അനുദിനവിശുദ്ധർ – മാർച്ച് 8

⚜️⚜️⚜️⚜️ March 08 ⚜️⚜️⚜️⚜️
ദൈവത്തിന്റെ വിശുദ്ധ യോഹന്നാൻ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1503-ല്‍ യോഹന്നാന് എട്ടുവയസ്സുള്ളപ്പോള്‍ തന്റെ മാതാപിതാക്കളില്‍ നിന്നും ഒളിച്ചോടി. കുറച്ച് കാലത്തോളം അവന്‍ ഒരാട്ടിടയനായും പിന്നീട് ഒരു പുസ്തക വില്‍പ്പനക്കാരനും അവന്‍ ജോലി നോക്കി. ആവിലായിലെ വിശുദ്ധ യോഹന്നാനിന്റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുന്നതുവരെ അവന് ആത്മീയ കാര്യങ്ങളില്‍ വലിയ താല്‍പ്പര്യമൊന്നുമുണ്ടായിരുന്നില്ല. അതിനു ശേഷമുള്ള അവന്റെ പരിവര്‍ത്തനം വളരെ പെട്ടെന്നും, ആത്മാര്‍ത്ഥവുമായിരുന്നു. അതിനാല്‍ തന്നെ അവന് ഭ്രാന്തായി എന്ന് ചിലര്‍ കരുതുകയും, അവനെ ഗ്രാനഡായിലെ റോയല്‍ ആശുപത്രിയില്‍ തടവുകാരനാക്കുകയും ചെയ്തു. അക്കാലത്ത് നിലനിന്നിരുന്ന ക്രൂരമായ ചികിത്സാവിധികള്‍ക്ക് അവര്‍ വിശുദ്ധനെ വിധേയനാക്കി.

ഇത്തരം ക്രൂരമായ ചികിത്സാവിധികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പോലും ശേഷിയില്ലാതെ സഹനമനുഭവിക്കുന്ന പാവപ്പെട്ട രോഗികളെ സഹായിക്കുക വഴിയായാണ് ദൈവത്തോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് കാര്യം വിശുദ്ധന്‍ മനസ്സിലാക്കിയത്. തന്റെ ശേഷിക്കുന്ന ജീവിതം മുഴുവനും പൊതുസമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ട ഇത്തരം ആളുകള്‍ക്കായി വിനിയോഗിക്കുവാന്‍ അവന്‍ ഉറച്ച തീരുമാനമെടുത്തു.

1549-ജൂലൈ 3ന് ഗ്രാനഡായില്‍, സ്പെയിനിലെ രാജാവായിരുന്ന ഫെര്‍ഡിനാന്‍‌ഡും, ഭാര്യയായിരുന്ന ഇസബെല്ലയും സ്ഥാപിച്ച റോയല്‍ ആശുപത്രിയുടെ അടുക്കളയില്‍ ഒരു വലിയ തീപിടുത്തമുണ്ടായി. അധികം താമസിയാതെ അത് അനേകം രോഗികള്‍ കിടക്കുന്ന വലിയ വാര്‍ഡുകള്‍ക്ക് ഭീഷണിയാകും വിധം ആളി പടര്‍ന്നു. അഗ്നിശമന മണികള്‍ തുടര്‍ച്ചയായി മുഴങ്ങികൊണ്ടിരിക്കുകയും എങ്ങും പുകയാല്‍ മൂടപ്പെടുകയും ചെയ്തു.

നാനാദിക്കുകളില്‍ നിന്നും ആളുകള്‍ അവിടേക്ക് ഓടികൂടി. നിയന്ത്രിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു അഗ്നി. അഗ്നിശമന സേനക്കാര്‍ക്കും, സന്നദ്ധസേവകര്‍ക്കും തീയണക്കുവാന്‍ സാധിക്കാതെ വന്നു. ഉറപ്പായ മരണത്തെ മുന്നില്‍ കണ്ട് കൊണ്ടുള്ള ദീനരോദനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്ന ആ കെട്ടിടത്തിലേക്ക് പ്രവേശിക്കുവാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. മാത്രമല്ല തീയും, പുകയും വാതിലുകളെ മൂടിയിരിന്നു. രോഗികള്‍ ജനലുകള്‍ക്കരികില്‍ നിന്നും സഹായത്തിനായി കേണപേക്ഷിച്ചു. ഒരു മനുഷ്യനെ ഭ്രാന്തനാക്കുവാന്‍ ഈ കാഴ്ച അധികമായിരുന്നു.

ഇത് കണ്ടുകൊണ്ട് വെറുതെ നില്‍ക്കുവാന്‍ വിശുദ്ധന് സാധിക്കുമായിരുന്നില്ല. തീനാളങ്ങളേയും, പുകയേയും വകവെക്കാതെ വിശുദ്ധന്‍ രോഗികള്‍ക്കിടയിലേക്കോടി വാതിലുകളും, ജനലുകളും തുറന്നിടുകയും, അവര്‍ക്ക് രക്ഷപ്പെടുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അവരില്‍ ചിലരെ അദ്ദേഹം പുറത്തേക്ക് നയിച്ചു, മറ്റു ചിലരെ വലിച്ചിഴച്ചു കൊണ്ട് പോകുകയും, ചുമലില്‍ ചുമക്കുകയോ ചെയ്തു. അവരെ മുഴുവന്‍ പുറത്തെത്തിച്ചതിന് ശേഷം ഒട്ടുംതന്നെ സമയം പാഴാക്കാതെ വിശുദ്ധന്‍ കസേരകളും, കിടക്കകളും, വിരികളും ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കള്‍ ജനലിലൂടെ പുറത്തേക്കെറിയുകയും, അപ്രകാരം പാവപ്പെട്ട ആ രോഗികളുടെ വസ്തുവകകളും സംരക്ഷിക്കുകയും ചെയ്തു.

പിന്നീട് വിശുദ്ധന്‍ ഒരു കോടാലി എടുത്ത്, കെട്ടിടത്തിന്റെ മുകളില്‍ കയറി മേച്ചിലിന്റെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റി. പെട്ടെന്ന് തന്നെ അതിലൂടെ തീനാളങ്ങള്‍ ഒരു സ്തൂപം കണക്കെ വിശുദ്ധന്റെ സമീപത്ത് കൂടി പുറത്തേക്ക് വമിച്ചു. വിശുദ്ധന്‍ അവിടെ നിന്നും ഓടി, കെട്ടിടത്തിന്റെ മറ്റൊരുഭാഗത്ത്കൂടി തന്റെ തന്റെ ഈ ധീര പ്രവര്‍ത്തി തുടരുവാന്‍ വേണ്ടി മാത്രമായിരുന്നു ആ ഓട്ടം. അവിടേയും കൂറ്റന്‍ തീ ജ്വാലകള്‍ വിശുദ്ധനെ തടഞ്ഞു, രണ്ടു കൂറ്റന്‍ അഗ്നിസ്തംഭങ്ങള്‍ക്കിടക്ക് നരകത്തിലേതിനു സമാനമായിരുന്നു വിശുദ്ധന്റെ നില്‍പ്പ്.

സമയം കടന്നു പോയി, ചൂടും പുകയുമേറ്റ് വിശുദ്ധന്‍ വാടിതളര്‍ന്നു. കാല്‍മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിശുദ്ധന് വേണ്ടിയുള്ള ഉച്ചത്തിലുള്ള നിലവിളികള്‍ കേള്‍ക്കുവാന്‍ തുടങ്ങി. ഉടന്‍ തന്നെ പുകയും കരിയുമേറ്റ് കറുത്തിരുണ്ട രൂപത്തില്‍ വിശുദ്ധന്‍ നിലത്തിറങ്ങി, കണ്‍പുരികങ്ങള്‍ കുറച്ചു കരിഞ്ഞുവെങ്കിലും വിശുദ്ധന്‍ സുരക്ഷിതനായിരുന്നു. സന്തോഷഭരിതരായ ജനക്കൂട്ടം ധീരനായ ആ വിശുദ്ധന് ചുറ്റും കൂടി, പാവപ്പെട്ട രോഗികളുടെ ആ രക്ഷകനെ അവര്‍ വാനോളം പ്രശംസിച്ചുവെങ്കിലും വിശുദ്ധന്റെ എളിമ അതിനെയെല്ലാം തടഞ്ഞു.

മാര്‍ച്ച് 8ന് തന്റെ 55-മത്തെ വയസ്സില്‍ വിശുദ്ധന്റെ മരണത്തെ തുടര്‍ന്ന്, അദ്ദേഹത്തിന്റെ സഹായികള്‍ ഒരുമിച്ചു കൂടുകയും വിശുദ്ധ ജോണ്‍ കാണിച്ചു തന്ന ആതുരസേവനത്തിന്റെ പാതയിലൂടെ മുന്നേറുവാന്‍ തീരുമാനിക്കുകയും ചെയ്തു. 1572-ല്‍ പിയൂസ് അഞ്ചാമന്‍ പാപ്പാ അവരെ ‘ദൈവത്തിന്റെ (വിശുദ്ധ യോഹന്നാനിന്റെ) ആതുരസേവന സഹോദരന്‍മാര്‍’ (Hospitaller Brothers of (St) John of God) എന്ന പേരില്‍ ഔദ്യോഗികമായി അംഗീകരിച്ചു.

‘രോഗികളെ സേവിക്കുക’ എന്നതായിരുന്നു ഈ സഭാംഗങ്ങളുടെ പ്രതിജ്ഞകളില്‍ നാലാമത്തേത്. രോഗികള്‍ക്ക് വേണ്ടിയുള്ള വിശുദ്ധന്റെ കഠിനപ്രയത്നങ്ങള്‍ കാരണം തിരുസഭ വിശുദ്ധനെ ആതുരാലയങ്ങളുടേയും, മരണാസന്നരുടെയും മധ്യസ്ഥനായി പരിഗണിക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഈ വിശുദ്ധന്റെ പേരും ഉണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അലക്സാണ്ട്രിയായിലെ ഫിലേമോനും ഡീക്കനും അപ്പളോണിയസ്സും

2. ഈജിപ്തിലെ ആര്യനും തെയോട്ടിക്കൂസും

3. ഐറിഷുകാരനായ ബെയോആധ്

4. ആഫ്രിക്കയിലെ സിറില്‍, റൊഗാത്തൂസ്, ഫെലിക്സ്, ബെയാത്താ, ഹെറേനിയാ,ഫെലിചിത്താസ്, ഉര്‍ബന്‍, സില്‍വാനൂസ്, മാമില്ലൂസ്

5. സ്കോട്ടുലന്‍റിലെ റോസ്സിലെ ബിഷപ്പായ ഡുഥാക്ക്

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ‘എട്ടാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶


“യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16).

വിശുദ്ധ യൗസേപ്പ് തിരുകുടുംബത്തിന്‍റെ നാഥന്‍
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

നരകുല രക്ഷകനാകാന്‍ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. സാധാ ഒരു കുടുംബത്തില്‍ നസ്രസിലെ വിശുദ്ധ യൗസേപ്പിന്‍റെയും പ. കന്യകാമറിയയും അരുമസുതനായി അവിടുന്ന് ഭൂജാതനായി. കുടുംബ നാഥനായി ദൈവം തെരഞ്ഞെടുത്തത് വിശുദ്ധ യൗസേപ്പിനെയാണ്. അദ്ദേഹം ഒരു മാതൃകാ കുടുംബനാഥനായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയപത്നിയായ പ. കന്യകയെ ആത്മാര്‍ത്ഥമായും വളര്‍ത്തുകുമാരനായ ഈശോമിശിഹായെ പിതൃതുല്യവും ജോസഫ് സ്നേഹിച്ചിരുന്നു. പ. കന്യയുടെയും ഈശോമിശിഹായുടെയും ജീവിതസുഖസൗകര്യങ്ങളില്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചിരിന്നല്ലോ. പരസ്പര സ്നേഹവും സഹകരണവും ആ കുടുംബത്തില്‍ സന്തോഷം നിറച്ചു. പരസ്പര സേവനമര്‍പ്പിക്കുന്നതില്‍ അവര്‍ ഏറെ തത്പരരായിരുന്നല്ലോ. നസ്രസിലെ തിരുകുടുംബം ഭൂമിയിലെ ഒരു സ്വര്‍ഗ്ഗമായിരുന്നു.

ഓരോ കത്തോലിക്കാ കുടുംബവും നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകമായിരിക്കണം. ഭാര്യയും ഭര്‍ത്താവും മാതാപിതാക്കന്‍മാരും മക്കളും സഹോദരങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും സേവനത്തിലും കഴിയണം. ഈശോമിശിഹാ അവിടത്തെ പരിത്രാണ കര്‍മ്മമായ കാല്‍വരിയിലെ മഹായജ്ഞത്തിനു മൂന്ന് മണിക്കൂറും പരസ്യ ജീവിതത്തിനു മൂന്നു വത്സരവും മാത്രം വിനിയോഗിച്ചപ്പോള്‍ അവിടുന്ന്‍ നസ്രസിലെ തിരുക്കുടുംബത്തില്‍ വിശുദ്ധ യൗസേപ്പിനും പ.കന്യകയ്ക്കും കീഴ് വഴങ്ങി മുപ്പത് വത്സരം ജീവിച്ചു. അതിലൂടെ അവിടുന്ന്‍ തന്‍റെ കുടുംബത്തിന്‍റെ പരിപാവനതയെ പ്രഖ്യാപിക്കുകയാണ് ചെയ്തത്.

നമ്മുടെ കത്തോലിക്കാ കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും കേന്ദ്രമായിരിക്കണം. അവിടെ പ്രാര്‍ത്ഥനാ ജീവിതം ഉണ്ടായിരിക്കേണ്ടതാണ്. ക്രിസ്തീയമായ ഒരു അന്തരീക്ഷം കുടുംബത്തില്‍ നിലനില്‍ക്കണം. അതിന് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. ഒരു മാതൃകാ ഭര്‍ത്താവിനും, ഭാര്യയ്ക്കും വേണ്ട ഗുണങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷം മാത്രമേ അവര്‍ കുടുംബജീവിതം നയിക്കാന്‍ പാടുള്ളൂ. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം വിശുദ്ധീകരിക്കുവാനും കുട്ടികളെ വിശുദ്ധീകരിക്കുവാനും ചുമതലയുണ്ട്. ഇതിന് പ. കന്യകാമറിയവും വിശുദ്ധ യൗസേപ്പും നമുക്കു മാതൃക കാണിച്ചു തരുന്നു.

മക്കളുടെ സ്വഭാവരൂപീകരണം, കത്തോലിക്കാ വിദ്യാഭ്യാസം, മതപഠനം മുതലായ കാര്യങ്ങളില്‍ മാതാപിതാക്കന്മാര്‍ ശ്രദ്ധ പതിക്കണം. അന്ത്യവിധിയില്‍ സന്താനങ്ങളുടെ ആത്മരക്ഷയെ സംബന്ധിച്ച് മാതാപിതാക്കന്‍മാര്‍ ക്രിസ്തുവിന്‍റെ പക്കല്‍ കണക്കു കൊടുക്കേണ്ടതായി വരും. കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കുകയാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തി. കുടുംബത്തിന്‍റെ ആദ്ധ്യാത്മികവും ഭൗതികവുമായ സുസ്ഥിതിയില്‍ നാം സദാ ശ്രദ്ധാലുക്കളായിരിക്കണം. പരസ്പര സ്നേഹമുള്ള കുടുംബം സ്വര്‍ഗ്ഗത്തിന്‍റെ മുന്നോടിയാണ്. സ്നേഹമില്ലാത്ത കുടുംബം നരകത്തിന്‍റെ പ്രതിബിംബം ആയിരിക്കും.

സംഭവം
🔶🔶🔶🔶

ഒരിക്കല്‍ നിരപരാധിയായ ഒരു യുവാവ് ഭയങ്കരമായ അപകീര്‍ത്തിക്ക് പാത്രമായി. താന്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്‍കുട്ടി അയാളെ വഞ്ചിച്ചു. അസന്മാര്‍ഗ്ഗികമായ കാര്യങ്ങള്‍ക്ക് അവള്‍ ആ യുവാവില്‍ കുറ്റം ആരോപിച്ചു. ‘സമുദായ മദ്ധ്യത്തില്‍ അപമാനിതനായ താന്‍ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്ന വിചാരത്തോടെ അയാള്‍ ആത്മഹത്യയ്ക്കായി സ്വന്തം മുറിയില്‍ പ്രവേശിച്ചു. ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നെങ്കിലും പതിവുപോലെ നന്മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന അയാള്‍ മുടക്കിയില്ല. അതിനുശേഷം വിഷ ദ്രാവകം നിറച്ച കുപ്പി ചുണ്ടോടടുപ്പിച്ചു. മരണത്തിന് നിമിഷങ്ങള്‍ പോലും ബാക്കിയില്ല. ടക്, ടക് വാതിലില്‍ ശക്തിയായ മുട്ട് കേള്‍ക്കുന്നു. കുറ്റിയിട്ട മുറിയുടെ വാതില്‍ യുവാവ് തുറന്നു.

വളരെ വര്‍ഷങ്ങള്‍‍ രോഗിണിയായി കിടപ്പിലായിരുന്ന അയാളുടെ വല്യമ്മ വന്നു നില്‍ക്കുന്നു. അവള്‍ പറഞ്ഞു: “കുഞ്ഞേ, നീ ആത്മഹത്യ ചെയ്യാന്‍ പോവുകയായിരുന്നില്ലേ.” “അതേ വല്യമ്മേ” അയാള്‍ കരഞ്ഞുകൊണ്ട്‌ പ്രതിവചിച്ചു. നീ ആത്മഹത്യ ചെയ്യുവാന്‍ പോകുന്നതായി ഞാന്‍ ഒരു സ്വപ്നം കണ്ടു. ഈ മഹാപാതകം നീ ചെയ്യരുത്. മാര്‍ യൗസേപ്പിതാവിനെ ഓര്‍ത്ത് എല്ലാം ശാന്തമായി നീ സഹിക്കുക. നിന്നെക്കാള്‍ വലിയ അപകീര്‍ത്തിക്കു പാത്രമായിട്ടും യൗസേപ്പ് പിതാവ് സന്തോഷപൂര്‍വ്വം എല്ലാം സഹിച്ചല്ലോ. ആറു വര്‍ഷമായി കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്ന എനിക്ക് ശക്തി തന്നത് വിശുദ്ധ യൗസേപ്പല്ലാതെ മറ്റാരുമല്ല. “കുഞ്ഞേ, നീ ഒളിച്ചു വച്ചിട്ടുള്ള വിഷക്കുപ്പി ഇങ്ങു തരൂ എന്നു പറഞ്ഞ് വിഷം നിറച്ചിരുന്ന ആ കുപ്പി വാങ്ങി വൃദ്ധയായ സ്ത്രീ ജനാലയില്‍ക്കൂടി പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. യുവാവ് ചെയ്യാത്ത തെറ്റ് ആരോപിച്ച് അപമാനിച്ച ദുഷ്ട സ്ത്രീ പിറ്റേദിവസം പരസ്യമായി തന്‍റെ തെറ്റ് അറിയിച്ച് അയാളോട് മാപ്പു പറഞ്ഞു.

ജപം
🔶🔶

തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു മാതൃകാകുടുംബനാഥനായിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിച്ചിരുന്നല്ലോ. വത്സല പിതാവേ, കുടുംബനാഥന്‍മാരും, നാഥമാരും തങ്ങളുടെ ചുമതല വേണ്ടവിധത്തില്‍ ഗ്രഹിച്ച് കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായിത്തീരട്ടെ. കുടുംബങ്ങളില്‍ ക്രിസ്തീയമായ അന്തരീക്ഷവും സ്നേഹവും സമാധാനവും പരസ്പര സഹകരണവും നിലനിറുത്തണമെ. കുടുംബജീവിതത്തിന്‍റെ ഭദ്രതയും പാവനതയും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കാനുള്ള അനുഗ്രഹം വത്സലപിതാവേ, അങ്ങ് ഞങ്ങള്‍ക്കു നല്‍കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

തിരുക്കുടുംബത്തിന്‍റെ കാവല്‍ക്കാരാ, ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ്‌ ദൈവം.
2 കോറിന്തോസ്‌ 9 : 8

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


ജഢികാഭിലാഷങ്ങൾ മരണത്തിലേക്ക് നയിക്കുന്നു.. ആത്മീയാഭിലാഷങ്ങൾ ജീവനിലേക്കും.. (റോമാ : 8/6)

സർവ്വശക്തനായ എന്റെ ദൈവമേ..
ജീവിതത്തിന്റെ ദിനങ്ങൾ കൊഴിഞ്ഞു പോകുന്നതിനെക്കുറിച്ച് വേവലാതിപ്പെടാതെ അങ്ങ് കൂടെയുള്ളപ്പോൾ എന്റെ ദിനങ്ങൾ എന്നും സന്തോഷഭരിതമായിരിക്കും എന്ന വിശ്വാസത്തോടെയും.. അതിയായ ആനന്ദത്തോടെയും ഈ പ്രഭാതനിമിഷങ്ങളിൽ ഞാൻ പ്രാർത്ഥനയിലൂടെ നിന്നോട് കൂടെയായിരിക്കുന്നു. ഒന്നിനോട് വിരക്തി തോന്നുമ്പോഴായിരിക്കും ഒരിക്കലും ശ്രദ്ധിക്കാതിരുന്ന മറ്റൊന്നിലേക്ക് നമ്മൾ കൂടുതൽ ആകർഷിക്കപ്പെടുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. അങ്ങനെയാണെങ്കിൽ ഇപ്പോൾ എന്നിൽ ഭരണം നടത്തുന്ന പാപത്തോട് വിരക്തി തോന്നിയാൽ മാത്രമേ എനിക്കും വിശുദ്ധിയെ പ്രണയിക്കാൻ കഴിയൂ.. കേവലം പ്രാർത്ഥനകളിലും.. നോമ്പുകളിലും.. ഉപവാസത്തിലും മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു വിശുദ്ധീകരണമല്ല എന്റെ കർത്താവ് എന്നിൽ നിന്നും ആഗ്രഹിക്കുന്നത്.. എന്റെ കണ്ണുകൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ചകളിൽ നിന്നും, കാതുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന മധുരഭാഷണങ്ങളിൽ നിന്നും, നാവിനു കൗതുകകരമായ സ്തുതിപാടലുകളിൽ നിന്നും, നൈമിഷിക സുഖങ്ങൾ പകരുന്ന വ്യർത്ഥഭാഷണങ്ങളിൽ നിന്നും, എന്റെ ചാപല്യങ്ങളിൽ നിന്നും പൂർണമായ ഒരു വിടുതൽ എനിക്കുണ്ടാകുമെങ്കിൽ.. അവിടെ എന്റെ വിശുദ്ധീകരണത്തിന്റെ നോമ്പനുഭവം എനിക്കും സ്വന്തമാവുക തന്നെ ചെയ്യും..

എന്റെ ഈശോയേ.. എല്ലാ തിന്മകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുന്നതിനും.. സത്പ്രവൃത്തികൾ ചെയ്യുന്നതിൽ തീക്ഷണതയുള്ള ഒരു ജനതയെ തനിക്കു വേണ്ടി ശുദ്ധീകരിക്കുന്നതിനുമായി ഞങ്ങളെ പ്രതി തന്നെത്തന്നെ ബലിയർപ്പിച്ച നിന്നിൽ മാത്രം അഭയംഗമിക്കാനും.. നോമ്പിന്റെ നേരനുഭവത്തിലൂടെ വിശുദ്ധിയുടെ വെണ്മവസ്ത്രം സ്വന്തമാക്കുവാനും ഞങ്ങളെയും യോഗ്യരാക്കിയരുളേണമേ..

വിശുദ്ധ അഗസ്‌തീനോസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

Advertisements

* നോമ്പുകാല വിചിന്തനം-19
വി.യോഹന്നാൻ 5 : 1 – 18

‘ ശരീരമാദ്യം ഖലു ധർമ്മസാധനം ‘ എന്നൊരു ശൈലീഭൂതവാക്യം സംസ്കൃതത്തിൽ വായിച്ചതോർമ്മിക്കുന്നു. ധർമ്മനിർവ്വഹണത്തിനുള്ള ആദ്യത്തെ ഉപാധി ശരീരമുണ്ടായിരിക്കുക എന്നതാണ് അതിന്റെ അർത്ഥം. അങ്ങനെയെങ്കിൽ പാപം ചെയ്യണമെങ്കിലും ശരീരമുണ്ടായിരിക്കേണ്ടതു മുണ്ടല്ലോ. എന്നാൽ ശരീരം രോഗാതുരമായാലോ? എല്ലാം നിശ്ചലമായെന്നു വരാം. സാധാരണഗതിയിൽ പാരമ്പര്യംവഴിയും പാഥേയംവഴിയുമാണ് നമ്മുടെ ശരീരത്തിൽ രോഗസംക്രമണം സംഭവിക്കുന്നത്. ആയ്യൂർവേദവിധിപ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളാണ് സകല രോഗങ്ങളുടെയും അടിസ്ഥാനം. ശരീരത്തിന്റെ സന്ധിബന്ധങ്ങളെ വേദനിപ്പിക്കുന്നതും തളർത്തുന്നതുമാണ് വാതരോഗം. ബെത് സെയ്ദാ കുളക്കരയിൽ മുപ്പത്തിയെട്ടു വർഷമായി രോഗാതുരനായി കിടന്നിരുന്നയാൾ വാതരോഗത്താൽ തളർന്നു പോയവനായിരുന്നു. അയാൾ ഒട്ടേറെ ചികിത്സാ വിധികളെ ആശ്രയിച്ചിട്ടുണ്ടാകാം. വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്തു യേശു തന്റെ അനുകമ്പാർദ്രമായ സമീപനംകൊണ്ട് രോഗിയുടെ വിശ്വാസതീക്ഷ്ണതയെ മാനിച്ച് അയാൾക്ക് രോഗസൗഖ്യം നൽകി. എന്തിനാണ് യേശു നമ്മുടെ രോഗങ്ങളെ സൗഖ്യമാക്കുന്നത് ? നമ്മുടെ ശരീരം അവിടുത്തെ ആത്മാവിന്റെ ആലയമാണ്. അത് നശിച്ചു കാണാൻ അവിടുന്ന് ഒരിക്കലും ആഗ്രഹിക്കന്നില്ല. അതേസമയം, നമ്മുടെ തെറ്റായ ജീവിതരീതികൊണ്ടും പ്രവൃത്തികൾകൊണ്ടും രോഗത്തെയോ മരണത്തേയോ ക്ഷണിച്ചു വരുത്തരുതെന്നും അവിടുന്ന് അതിയായി ആഗ്രഹിക്കുന്നു. ആരോഗ്യത്തിലും അനാരോഗ്യത്തിലും നമ്മൾ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. ഏതു പ്രതിസന്ധിയിലും നമ്മുടെ ആശ്രയം സൗഖ്യത്തിന്റെയും രക്ഷയുടെയും ഉറപ്പും ഉറവിടവുമായ യേശുക്രിസ്തുവിലായിരിക്കട്ടെ.

ഫാ. ആന്റണി പൂതവേലിൽ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s