ദിവ്യബലി വായനകൾ Tuesday of the 2nd week of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 2/3/2021

Tuesday of the 2nd week of Lent 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 13:4-5

ഞാന്‍ ഒരിക്കലും മരണത്തില്‍ ഉറങ്ങാതിരിക്കാനും
ഞാന്‍ നിന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നു എന്ന്
എന്റെ ശത്രു പറയാതിരിക്കാനുംവേണ്ടി
എന്റെ കണ്ണുകള്‍ പ്രകാശിപ്പിക്കണമേ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, നിരന്തരമായ കാരുണ്യത്താല്‍
അങ്ങേ സഭയെ സംരക്ഷിക്കണമേ.
അങ്ങില്ലാത്തപക്ഷം,
മരണവിധേയനായ മനുഷ്യന്‍ വീണുപോകുമെന്നതിനാല്‍,
അങ്ങേ സഹായത്താല്‍ എപ്പോഴും
വിപത്തുകളില്‍നിന്ന് ഞങ്ങള്‍ അകറ്റിനിര്‍ത്തപ്പെടുകയും
രക്ഷയിലേക്ക് നയിക്കപ്പെടുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 1:10,16-20
നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍. നീതി അന്വേഷിക്കുവിന്‍.

സോദോമിന്റെ അധിപതികളേ,
കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.
ഗൊമോറാ ജനമേ, നമ്മുടെ ദൈവത്തിന്റെ
പ്രബോധനങ്ങള്‍ ശ്രദ്ധിക്കുവിന്‍.

നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍.
നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍
എന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍.
നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍.
നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍.
നീതി അന്വേഷിക്കുവിന്‍.
മര്‍ദനം അവസാനിപ്പിക്കുവിന്‍.
അനാഥരോടു നീതി ചെയ്യുവിന്‍.
വിധവകള്‍ക്കു വേണ്ടി വാദിക്കുവിന്‍.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:
വരുവിന്‍, നമുക്കു രമ്യതപ്പെടാം.
നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും
അവ മഞ്ഞുപോലെ വെണ്‍മയുള്ളതായി തീരും.
അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.

അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍
നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും.
അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍
വാളിനിരയായിത്തീരും;
കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 50:8-9,16bc-17,21,23

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല;
നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്.
നിന്റെ വീട്ടില്‍ നിന്നു കാളയെയോ നിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു
മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

എന്റെ നിയമങ്ങള്‍ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച്
ഉരിയാടാനോ നിനക്കെന്തു കാര്യം?
നീ ശിക്ഷണത്തെ വെറുക്കുന്നു;
എന്റെ വചനത്തെ നീ അവഗണിക്കുന്നു.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു;
നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി;
ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു;
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു
ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചു കൊടുക്കും.

നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 23:1-12
അവര്‍ പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ല.

അക്കാലത്ത്, യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുളിച്ചെയ്തു: നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ – സ്വര്‍ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ രഹസ്യങ്ങള്‍വഴി അങ്ങേ വിശുദ്ധീകരണം
ഞങ്ങളില്‍ നിവര്‍ത്തിതമാകാന്‍ കനിഞ്ഞാലും.
അത് ഞങ്ങളെ ലൗകിക തിന്മകളില്‍ നിന്നു ശുദ്ധീകരിക്കുകയും
സ്വര്‍ഗീയ ദാനങ്ങളിലേക്ക് നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 9:2-3

അവിടത്തെ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും.
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങേ നാമത്തിന്
ഞാന്‍ സ്‌തോത്രമാലപിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ അള്‍ത്താരയിലെ പോഷണം
പുണ്യജീവിതത്തിന്റെ അഭിവൃദ്ധിയും
അങ്ങേ കാരുണ്യത്തിന്റെ നിരന്തര സഹായവും
ഞങ്ങള്‍ക്കു നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ അപേക്ഷകള്‍
കാരുണ്യപൂര്‍വം ശ്രവിക്കുകയും
അവരുടെ ആത്മാവിന്റെ മന്ദതയില്‍നിന്ന്
മോചിപ്പിക്കുകയും ചെയ്യണമേ.
പാപമോചനം പ്രാപിച്ച്
അങ്ങേ അനുഗ്രഹത്തില്‍ എന്നും സന്തോഷിക്കാന്‍ കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵

Leave a comment