെന്റ് ആനുകൂല്യം.
4.മദ്രസ അധ്യാപകർക്ക് ഭവനനിർമാണത്തിന് ന്യൂനപക്ഷ ക്ഷേമ കോർപറേഷനുമായി ചേർന്ന് 2.5 ലക്ഷം രൂപ പലിശ രഹിത വായ്പ. ഇത് 84 മാസ തവണകളായി തിരിച്ചടച്ചാൽ മതി.
5.ഹോസ്പിറ്റൽ സംബന്ധമായ ചെലവുകൾക്ക് 5,000 മുതൽ 25,000 രൂപ വരെ ധനസഹായം.
6.വനിതകളായ മദ്രസാധ്യാപകർക്ക് പ്രസവാനുകൂല്യമായി 15,000 രൂപ വീതം രണ്ട് പ്രസവങ്ങൾക്ക്.
ഈ പദ്ധതികൾക്കെല്ലാമുള്ള പണം വകയിരുത്തുന്നത് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും ഇതര സ്ഥാപനങ്ങളുടെയും വിഹിതത്തിൽ നിന്നാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ട് മുസ്ലിം മതാധ്യാപകരുടെ ക്ഷേമ നിധിയിലേക്ക് എത്ര രൂപ ഗ്രാന്റ് , അഡ്വാൻസ് ഇനത്തിൽ നല്കിയെന്നുള്ളത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് വ്യക്തമാക്കണം.
മദ്രസ കെട്ടിടനിർമാണത്തിന് കേന്ദ്ര ഫണ്ട്
അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിലൂടെയാണ് നിർവഹിക്കപ്പെടുന്നത്. ഈ പദ്ധതിയിൽ ഗുണഭോക്തൃ പ്രദേശങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത് സംസ്ഥാനത്തെ മുസ്ലിം കേന്ദ്രീകൃത പ്രദേശങ്ങൾ മാത്രമാണ്. ഈ പദ്ധതിയിൽ നിന്നുള്ള കോടിക്കണക്കിനു രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിരവധി മദ്രസ കെട്ടിടങ്ങളും കമ്യൂണിറ്റി ഹാളുകളും മദ്രസ ലൈബ്രറികളും നിർമിച്ചുകൊണ്ടിരിക്കുന്നു. അല്പം ശ്രമിച്ചാൽ രേഖാമൂലം ബോധ്യപ്പെടാവുന്ന കാര്യങ്ങളാണിവ.
ന്യൂനപക്ഷ ക്ഷേമം എന്നാൽ മുസ്ലിം ക്ഷേമം മാത്രമോ ?
ന്യൂനപക്ഷ ക്ഷേമം, ന്യൂനപക്ഷ സംരക്ഷണം എന്നീ അടിസ്ഥാന ലക്ഷ്യങ്ങൾക്കു നേർവിപരീതമായ നയങ്ങളാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്നത്. നോട്ടിഫൈഡ് മൈനോറിറ്റിയായ ക്രിസ്ത്യൻ ഉൾപ്പെടെയുള്ള യഥാർഥ ന്യൂനപക്ഷങ്ങൾ കടുത്ത മതവിവേചനം നേരിടുന്നു. വിവിധ രാഷ്ട്രീയ സംവിധാനങ്ങളും അധികാരികളും ചേർന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ മുസ്ലിം ക്ഷേമ വകുപ്പാക്കി ഹൈജാക്ക് ചെയ്തിരിക്കുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിലനിൽക്കുന്ന അനീതിയും മത വിവേചനവും വെള്ളപൂശുന്നതിനായി പട്ടിക ജാതി -പട്ടികവർഗ, മറ്റു പിന്നാക്ക, ഇഡബ്ള്യുഎസ് ക്ഷേമത്തിനായി ചെലവഴിക്കുന്ന തുകയുടെ മതം തിരിച്ചുള്ള കണക്കും ഡോ. മൊയ്തീൻകുട്ടി അവതരിപ്പിക്കുന്നുണ്ട്. മുന്നാക്ക ക്ഷേമ കോർപറേഷനിലൂടെ സംവരണേതര ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും ലഭിക്കുന്നുവെന്ന് വാദിക്കുന്ന മൊയ്തീൻകുട്ടി പക്ഷേ, ഒബിസി ക്ഷേമ വകുപ്പിലൂടെ മുസ്ലിം മതത്തിനൊന്നാകെ ലഭിക്കുന്ന ആനുകൂല്യങ്ങൾ മനഃപൂർവം മറച്ചുവച്ചിരിക്കുന്നു.
ഒബിസി വിഭാഗങ്ങൾക്കും സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭരണഘടനാപരമായി തുല്യ സ്റ്റാറ്റസ് ആണുള്ളത് എന്ന് ഓർമപ്പെടുത്തുന്നു. ന്യൂനപക്ഷം എന്നത് മുന്നാക്ക -പിന്നാക്ക സമുദായ വേർതിരിവിന് ഉപരിയായ അവകാശമാണ്.
ന്യൂനപക്ഷങ്ങളിൽ പിന്നാക്കം (OBC ) എന്നും മുന്നാക്കം (general) എന്നുമുള്ള വേർതിരിവ് നടത്താൻ ശ്രമിക്കുന്നത് ഇനിയും വിലപ്പോവില്ല. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരമുള്ള വിജ്ഞാപിത ന്യൂനപക്ഷങ്ങളെ അതിനുള്ളിൽ (within the status of Minority )മുന്നാക്കം ( ജനറൽ ) പിന്നാക്കം (ഒബിസി ) എന്നീ തരത്തിൽ വേർതിരിക്കുന്നതിന് സംസ്ഥാന സർക്കാരിന് അധികാരമില്ല എന്നുള്ളതും മനസിലാക്കുക.
വിവേചനവും അനീതിയും
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ വിവേചനവും അനീതിയും നിലനിൽക്കുന്നു എന്ന സീറോ മലബാർ സഭ ഉൾപ്പെടെയുള്ള വിവിധ ക്രൈസ്തവ സഭകളുടെ പരാതി വ്യക്തമായ ചർച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ ഉള്ളതാണ്. സച്ചാർ -പാലോളി കമ്മിറ്റി റിപ്പോർട്ടുകൾക്ക് ഇവിടത്തെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ഇതര ന്യൂനപക്ഷങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. എന്നിരുന്നാലും ഈ റിപ്പോർട്ടുകളിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾക്കായി 80:20 അനുപാതം ശിപാർശ ചെയ്തിരിക്കുന്നതെവിടെയെന്ന് ഡോ. മൊയ്തീൻ കുട്ടി വ്യക്തമാക്കണം.
കേന്ദ്രത്തിലോ മറ്റു സംസ്ഥാനങ്ങളിലോ നിലവിലില്ലാത്ത ഈ അനുപാതം എങ്ങനെ കേരളത്തിൽ മാത്രം പ്രാബല്യത്തിൽ വന്നു എന്നത് ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമായി വിശദീകരിക്കുകയും വേണം. ഒപ്പം, ക്രൈസ്തവർ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതി ഉൾപ്പെടെയുള്ള സെക്കുലർ ലക്ഷ്യം മുൻനിർത്തി തുല്യമായി ചെലവഴിക്കേണ്ടതായ ന്യൂനപക്ഷ ഫണ്ടുകൾ ഇത്തരത്തിൽ മദ്രസ മതപഠന സംവിധാനത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിവേചനപരമായി ചെലവഴിക്കുന്ന നയം തിരുത്തുകയും ചെയ്യേണ്ടതാണ്.
ഫാ. ജയിംസ് കൊക്കാവയലിൽ
Source: https://www.deepika.com/feature/Leader_Page.aspx?topicid=31&ID=19050