പുലർവെട്ടം 442

{പുലർവെട്ടം 442}

 
മഹാനായ ആ അച്ഛന്റെ വിയോഗത്തെ ഒരു മകൾ ഇങ്ങനെയാണ് ഓർമിച്ചെടുക്കുന്നത്: “ഞങ്ങളെ അടുക്കലേക്ക് വിളിച്ചുവരുത്തി. ഞങ്ങളുടെ കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ച് അമ്മയോട് ധൂർത്തപുത്രന്റെ കഥ വായിച്ചുകേൾപ്പിക്കാൻ ആവശ്യപ്പെട്ടു. കണ്ണു പൂട്ടി പൂർണമായും അതിൽ മുഴുകിയാണ് അച്ഛനതു ശ്രദ്ധിച്ചത്. പിന്നെ, വളരെ മൃദുവായി ഇങ്ങനെ പറഞ്ഞുതുടങ്ങി, “ഈ കേട്ടത് ഒരിക്കലും മറക്കരുത്. ദൈവത്തിൽ സമ്പൂർണവിശ്വാസമുണ്ടായിരിക്കുക, അവിടുത്തെ ക്ഷമയിൽ സംശയിക്കാതിരിക്കുക. നിശ്ചയമായും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; എന്നാൽ, അവിടുത്തെ സ്നേഹവുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നുമല്ലെന്ന് എനിക്കറിയാം. മാരകമായ അപരാധങ്ങളിലേക്ക് പാളിപ്പോകും വിധം അത്രമേൽ അസന്തുഷ്ടരായാലും ഒരു കാരണവശാലും ദൈവത്തിൽ നിരാശപ്പെടരുത്. നിങ്ങൾ അവന്റെ പൈതങ്ങളാണ്. എന്റെ മുൻപിലെന്നപോലെ അവിടുത്തെ മുൻപിലും സദാ വിനീതരായി നിൽക്കുക. അവിടുത്തെ മാപ്പ് ആരായുക, അവിടുന്ന് നിങ്ങളുടെ അനുതാപത്തിന്മേൽ ആഹ്ലാദിക്കും; കഥയിലെ അപ്പൻ മടങ്ങിവന്ന മകനുമേൽ ആഹ്ലാദിക്കുന്നതുപോലെ.” ഏതാനും നിമിഷങ്ങൾക്കു ശേഷം ദസ്തയേവ്‌സ്കി കടന്നുപോയി. അനവധി മരണങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. അതിലൊന്നുപോലും ഞങ്ങളുടെ അച്ഛന്റേതുപോലെ പ്രകാശമുള്ളതായിരുന്നില്ല.”
 
മകളുടെ പേര് ല്യുബോവ് എന്നാണ്. ആ കഥയിൽ തനിക്കു പറയേണ്ടതൊക്കെ ഉണ്ടെന്ന് ഫ്യോദോർ ദസ്തയേവ്‌സ്കി കരുതിയിട്ടുണ്ടാവും. ദീർഘമായ ഒരു സൈബീരിയൻ തടവുകാലത്ത് വായിച്ചിരുന്ന ഏകപുസ്തകത്തിൽ നിന്ന് ഈയൊരു കഥ ശ്രദ്ധിക്കണമെന്നു പറഞ്ഞ് അയാൾ അവസാനിപ്പിക്കുമ്പോൾ, അതിൽ തന്റെ ജീവിതത്തിന്റെ സാരവും സംഗ്രഹവും ഉണ്ടെന്ന് കരുതിയിട്ടുണ്ടാവും. മറ്റെന്ത് ആശ്വാസമാണ് നിങ്ങൾ ഉറ്റവർക്കുവേണ്ടി കൈമാറാൻ ഉദ്ദേശിക്കുന്നത്?
 
കുറ്റിപ്പുറത്ത് ‘ഇല’യിലെ നജീബ് ഉമ്മയേക്കുറിച്ച് പറയുകയായിരുന്നു. പെട്ടെന്നുള്ള ഒരു തോന്നലിൽ, തീരെ ചെറിയ പരിചയം മാത്രമുള്ള ഒരു പയ്യനെ തേടി ഒരു പെൺകുട്ടി വന്നു. അവനോടൊപ്പം പാർക്കാൻ കരുതിത്തന്നെയായിരുന്നു അത്. അവനാവട്ടെ, അതങ്ങനെയല്ല എന്നു പറഞ്ഞ് അവൻ അവളെ ദുഃഖത്തിലാക്കി. വല്ലാതെ കുഴപ്പത്തിലായ പെൺകുട്ടിയെ ഉമ്മയുടെ അടുക്കലേക്കാണ് നജീബ് കൊണ്ടുവന്നത്. ഉമ്മ ആ രാത്രി മുഴുവൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു. ഒരു പോള കണ്ണടയ്ക്കാതെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു. മയങ്ങിയാൽ അവളെന്തെങ്കിലും അബദ്ധം ചെയ്തേക്കുമെന്ന് അവർ ഭയന്നു. കുട്ടിയെ തേടി വീട്ടുകാർ വന്നപ്പോൾ ഉമ്മയില്ലാതെ പോവില്ലെന്ന് അവൾ ശഠിച്ചു. അതിനും ആ വയോധിക വഴങ്ങി.
മടങ്ങിവന്നവർക്കു വേണ്ടി എപ്പോഴും കൊഴുത്ത കാളക്കുട്ടിയെ കൊല്ലണമെന്നൊന്നുമില്ല. നല്ലതുപോലെ എണ്ണ തേച്ചു കുളിപ്പിച്ചാൽ മതി. അല്ലെങ്കിൽ, മുറ്റത്തെ മാവിൽ നിന്നു വീണ മാമ്പഴം കൊണ്ട് അവൾക്കിഷ്ടമുള്ള ഒരു മധുര പുളിശേരി ഉണ്ടാക്കിയാലും മതി.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 442

Leave a comment