Pularvettom / പുലർവെട്ടം

പുലർവെട്ടം 449

{പുലർവെട്ടം 449}

 
ലോകം എല്ലായിടത്തും ഒരേപോലെ തന്നെയാണെന്ന് തോന്നുന്നു. ഉച്ചനീചത്വങ്ങളും ഇടമതിലുകളുമൊക്കെയായി ക്രിസ്തുവിൽ തകർന്നു വീഴുന്ന കൽഭിത്തികളെക്കുറിച്ച് പൗലോസ് ആവേശം കൊള്ളുന്നുണ്ട്. എന്നിട്ടും ഒരിടത്തും സമഭാവനയുടെ ആ രാജ്യം ഇനിയും വന്നിട്ടില്ല.
 
ഒരു റസ്റ്ററന്റിൽ പോലും കഴിച്ചതിന്റെ അവശിഷ്ടങ്ങൾ എന്തിനാണിത്ര അലക്ഷ്യമായി മേശയിൽ ചിതറുന്നത്? അത് തുടച്ചുമാറ്റുന്നത് മറ്റൊരു മനുഷ്യനാണെന്ന് ഓർക്കാത്തതെന്താണ്? വാഷ്റൂമിൽനിന്നു പുറത്തുവരുമ്പോൾ ഫ്ലഷ് ചെയ്തോ എന്ന് ഉറപ്പു വരുത്തുവാൻ ഒരു നിമിഷാർദ്ധം മതി. ബക്കറ്റും ബ്രഷുമായി പുറത്തുനിൽക്കുന്നയാൾ ഗാന്ധിയല്ലാത്തതുകൊണ്ട് വിശേഷിച്ചും.
 
ഷാർലെറ്റ് പറഞ്ഞു സങ്കടപ്പെട്ടത് അതിനെക്കുറിച്ചാണ്. ഗാർബേജ് ശേഖരിക്കാനെത്തുന്ന വാഹനത്തിന്റെ ഡ്രൈവർ മാൾട്ടാക്കാരൻ തന്നെയാണ്. അതോരോ വീടിന്റെ അങ്കണത്തിൽ നിന്നെടുത്ത് എച്ചിൽപ്പാത്രവുമായി വാഹനത്തിനു പുറകെ ഓടിവരുന്നത് അഭയാർത്ഥിയായ ഒരു ചെറുപ്പക്കാരനാണ്. ആ പുലരിക്കാഴ്ച മനുഷ്യരെക്കുറിച്ച് ആവശ്യത്തിലേറെ മിണ്ടുന്നുണ്ട്. ഭൂമിയേക്കാൾ നിമ്ന്നോന്നതങ്ങൾ മനുഷ്യബോധത്തിലാണ് ഉറഞ്ഞുനിൽക്കുന്നത്.
 
Inclusiveness താരതമ്യേന പുതിയ പദമാണ്. അതിലേക്കുള്ള എളുപ്പവഴി പന്തിഭോജനമാണെന്ന പ്രകാശത്തിലാണ് യേശുവിന്റെ ഊട്ടുമേശവിശേഷങ്ങൾക്ക് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രസക്തി ലഭിക്കുന്നത്. നമുക്കിണങ്ങിയവരോടൊപ്പം മാത്രം പങ്കിടേണ്ട മേശയെക്കുറിച്ചാണ് ഇപ്പോഴും ദേശത്തിന്റെ സാരോപദേശകഥകൾ. സമതയിലേക്കും മാനവികതയിലേക്കും താനേ തുറക്കുന്ന സ്വാഭാവിക വാതായനങ്ങളാണ് ഭക്ഷണമേശകൾ. ചുങ്കക്കാരോടും ഗണികകളോടുമൊപ്പം അന്നം പങ്കിട്ടു എന്നതായിരുന്നു ആദിമധ്യാന്തം അവൻ അഭിമുഖീകരിച്ച ആരോപണം. ഇത് ആ പട്ടികയിലെ കടശ്ശിക്കളിയാണ്.
 
സത്തയിൽ ഇതെത്ര സ്ഫോടനാത്മകമാണെന്ന് അറിയണമെങ്കിൽ കേരളീയചരിത്രത്തിൽ നിന്ന് കേവലം നൂറ് വർഷം പഴക്കമുള്ള ഒരു ഓർമ്മയെ ഉരച്ചുനോക്കിയാൽ മതി. ചെറായിയിലെ ഒരു പന്തിയിൽ ഒരു ചെറിയ കുട്ടി ചക്കക്കുരുവും കടലയും ചേർന്ന മെഴുക്കുപുരട്ടിയും ചോറും കുഴച്ച് ഭക്ഷിക്കുന്നത് കുറച്ചധികം പേർ ഉറ്റുനോക്കുന്നുണ്ട്. മിശ്രഭോജനത്തിന്റെ ഒരു പ്രതീകാത്മക വിരുന്ന് ആരംഭിക്കുകയാണ്. കഷ്ടിച്ച് നൂറ് വർഷം പഴക്കമേയുള്ളൂ ആ ചരിത്രമുഹൂർത്തത്തിന്. പന്തിഭോജനത്തിന്റെ ആന്തരികപരിണാമത്തിലേക്കെത്തുവാൻ ഈയൊരു കാലം മതിയാവില്ലെന്ന് ഇനിയും ആർക്കാണ് പിടുത്തം കിട്ടാത്തത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s