{പുലർവെട്ടം 450}
പുതിയ നിയമത്തിൽ ‘അപ്പം’ എന്നൊരു പദം എവിടെ നിന്നു വേണമെങ്കിലും നിങ്ങൾ പരതിയെടുത്തോളൂ, അതിനു മുൻനിരയായി ‘കൃതജ്ഞതയോടെ’ എന്നൊരു വിശേഷണം കാണാം. ലോകത്തിന്റെ ഏറ്റവും പഴക്കമുള്ള പ്രാർത്ഥനകളൊക്കെ ഭക്ഷണത്തിനുള്ള നന്ദിയായിരുന്നു.
ഒരപ്പത്തുണ്ട് എടുക്കുമ്പോൾ പോലും അവന്റെ ഹൃദയം കൃതജ്ഞതാപരമായി. ചെറിയ കാര്യമല്ല അന്നമുണ്ടായിരിക്കുക എന്നത്. അതും ഇഷ്ടഭക്ഷണമുണ്ടായിരുക്കുക. പഴയ ഒരു ഓർമയാണ്, ഭേദപ്പെട്ട ജീവിതസാഹജര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുള്ള കുറച്ചുപേർ പാർക്കുന്ന തെരുവിന്റെ അങ്ങേ തലക്കലാണ് ആശ്രമം. വല്ലപ്പോഴും പുറത്തു പോകുമ്പോൾ വലിയ ചില ഉത്തരവാദിത്വങ്ങളിൽ നിന്നും റിട്ടയർഡ് ചെയ്ത ഒരാൾ എന്നും ഒരേ കുശലം ചോദിക്കുന്നു, ‘ഇന്നെത്തായിരുന്നു അകത്തെ കൂട്ടാൻ?’ വളരെ വിയേർഡ് ആയി അത് അതനുഭവപ്പെട്ടിരുന്നു.
വിഭാര്യനായ ഒരാൾ തന്റെ അവശേഷിക്കുന്ന ചില കൗതുകങ്ങളെ നിലനിർത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കണം അത്തരം ആരായലുകൾ എന്ന അനുഭാവത്തോടു മാത്രമേ ഇപ്പോൾ അത് ഓർമ്മിച്ചെടുക്കാനാവുന്നുള്ളു..അവൾ അയാൾക്ക് എന്തൊക്കെയായിരിക്കും വിളമ്പിയിട്ടുണ്ടാവുക!
അലഞ്ഞു നടന്ന ഒരു തച്ചനും കൂട്ടുകാർക്കും നേരത്ത് ഭക്ഷണം കിട്ടുക എന്നതിനേക്കാൾ വലിയ ഒരു ആഡംബരമില്ല. ഒരു നാണയം പോയാൽ അത് തിരഞ്ഞു കിട്ടുവോളം സമാധാനമില്ലാത്ത സ്ത്രീകളുടെ നാടാണ്. ഒരു ചങ്ങാതി വീട്ടിൽ വന്നാൽ അടുത്ത വീട്ടിൽ നിന്നും അപ്പം ഇരക്കുന്ന കാലം. ആ കാലത്തിലും ദേശത്തിലും അവനും കൂട്ടരും വിശന്നു മരിച്ചില്ല എന്നതാണ് സുവിശേഷം അടയാളപ്പെടുത്താതെ പോകുന്ന അത്ഭുതം. അതിനർത്ഥം പാവപ്പെട്ട മനുഷ്യർ അവരുടെ വിയർപ്പിന്റെ ഒരു ഓഹരി ഈ ദരിദ്രമനുഷ്യർക്കു വേണ്ടി കരുതിവച്ചിരുന്നു. എന്റെതല്ലാത്ത കാരണങ്ങൾ കൊണ്ടാണ് ഞാൻ നിലനിൽക്കുന്നത് എന്ന ബോധത്തിന്റെ പേരാണ് കൃതജ്ഞത.
പഴയനിയമത്തിന്റെ ഹുങ്ക് തിരുത്തപ്പെടുകയാണ്; സ്വന്തം നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പം ഭക്ഷിക്കാനാകും എന്ന മിത്ത് ആണത്. മേശയിലേക്ക് ഉറ്റുനോക്കു. അയാൾക്ക് തൊഴിലുണ്ട്, അടുക്കളയിൽ നിൽക്കുന്ന സ്ത്രീക്ക് ആരോഗ്യമുണ്ട്, മേശയ്ക്കരികിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾ സമാധാനപ്രിയരാണ്. ഇങ്ങനെ എന്തൊക്കെ കോമ്പോണന്റസ് ചേർന്നിട്ടാണ് നിങ്ങൾ വാഴ്ത്തി ഭക്ഷിക്കുന്ന തളികയിലെ അപ്പത്തുണ്ട് മൊരിഞ്ഞത്!
എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ അവനെ തിരിച്ചറിഞ്ഞതു പോലും അങ്ങനെയാണ്. പകൽ മുഴുവൻ കുടെ നടന്നിട്ടും അത് യേശുവാണെന്ന് അവർക്ക് പിടുത്തം കിട്ടിയതേയില്ല. എന്നാൽ അന്തിയിൽ അവൻ അപ്പമെടുത്ത് വാഴ്ത്തിയപ്പോൾ അവർ മന്ത്രിച്ചു, ‘ഇത് കർത്താവാണ്’. നിങ്ങൾ എത്ര കൃതജ്ഞതയോടെ ജീവിതത്തെ തൊടുന്നു എന്ന നിരീക്ഷണത്തിൽ നിന്നു കണ്ടെത്താവുന്നതേയുള്ളു നിങ്ങളിലെ ക്രിസ്തുബോധത്തിന്റെ അനുപാതം. മുന്തിരിത്തോട്ടത്തിലെ അത്തി എന്നാണ് എന്റെ ജീവിതത്തെ വിശേഷിപ്പിക്കുന്നത്. എങ്ങനെ വേണമെങ്കിലും വളരാമായിരുന്ന ഈ എന്റെ ജീവിതത്തെ, അതീവശ്രദ്ധ പുലർത്തുന്ന ഇടങ്ങളിലാണ് അവൻ ഇപ്പോഴും പരിചരിക്കുന്നതെന്നോർക്കുമ്പോൾ ഇമ നനയാതെ നമ്മൾ എന്തു ചെയ്യും?
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Advertisements

Advertisements
Categories: Pularvettom / പുലർവെട്ടം
Reblogged this on Love and Love Alone.
LikeLiked by 1 person