അനുദിനവിശുദ്ധർ – ഫെബ്രുവരി 15

⚜️⚜️⚜️ February 15  ⚜️⚜️⚜️
വിശുദ്ധന്മാരായ ഫൌസ്റ്റീനസും, ജോവിറ്റയും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


ഉന്നത കുലജാതരായ വിശുദ്ധ ഫൌസ്റ്റീനസും, വിശുദ്ധ ജോവിറ്റയും സഹോദരന്‍മാരായിരുന്നു. കൂടാതെ ക്രിസ്തീയ വിശ്വാസത്തെ പറ്റി അഗാധമായ പാണ്ഡിത്യം ഉള്ളവര്‍ കൂടിയായിരിന്നു അവര്‍. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്ത് യാതൊരു ഭയവും കൂടാതെ, ലൊമ്പാര്‍ഡിയിലെ ബ്രെസ്സിക്കാ പട്ടണത്തില്‍ ഈ വിശുദ്ധന്‍മാര്‍ ക്രിസ്തുമതം പ്രചരിപ്പിച്ചു പോന്നു. ക്രിസ്തുമതത്തോടുള്ള അവരുടെ ആവേശം അവിശ്വാസികളുടേയും വിഗ്രഹാരാധകരുടേയും ശത്രുത ക്ഷണിച്ചു വരുത്തി.

ഫൌസ്റ്റീനസ് ഒരു പുരോഹിതനും, ജോവിറ്റ ഒരു ശെമ്മാച്ചനും ആയിരുന്നു. സധൈര്യത്തോടെ അവര്‍ സമീപ പ്രദേശങ്ങളില്‍ തങ്ങളുടെ വിശ്വാസം പ്രചരിപ്പിച്ചു പോന്നു. ഇതറിഞ്ഞ കടുത്ത വിഗ്രഹാരാധകനും അധികാരിയുമായിരുന്ന ജൂലിയന്‍ അവരെ ബന്ധനസ്ഥരാക്കുകയും, അവരോടു സൂര്യനെ ആരാധിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിശുദ്ധന്‍മാരാകട്ടെ ധൈര്യപൂര്‍വ്വം ലോകത്തിനു വെളിച്ചം നല്‍കുവാനായി സൂര്യനെ സൃഷ്ടിച്ച, ജീവിച്ചിരിക്കുന്ന ദൈവത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നറിയിച്ചു. അവര്‍ക്ക് മുന്‍പിലുണ്ടായിരുന്ന പ്രതിമ മനോഹരവും സ്വര്‍ണ്ണനിറമുള്ള പ്രകാശ രശ്മികളാല്‍ വലയം ചെയ്യപ്പെട്ടതുമായിരുന്നു. ആ പ്രതിമയില്‍ നോക്കി വിശുദ്ധ ജോവിറ്റ ഉറക്കെ പറഞ്ഞു: “സൂര്യന്റെ സൃഷ്ടാവും സ്വര്‍ഗ്ഗത്തില്‍ സ്ഥാനീയനായ ദൈവത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. യാതൊന്നിനും കൊള്ളില്ലാത്ത ഈ പ്രതിമ അവനെ ആരാധിക്കുന്നവരുടെ മുന്‍പില്‍ വെച്ച് അവരെ ലജ്ജിപ്പിച്ചുകൊണ്ട് കറുത്തനിറമുള്ളതായി തീരട്ടെ!” അദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തിയ ഉടന്‍തന്നെ ആ പ്രതിമ കറുത്തനിറമുള്ളതായി മാറി. തുടര്‍ന്ന്‍ ചക്രവര്‍ത്തി ആ പ്രതിമ തുടച്ച് വൃത്തിയാക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പുരോഹിതന്‍ അതിനെ സ്പര്‍ശിച്ച മാത്രയില്‍ തന്നെ അത് വെറും ചാരമായി നിലത്ത് വീണു ചിതറി.

ആ രണ്ടു സഹോദരന്‍മാരേയും വിശന്നു വലഞ്ഞ സിംഹങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുവാന്‍ വേണ്ടി ചുറ്റും മതിലോടു കൂടിയതും ഇരിപ്പിടങ്ങളുള്ളതുമായ ആംഫി തിയറ്ററിലേക്ക് കൊണ്ടുപോയി. അവിടെ യാതൊരു ഭക്ഷണവും കൊടുക്കാതെ ഒരു ഇരുണ്ട മുറിയില്‍ അവരെ അടച്ചു. പക്ഷെ മാലാഖമാര്‍ പുതിയ പോരാട്ടങ്ങള്‍ക്കായുള്ള ശക്തിയും, ഊര്‍ജ്ജവും, സന്തോഷവും അവര്‍ക്ക് നല്‍കി. തന്മൂലം വലിയ അഗ്നിജ്വാല അവരെ ബഹുമാനിച്ചു. ഇതിനു സാക്ഷ്യം വഹിച്ച നിരവധി ആളുകള്‍ ക്രിസ്ത്യാനികളായി മതപരിവര്‍ത്തനം നടത്തി. അവസാനം യാതൊരു ഗത്യന്തരവുമില്ലാതെ ചക്രവര്‍ത്തി അവരെ ശിരച്ചേദം ചെയ്യുവാന്‍ തീരുമാനിച്ചു.

അവര്‍ തറയില്‍ മുട്ടുകുത്തി നിന്ന് തലകുനിച്ചുകൊണ്ട് തങ്ങളുടെ രക്തസാക്ഷിത്വം ഏറ്റു വാങ്ങി. ബ്രെസ്സിക്കാ നഗരം ഈ വിശുദ്ധന്‍മാരെ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധരായി ആദരിച്ചുവരികയും, ഈ വിശുദ്ധന്‍മാരുടെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ വിശുദ്ധരുടെ നാമധേയത്തില്‍ വളരെ പുരാതനമായൊരു ദേവാലയവും അവിടെ ഉണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. ടെര്‍ണിയിലെ അഗാപ്പെ

2. അയര്‍ലന്‍റിലെ ബെറാക്ക്

3. ഇറ്റലിയിലെ സര്‍ത്തൂണിനൂസും കസ്തുലൂസും മഞ്ഞൂസും ലൂസിയൂസും

4. റോമയിലെ ക്രാത്തോണ്‍

5. കാപ്പുവാ ബിഷപ്പായ ഡെക്കൊറോസൂസ്

6. അള്‍ഡ്റ്റെറിലെ സോച്ചോവ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല.
ലൂക്കാ 4 : 24

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

എന്റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു.. കർത്താവേ.. ഇനിയും എത്ര നാൾ.. (സങ്കീർത്തനം :6/3)
കരുണാമയനായ എന്റെ ദൈവമേ..
ഹൃദയനിഷ്കളങ്കതയുള്ളവരെ രക്ഷിക്കുന്ന ദൈവമാണ് എന്റെ പരിച എന്ന സങ്കീർത്തന വചനത്തോടു ചേർന്ന് ഞാനും എന്റെ വിശ്വാസത്തെ ഏറ്റു പറയുകയും.. ഈ പ്രഭാതത്തിൽ അങ്ങയുടെ കരുണയ്ക്കു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു.പ്രാർത്ഥനയേ മുറുകെ പിടിച്ചു കൊണ്ട് വിശ്വാസത്തിൽ അഭിവൃദ്ധി പ്രാപിക്കുമ്പോഴും പലപ്പോഴും അപ്രതീക്ഷിതമായ രോഗദുരിതങ്ങളും, സാമ്പത്തിക തകർച്ചകളുമൊക്കെ ഞങ്ങളുടെ ജീവിതത്തെ വല്ലാതെ ഞെരുക്കത്തിലാക്കുന്നു.. എത്ര പ്രാർത്ഥിച്ചിട്ടും ഒരു ഉയർച്ചയുണ്ടാവാതെ ഞങ്ങളുടെ ജീവിത സ്വപ്നങ്ങൾ നിരാശയുടെ ഇരുളിൽ അമർന്നു പോകുന്നു.. ഇനിയും പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല എന്ന പ്രലോഭന ചിന്തയിലേക്ക് മനസ്സ് പിടിവിട്ടു പോകാൻ തുടങ്ങുന്നു..
ഈശോയേ.. എല്ലാ ഞെരുക്കങ്ങളിൽ നിന്നും എന്നെ രക്ഷിക്കാൻ കഴിവുള്ളവനായ നിന്നിലാണ് ഞാൻ ആശ്രയം തേടുന്നത്.. ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും എന്റെ ആവലാതികൾ തിക്തമായി തുടരുന്നതും.. ഞാനെത്ര വിലപിച്ചിട്ടും എന്റെ മേലുള്ള അവിടുത്തെ കരം ഭാരമേറിയതായി തോന്നുന്നതും എനിക്കായ് അങ്ങ് കരുതി വച്ചിരിക്കുന്ന രക്ഷയുടെ ദൈവീകപദ്ധതി അത്രയേറെ അനുഗ്രഹപ്രദമാകുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കം മാത്രമാണെന്ന തിരിച്ചറിവു നൽകി എന്റെ പ്രത്യാശയെ വർദ്ധിപ്പിക്കേണമേ.. അപ്പോൾ ഒരു നോവുകളാലും നിന്നിൽ നിന്നിൽ നിന്നും അകറ്റപ്പെടാത്ത ഹൃദയവുമായി.. അത്രമേൽ തീക്ഷണമായ വിശ്വാസത്താൽ ഞാൻ അവിടുത്തോടുള്ള പ്രാർത്ഥനയിൽ എന്നും ഒന്നായിരിക്കുകയും.. നിത്യരക്ഷയാൽ അവിടുന്ന് എനിക്ക് പ്രത്യുത്തരം നൽകുകയും ചെയ്യും..
വിശുദ്ധ വാലെന്റയിൻ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Leave a comment