നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
നാലാം ദിനം
” എനിക്ക് ഒന്നും ആകേണ്ട, എനിക്കു മരിക്കുകയും സ്വർഗ്ഗത്തിൽ പോവുകയും ചെയ്താൽ മതി.”
ഫ്രാൻസിസ്കോ മാർത്തോ (1908-1919)
പരിശുദ്ധ കന്യകാമറിയം ഫാത്തിമായിൽ ദർശനം നൽകിയ മൂന്നു ഇടയ കുട്ടികളിൽ ഒരാളാണ് ഫ്രാൻസിസ്കോ മാർത്തോ. 1917 മെയ് പതിമൂന്നാം തീയതി മറിയം ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഫ്രാൻസിസ്കോയ്ക്കു എട്ടു വയസ്സും സഹോദരി ജസീന്തയ്ക്ക് ഏഴു വയസ്സും അവരുടെ ബന്ധു ലൂസിയ്ക്കു പത്തു വയസ്സുമായിരുന്നു. ലൂസിയയുടെ പിൽക്കാല ഓർമ്മക്കുറിപ്പുകൾ അനുസരിച്ച്, ഫ്രാൻസിസ്കോ ശാന്തനും സംഗീതപ്രതിഭയുള്ളവനും തനിയെ പ്രാർത്ഥിക്കാൻ ഇഷ്ടമുള്ളവനുമായിരുന്നു.
ജപമാല ചൊല്ലാനും പാപികളുടെ മാനസാന്തരത്തിനായി ത്യാഗങ്ങൾ ചെയ്യാനും പരിശുദ്ധ മറിയം അവരോടു ആവശ്യപ്പെട്ടിരുന്നു. നരകത്തിന്റെ യാഥാർത്ഥ്യവും മറിയം അവർക്കു കാണിച്ചു കൊടുത്തിരുന്നു.
ഫ്രാൻസിസ്കോയും ജസീന്തയും 1918 ലെ യൂറോപ്യൻ ഇൻഫ്ലുവൻസ എന്ന പകർച്ചവ്യാധി മൂലം മരണത്തിനു കീഴടങ്ങി. ആശുപത്രിയിലെ ചികിത്സ നിരാകരിച്ച ഫ്രാൻസിസ്കോയുടെ ഏറ്റവും വലിയ ആഗ്രഹം എത്രയും വേഗം സ്വർഗ്ഗഗത്തിലെത്തിചേരുക എന്നതായിരുന്നു. 1919 ഏപ്രിൽ നാലാം തീയതി പതിനൊന്നാമെത്ത വയസ്സിൽ ഫ്രാൻസിസ്കോ സ്വർഗ്ഗത്തിലേക്കു യാത്രയായി. ജോൺ പോൾ രണ്ടാമൻ പാപ്പ ഫ്രാൻസിസ്കോയെ “ചെറിയ ബലി വസ്തു” എന്നാണ് വിശേഷിപ്പിക്കുക. ആദ്യത്തെ ഫാത്തിമാ പ്രത്യക്ഷീകരണത്തിൻ്റെ നൂറാം വർഷത്തിൽ ഫ്രാൻസീസ് പാപ്പ 2017 മെയ് 13 ന് ഫ്രാൻസിസ്കോയേയും ജസീന്തയെയും വിശുദ്ധരായി പ്രഖ്യാപിച്ചു.

വിശുദ്ധ ഫ്രാൻസിസ്കോയോടൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ ഫ്രാൻസിസ്കോ, സ്വർഗ്ഗത്തിലെത്തിച്ചേരുക എന്ന ആഗ്രഹം നീ അചഞ്ചലമായി കാത്തു സൂക്ഷിച്ചുവല്ലോ, നോമ്പിലെ ഈ ദിനങ്ങളിൽ സ്വർഗ്ഗം നേടിയെടുക്കുന്നതിനായി ദൃഢതയോടെ പരിശ്രമിക്കാൻ എന്നെ പഠിപ്പിക്കണമേ.
ഫാ.ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/
Categories: Saints