Pularvettom / പുലർവെട്ടം

പുലർവെട്ടം 445

{പുലർവെട്ടം 445}

 
കാളീഘട്ടിൽ വച്ചുള്ള അവളുടെ നിഷ്കളങ്കമായ ആരായലിനെ അതൃപ്തിയോടും സംശയത്തോടും കൂടിയാണ് ഗൈഡ് നേരിട്ടത്. മൃഗബലിയെക്കുറിച്ചുള്ള ചില കേട്ടുകേൾവികളിൽ നിന്നായിരുന്നു അത്. ഏത് ധർമ്മത്തിലാണ് അതേതെങ്കിലും ഘട്ടത്തിൽ ഇല്ലാതിരുന്നത് എന്ന മറുപടിയിൽ അത്ര സൗഹൃദമില്ലായിരുന്നു. യാഗമൃഗത്തിന് പകരം തന്നെ അർപ്പിച്ചു കൊള്ളുക എന്ന് പറഞ്ഞ് ശിരസ്സുകുനിച്ച് നിൽക്കുന്ന ബൗദ്ധപരമ്പരയുടെ കഥ പറഞ്ഞ് അയാളെ പ്രതിരോധിക്കണമെന്ന് തോന്നി. ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എഴുതിയ കവിയെ ഓർത്തു. ഒരിക്കലേ കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് സ്റ്റാച്യൂവിൽ വച്ചാണ്. പൊടിഞ്ഞുതുടങ്ങിയ ഒരു പുസ്തകം നീട്ടി പഴക്കം കാര്യമാക്കേണ്ട വളരെ വിലപിടിപ്പുള്ളതാണെന്ന് പറഞ്ഞ് കണ്ണിറുക്കുന്നു.
 
യേശുവിന്റെ പശ്ചാത്തലത്തിലും മൃഗബലിയുടെ നിഴലുണ്ട്. ദേവാലയത്തിലേക്ക് തെളിച്ചുകൊണ്ടിരിക്കുന്ന യാഗമേഷങ്ങളിൽനിന്ന് ഒന്നിനെയെടുത്ത് എതിർദിശയിലേക്ക് കുതിച്ചോടുന്ന ബാലനായ യേശുവിനെക്കുറിച്ച് വായിച്ചത് ജോസ് സാരമാഗോയുടെ പുസ്തകത്തിൽ നിന്നാണെന്നാണ് ഓർമ്മ. ദേവാലയശുദ്ധീകരണവുമായി ബന്ധപ്പെട്ട ഭാഗത്തിൽ യാഗമൃഗങ്ങളെയും കിളികളെയുമൊക്കെ അവൻ ബലമായിത്തന്നെ സ്വതന്ത്രമാക്കി എന്നൊരു വിശദാംശമുണ്ട്. രക്തബലിയുടെ നിഷേധമായിട്ട് അതിനെ വായിച്ചെടുക്കാവുന്നതേയുള്ളൂ.
 
മനുഷ്യന് പ്രതീകങ്ങൾ ആവശ്യമുണ്ട്. തങ്ങളെത്തന്നെ നൽകുന്നതിന്റെ അടയാളമായിട്ടാണ് മിക്കവാറും എല്ലാ ധർമ്മങ്ങളിലും മൃഗബലിയ്ക്ക് സാധ്യതയുണ്ടായത്. ആ ചൈതന്യവുമായി ബന്ധത്തിലാവുന്ന ഒരാൾ കുറേക്കൂടി കനിവും കവിതയുമുള്ള രൂപകങ്ങളെ തിരയേണ്ടതുണ്ട്. അങ്ങനെയാണ് പൂക്കൾ ഭാരതബോധത്തിൽ പ്രിയപ്പെട്ട അർച്ചനയായി മാറിയത്. ഒരു തുളസിക്കതിരിൽപ്പോലും എന്തൊരു സാത്വികസുഗന്ധമാണ്. പഞ്ചഭൂതങ്ങളിൽ ആകാശത്തെയാണ് പൂക്കൾ സൂചിപ്പിക്കുന്നതെന്ന് ഒരു സംഭാഷണം കേട്ടിട്ടുണ്ട്. ശ്രീരാമകൃഷ്ണന്റെ ആ ഉപാസനായിടത്തിൽ ചൊരിയുന്ന ചെമ്പരത്തിപ്പൂക്കളുടെ ധാരാളിത്തം അന്ന് ശ്രദ്ധിച്ചു.
 
പെസഹായിലേക്കു തന്നെ വരൂ. കടന്നുപോകലെന്നു തന്നെയാണ് ആ പദത്തിന് അർത്ഥം. എല്ലാം കടന്നുപോകണം; മനുഷ്യഭാവനയെ പ്രകാശിപ്പിക്കാത്ത ആചാരങ്ങളും മാമൂലുകളുമുൾപ്പെടെ. അനന്തരം അവൻ തളികയിൽ അപ്പവും ചഷകത്തിൽ വീഞ്ഞും ആകാശത്തിലേക്ക് ഉയർത്തി. അരൂപിയായ ഒന്നിനെ എത്തിപ്പിടിക്കുവാൻ നിങ്ങൾക്കിനിയും രൂപമുള്ള ചിലത് വേണമെങ്കിൽ കുറച്ച് ഗോതമ്പും മുന്തിരിപ്പഴങ്ങളും ഇനി മതിയാകും.
എത്ര ആയാസരഹിതമായാണ് ചില കാലങ്ങളുടെ പടം പൊഴിയുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s