നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
ഇരുപതാം ദിനം
“പ്രിയ കൂട്ടുകാരേ, ദിവ്യകാരുണ്യത്തിലെ ഈശോയെ കണ്ടെത്താൻ നിങ്ങൾക്കു കഴിയണമെങ്കിൽ നിങ്ങളുടെ സഹോദരി സഹോദരന്മാരിൽ പ്രത്യേകിച്ചു ദരിദ്രരിൽ അവനെ എങ്ങനെ കണ്ടെത്താമെന്നുകൂടി നിങ്ങൾ അറിയണം.”
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ (1920- 2005)
1920 മെയ് 18 ന് പോളണ്ടിലെ വാഡോവീസിൽ മൂന്ന് മക്കളിൽ ഇളയവനായി കരോൾ ജുസെഫ് വോയ്റ്റില ജനിച്ചു. കരോൾ എന്നായിരുന്നു പിതാവിൻ്റെ പേര് അദ്ദേഹം പോളിഷ് ആർമി ലെഫ്റ്റനന്റായിരുന്നു, അമ്മ എമിലിയ ഒരു സ്കൂൾ അദ്ധ്യാപികയായിരുന്നു. സ്നേഹനിധിയായ ഒരു കുടുംബത്തിലാണ് കരോൾ ജനിച്ചതെങ്കിലും, അവന്റെ ബാല്യകാലജീവിതം കഷ്ടപ്പാടുകളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. മൂത്ത സഹോദരി ഓൾഗ ശൈശവത്തിൽത്തന്നെ മരിച്ചു, കരോളിന് പന്ത്രണ്ട് വയസ്സായപ്പോൾ, അമ്മ എമെലിയ വൃക്ക തകരാറിനെത്തുടർന്ന് മരിച്ചു. മൂത്ത സഹോദരൻ എഡ്മണ്ട് സ്കാർലറ്റ് പനി ബാധിച്ച് മരിച്ചു. സുഹൃത്തുക്കൾക്കിടയിൽ ലോലെക്ക് എന്നനാണ് കരോൾ അറിയപ്പെട്ടിരുന്നത്. 1929 മെയ് മാസം 25 നു പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.
ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കരോൾ ക്രാക്കോവിലെ ജാഗിയോലോണിയൻ സർവകലാശാലയിലും 1938 ൽ നാടകം പഠിപ്പിക്കുന്ന ഒരു സ്കൂളിലും ചേർന്നു. പോളണ്ടിലെ നാസി അധിനിവേശ സേന 1939 ൽ സർവകലാശാല അടച്ചതിനാൽ കരോളിന് നാല് വർഷം ക്വാറിയിൽ ജോലി ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ പിതാവ് 1941-ൽ അന്തരിച്ചു. പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി അറിഞ്ഞ കരോൾ 1942-ൽ ക്രാക്കോവിലെ രഹസ്യ സെമിനാരിയിൽ പഠനം ആരംഭിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ക്രാക്കോവിലെ പ്രധാന സെമിനാരി വീണ്ടും തുറന്നപ്പോൾ അവിടെ പഠനം തുടർന്നു. 1946 നവംബർ 1 ന് പുരോഹിതനായി അഭിഷിക്തനായി 1964 ജനുവരി 13 ന് പോൾ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ ആർച്ച് ബിഷപ്പായും പിന്നീട് 1967 ജൂൺ 26 ന് കർദിനാളായും ഉയർത്തി. 1978 ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കരോൾ വോയ്റ്റില ഇറ്റലിക്കു പുറത്തുനിന്നു 455 വർഷത്തിനു ശേഷം നിയമിതനായ ആദ്യ മാർപാപ്പയായി. 2005 ൽ അദ്ദേഹം അന്തരിച്ചു, ഫ്രാൻസിസ് മാർപാപ്പ 2014 ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടൊപ്പം പ്രാർത്ഥിക്കാം
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായേ, വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച നിന്നെ അനുകരിച്ച് ഈ നോമ്പുകാലത്തു ദിവ്യകാരുണ്യ ഈശോയെ എൻ്റെ ചുറ്റുമുള്ളവരിൽ കണ്ടെത്താനായി എൻ്റെ ഹൃദയമിഴികളെ തുറക്കാനായി ദൈവത്തോടു പ്രാർത്ഥിക്കണമേ.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/
Categories: Saints