അനുദിനവിശുദ്ധർ – മാർച്ച് 4

⚜️⚜️⚜️⚜️ March 04 ⚜️⚜️⚜️⚜️
വിശുദ്ധ കാസിമിര്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പോളണ്ടിലെ രാജാവായിരുന്ന കാസിമിര്‍ നാലാമന്റേയും, ഓസ്ട്രിയായിലെ ആല്‍ബെര്‍ട്ട് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ മകളായിരുന്ന എലിസബത്തിന്റേയും പതിമൂന്ന്‍ മക്കളില്‍ മൂന്നാമത്ത മകനായിരുന്നു വിശുദ്ധ കാസിമിര്‍. തന്റെ ചെറുപ്പത്തില്‍ തന്നെ നല്ല ദൈവഭക്തിയുണ്ടായിരുന്ന കാസിമിര്‍ ഭക്തിപരമായ കാര്യങ്ങള്‍ക്കും, അനുതാപത്തിനും തന്നെ തന്നെ സമര്‍പ്പിച്ചു. തന്റെ വിനയത്തിനും, ആത്മനിയന്ത്രണത്തിനും എതിരായി വരുന്ന എല്ലാത്തിനേയും അവന്‍ ഭയപ്പെടുകയും, തന്റെ രാത്രികളുടെ ഒരു നല്ല ഭാഗം പ്രാര്‍ത്ഥനക്കും, ധ്യാനത്തിനുമായി ചിലവഴിക്കുകയും ചെയ്തു. പ്രത്യേകിച്ച് രക്ഷകന്റെ സഹനങ്ങളെക്കുറിച്ചുള്ള ധ്യാനത്തിന് അദ്ദേഹം സമയം കണ്ടെത്തി.

കാസിമിറിന്‍റെ വസ്ത്രധാരണ വളരെ ലളിതമായിരുന്നു. എപ്പോഴും ദൈവസന്നിധിയില്‍ കഴിഞ്ഞിരുന്നതിനാല്‍ സദാസമയവും അവന്‍ ശാന്തനും, പ്രസരിപ്പു നിറഞ്ഞവനുമായിരുന്നു. ദൈവത്തോടുള്ള അവന്റെ സ്നേഹം, പാവങ്ങളോടുള്ള കരുണയായി പ്രകടിപ്പിക്കപ്പെട്ടു. പാവങ്ങളുടെ ഉന്നമനത്തിനായി അവന്‍ തനിക്കുള്ളതെല്ലാം ചിലവഴിച്ചു, മാത്രമല്ല തന്റെ പിതാവിന്റേയും, ബൊഹേമിയയിലെ രാജാവായിരുന്ന തന്റെ സഹോദരനായിരുന്ന ലാഡിസ്ലാവൂസിന്റേയും പക്കല്‍ അവനുണ്ടായിരുന്ന സ്വാധീനമുപയോഗിച്ച് ദരിദ്രര്‍ക്കായി തനിക്കു കഴിയുന്നതെല്ലാം അവന്‍ ചെയ്തു.

പരിശുദ്ധ അമ്മയോടുള്ള അപാരമായ ഭക്തിയാല്‍ വിശുദ്ധന്‍ എപ്പോഴും ലാറ്റിന്‍ സ്തുതിയായ “ഓംനി ഡൈ മാരിയേ” (Omni die Mariae) ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു. വിശുദ്ധന്‍റെ ആഗ്രഹ പ്രകാരം ആ സ്തുതിയുടെ ഒരു പകര്‍പ്പ് അവനോടു കൂടെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ബിറ്റില്‍സ്റ്റോണിന്റെ പരിഭാഷയില്‍ ഈ സ്തോത്രഗീതത്തെ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. “ദിനംതോറും, ദിനംതോറും മറിയത്തിനായി പാടുവിന്‍” (Daily, daily sing to Mary) എന്ന ഈ സ്തോത്രഗീതം വിശുദ്ധ കാസിമിറിന്റെ ഗീതം എന്നാണു വിളിക്കപ്പെടുന്നത്. എന്നാല്‍ വിശുദ്ധ കാസിമിറിനും മൂന്ന് നൂറ്റാണ്ടു മുന്‍പേ രചിക്കപ്പെട്ടിട്ടുള്ളതാണ്.

അക്കാലത്ത് ഹംഗറിയിലെ ചില പ്രഭുക്കന്‍മാര്‍ തങ്ങളുടെ രാജാവായിരുന്ന മത്തിയാസ് കോര്‍വിനൂസിന്റെ കീഴില്‍ സന്തുഷ്ടരായിരുന്നില്ല, അതിനാല്‍ 1471-ല്‍ അവര്‍ പോളണ്ടിലെ രാജാവിനോട് അദ്ദേഹത്തിന്റെ മകനായ കാസിമിറിനെ തങ്ങളുടെ രാജാവായി വാഴിക്കുവാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. ആ സമയത്ത് പതിനഞ്ചു വയസ്സ് പോലും പൂര്‍ത്തിയായിട്ടില്ലാതിരുന്ന വിശുദ്ധന്‍ ഇതില്‍ ഒട്ടും തല്‍പ്പരനല്ലാതിരുന്നിട്ടുകൂടി തന്റെ പിതാവിനോട്‌ അനുസരണക്കേടു കാണിക്കാതിരിക്കുന്നതിനായി ഒരു സൈന്യത്തേയും നയിച്ചുകൊണ്ട് അതിര്‍ത്തിയിലേക്ക് പോയി. എന്നാല്‍, മത്തിയാസ് ഒരു വലിയ സൈന്യത്തെ സജ്ജമാക്കിയിട്ടുള്ളതിനാലും, തന്റെ സ്വന്തം സൈനികരില്‍ തന്നെ വലിയൊരു ഭാഗം തങ്ങളുടെ കൂലി കിട്ടിയിട്ടില്ല എന്ന കാരണത്താല്‍ ആ ഉദ്യമത്തില്‍ നിന്നും കൊഴിഞ്ഞുപോയതിനാലും വിശുദ്ധന്‍ തന്റെ സൈനീക ഉദ്യോഗസ്ഥന്‍മാരുമായി കൂടിയാലോചിച്ചു അവിടെ നിന്നും തിരികെ പോരുവാന്‍ തീരുമാനിച്ചു.

ഇതിനിടക്ക് സിക്സറ്റസ് നാലാമന്‍ പാപ്പ, രാജകുമാരനെ യുദ്ധത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും, രാജകുമാരനെ അവന്റെ ആഗ്രഹപ്രകാരം ജീവിക്കുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടൊരു ദൗത്യസംഘത്തെ കാസിമിര്‍ രാജാവിന്റെ പക്കലേക്കയച്ചു. രാജകുമാരന്‍ ചെയ്യുന്നത് ശരിയാണെന്ന ഉറച്ചവിശ്വാസമായിരുന്നു പാപ്പായെ ഇതിനു പ്രേരിപ്പിച്ചത്. എന്നാല്‍, തന്റെ അഭിലാഷമായിരുന്ന സൈനീക ഉദ്യമത്തിന്റെ പരാജയത്തില്‍ രോഷംപൂണ്ട കാസിമിര്‍ രാജാവ് തന്റെ മകനായ വിശുദ്ധ കാസിമിറിനെ ക്രാക്കോവില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടയുകയും, ഡോബ്സ്കി കൊട്ടാരത്തിലേക്ക് നാടുകടത്തുകയും ചെയ്തു. യാതൊരു എതിര്‍പ്പും കൂടാതെ വിശുദ്ധന്‍ അതനുസരിക്കുകയും മൂന്ന് മാസക്കാലത്തോളം ആ കൊട്ടാരത്തില്‍ തടവില്‍ കഴിയുകയും ചെയ്തു.

യുദ്ധത്തില്‍ നടക്കുന്ന അനീതിയെക്കുറിച്ച് മനസ്സിലാക്കിയ വിശുദ്ധന്‍, പരസ്പര വിനാശകരവും, തുര്‍ക്കികള്‍ക്ക് യൂറോപ്പിന്റെ ആധിപത്യം സ്ഥാപിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഈ യുദ്ധങ്ങളില്‍ ഇനി ഒരിക്കലും പങ്കെടുക്കുകയില്ലെന്ന് ഉറച്ച തീരുമാനമെടുത്തു. വീണ്ടുമൊരിക്കല്‍കൂടി തന്റെ പിതാവും, ഹംഗറിയിലെ പ്രഭുക്കളും ആവശ്യപ്പെട്ടിട്ടുപോലും വിശുദ്ധന്‍ പിന്നീടൊരിക്കലും ആയുധം തന്റെ കയ്യില്‍ എടുത്തില്ല. അദ്ദേഹം തന്റെ പഠനങ്ങളിലേക്കും, പ്രാര്‍ത്ഥനകളിലേക്കും തിരികെ പോന്നു. തന്റെ പിതാവിന്റെ അഭാവത്തില്‍ അദ്ദേഹം കുറേക്കാലം പോളണ്ടിലെ വൈസ്രോയിയായി സേവനമനുഷ്ട്ടിച്ചു.

ചക്രവര്‍ത്തിയായിരുന്ന ഫ്രഡറിക് മൂന്നാമന്റെ മകളെ വിവാഹം കഴിക്കുവാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെങ്കിലും വിശുദ്ധന്‍ അത് നിരാകരിച്ചു. ശ്വാസ-കോശ സംബന്ധമായ അസുഖം മൂലം 1484-ല്‍ തന്റെ 26-മത്തെ വയസ്സില്‍ വിശുദ്ധന്‍ മരണപ്പെട്ടു. വില്‍നായിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടത്തെ സെന്റ്‌ സ്റ്റാന്‍സിലാവൂസ് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഈ കബറിടത്തില്‍ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1521-ലാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. പോളണ്ടുകാര്‍ “സമാധാന സ്ഥാപകന്‍” എന്ന വിശേഷണം നല്‍കി വിശുദ്ധ കാസിമിറിനെ ഇന്നും ബഹുമാനിക്കുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. മേയ് ദ്വീപിലെ അഡ്രിയനും കൂട്ടരും

2. അഗാത്തോഡോറൂസ്, ബാസില്‍, എവുജീന്‍, എല്‍പീഡിയൂസു, എഥെരിയൂസ്, കാപിറ്റോ,എഫ്രേം, നെസ്റ്റേര്‍, അര്‍കേഡിയൂസ്

3. ട്രെവെസിലെ ബാസിനൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: നാലാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶


പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്സു പ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു”
(ലൂക്ക 3:23).

ദാവീദിന്‍റെ വിശിഷ്ട സന്താനം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

മാനവകുലത്തെ രക്ഷിക്കുവാനായി മനുഷ്യനായി അവതരിക്കുവാന്‍ ദൈവം തിരുമനസ്സായി. മാനവരാശിയില്‍ നിന്നു ദൈവം ഇസ്രായേല്‍ ജനതയെ അവിടുത്തെ ആഗമനത്തിനു വേണ്ടി തെരഞ്ഞെടുത്ത് ഒരുക്കികൊണ്ടുവന്നു. അവിടുന്ന്‍ അബ്രാഹത്തെ തെരഞ്ഞെടുത്ത് അദ്ദേഹവുമായി ഒരു ഉടമ്പടി ചെയ്തു. അദ്ദേഹത്തിന്‍റെ സന്തതിയില്‍ ലോകത്തിലെ സകല ജനപദങ്ങളും അനുഗൃഹീതരായിരിക്കുമെന്ന് പിതാവായ ദൈവം അരുളിച്ചെയ്തു. അബ്രാഹത്തിന്‍റെ സന്താന പരമ്പരയില്‍ നിന്നും ദൈവം യാക്കോബിനെ സവിശേഷമായി തെരഞ്ഞെടുത്തു. അദ്ദേഹത്തെ അനുഗ്രഹിക്കുകയും ഇസ്രായേല്‍ എന്ന്‍ അഭിസംബോധന ചെയ്യുകയും ചെയ്തു.

അദ്ദേഹത്തിന്‍റെ പുത്രന്‍മാരാണ് ഇസ്രായേല്‍ ജനത. അവരെ ദൈവം സ്വന്തം ജനമായി തെരഞ്ഞെടുത്തു. ഇസ്രായേലിലെ മറ്റു വംശങ്ങളില്‍ നിന്നും വേര്‍തിരിച്ച് അനുഗ്രഹിച്ച് ഉടമ്പടി ചെയ്ത് അവിടുത്തെ പ്രിയപ്പെട്ട ദൈവജനമാക്കി മാറ്റി. യാക്കോബിന്‍റെ പുത്രന്മാരില്‍തന്നെ യൂദായെ ലോകപരിത്രാതാവിന്‍റെ വംശമാക്കി ഉയര്‍ത്തി. അവരില്‍ പ്രധാനി ദാവീദ് രാജാവായിരുന്നു. ദാവീദിന്‍റെ വംശത്തില്‍പെട്ട ആളായിരിന്നു നമ്മുടെ പിതാവായ മാര്‍ യൗസേപ്പ്.

ദൈവത്തിന്‍റെ സവിശേഷമായ സ്നേഹം വി.യൗസേപ്പില്‍ പ്രകടമാകുന്നുണ്ട്. ലോകരക്ഷകന്‍റെ വളര്‍ത്തു പിതാവെന്ന സ്ഥാനം അലങ്കരിക്കുന്നതിന് അനുയോജ്യനായി മനുഷ്യ വംശത്തില്‍ ദൈവം കണ്ടെത്തിയത് വി. യൗസേപ്പിനെയാണ്. രാജവംശജനെങ്കിലും വി. യൗസേപ്പ് വളരെ ദരിദ്രമായ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹം ലൗകിക സമ്പത്തിനേക്കാള്‍ ആദ്ധ്യാത്മിക സമ്പത്തിനെ വിലമതിച്ചിരുന്നു.

ആദ്യ പാപത്തിനുശേഷം കളമൊരുക്കിയ ലോകരക്ഷകന്‍റെ ആഗമനത്തിനു വേണ്ടി, ദൈവമാതാവായ പ.കന്യകയെയും അവിടുത്തെ വിരക്ത ഭര്‍ത്താവും ദൈവകുമാരന്‍റെ വളര്‍ത്തു പിതാവുമായ മാര്‍ യൗസേപ്പിനെയും തെരഞ്ഞെടുത്ത് സവിശേഷമായ ദാനങ്ങള്‍ നല്‍കി അനുഗ്രഹിച്ചു കൊണ്ടാണ്. ദൈവമാതാവായ മറിയത്തിന്‍റെ വിരക്ത ഭര്‍ത്താവെന്ന സ്ഥാനത്തിനും ദാവീദ് രാജവംശജരില്‍ ദൈവം തെരഞ്ഞെടുത്തത് മാര്‍ യൗസേപ്പിതാവിനെയാണ്.

ദൈവം നമ്മെ ഓരോരുത്തരെയും ദൗത്യനിര്‍വഹണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു. അതനുസരിച്ച് ജീവിക്കുമ്പോള്‍ മാത്രമേ നമ്മുടെ വ്യക്തിജീവിതം അനുഗ്രഹം പ്രാപിക്കുകയും നമ്മുടെ ജീവിതം ധന്യമാവുകയും ചെയ്യുകയുള്ളൂ. ശരിയായ ദൗത്യബോധം ഉണ്ടെങ്കില്‍ വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നമ്മുക്ക് സാധിക്കും. അപ്പോള്‍ ജീവിതം കൂടുതല്‍ ഹൃദ്യവും മനോഹരവുമാകും.

സംഭവം
🔶🔶🔶🔶

കേരളത്തില്‍ മലയോരപ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍ നടന്ന സംഭവമാണ് ഇത്. സന്ധ്യാസമയം. ശക്തിയായി പുതുമഴ ചെയ്യുന്നു. ഇരുണ്ടുമൂടിയ ആകാശം, ഭയങ്കരമായ കാറ്റും മഴയും. വന്മരങ്ങള്‍ കാറ്റില്‍ കടപുഴകി മറിഞ്ഞുവീഴുന്നു. ആകാശവും ഭൂമിയും നടുക്കുമാറ് കനത്ത ഇടിയും മിന്നലും. ഇതിനിടെ വീട്ടിലെ എട്ട് വയസ്സുള്ള കുട്ടി മാമ്പഴം പെറുക്കുവാന്‍ പോയി. ഇടിവാള്‍ വെട്ടി തഴച്ചു നില്‍ക്കുന്ന മാവില്‍ നീല നിറമുള്ള തീയ് ആളിപ്പടരുന്നതു കണ്ട കുട്ടിയുടെ മാതാപിതാക്കള്‍ വാവിട്ടു കരഞ്ഞു. ആ വീട്ടില്‍ പ്രതിഷ്ഠിച്ചിരുന്നതായ അഗതികളുടെ സഹായമായ മാര്‍ യൗസേപ്പിതാവിന്‍റെ രൂപത്തിന്‍റെ മുമ്പില്‍ ‍കൂടി അവര്‍ നിലവിളിച്ചപേക്ഷിച്ചു. കാറ്റും മഴയും മേഘഗര്‍ജ്ജനവും പൂര്‍വ്വാധികം ശക്തിപ്പെടുകയാണ്‌. അവര്‍ നോക്കിനില്‍ക്കെ ഭയങ്കരമായ മറ്റൊരു ഇടിവാള്‍ കൂടി ഭൂമിയില്‍ മിന്നിപ്പതിഞ്ഞു.

കുട്ടി നിന്ന സ്ഥലത്താണ് ഇടിവെട്ടുണ്ടായതെന്നു കണ്ട് എല്ലാവരും ഞടുങ്ങി. അവരുടെ ഹൃദയത്തില്‍ തീ ആളിപ്പടര്‍ന്നു. അല്പസമയത്തിനുള്ളില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ അരുമബാലന്‍ വീട്ടില്‍ കയറി. അവന്‍റെ കഴുത്തിലെ സ്വര്‍ണ്ണമാലയുടെ തിളക്കം കൊണ്ടാണ് ഇടിമിന്നല്‍ ഭൂമിയില്‍ വന്നത്. സ്വര്‍ണ്ണമാല ഉരുകിപ്പോയിരുന്നു. പക്ഷെ ബാലന് യാതൊരു അപകടവും സംഭവിച്ചില്ല. തങ്ങളുടെ ഓമന മകനെ സംരക്ഷിച്ചത് മാര്‍ യൌസേപ്പിന്‍റെ മാദ്ധ്യസ്ഥ ശക്തി ഒന്നുമാത്രമാണെന്ന് ആ കുടുംബത്തിലെ എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു.

ജപം
🔶🔶

ദാവീദു രാജവംശജനായ മാര്‍ യൗസേപ്പേ, അങ്ങ് ഇസ്രായേലിന്‍റെ സൂനവും അഭിമാനപാത്രവുമത്രേ. ലോകപരിത്രാതാവിന്‍റെ ആഗമനത്തിനായി ദൈവം അങ്ങേ പ്രത്യേക വിധമായി തെരഞ്ഞെടുത്തു. അനേകം അനുഗ്രഹങ്ങളാല്‍ സമലങ്കരിച്ചിരിക്കുന്നു. മഹത്വത്തിന്‍റെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പിതാവേ, അങ്ങേ വത്സലമക്കളായ ഞങ്ങളെ കരുണാപൂര്‍വ്വം കടാക്ഷിക്കേണമേ. ഞങ്ങള്‍ ഉത്തമമായ ക്രിസ്തീയ ജീവിതം നയിച്ച് കുടുംബത്തിന്‍റെ മണിദീപങ്ങളും സമുദായത്തിന്‍റെ അഭിമാനസ്തംഭങ്ങളും തിരുസ്സഭയുടെ ഉത്തമപുത്രരുമായി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമേ.


1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

ദാവീദിന്‍റെ പുത്രനായ മാര്‍ യൗസേപ്പേ, തിരുസഭയുടെ ഉത്തമ പുത്രാകുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

ആരുടെ വചനത്തെഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ,
ആ ദൈവത്തില്‍ നിര്‍ഭയനായിഞാന്‍ ആശ്രയിക്കുന്നു;
മര്‍ത്യന്‌ എന്നോട്‌ എന്തുചെയ്യാന്‍ കഴിയും?
സങ്കീര്‍ത്തനങ്ങള്‍ 56 : 4

Advertisements

നോമ്പുകാല വിചിന്തനം-15
വി. മർക്കോസ് 12 : 35 – 40

ലോകത്തിൽ ഒട്ടേറെ അത്ഭുതങ്ങൾ ഉണ്ടെങ്കിലും മനുഷ്യനോളം വലിയൊരത്ഭുതം വേറെയില്ലെന്നാണ് സോഫോക്ലീസിന്റെ അഭിപ്രായം. ഒത്തിരിയേറെ നേട്ടങ്ങൾ അവൻ ലോകത്തിനു സമ്മാനിച്ചിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ, തന്റെ ബുദ്ധിശക്തിക്കും ഉത്തരവാദിത്വത്തിനും വിവേകത്തിനും ചേർന്ന വിധം ജീവിക്കാൻ ഇനിയും പഠിച്ചിട്ടില്ല എന്നതാണ് അവനെ അത്ഭുതമനുഷ്യനാക്കുന്നത്. മാത്രമല്ല, ആത്മവഞ്ചനയിൽ ആത്മഹർഷം അനുഭവിക്കുന്ന അത്ഭുതമനുഷ്യനുമാണവൻ. ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന് സമ്മതിക്കുന്ന നിയമജ്ഞർ അവിടുന്ന് ദാവീദിന്റെ കർത്താവാണെന്ന് അംഗീകരിക്കുന്നില്ല.’ കർത്താവ് എന്റെ കർത്താവിനോട് അരുൾ ചെയ്തു’ എന്ന നൂറ്റിപ്പത്താം സങ്കീർത്തനത്തിന്റെ അർത്ഥം മനസ്സിലാക്കുന്നതിൽ അവർ ബോധപൂർവ്വം പരാജയപ്പെട്ടു എന്നുവേണം അനുമാനിക്കാൻ. ആത്മീക ജീവിതം അഭിനയപ്രധാനമായി അധ:പതിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുക. ചില കാര്യങ്ങൾ കൃത്യനിഷ്ഠതയോടെ ചെയ്യുന്നതു കൊണ്ടും മറ്റ് ചില കാര്യങ്ങൾ ചെയ്യാതിരി ക്കുന്നതു കൊണ്ടും ഒരുവൻ നല്ലവനാകണമെന്നില്ല. ആദരവും അംഗീകാരവും ബലവശ്യമാണ് എന്നു ചിന്തിക്കുന്നവർ വിഡ്ഢികളാണ്.. സുതാര്യവും സ്വാഭാവികവുമായ ജീവിതംകൊണ്ട് കൈവരുന്നതും കൈവരേണ്ടതുമായ യാഥാർത്ഥ്യമാണത്. മറ്റുള്ളവരെ കാണിക്കാൻവേണ്ടിയെന്നോണം ചെയ്യുന്ന ആത്മീകസുകൃതചര്യകൾ ആത്മീകജീവിതത്തിന്റെ ജീർണ്ണതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ ജീർണ്ണതയ്ക്ക് എതിരെയുള്ള പോരാട്ടമാണ് നോമ്പും പ്രാർത്ഥനയും ഉപവാസവുമെല്ലാം.

* ഫാ.ആന്റണി പുതവേലിൽ

Leave a comment