🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ചൊവ്വ, 9/3/2021
Tuesday of the 3rd week of Lent
with a commemoration of Saint Frances of Rome, Religious
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. സങ്കീ 17:6,8
ദൈവമേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ചു;
അതിനാല്‍, അങ്ങെന്നെ ശ്രവിച്ചു.
അങ്ങേ ചെവിചായ്ക്കുകയും
എന്റെ വാക്കുകള്‍ ശ്രവിക്കുകയും ചെയ്യണമേ.
കര്‍ത്താവേ, കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ.
അങ്ങേ ചിറകുകളുടെ നിഴലില്‍ എന്നെ സംരക്ഷിക്കണമേ.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിവാഹജീവിതത്തിന്റെയും
സന്ന്യസ്തജീവിതത്തിന്റെയും ഉത്തമ മാതൃക
വിശുദ്ധ ഫ്രാന്‍സിസ്കയില്‍ അങ്ങ് ഞങ്ങള്‍ക്കു നല്കിയല്ലോ.
അങ്ങേക്ക് നിരന്തരം ശുശ്രൂഷ ചെയ്യാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, സകല ജീവിതമേഖലകളിലും
അങ്ങയെ ദര്‍ശിക്കാനും അനുഗമിക്കാനും
ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ദാനി 3:25,34-43
പശ്ചാത്താപവിവശമായ ഹൃദയത്തോടും വിനീതമനസ്സോടും കൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ!
അസറിയാ എഴുന്നേറ്റു നിന്നു പ്രാര്‍ഥിച്ചു; അഗ്നിയുടെ മധ്യത്തില്‍ അവന്റെ അധരങ്ങള്‍ കര്‍ത്താവിനെ പുകഴ്ത്തി:
അങ്ങേ നാമത്തെപ്രതി,ഞങ്ങളെ തീര്‍ത്തും പരിത്യജിക്കരുതേ;
അങ്ങേ ഉടമ്പടി ലംഘിക്കരുതേ.
അങ്ങേ സ്നേഹഭാജനമായ അബ്രാഹത്തെയും,
അങ്ങേ ദാസനായ ഇസഹാക്കിനെയും
അങ്ങേ പരിശുദ്ധനായ ഇസ്രായേലിനെയും അനുസ്മരിച്ച്,
അങ്ങേ കാരുണ്യം ഞങ്ങളില്‍ നിന്നു പിന്‍വലിച്ചുകളയരുതേ!
ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും
കടല്‍ത്തീരത്തെ മണല്‍പോലെയും
അവരുടെ സന്തതികളെ വര്‍ധിപ്പിക്കുമെന്ന്
അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.
കര്‍ത്താവേ, ഞങ്ങള്‍ മറ്റേതൊരു ജനതയെയുംകാള്‍
എണ്ണത്തില്‍ കുറവായി.
ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം ഞങ്ങള്‍ ഇപ്പോഴിതാ,
ലോകത്തില്‍ ഏറ്റവും നിന്ദ്യരായിരിക്കുന്നു.
ഇക്കാലത്ത്, രാജാവോ പ്രവാചകനോ നായകനോ
ദഹനബലിയോ മറ്റുബലികളോ അര്ച്ചനയോ ധൂപമോ ഞങ്ങള്‍ക്കില്ല.
അങ്ങേക്കു ബലിയര്‍പ്പിക്കുന്നതിനോ
അങ്ങേ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങള്‍ക്കില്ല.
പക്ഷേ, മുട്ടാടുകളും കാളകളും പതിനായിരക്കണക്കിന്
ആടുകളും കൊണ്ടുള്ള ബലിയാലെന്നപോലെ,
പശ്ചാത്താപ വിവശമായ ഹൃദയത്തോടും വിനീത മനസ്സോടും കൂടെ
അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ!
ഇന്ന് അങ്ങേ സന്നിധിയില്‍ ഞങ്ങളുടെ ബലി ഇങ്ങനെയാണ്.
ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുഗമിക്കും;
എന്തെന്നാല്‍, അങ്ങയില്‍ ആശ്രയിക്കുന്ന ആരും ലജ്ജിക്കേണ്ടി വരുകയില്ല.
ഇപ്പോള്‍ പൂര്‍ണ ഹൃദയത്തോടെ ഞങ്ങള്‍ അങ്ങയെ അനുഗമിക്കുന്നു;
ഞങ്ങള്‍ അങ്ങയെ ഭയപ്പെടുകയും അങ്ങേ മുഖം തേടുകയും ചെയ്യുന്നു.
ഞങ്ങള്‍ ലജ്ജിക്കാന്‍ ഇടയാക്കരുതേ!
അങ്ങേ അനന്തകാരുണ്യത്തിനും ക്ഷമയ്ക്കും അനുസൃതമായി
ഞങ്ങളോടു വര്‍ത്തിക്കണമേ!
അങ്ങേ അദ്ഭുതപ്രവൃത്തികള്‍ക്കൊത്ത്
ഞങ്ങള്‍ക്കു മോചനം നല്കണമേ!
കര്‍ത്താവേ, അങ്ങേ നാമത്തിനു മഹത്വം നല്കണമേ!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 25:4-5,6-7,8-9
കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!
കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.
കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!
കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച
അങ്ങേ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങേ അചഞ്ചല സ്നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!
കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!
കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കര്‍ത്താവേ, അങ്ങേ കാരുണ്യം അനുസ്മരിക്കണമേ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 18:21-35
ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.
അക്കാലത്ത്, പത്രോസ് മുന്നോട്ടു വന്ന് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു.
സ്വര്‍ഗരാജ്യം, തന്റെ സേവകന്മാരുടെ കണക്കു തീര്‍ക്കാന്‍ ആഗ്രഹിച്ച ഒരു രാജാവിനു സദൃശം. കണക്കു തീര്‍ക്കാനാരംഭിച്ചപ്പോള്‍, പതിനായിരം താലന്ത് കടപ്പെട്ടിരുന്ന ഒരുവനെ അവര്‍ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. അവന് അതു വീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്തവസ്തുക്കളെയും വിറ്റു കടം വീട്ടാന്‍ യജമാനന് കല്പിച്ചു. അപ്പോള്‍ സേവകന് വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു: പ്രഭോ, എന്നോടു ക്ഷമിക്കണമേ! ഞാന്‍ എല്ലാം തന്നുവീട്ടിക്കൊള്ളാം. ആ സേവകന്റെ യജമാനന് മനസ്സലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു.
അവന് പുറത്തിറങ്ങിയപ്പോള്‍, തനിക്കു നൂറു ദനാറ നല്‍കാനുണ്ടായിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ട് അവന് പറഞ്ഞു: എനിക്ക് തരാനുള്ളതു തന്നുതീര്‍ക്കുക. അപ്പോള്‍ ആ സഹസേവകന്‍ അവനോട് വീണപേക്ഷിച്ചു: എന്നോടു ക്ഷമിക്കണമേ! ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, അവന് സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ സഹസേവകനെ അവന് കാരാഗൃഹത്തിലിട്ടു.
സംഭവിച്ചതറിഞ്ഞ് മറ്റു സേവകന്മാര് വളരെ സങ്കടപ്പെട്ടു. അവര്‍ ചെന്ന് നടന്നതെല്ലാം യജമാനനെ അറിയിച്ചു. യജമാനന് അവനെ വിളിച്ചു പറഞ്ഞു: ദുഷ്ടനായ സേവകാ, നീ എന്നോടു കേണപേക്ഷിച്ചതുകൊണ്ടു നിന്റെ കടമെല്ലാം ഞാന്‍ ഇളച്ചുതന്നു. ഞാന്‍ നിന്നോടു കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോടു കരുണ കാണിക്കേണ്ടതായിരുന്നില്ലേ? യജമാനന് കോപിച്ച് കടം മുഴുവന്‍ വീട്ടുന്നതുവരെ അവനെ കാരാഗൃഹാധികൃതര്‍ക്ക് ഏല്പിച്ചുകൊടുത്തു. നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, രക്ഷാകരമായ ഈ ബലിവസ്തു,
ഞങ്ങളുടെ പാപങ്ങളുടെ ശുദ്ധീകരണവും
അങ്ങേ ശക്തിയുടെ പ്രീതികരണവുമായി ഭവിക്കാന്‍
ഞങ്ങള്‍ക്ക് അനുഗ്രഹം തരണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 15:1-2
കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ ആരു വസിക്കും?
അങ്ങേ വിശുദ്ധഗിരിയില്‍ ആരു വാസമുറപ്പിക്കും?
നിഷ്കളങ്കനായി പ്രവേശിക്കുന്നവനും നീതി പ്രവര്‍ത്തിക്കുന്നവനും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ദിവ്യരഹസ്യത്തിന്റെ വിശുദ്ധ പങ്കാളിത്തം
ഞങ്ങളെ ഉജ്ജീവിപ്പിക്കണമെന്നും
അതുപോലെ ഞങ്ങള്‍ക്ക് പാപമോചനവും
സംരക്ഷണവും നല്‍കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന
അങ്ങേ ജനത്തിന്റെ സംസ്ഥാപകനും നിയന്താവുമായ ദൈവമേ,
അവരെ അലട്ടുന്ന പാപങ്ങള്‍ അകറ്റണമേ.
അങ്ങനെ, അവര്‍ അങ്ങേക്ക്
എപ്പോഴും പ്രീതിയുള്ളവരായിരിക്കുകയും
അങ്ങേ സംരക്ഷണത്തില്‍ സുരക്ഷിതരായിരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.
ആമേൻ.
🔵
Categories: Liturgy