തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 76

ദാഹാവ് തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്

 
അഡോൾഫ് ഹിറ്റ്ലർ ആദ്യം നിർമ്മിച്ച നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് (Dachau concentration camp) ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നായിരുന്നു. തടങ്കൽ പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. വൈദിക ബ്ലോക്ക് (Pfarrer block ) എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. വൈദീക ബ്ലോക്കിലെ തടവുകാരിൽ 90 ശതമാനവും കത്തോലിക്കാ പുരോഹിതരായിരുന്നു. അതിൽ തന്നെ പോളണ്ടിൽ നിന്നുള്ള വൈദികരായിരുന്നു ഭൂരിഭാഗവും.
 
തടങ്കൽ പാളയത്തിലെ 2720 വൈദികരിൽ 1780 പേർ പോളണ്ടുകാരായിരുന്നു, അവരിൽ 868 പേർ ദാഹാവിൽ മരണപ്പെട്ടു. രക്ഷപെട്ട വൈദീകർ തങ്ങളുടെ വിമോചനത്തിനു കാരണമായി പറയുന്നത് വിശുദ്ധ യൗസേപ്പിതാവിനോടുള്ള മദ്ധ്യസ്ഥമാണ്.
 
ദാഹാവിലെ വൈദീകർ 1940 ഡിസംബർ എട്ടാം തീയതി വിശുദ്ധ യൗസേപ്പിതാവിനു തങ്ങളെത്തന്നെ സമർപ്പിച്ചു. ഹേറേദോസിൻ്റെ കരങ്ങളിൽ നിന്നു ഉണ്ണീശോയുടെ ജീവൻ രക്ഷിച്ച യൗസേപ്പിതാവ് തങ്ങളെയും മരണത്തിൽ നിന്നു രക്ഷിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. യൗസേപ്പിതാവിനോടുള്ള ഈ സമർപ്പണം അവർ ഇടയ്ക്കിടെ പുതുക്കിയിരുന്നു. അതോടൊപ്പം യൗസേപ്പിതാവിനോടുള്ള നോവേനയും നിരന്തരം അവർ ജപിച്ചിരുന്നു. 1945 ഏപ്രിൽ 29 നു അമേരിക്കൻ സൈന്യത്തിൻ്റെ നാൽപത്തിയഞ്ചാം ഇൻഫൻ്ററി ഡിവിഷനാണ് ദാഹവു ക്യാമ്പിൽ നിന്നു പുരോഹിതന്മാരെ മോചിപ്പിക്കുമ്പോൾ തങ്ങളുടെ അതിജീവനത്തിനു കാരണം യൗസേപ്പിതാവിനോടുള്ള മാദ്ധ്യസ്ഥമാണന്നു പരസ്യമായി ഏറ്റുപറഞ്ഞു.
 
യൗസേപ്പിതാവിനോടുള്ള നന്ദിസൂചകമായി രക്ഷപെട്ട പോളിഷ് വൈദികർ പോളണ്ടിലെ കലിസ്സിലുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ ദൈവാലയത്തിലേക്ക് വർഷംതോറും തീർത്ഥയാത്ര നടത്തുക പതിവായിരുന്നു.
 
നമ്മുടെ ഭാവി ഇരുളടഞ്ഞതായി തോന്നുമ്പോൾ, വാതിലുകൾ ഓരോന്നായി കൊട്ടിയടക്കപ്പെടുകയാണല്ലോ എന്നു നാം പരിതപിക്കുമ്പോൾ യൗസേപ്പിനെ കൂട്ടുപിടിക്കുക പ്രതീക്ഷയുടെ പൂമൊട്ടുകൾ താനേ വിടരും.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment