വിശുദ്ധ റഫായേൽ അർണായിസ് (1911-1938)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
ആറാം ദിനം
“എനിക്കറിയാവുന്ന ചെറിയ കാര്യങ്ങൾ ഞാൻ ക്രൂശിൽ നിന്നു പഠിച്ചതാണ് “
വിശുദ്ധ റഫായേൽ അർണായിസ് (1911-1938)
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ട്രാപ്പിസ്റ്റ് സന്യാസിമാരിൽ ഒരാളായാണ് ഇരുപത്തിയേഴാം വയസ്സിൽ സ്വർഗ്ഗ ഭവനത്തിലേക്ക് യാത്രയായ റഫായേൽ അർണായിസ് എന്ന സ്പാനീഷ് വിശുദ്ധനെപ്പറ്റി പറയുന്നത്. ചിത്രരചനയിലും ശില്പകലയിലും എഴുത്തിലും പ്രാവണ്യം ഉണ്ടായിരുന്ന റഫായേൽ മാഡ്രിഡിലെ ആർക്കിടെക്റ്റ് സ്കൂളിൽ 1930 ൽ പഠനം ആരംഭിച്ചു. ആ വർഷം തന്നെ ക്രിസ്തുവിനെ അടുത്തനുകരിക്കാനുള്ള തീവ്രമായ ആഗ്രഹം ഉടലെടുത്തു.
1934 ജനുവരി പതിനാറാം തീയതി ട്രാപ്പിസ്റ്റ് സഭയിൽ പ്രവേശിക്കുമ്പോൾ റഫായേലിനു ഇരുപത്തിമൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളു. കഠിനമായ തപശ്ചര്യകൾ അവനെ കടുത്ത പ്രമേഹരോഗിയാക്കി. രോഗം കലശയാതയോടെ വീട്ടിലേക്കു മടങ്ങിയ റഫായേൽ 1935ലും 1937 ലും തിരികെ ആശ്രമത്തിലെത്തി. കഠിനമായ രോഗമുള്ള വ്യക്തിയെ സന്യാസവ്രതം സ്വീകരിക്കാൻ അക്കാലത്തെ കാനൻ നിയമം അനുവദിച്ചിരുന്നില്ല. എങ്കിലും ഒരു oblate ആയി റഫായേൽ തുടർന്നു. ആഘോഷമായ വ്രതം സ്വീകരിക്കാതെ സന്യാസസമൂഹത്തിൻ്റെ അരൂപിക്കനുസരിച്ച് ജീവിക്കുന്നവരാണ് ഒബ്ലേറ്റുകൾ.
സന്യാസ ആശ്രമത്തിൻ്റെ രോഗി പരിചരണ മുറിയിൽ 1938 ഏപ്രിൽ ഇരുപത്തിയാറാം തീയതി ഇരുപത്തേഴാമത്തെ വയസ്സിൽ റഫായേൽ സ്വർഗ്ഗഭവനത്തിലേക്കു യാത്രയായി. സ്നേഹിക്കാൻ വേണ്ടി ജീവിക്കുക അതായിരുന്നു റഫായേലിൻ്റെ ജീവിതാദർശം. ഈശോയേയും മാതാവിനെയും കുരിശിനെയും അവൻ തീക്ഷ്ണമായി സ്നേഹിച്ചു. 2009 ഒക്ടോബർ പതിനൊന്നാം തീയതി ബനഡിക്ട് പതിനാറാമൻ പാപ്പ റഫായേലിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിശുദ്ധ വിശുദ്ധ റഫായേൽ അർണായിസിനൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ റഫായേലേ, ഈശോയുടെ സഹനങ്ങളെ ശാരീരികമായും വൈകാരികമായും ആത്മീയമായും അനുകരിക്കാനുള്ള എൻ്റെ വിമുഖത നീ മനസ്സിലാക്കുന്നുവല്ലോ. ഈ നോമ്പുകാലത്ത് എൻ്റെ കുരിശുകളെ ദൈവസ്നേഹത്തിൽ ആശ്രയിച്ച് ആശ്ലേഷിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment