Reflections

✝️🙏EASTER EGGS ❤️ 2021🥚🥚🥚🛐 09 കാസ

✝️🙏EASTER EGGS ❤️ 2021🥚🥚🥚🛐 09

കാസ

തീയോളജി പഠനം കഴിഞ്ഞു തിരുപ്പട്ടസ്വീകരണം സ്വപ്നം കണ്ടു നടക്കുന്ന സമയം. സന്തോഷത്തേക്കാൾ ആകുലതകളാണ് ഹൃദയത്തെ ഭരിക്കുന്നത്. എങ്ങനെയാണ് ആ ദിവസം ഒന്ന് കഴിഞ്ഞുകിട്ടുക എന്ന ചിന്ത ഭരിക്കുന്ന ദിവസങ്ങൾ. ടെൻഷൻ കാരണം ചില ദിവസങ്ങളിൽ ഉറക്കം പോലും അവതാളത്തിലായി. ‘ഗോഡ് ഫാദറും’, ‘പുരാതന കത്തോലിക്കാ’ തറവാടും, എടുത്തുവീശാൻ നോട്ടുകളും ഇല്ലാത്തവർക്ക് ആവശ്യത്തിലധികം ആധിയും വ്യാധിയും കൊണ്ടുവരുന്ന ഒരുസമയമാണല്ലോ (നിർഭാഗ്യവശാൽ) തിരുപ്പട്ടസ്വീകരണ സമയം.

ഒരു ദിവസം കുർബ്ബാനയും കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഒരു ഗേൾഫ്രണ്ട് എന്നെ കാത്തിരിക്കുകയാണ്. എന്നെ കുറച്ചുനേരം കാത്തിരുന്നതിൻ്റെ വിഷമം മുഖത്തുണ്ട്. സെമിനാരിയിൽ പോകുന്നതിനുമുന്പേ ഞങ്ങൾ അറിയും. പക്ഷെ ഞാൻ സെമിനാരിയിൽ ചേർന്നപ്പോഴാണ് പുള്ളിക്കാരിക്ക് എന്നോട് ഇഷ്ടം കൂടിയത്. എല്ലാ അവധികളിലും കൃത്യമായി വന്നു സുഖവിവരങ്ങൾ തിരക്കും. ഓരോ വര്‍ഷം അവധി കഴിഞ്ഞു മടങ്ങുമ്പോൾ ഒത്തിരി നല്ല വാക്കുകൾ പറയും, പ്രോത്സാഹിപ്പിക്കും. അവസാനം പറയും “പല പ്രലോഭനങ്ങളും ഉണ്ടാകും. പിടിച്ചു നിന്നോളൂ”. ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ ഞാൻ ചിരിക്കും. ഒരു ഡയലോഗ് കൂടി ബാക്കിയുണ്ട്, അത് ഇതാണ് “മോൻ്റെ കുർബ്ബാന കണ്ടിട്ട് വേണം എനിക്ക് ഒന്ന് കണ്ണടയ്ക്കാൻ”. അപ്പോൾ തന്നെ എഴുപതിലധികം വയസ്സുള്ള ഗേൾഫ്രണ്ട്, പിന്നെയും ഔട്ട് ആകാതെ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിൽ കർത്താവിനിട്ടൊരു സൈക്കളോജിക്കൽ പണി കൊടുക്കുന്നതാണോ എന്ന് ഞാൻ സംശയിക്കും. പിന്നെയാണ് ഇടവകയിലെ സെമിനാരിയിൽ പോയ എല്ലാ പിള്ളേരോടും അമ്മൂമ്മയുടെ സ്ഥിരം ഡയലോഗാണ് ഇതെന്ന് എനിക്ക് മനസ്സിലായത്.

എന്നോട് സെമിനാരിയിലെ വിശേഷങ്ങളും തിരുപ്പട്ട സ്വീകരണത്തിൻ്റെ ഒരുക്കങ്ങളെക്കുറിച്ചുമെല്ലാം ചോദിച്ചു. ഞാൻ എല്ലാം വിശദീകരിച്ചു പറഞ്ഞു. ആൾക്ക് ഒത്തിരി സന്തോഷമായി. അമ്മ കൊടുത്ത കട്ടൻ ചായയും കുടിച്ച് എഴുന്നേറ്റപ്പോൾ മുണ്ടിനുള്ളിൽ പൊതിഞ്ഞു വച്ചിരുന്ന ഒരു കടലാസുപൊതി എടുത്ത് എൻ്റെ കയ്യിൽ ഏല്പിച്ചിട്ടു പറഞ്ഞു. “മോനേ, നിനക്ക് ഒരു കാസ വാങ്ങിത്തരണമെന്ന് വലിയ ആഗ്രഹമായിരുന്നു. ഈ പൈസകൊണ്ടത് സാധിക്കുമോ എന്നെനിക്കറിയില്ല. ഇത് വർഷങ്ങളായുള്ള എൻ്റെ സമ്പാദ്യമാണ്. വലിയ തുകയൊന്നും ഇല്ല. വല്ലപ്പോഴും മക്കളും കൊച്ചുമക്കളുമൊക്കെ വരുമ്പോൾ തരുന്ന ചില്ലറകൾ സൂക്ഷിച്ചു വച്ചു ഉണ്ടാക്കിയെടുത്തതാണ്. സാധിക്കുമെങ്കിൽ ഇതുകൊണ്ടു മോനൊരു കാസ വാങ്ങണം. പുത്തൻകുർബ്ബാനയ്ക്ക് ഉപയോഗിക്കണം. എനിക്ക് അതുവലിയൊരു സന്തോഷമായിരിക്കും”.

ഗേൾഫ്രണ്ട് അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു. ഞാൻ ആണെങ്കിൽ വാത്സല്യത്തിലെ മമ്മൂട്ടിയെപ്പോലെ ഇപ്പോൾ കരയണോ പിന്നെ കരയണോ എന്ന അവസ്ഥയിലും. ഏതായാലും കാസ ആ പൈസ കൊണ്ടുതന്നെ വാങ്ങി. കുർബ്ബാനയും ചൊല്ലി. സെമിനാരിയിൽ ചേർന്നെങ്കിലും അസുഖം മൂലം വൈദികനാകുന്നതിനുമുന്പേ മരിച്ചുപോയ കുഞ്ഞാങ്ങളയോടുള്ള ഒരുസ്നേഹവാത്സല്യമാണ് ഇതിനുപിന്നിലെ അമ്മൂമ്മയുടെ മറ്റൊരുവികാരമെന്നു എനിക്ക് മനസ്സിലായിരുന്നു. (ഗേൾ ഫ്രണ്ട് വൈകാതെ സെഞ്ച്വറി അടിക്കും)

വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട, എല്ലാവരാലും പഴിചാരപ്പെട്ട, എന്നാൽ ഒരിക്കലും അതിൻ്റെ പേരിൽ നിരാശനാകാതിരുന്ന ഒരു വന്ദ്യവൈദീകനെ അറിയാം. അധികാരികൾ പോലും ഒറ്റപ്പെടുത്തിയ ഒരു നിരപരാധി. ഒരിക്കൽ ഞാൻ ചോദിച്ചു ‘ഇതെങ്ങനെ പിടിച്ചു നിന്നു?”

“വാങ്ങിക്കുടിക്കുവിൻ എന്ന് എല്ലാദിവസവും മൈക്കിലൂടെ വിളിച്ചുപറഞ്ഞിട്ട് എങ്ങനെയാണ് കൊച്ചച്ചാ അത് തരുമ്പോൾ കുടിക്കാതിരിക്കുക?”

കാസ! കുടിച്ചുതീർക്കാതെ നിലത്തുവയ്ക്കാൻ പറ്റാത്ത പാനപാത്രം. അതൊരു സപര്യയാണ്. ചില കാസകൾ കുടിയ്ക്കുവാൻ മാത്രമാണ് നമ്മുടെ ജീവിതം എന്നുപോലും ചിലപ്പോൾ തോന്നിപ്പോകും. എത്രകുടിച്ചിട്ടും തീരാത്ത കാസകളുടെ കണക്കുകൾ പങ്കുവയ്ക്കാൻ പലർക്കും കാണും. എടുത്തുയർത്തിയാൽ കുടിച്ചുതീർക്കാതെ നിലത്തുവയ്ക്കാനാവില്ല. ഒരു കവിളുപോലും വേണ്ടെന്നു വയ്ക്കാനാകില്ല. അല്പം കഴിയട്ടെ എന്നോ, വേറെ ഒരാൾക്ക് അല്പം കൊടുക്കാമെന്നോ തീരുമാനിക്കാനാവില്ല. ഓരോ തുള്ളിയും നാം തന്നെ നുകരണം. രുചി എത്ര അരോചകമാണെങ്കിലും! പുറത്തുള്ളവർക്ക് അത് ആസ്വാദ്യകരവും രുചിയുള്ളതുമായി അനുഭവപ്പെടാം. പക്ഷേ കഴിക്കുന്നവന് ഒരിക്കലും അങ്ങനെ ആയിരിക്കുകയില്ല.

രക്തം വിയർത്തുകൊണ്ടു ഗുരു ഗത്സമെനിൽ ഞെളിപിരി കൊള്ളുന്നുണ്ട്. ഈ കാസയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമോ എന്നറിയാനാണ്. ഒരു മാലാഖയെ വിട്ടുകൊടുത്ത് ആശ്വസിപ്പിച്ചതല്ലാതെ യാതൊരുമാറ്റവും ഉണ്ടായില്ല. അതെ; കാസകൾ കുടിച്ചുതീർക്കാനുള്ളതാണ്.

ചിലപ്പോഴൊക്കെ വായിൽ തൊലിപോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഭക്ഷണം ഇറക്കാൻ പറ്റാതെ, ചിലദിവസങ്ങളിൽ വെള്ളം പോലും കുടിക്കാൻ പറ്റാത്ത സമയങ്ങൾ. വൈറ്റമിൻ ഡെഫിഷ്യൻസി, ഉറക്കക്കുറവ്, ടെൻഷൻ ഒക്കെയാണ് കാരണങ്ങളായി പറയുന്നത്. വി. കുർബ്ബാന ചൊല്ലാൻ വായ തുറക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കും. അവസാനം കാസ എടുത്ത് തിരുരക്തം ഉൾകൊള്ളുമ്പോൾ, മുറിവുകളിൽ വീഞ്ഞുതുള്ളികൾ ചെല്ലുമ്പോൾ, കിട്ടുന്ന ഒരു ‘ഫീലിംഗ്’ ഉണ്ട്. അതൊരു ഒന്നൊന്നര ഫീലിംഗ് ആണ്.

എല്ലാ കാസകളും കുടിച്ചുതീർക്കാൻ സാധിച്ചു എന്നെനിക് വീമ്പു പറയാനാകില്ല. എങ്കിലും ഞാൻ വേണ്ട എന്ന് വച്ച കാസകളെക്കാളും കൂടുതൽ ഞാൻ കുടിച്ചുതീർത്ത കാസകളാണ്. ഞാൻ മട്ടുവരെ കുടിച്ച കാസകൾ, എൻ്റെ കണ്ണീരുപ്പുകലർന്ന കാസകൾ, ഞാൻ നെഞ്ചുപൊള്ളി കുടിച്ച കാസകൾ, ഞാൻ കരച്ചിലടക്കി കുടിച്ച കാസകൾ.. എത്രയോ കാസകളാണ് എൻ്റെ ബലിപീഠസത്തെ ഇന്നുവരെ അലങ്കരിച്ചിട്ടുള്ളത്.

ഇനിയും കുടിച്ചവസാനിപ്പിക്കാത്ത കാസകളും എൻ്റെ ബലിമേശയിലുണ്ട്. പലയാവർത്തി പരിശ്രമിച്ചിട്ടും സാധിക്കാത്ത കാസകൾ എന്നെനോക്കി പരിതപിക്കുന്നുണ്ട്. കുടിച്ചവസാനിപ്പിച്ച പലകാസകളും എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഓരോ ദിനവും പുതിയകാസകൾ എൻ്റെ ബലിവേദിയിലേക്കെത്തുന്നുണ്ട്. പല കാസകളും ചുണ്ടോടടുപ്പിക്കുമ്പോൾ ഞാൻ ഒരു സ്വരം ശ്രവിക്കുന്നു. “ഇതെൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ”

ഈ നോമ്പ് ബലിപീഠത്തിലെ കാസകൾ കുടിച്ചവസാനിപ്പിക്കാൻ നമുക്ക് ശക്തിതരട്ടെ.. പ്രാർത്ഥനകൾ.

Fr Sijo Kannampuzha OM

Categories: Reflections

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s