ജോസഫ് നന്മ നിറഞ്ഞ സുഹൃത്ത്

ജോസഫ് ചിന്തകൾ 69

ജോസഫ് നന്മ നിറഞ്ഞ സുഹൃത്ത്

 
ജീവിതത്തിൽ ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ഉണ്ടായിരിക്കുക ഒരു സുകൃതമാണ്. എല്ലാം തുറന്നു പറയാൻ കഴിയുന്ന, വിശ്വസിക്കാൻ കഴിയുന്ന, ചതിക്കാൻ അറിയാത്ത കൂട്ടുകാരൻ ഉണ്ടായിരിക്കുക ജീവിതവിജയത്തിനു അത്യന്ത്യാപേഷിതമാണ്.
 
സൗഹൃദങ്ങള് വെറും പുറംമോടികളായി പരിണമിക്കുന്ന കാലഘട്ടത്തില് ആത്മാര്ത്ഥതയുള്ള കൂട്ടുകാർ ഇല്ലാത്തതാണ് പല പ്രശ്നങ്ങൾക്കുമുള്ള കാരണം. ആബാല വൃദ്ധ ജനങ്ങൾക്കും സമീപിക്കാൻ പറ്റുന്ന ഒരു നല്ല സുഹൃത്താണ് വിശുദ്ധ യൗസേപ്പിതാവ്. മനുഷ്യ മനസ്സിനെ മനസ്സിലാക്കി പ്രതികരിക്കാൻ കഴിവുള്ള വിശുദ്ധനാണ് നിശബ്ദനനായ ഈ പിതാവ്. നിശബ്ദനയായ ഈ സുഹൃത്ത് വലിയൊരു ശ്രോതാവാണ്. നാം പറയുന്നതു കേൾക്കാൻ ആത്മാർത്ഥതയുള്ള കൂട്ടുകാരനെ കണ്ടെത്താൻ ബുദ്ധിമുട്ടാണോ, എങ്കിൽ ജോസഫിൻ്റെ അടുത്തേക്കു പോകു. നമ്മുടെ അധരങ്ങൾക്കു നേരെ അവൻ സദാ ചെവി തുറന്നു തരും.
 
ക്ഷമയുള്ള ഒരു ശ്രോതാവിനു മാത്രമേ നല്ല ഒരു സുഹൃത്ത് ആകാൻ സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ സൗഹൃദം സമ്പാദിക്കാനുള്ള ഏറ്റവും ഉത്തമമായ മാര്ഗ്ഗം നല്ലൊരു കേൾവിക്കാരനാവുക എന്നതാണ്. യൗസേപ്പിതാവ് നിശബ്ദനായത് മറ്റുള്ളവരെ ശ്രവിക്കാനായിരുന്നു. ശ്രവിക്കാൻ ഒരു കൂട്ടുകാരനുണ്ടാകുമ്പോൾ സുഹൃത് ബന്ധങ്ങളിൽ ഊഷ്മളതയും ആത്മാർത്ഥതയും വിരിയും. ആത്മാർത്ഥതയോടെ കേൾക്കുന്ന കൂട്ടുകാർ ഉണ്ടായാലേ നമ്മിലെ നന്മ പുറത്തു കൊണ്ടുവരാൻ സാധിക്കുകയുള്ളു. അതിനാലാണ് മഹാനായ ഹെൻട്രി ഫോർഡ് സുഹൃത്തിനെ എന്നിലെ നന്മ പുറത്തു കൊണ്ടുവരുന്നവൻ എന്നു നിർവചിച്ചത്.
 
നന്മയുള്ള യൗസേപ്പിതാവുമായുള്ള ചങ്ങാത്തം നമ്മളെയും നന്മ നിറഞ്ഞവരാക്കും അതുവഴി നമ്മുടെ നന്മയും അനേകർക്കു സുകൃതമാകും.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment