{പുലർവെട്ടം 447}
ദൈവികരഹസ്യങ്ങളിലേയ്ക്ക് ഒരു കണിക്കാഴ്ച കിട്ടുക എന്നതായിരുന്നു സദാ അയാളുടെ ഭാഗ്യം. വക്ഷസ്സിൽ ചേർന്നുകിടക്കുന്ന അയാളുടെ ബോധം കഴുകനെപ്പോലെ അപാരതയുടെ ആകാശത്തിലേക്ക് ഉയരുന്നുണ്ട്. യേശുവിന് സംഭവിക്കുന്ന പരിണാമത്തെക്കുറിച്ച് അയാൾക്ക് ധാരണയുണ്ട്. മെല്ലെ മെല്ലെ അവന്റെ സ്ത്രൈണഭംഗികൾ മുഖപടം മാറ്റി പുഞ്ചിരിക്കുന്നു.
എല്ലാ ആത്മീയസാധ്യതകളും ആത്യന്തികമായി സഹായിക്കേണ്ടത് നിദ്രാണമായിരിക്കുന്ന സ്ത്രൈണസ്വത്വത്തെയാണ്; ശിലയിലെ അഹല്യയെപ്പോലെ മയങ്ങിക്കിടക്കുന്ന ആ ആത്മബോധത്തെ ഉഴിഞ്ഞുണർത്തുകയാണ്. യേശുവിന്റെ അവസാനകാല ആത്മഭാഷണങ്ങളിലൊക്കെ അതിന്റെ ധ്വനികൾ മുഴങ്ങുന്നുണ്ട്. കുന്നിന്റെ നെറുകയിൽ നിന്ന് പട്ടണത്തെ നോക്കി അവനിങ്ങനെയാണ് നിലവിളിച്ചത്: ‘ജറുസലേം ജറുസലേം, തള്ളപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ ചിറകോടണച്ചുപിടിക്കുന്നതുപോലെ നിന്നെ എന്റെ ഉയിരോട് ചേർത്തുപിടിക്കാൻ ഞാൻ എത്രമേൽ ആശിച്ചിരുന്നു!’ ഒന്നുരഞ്ഞാൽ തീപാറുന്ന പുരുഷന്റെ അരമുള്ള ഭാഷയല്ലിത്.
അതങ്ങനെയാവുകയേ തരമുള്ളൂ. റെംബ്രാൻഡിന്റെ മടങ്ങിവന്ന മകന്റെ ചിത്രത്തിൽ അവനെ തന്റെ അങ്കി കൊണ്ട് അണച്ചു പിടിക്കുന്ന അപ്പന്റെ ചിത്രീകരണത്തിൽ അയാളുടെ വിരലുകൾ സ്ത്രീകളുടേതാണെന്ന് ഹെൻട്രി ന്യൂമാന്റെ നിരീക്ഷണമുണ്ട്. ജീവിതസായന്തനങ്ങളിൽ രാമകൃഷ്ണ പരമഹംസന്റെ നെഞ്ചിൽ നിന്ന് ഈ പാൽ ചുരന്നിരുന്നു എന്ന് ആദ്യം വായിക്കുമ്പോൾ അനുഭവിച്ച ഹർഷം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭൂമിയുടെ ശരീരഭാഷയ്ക്ക് ഒരു സ്ത്രൈണ ജ്ഞാനസ്നാനം ഇനിയുമാവശ്യമുണ്ട്.
അത്താഴമേശയിലെ യേശുവിൽ അതൊക്കെ താനേ സംഭവിക്കുന്നുണ്ട്. അമ്മ കുഞ്ഞിനെ കുളിപ്പിക്കുന്നതുപോലെയായിരിക്കും അവനവരുടെ പാദങ്ങൾ കഴുകിത്തുടച്ചത്. തള്ളപ്പക്ഷി ഇളംകൊക്കുകളിലേയ്ക്ക് അന്നം പകരുന്നതു പോലെയാണ് അയാൾ ഇപ്പോൾ അപ്പം പൊട്ടിച്ചു നൽകുന്നത്. അഗ്രസ്സീവായ പുരുഷസങ്കല്പങ്ങളുടെ തേറ്റയൊടിഞ്ഞ് പകിട്ടും സുഗന്ധവുമുള്ള ചില പൂവുകൾ മയക്കം വിട്ട് ഉയരുകയാണ്.
യോഹന്നാൻ ഒന്നുകൂടി അയാളിലേക്ക് പറ്റിക്കിടക്കുന്നു. പുരുഷന്റെ ഒന്നും ഒളിപ്പിക്കാനില്ലാത്ത – ഒരു വിക്ടറി എലമെന്റുമില്ലാത്ത – പരന്ന നെഞ്ചല്ല ഇതെന്ന് അയാൾക്കറിയാം. മുൻപൊരിക്കൽ ഒരു കുന്നിൻമുകളിൽ വച്ച് യേശുവിന്റെ ഈശ്വരാംശം അതിന്റെ മൂർത്തഭാവത്തിൽ അയാൾക്ക് വെളിപ്പെട്ടു കിട്ടിയതാണ്. സ്ത്രൈണപരിണാമത്തിന്റെ നിറമുള്ള നിമിഷങ്ങൾ!
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Categories: Pularvettom / പുലർവെട്ടം
Reblogged this on Love and Love Alone.
LikeLiked by 1 person