അപ്പനുമമ്മയും ചൊല്ലി പഠിപ്പിച്ച വഴികൾ

അപ്പനുമമ്മയും ചൊല്ലി പഠിപ്പിച്ച വഴികൾ

ഗുഡ്നെസ് ടി.വി.യിലെ
ശ്രദ്ധേയമായ പരിപാടിയാണ്
‘സ്നേഹം സഹനം സന്യാസം.’

അതിൻ്റെ 25-ാം എപ്പിസോഡ് ആകർഷകമായിരുന്നു.

പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്യുന്ന
റോയ് കണ്ണഞ്ചിറ അച്ചനും
റോബി കണ്ണഞ്ചിറ അച്ചനും
അന്ന് ഇൻ്റർവ്യൂ ചെയ്തത്
തങ്ങളുടെ സഹോദരിയും
സാധു സേവന സഭയുടെ സുപ്പീരിയർ ജനറളുമായ സിസ്റ്റർ ജോസിയ CSS നെ
ആയിരുന്നു.

‘എന്താണ് ദൈവവിളി
സ്വീകരിക്കാൻ പ്രചോദനം’
എന്ന സഹോദര വൈദികരുടെ
ചോദ്യത്തിന്
സിസ്റ്റർ പറഞ്ഞ മറുപടി
മനസിനെ കുളിരണിയിച്ചു.
മാതാപിതാക്കളുടെ വിശ്വാസ ജീവിതത്തെക്കുറിച്ചാണ് സിസ്റ്റർ സൂചിപ്പിച്ചത്.

എന്തെങ്കിലും വിഷമങ്ങൾ വരുമ്പോൾ
ചാച്ചനും അമ്മയും തിരുസ്വരൂപത്തിനു മുമ്പിൽ ചെന്ന് പ്രാർത്ഥിക്കുന്നതും,
വല്യമ്മച്ചിയുടെ കൂടെ
പള്ളിയിലേക്ക് പോകുന്നതും
ബന്ധു ഭവനങ്ങളിലേക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കളുടെ പ്രചോദനപരമായ ഇടപെടലുകളുമെല്ലാം ആത്മാവിന് ഉണർവേകിയ നിമിഷങ്ങളായിട്ടാണ്
സിസ്റ്റർ കാണുന്നത്.

മാത്രമല്ല,
കുഞ്ഞുനാളിൽ ചാച്ചൻ വ്യക്തിപരമായി ചൊല്ലിയ പ്രാർത്ഥനകളും വർഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും
സന്യാസ വഴിയിലൂടെ സഞ്ചരിക്കുന്ന
മക്കൾ മൂന്നു പേരും ചൊല്ലാറുണ്ട് എന്നറിഞ്ഞപ്പോൾ സത്യത്തിൽ
ആ പിതാവിനെക്കുറിച്ച് അഭിമാനം തോന്നി.
ആ പ്രാർത്ഥന സിസ്റ്റർ ജോസിയ തൻ്റെ സഹോദരങ്ങൾക്ക് ഇങ്ങനെ ചൊല്ലിക്കൊടുത്തു:

“എൻ്റെ ഈശോയെ,
ഞങ്ങളെ നല്ല വഴിയേ നടത്തണമേ,
നല്ല മാർഗം കാണിച്ചു തരണമേ,
പഠിക്കാനുള്ള ബുദ്ധിയും,
ജീവിക്കാനുള്ള കഴിവും,
ഞങ്ങൾക്കു നൽകണമേ,
എൻ്റെ ഈശോയെ”
എല്ലാ അപകടത്തിൽനിന്നും,
ആപത്തിൽ നിന്നും,
ഞങ്ങളെ കാത്തുരക്ഷിക്കണമേ, അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കും, തിന്മയിൽ നിന്ന് നന്മയിലേക്കും,
മരണത്തിൽ നിന്ന് മരണമില്ലായ്മയിലേക്കും, നാഥാ ഞങ്ങളെ നയിക്കണമേ…”

മാതാപിതാക്കളിൽ നിന്ന്
മക്കൾ പഠിക്കേണ്ട ഏറ്റവും വലിയ
ശീലമല്ലെ പ്രാർത്ഥന ?
പ്രാർത്ഥനകൊണ്ട് സ്വാധീനിക്കാനും
മക്കൾക്ക് വഴികാട്ടികളാകാനും
എത്ര മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്?

മക്കളോട് കുടുംബ പ്രാർത്ഥന ചൊല്ലാൻ പറഞ്ഞത് പ്രാർത്ഥനയിൽ പങ്കെടുക്കാത്തവരും
മക്കളെ പള്ളിയിൽ പറഞ്ഞയച്ച്
കുർബാനയിൽ പങ്കെടുക്കാൻ ഒഴികഴിവു പറയുന്നവരും നമുക്കിടയിൽ ഇല്ലേ?

ഇവിടെയാണ് ദൈവ പിതാവിനെക്കുറിച്ച് ക്രിസ്തു പങ്കുവച്ച വാക്കുകൾക്ക് പ്രസക്തിയേറുന്നത്:
“സത്യം സത്യമായി ഞാന്‍
നിങ്ങളോടു പറയുന്നു.
പിതാവു ചെയ്‌തുകാണുന്നതല്ലാതെ
പുത്രന്‌ സ്വന്തം ഇഷ്‌ടമനുസരിച്ച്‌ ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല.
എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു”
(യോഹന്നാന്‍ 5 : 19).

തങ്ങളുടെ വാക്കും പ്രവൃത്തിയും
മക്കൾ ഒപ്പിയെടുക്കുന്നുണ്ടെന്ന്
തിരിച്ചറിയുന്ന മാതാപിതാക്കളേ
നിങ്ങൾ ഭാഗ്യവാന്മാർ!

ഫാദർ ജെൻസൺ ലാസലെറ്റ്
മാർച്ച് 9-2021.



https://www.facebook.com/Fr-Jenson-La-Salette-103076014813870/

Leave a comment