⚜️⚜️⚜️ February 27 ⚜️⚜️⚜️
സെവില്ലേയിലെ വിശുദ്ധ ലിയാണ്ടര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
സ്പെയിനിലെ കാര്‍ത്താജേനയിലെ ഒരു കുലീന കുടുംബത്തിലായിരുന്നു വിശുദ്ധ ലിയാണ്ടര്‍ ജനിച്ചത്. ആ ഭവനത്തിലെ അഞ്ച് മക്കളില്‍ ഏറ്റവും മൂത്തവനായിരുന്നു വിശുദ്ധന്. വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധന് ആശ്രമജീവിതം സ്വീകരിച്ചു. അനവധി വര്‍ഷങ്ങള്‍ ആശ്രമത്തില്‍ ചിലവഴിച്ച വിശുദ്ധന് ജീവിതത്തില്‍ ഉന്നത ബിരുദവും, വിശുദ്ധ ലിഖിതങ്ങളില്‍ അഗാധ പാണ്ഡിത്യവും നേടി. ഈ ഗുണങ്ങള്‍ വിശുദ്ധനെ സെവില്ലേയിലെ സഭയുടെ തലപ്പത്തെത്തിച്ചു, എന്നാല്‍ തന്റെ ജീവിതത്തിലെ ഈ മാറ്റം വിശുദ്ധന്റെ ജീവിത രീതിയില്‍ ഒരു വ്യതിയാനവും വരുത്തിയില്ല. ഏകാന്ത വാസത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വര്‍ദ്ധിച്ചു വന്നു. ആ കാലഘട്ടത്തില്‍ സ്പെയിന്, വിസിഗോത്തുകളുടെ നിയന്ത്രണത്തിലായിരുന്നു. കത്തോലിക്കാ വിശ്വാസികളല്ലാതിരുന്ന ഇവര്‍, പോകുന്നിടത്തെല്ലാം തങ്ങളുടെ വിശ്വാസ സമ്പ്രദായം പ്രചരിപ്പിച്ചിരിന്നു.
നൂറു വര്‍ഷമായി സ്പെയിനില്‍ ഈ സമ്പ്രദായം നിലനില്‍ക്കുമ്പോളായിരുന്നു വിശുദ്ധന് അവിടത്തെ മെത്രാനായത്. അത്കൊണ്ട് തന്നെ വിശുദ്ധന് ഏറെ ദുഖിതനായിരിന്നു. എന്നിരുന്നാലും തന്റെ പ്രാര്‍ത്ഥനകളും, കഠിന പ്രയത്നം വഴിയായി രാഷ്ട്രത്തെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ട് വരുന്നതിനും, അതിനുള്ള ഒരു പ്രധാന ഉപകരണമായി വര്‍ത്തിക്കുവാനും വിശുദ്ധന് സാധിച്ചു.
ലിയോവിജില്‍ഡ് രാജാവിന്റെ മൂത്തമകനായ ഹെര്‍മന്‍ഗില്‍ഡിനെ മതപരിവര്‍ത്തനം ചെയ്തു എന്ന കാരണത്താല്‍ രാജാവ്, വിശുദ്ധ ലിയാണ്ടറിനെ രാജ്യത്ത് നിന്നും പുറത്താക്കി. അടുത്ത വര്‍ഷം അധികാരത്തിലേറിയ വിശ്വാസം മെത്രാനില്‍ നിന്നും ദിവ്യകാരുണ്യം സ്വകരിച്ചില്ല എന്ന കാരണത്താല്‍ രാജാവ് തന്റെ മൂത്തമകനെ വധിച്ചു. എന്നാല്‍ പിന്നീട് പശ്ചാത്താപ വിവശനായ രാജാവ് അധികം താമസിയാതെ അസുഖബാധിതനാവുകയും, രോഗം ഭേദമാകുവാനുള്ള എല്ലാ പ്രതീക്ഷയും നശിച്ച രാജാവ് വിശുദ്ധനെ തിരികെ വിളിക്കുകയും ചെയ്തു. തന്റെ മകനെ വിശ്വാസജീവിതത്തിലേക്ക് നയിക്കുവാനുള്ള ചുമതല വിശുദ്ധനെ ഏല്‍പ്പിക്കുകയും ചെയ്തു.
അധികം താമസിയാതെ ഈ മകനും കത്തോലിക്കാ വിശ്വാസിയാവുകയും അവസാനം വിസിഗോത്തുകളുടെ രാഷ്ട്രം മുഴുവനും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. നവോത്ഥാനം കൈവരുത്തുന്നതിനും, വിശുദ്ധിയെ പോഷിപ്പിക്കുന്നതിനും ഒരേപോലെ ഉത്സാഹവാനായിരുന്നു വിശുദ്ധന്. അദ്ദേഹം വിതച്ച പ്രോത്സാഹനത്തിന്റേയും, ഉത്സാഹത്തിന്റേയും വിത്തില്‍ നിന്നുമാണ് പില്ക്കാലത്ത് ധാരാളം രക്തസാക്ഷികളും വിശുദ്ധരും ഉണ്ടായത്.
ശവകുടീരത്തിലെ ശിലാലിഖിതത്തില്‍ നിന്നും ഏതാണ്ട് 596 ഫെബ്രുവരി 27നാണ് സ്പെയിനിലെ ഈ ദൈവീക മനുഷ്യന് മരണപ്പെട്ടത്. മൂന്നാം നൂറ്റാണ്ട് മുതലേ സെവില്ലെയിലെ ക്രിസ്തീയ സഭ വളരെ ശക്തമായിരുന്നു. നിര്‍മ്മാണത്തിന്റെ കാര്യത്തിലും, അലങ്കാരത്തിന്റെ കാര്യത്തിലും അവിടത്തെ കത്രീഡല്‍ സ്പെയിനിലെ മറ്റ് ദേവാലയങ്ങളില്‍ വെച്ച് ഏറ്റവും പ്രൌഢഗംഭീരമാണ്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. അബുന്തിയൂസും അലക്സാണ്ടറും ആന്റിഗോഞ്ഞൂസും ഫോര്‍ത്തുനാത്തൂസും
2. അലക്സാണ്ട്രിയായിലെ ജൂലിയനും ക്രോണിയോനും
3. അസ്സീസിയിലെ ഗബ്രിയേല്‍
4. ഗാര്‍മിയെര്‍
5. ഗോര്‍സിലെ ജോണ്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
കല്പന അനുസരിക്കുന്നവന് ഒരുപദ്രവവും ഉണ്ടാവുകയില്ല; ജ്ഞാനി തക്കസമയവും വഴിയും അറിയുന്നു.
സഭാപ്രസംഗകന്‍ 8 : 5
🌻പ്രഭാത പ്രാർത്ഥന🌻
മനുഷ്യ ജീവിതം ഭാരത്തിന് അടിപ്പെട്ടതെങ്കിലും ഓരോന്നിനും അതതിന്റെ സമയവും നീതിയുമുണ്ട്.. (സഭാപ്രസംഗകൻ.. 8/6)
സ്നേഹസ്വരൂപനായ എന്റെ ദൈവമേ..
അവിടുത്തെ മുൻപിൽ ഭക്തിയോടെ വ്യാപരിക്കുന്നവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായ് പരിണമിപ്പിക്കും എന്ന വിശ്വാസത്തിൽ ശരണപ്പെട്ട് ഈ പ്രഭാതത്തിൽ ഞാൻ അവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. എത്ര അധ്വാനിച്ചിട്ടും ജീവിതത്തിൽ എവിടെയുമെത്താതെ നഷ്ടദൂരം മാത്രമായി പോകുമ്പോഴും.. സന്തോഷമായി ജീവിച്ചു തീർക്കാൻ ആഗ്രഹിക്കുന്ന നല്ല സമയം മുഴുവൻ വേദനകളിലും കണ്ണുനീരുകളിലും മുങ്ങിപോകുമ്പോഴുമെല്ലാം എന്റെ ജീവിതത്തിൽ സന്തോഷവും ആശ്വാസവും ഉണ്ടാകാൻ ഇനിയും എത്ര നാൾ കാത്തിരിക്കണം എന്ന ചോദ്യവുമായി ഞാൻ പലവട്ടം കർത്താവിന്റെ മുൻപിൽ ചെന്നിട്ടുണ്ട്.. ആർക്കും ഒരു ദ്രോഹവും ചെയ്യാതിരുന്നിട്ടും, പ്രാർത്ഥനകൾക്കും കൂദാശാ ജീവിതത്തിനും മുടക്കം വരുത്താതിരുന്നിട്ടും എന്റെ ജീവിതത്തിൽ മാത്രം എന്തുകൊണ്ടാണ് നല്ലതൊന്നും സംഭവിക്കാത്തത് എന്നു ചിന്തിച്ച് രാത്രികൾ മുഴുവൻ കരഞ്ഞു തീർത്തിട്ടുണ്ട്.. സ്വന്തം ദു:ഖങ്ങളെ മറന്ന് മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി ജീവിച്ചിട്ടും, എല്ലാവർക്കും നല്ലതു മാത്രം പകർന്നു കൊടുത്തിട്ടും ഒന്നിനും വിലയില്ലാത്തവനായി എല്ലാവരുടെയും മുൻപിൽ ഒരു പരിഹാസപാത്രമായി തലകുനിച്ചു നിൽക്കേണ്ടി വന്നിട്ടുമുണ്ട്..
എന്റെ ഈശോയേ.. എന്നും എന്റെ ആശ്രയം നിന്നിൽ മാത്രമാണ്. എന്റെ സന്തോഷങ്ങളും സങ്കടങ്ങളും അറിയുന്നവനും നീയാണ്.. സഹനങ്ങളും വേദനകളും എന്റെ ജീവിതത്തെ വല്ലാതെ ഭാരപ്പെടുത്തുമ്പോഴും.. ജീവിതം മുഴുവൻ നൊമ്പരങ്ങളുടെ തീച്ചൂളയിൽ ഉരുകി തീരുമ്പോഴും അങ്ങയുടെ കുരിശിന്റെ സഹനവഴികളിലൂടെ നിന്നെ പിന്തുടരാൻ എന്റെ മനസ്സിനെ പാകപ്പെടുത്തേണമേ നാഥാ.. അഗ്നിയിൽ ശോധന ചെയ്യപ്പെടുന്ന സ്വർണത്തെക്കാൾ വിലയേറിയ വിശ്വാസജീവിതവരം എനിക്കും പ്രദാനം ചെയ്യണമേ.. അപ്പോൾ ഞെരുക്കുന്ന ജീവിതദൗർഭാഗ്യങ്ങളിൽ ശാന്തത കൈവെടിയാതെ അങ്ങയേ വിളിച്ചപേക്ഷിക്കുകയും.. ദുർബലരായി തീരാതെ ധൈര്യമവലംബിച്ചു കൊണ്ട് ഞങ്ങൾ അങ്ങയുടെ സമാധാനത്തിന്റെ നീതിക്കു വേണ്ടി കാത്തിരിക്കുകയും ചെയ്യും..
വിശുദ്ധ ഗീവർഗീസ് സഹദാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.
Categories: അനുദിനവിശുദ്ധർ