അനുദിനവിശുദ്ധർ – മാർച്ച് 1

⚜️⚜️⚜️⚜️ March 01 ⚜️⚜️⚜️⚜️
വിശുദ്ധ ആല്‍ബിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഫ്രാൻസിലെ ഒരു പുരാതന കുടുംബത്തിലായിരുന്നു വിശുദ്ധ അല്‍ബിനൂസ് ജനിച്ചത്. തന്‍റെ ബാല്യത്തില്‍ തന്നെ അപാരമായ ദൈവഭക്തി വിശുദ്ധന്‍ കാത്തു സൂക്ഷിച്ചിരുന്നു. യുവാവായിരിക്കെ, തന്റെ മാതാപിതാക്കളുടെ ആഗ്രഹത്തിന് എതിരായി, വിശുദ്ധന്‍ ടിന്‍ടില്ലന്റ് ആശ്രമത്തില്‍ ചേര്‍ന്നു. അല്‍ബിനൂസ് ആശ്രമജീവിതത്തിന്റെ എല്ലാ കഠിനതയും അദ്ദേഹം സ്വീകരിക്കുകയും യാതൊരു പരാതിയും കൂടാതെ എളിമയുടെ ജീവിതം നയിക്കുകയും ചെയ്തു. ‘യേശുവിനു വേണ്ടി ജീവിക്കുക’ എന്നതായിരുന്നു വിശുദ്ധന്റെ ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്ന ആഗ്രഹം. പ്രാര്‍ത്ഥനയോടുള്ള പരിപൂര്‍ണ്ണ അര്‍പ്പണവും, മാതൃകാപരമായ ജീവിതവും വിശുദ്ധനേ മറ്റു സന്യാസിമാരുടെ ബഹുമാനത്തിനു പാത്രമായി. അദ്ദേഹത്തിന് 35 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ടിന്‍ടില്ലന്റ് ആശ്രമാധിപനായി വിശുദ്ധന്‍ നിയമിതനായി. അദ്ദേഹത്തിന്റെ നല്ല ഭരണത്തിന്‍ കീഴില്‍ ആ ആശ്രമം വളരെയേറെ വികസിക്കുകയും അവിടത്തെ സന്യാസിമാര്‍ വിശുദ്ധന്റെ ആദ്ധ്യാത്മികതയാല്‍ പരിപോഷിക്കപ്പെടുകയും ചെയ്തു.

25 വര്‍ഷത്തോളം ആശ്രമാധിപതിയായി ചിലവഴിച്ചതിനു ശേഷം 529-ല്‍ ആങ്ങേഴ്സിലെ മെത്രാനായി വിശുദ്ധന്‍ നാമകരണം ചെയ്യപ്പെട്ടു. രാജ്യഭരണാധികാരികള്‍ പലപ്പോഴും വിശുദ്ധന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നുവെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ എളിമ കൈവെടിഞ്ഞിരുന്നില്ല. ഒരു മെത്രാനെന്ന നിലയില്‍ അല്‍ബിനൂസ് തന്റെ ദൈവജനത്തിന്‍റെ ക്ഷേമത്തിനായി അക്ഷീണം പരിശ്രമിച്ചു. അവര്‍ക്ക് നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

രാജാവായ ചില്‍ഡെബെര്‍ട്ടിന്റെ സഹായത്തോടെ വിശുദ്ധന്‍ ഒര്‍ലീന്‍സില്‍ രണ്ടു ആലോചനാ സമിതികള്‍ വിളിച്ചു കൂട്ടുകയും, കുടുംബങ്ങളില്‍ നടന്നു വന്നിരുന്ന നിഷിദ്ധമായ വിവാഹങ്ങളേ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു. ഇതിനിടെ വിശുദ്ധന്റെ രൂപത വിജാതീയരാല്‍ ആക്രമിക്കപ്പെടുകയും, നിരവധി പൗരന്‍മാര്‍ അടിമകളാക്കപ്പെടുകയും ചെയ്തു. ആ സമയങ്ങളില്‍ വിശുദ്ധ അല്‍ബിനൂസ് മോചനദ്രവ്യം നല്‍കി നിരവധി അടിമകളെ മോചിപ്പിക്കുകയും, ദരിദ്രര്‍ക്കും രോഗികള്‍ക്കും ഉദാരമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു.

നിരവധി അത്ഭുതങ്ങള്‍ വിശുദ്ധ അല്‍ബിനൂസിന്റെ പേരിലുണ്ട്. ഇതില്‍ ഒരു ഐതിഹ്യമനുസരിച്ചു, വളരെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായി കൊണ്ടിരുന്ന ചില തടവുകാരുടെ മോചനം വിശുദ്ധന് നേടുവാന്‍ കഴിയാതെ വന്നപ്പോള്‍ വിശുദ്ധന്‍ ആ തടവറയുടെ മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും ഉടനെ തന്നെ ഒരു ഭയങ്കര ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും തന്മൂലം തടവറ തകര്‍ന്ന്‍ അതിലെ തടവുകാരെല്ലാം രക്ഷപ്പെടുകയും ചെയ്തു.

ആ തടവുകാര്‍ പിന്നീട് ക്രിസ്ത്യാനികളാവുകയും അനേകര്‍ക്ക് മുന്നില്‍ മാതൃകാപരമായ ജീവിതം നയിക്കുകയും ചെയ്തു. ആങ്ങേഴ്സിലെ അദ്ദേഹത്തിന്റെ കബറിടത്തിനു മുകളില്‍ വിശുദ്ധന്റെ പേരില്‍, വിശുദ്ധ അല്‍ബിനൂസ് ആശ്രമം നിര്‍മ്മിച്ചു. ഇത് പിന്നീട് ലോകപ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമായി മാറി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ആഫ്രിക്കക്കാരായ ലെയോ ഡൊണാറ്റൂസ്, അബുന്താന്‍സിയൂസ്, നിസെഫോറൂസ്

2. മാര്‍സെയില്‍സിലെ ഹേര്‍മെസ്സും അഡ്രിയനും

3. വെയില്‍സിലെ ഡേവിഡ് (ഡെവി)

4. ഏവുഡോക്കിയ, ഹെലിയോ പോളീസ്

5. ഫെലിക്സ് ദ്വിതീയന്‍ പാപ്പ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒന്നാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶


” യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16)

ഇന്ന് വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ദൈവത്തിന്റെ സ്വരം കേട്ട് അവിടുത്തെ പദ്ധതികൾക്കനുസരിച്ച് തിരുകുടുംബത്തെ നയിച്ച വിശുദ്ധ യൗസേപ്പുപിതാവിനോട് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ.

വിശുദ്ധ യൗസേപ്പുപിതാവിനോടുള്ള ഭക്തിയുടെ ആവശ്യകത
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വിശുദ്ധരോടുള്ള ഭക്തിയെ നിരുത്സാഹപ്പെടുത്തിയതായി ചിലര്‍ക്കെല്ലാം ഒരു തോന്നലുണ്ട്. എന്നാല്‍ അത് ശരിയല്ല മറിച്ച് വിശുദ്ധരോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടും വി. യൗസേപ്പിനോടുമുള്ള ഭക്തിയില്‍ സഭാംഗങ്ങള്‍ പുരോഗമിച്ചു കാണുവാന്‍ തിരുസ്സഭ ആഗ്രഹിക്കുന്നു.

ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ വി. യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സംരക്ഷകനായി പ്രഖ്യാപിച്ചു. കൂടാതെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ ലത്തീന്‍ കുര്‍ബാനയില്‍ പ. കന്യകയെ അനുസ്മരിച്ചതിനുശേഷം വി.യൗസേപ്പിനെയും അനുസ്മരിക്കണമെന്നു പ. പിതാവ് ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പാ തന്നെ പ്രഖ്യാപിച്ചു.

വി. യൗസേപ്പിനോടുള്ള ഭക്തി ആധുനിക യുഗത്തിലും അനുപേക്ഷണീയമാണ്. അദ്ദേഹം പ. കന്യകാമറിയം കഴിഞ്ഞാല്‍ നമ്മുടെ സവിശേഷമായ ഭക്തിവണക്കങ്ങള്‍ക്ക് അര്‍ഹനാണ്. വി. യൗസേപ്പ്, പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനും പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പ. കന്യകയുടെ വിരക്തഭര്‍ത്താവുമായതിനാല്‍ മറ്റ് സകല വിശുദ്ധരേക്കാള്‍ നമ്മുടെ വണക്കത്തിന് അര്‍ഹനാണല്ലോ .

അദ്ദേഹം തിരുസ്സഭയുടെ സാര്‍വ്വത്രികമദ്ധ്യസ്ഥനാണ്.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 കുടുംബജീവിതക്കാരുടെയും സന്യാസിനീ സന്യാസികളുടെയും വൈദികരുടേയും ആദര്‍ശപുരുഷനുമത്രേ. ഒരു മാതൃകാ തൊഴിലാളിയുമാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളുടെ ഏറ്റവും ആദര്‍ശയോഗ്യനായ മാതൃകയായി വി. യൗസേപ്പിനെ നമുക്ക് കാണിച്ചു കൊടുക്കുവാന്‍ സാധിക്കും.

വി. യൗസേപ്പ് പരിത്രാണപരിപാടിയില്‍ വഹിച്ച സമുന്നതമായ സ്ഥാനം നാം പരിഗണിക്കുമ്പോഴും നമ്മുടെ ഭക്ത്യാദരങ്ങള്‍ക്കര്‍ഹനാണ്. വി. യൗസപ്പിനോടുള്ള ഭക്തി ആദ്ധ്യാത്മികവും, ഭൗമികവുമായ അനേകം അനുഗ്രഹങ്ങള്‍ സിദ്ധിക്കുന്നതിന് പര്യാപ്തമത്രേ. പൗരാണിക കാലം മുതല്‍ കേരള കത്തോലിക്കരുടെ ഇടയില്‍ മാര്‍ യൗസേപ്പിനോടുള്ള ഭക്തി നിലനിന്നിരുന്നു. ജോസഫ് എന്ന് പേരുള്ള ഒരു വ്യക്തിയെങ്കിലും ഇല്ലാത്ത കുടുംബങ്ങള്‍ വിരളമാണല്ലോ. കേരള കര്‍മ്മലീത്താസഭയുടെ സ്ഥാപനത്തോടെ ആ ഭക്തി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു.

സംഭവം
🔶🔶🔶🔶

ആസ്സാമിലെ ഗിരിവര്‍ഗ്ഗക്കാരുടെയിടയില്‍ ഒരന്ധവിശ്വാസമുണ്ട്. വീടുകളും പാലങ്ങളും പണിയുമ്പോള്‍ കുട്ടികളെ കുരുതി കഴിച്ച് അവരുടെ രക്തം ഒഴിക്കുകയാണെങ്കില്‍ പാലത്തിനും വീടിനും വളരെ ഉറപ്പുണ്ടാകും. ഇതാണവരുടെ വിശ്വാസം. വനത്തില്‍ ഒരു പാലം പണിയണം. അതുറപ്പുള്ളതാക്കാന്‍ ഏതെങ്കിലും കുട്ടിയുടെ രക്തം വേണം. നിംബാലു എന്ന ഗോത്രത്തലവന്‍റെ നിര്‍ദ്ദേശം അനുചരന്മാര്‍ നിറവേറ്റി. ഗ്രാമത്തില്‍ കടന്ന്‍ ഏഴു വയസ്സുള്ള ഒരു പൈതലിനെ പാട്ടിലാക്കി അവര്‍ അവരുടെ നേതാവിന്‍റെ മുമ്പില്‍ കൊണ്ടുവന്നു.

ഗ്രാമത്തില്‍ ക്രൈസ്തവാന്തരീക്ഷത്തില്‍ വളര്‍ന്ന ആ കുട്ടി കാടന്‍മാരുടെ വസതിയില്‍ വന്നപ്പോള്‍ പേടിച്ചുവിറച്ചു പോയി. നിരപരാധിയായ ആ പിഞ്ചുകുഞ്ഞിന്‍റെ കഴുത്തറുത്തു രക്തം ചിന്തുവാന്‍ ആ കശ്മലന്‍മാര്‍ കത്തിയുമായി നിന്നു. നിസ്സഹായനായ പൈതല്‍ വാവിട്ട് കരയുക മാത്രം ചെയ്തു. അത്ഭുതം എന്നു പറയട്ടെ ഗോത്രത്തലവന്‍ മരണനിമിഷങ്ങള്‍ എണ്ണിക്കഴിയുന്ന കുട്ടിയുടെ കഴുത്തില്‍ സൂക്ഷിച്ചുനോക്കി തീപ്പന്തത്തിന്‍റെ അരുണപ്രഭയില്‍, വിശുദ്ധ യൗസേപ്പും ഉണ്ണീയീശോയും നില്‍ക്കുന്ന മെഡല്‍ മിന്നിത്തിളങ്ങുന്നു. കണ്ണുകളില്‍ കാരുണ്യവും മുഖത്ത് മാധുര്യവും വഴിയുന്ന ഒരു താപസന്‍ ഓമനപ്പൈതലിനെ മാറോടുചേര്‍ത്ത് നിറുത്തിയിട്ടുള്ള ചിത്രം.

ആരാണത് എന്നു ഗോത്രത്തലവന് മനസ്സിലായില്ല. എങ്കിലും അയാള്‍ക്ക് മരണമടഞ്ഞ സ്വന്തം പിതാവിന്‍റെ രൂപമാണ് അതു കണ്ടപ്പോള്‍ മനസ്സിലുണ്ടായത്. കുട്ടിയെ വധിക്കുവാന്‍ അയാള്‍ക്ക് മനസ്സുണ്ടായില്ല. അയാള്‍ പറഞ്ഞു: “ഈ കുട്ടിയെ നമുക്ക് വധിക്കേണ്ട. നിങ്ങള്‍ ഇവന് യാതൊരു അപകടവും സംഭവിക്കാതെ പൂര്‍വ്വസ്ഥലത്തേക്ക് കൊണ്ടുപോയി വിടുക.” ഗോത്രനേതാവിന്‍റെ ഈ വാക്കുകള്‍ മൂലം ബാലന്‍ രക്തച്ചൊരിച്ചില്‍ കൂടാതെ രക്ഷപെട്ടു.

ജപം
🔶🔶

ഞങ്ങളുടെ പിതാവായ വി. യൗസേപ്പേ, അങ്ങില്‍ ആശ്രയിക്കുന്നവരെ അങ്ങ് ഒരിക്കലും ഉപേക്ഷിക്കുകയില്ലല്ലോ. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങളാല്‍ അവരെ അങ്ങ്, സമ്പന്നരാക്കുന്നു. ഭക്തവത്സലനായ പിതാവേ, അങ്ങ് ദൈവത്തില്‍നിന്നും പ്രാപിച്ചിരിക്കുന്ന മഹത്വം അന്യാദൃശ്യമാണ്. ഞങ്ങള്‍ പ്രത്യാശപൂര്‍വ്വം ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിനായി അങ്ങേ സവിധത്തിലണയുന്നു. ഞങ്ങളെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

നീതിമാനായ വി. യൗസേപ്പേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.
ഫിലിപ്പി 4 : 6

Advertisements

🌻പ്രഭാത പ്രാർത്ഥന.🌻

അവിടുന്ന് എന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ അവിടുത്തെ ഞാൻ മഹത്വപ്പെടുത്തി.. (1 യോഹന്നാൻ : 17/4)


പരിശുദ്ധനായ ദൈവമേ..
ഈ പ്രഭാതത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ അരികിൽ അണഞ്ഞിരിക്കുന്നു. അങ്ങയുടെ ഹിതം അനുവർത്തിക്കുന്നവരാകാൻ ഞങ്ങളെ പഠിപ്പിക്കേണമേ. പലപ്പോഴും ജീവിതത്തിലെ പല ഉത്തരവാദിത്തങ്ങളും ഞങ്ങളിൽ ഏൽപ്പിക്കപ്പെടുമ്പോൾ സ്വമനസ്സോടെയല്ലാതെ തന്നെ ഞങ്ങൾ അത് ചെയ്യാൻ നിർബന്ധിതരായി തീരാറുണ്ട്.. ഏൽപ്പിക്കപ്പെട്ട ജോലിയോടുള്ള വൈമനസ്യം മൂലം അത് ഏൽപ്പിച്ചു തന്നവരോടുള്ള നീരസവും മടുപ്പും ഞങ്ങളിലുണ്ടാവാറുമുണ്ട്.. പലപ്പോഴും ഞങ്ങൾ അതു പ്രകടിപ്പിക്കുന്നത് ഞങ്ങളെ ആശ്രയിച്ചിരിക്കുന്ന വ്യക്തികളോടാവും.. കുടുംബബന്ധങ്ങളിൽ പോലും പലപ്പോഴും അകൽച്ചയും അസ്വാരസങ്ങളും ഉണ്ടാകുന്നതിന് ഞങ്ങളുടെ ജോലിഭാരങ്ങളും, അടിച്ചേൽപ്പിക്കപ്പെട്ട ജീവിത സാഹചര്യങ്ങളും കാരണമാകാറുണ്ട്.

ഈശോയേ.. അവിടുന്ന് ഭരമേൽപ്പിച്ചിരിക്കുന്ന വിളിക്ക് അനുസൃതമായ ജീവിതം നയിക്കാൻ ഞങ്ങളെ ഒരുക്കേണമേ.. ജീവിതത്തിലെ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഞങ്ങളുടെ ജീവിതനിയോഗങ്ങളെ പൂർത്തീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണെന്ന ബോധ്യം ഞങ്ങളിൽ നിറയ്ക്കുകയും ചെയ്യണമേ.. അപ്പോൾ അദ്ധ്വാനഭാരത്താൽ വലയുന്നവരുടെ ആശ്വാസമായ അങ്ങയിൽ ആശ്രയിക്കാനും, അവിടുന്ന് ഞങ്ങളെ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന കടമകളും ഉത്തരവാദിത്തങ്ങളും പൂർണ മനസ്സോടെ നിറവേറ്റാനും ഞങ്ങളും ശക്തരാവുകയും.. ഭൂമിയിൽ അങ്ങയേ മഹത്വപ്പെടുത്തുന്നതിന് ഞങ്ങളുടെ ജീവിതവും യോഗ്യതയുള്ളതായി തീരുകയും ചെയ്യും..


വിശുദ്ധ മോനിക്കാ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s