അനുദിനവിശുദ്ധർ – മാർച്ച് 11

⚜️⚜️⚜️⚜️ March 11 ⚜️⚜️⚜️⚜️
വിശുദ്ധ ഇയൂളോജിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

സ്പെയിനിലെ മൂറുകളുടെ തലസ്ഥാനമായിരുന്ന കൊര്‍ദോവയിലെ സെനറ്റര്‍മാരുടെ കുടുംബത്തിലായിരുന്നു വിശുദ്ധ ഇയൂളോജിയൂസ് ജനിച്ചത്. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴിലുണ്ടായിരുന മതപീഡനത്തില്‍ വെച്ച് 19 പുരോഹിതര്‍ക്കൊപ്പം രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സോയിലൂസ് പുരോഹിതന്റെ കീഴിലായിരുന്നു ഇയൂളോജിയൂസിന്‍റെ വിദ്യാഭ്യാസം. അദ്ദേഹത്തിന്റെ നന്മയും, അറിവും കാരണം വിശുദ്ധന്‍ മറ്റുള്ളവരേ ആകര്‍ഷിക്കാന്‍ കാരണമായി. അധികം താമസിയാതെ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും കൊര്‍ദോവയിലെ സഭാസ്കൂളിന്റെ തലവനായി നിയമിതനാവുകയും ചെയ്തു. തന്റെ പഠനത്തിനായി അദ്ദേഹം ഉപവസിക്കുകയും, കഠിനമായി പ്രയത്നിക്കുകയും ചെയ്തു. വിശുദ്ധന്റെ വിനയവും, എളിമയും, കാരുണ്യവും, സ്നേഹവും മറ്റുള്ളവരുടെ ബഹുമാനത്തിന്നും ആദരവിനും പാത്രമായി.

850-ല്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ടായ മതപീഡനകാലത്ത്‌ വിശുദ്ധന്‍ തടവറയിലടക്കപ്പെട്ടു. 851 നവംബര്‍ 24ന് കന്യകമാരായ ഫ്ലോറയും, മേരിയും ശിരച്ചേദം ചെയ്തു കൊല്ലപ്പെട്ടു. അവരുടെ മരണത്തിന് ആറു ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധന്‍ സ്വതന്ത്രനാക്കപ്പെട്ടു. 852-ല്‍ നിരവധി പേര്‍ രക്തസാക്ഷികളാക്കപ്പെട്ടു. വിശുദ്ധന്‍ അവര്‍ക്കെല്ലാം ധൈര്യമേകുകയും, ദുഃഖിതരായ തന്റെ വിശ്വാസികള്‍ക്ക് ഒരു താങ്ങും തണലുമായി തീരുകയും ചെയ്തു. ഇതിനിടെ 858-ല്‍ മെത്രാപ്പോലീത്തയായിരുന്ന ടോള്‍ഡോ ദിവംഗതനായി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശുദ്ധ ഇയൂളോജിയൂസ് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ അഭിഷേകത്തിനു ചില തടസ്സങ്ങള്‍ നേരിട്ടു. എന്നിരുന്നാലും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം രണ്ടുമാസത്തില്‍ കൂടുതല്‍ വിശുദ്ധന്‍ ജീവിച്ചിരുന്നില്ല.

മൂറുകളിലെ ഒരു പുരാതന കുടുംബത്തില്‍ ജനിച്ച ലിയോക്രീഷ്യ എന്ന് പേരായ ഒരു കന്യക തന്റെ ചെറുപ്പം മുതലേ ഒരു ബന്ധുവിന്റെ സ്വാധീനത്തില്‍ ക്രിസ്തുമത വിശ്വാസത്തിലാണ് വളര്‍ന്നു വന്നിരുന്നത്. അവള്‍ വളരെ രഹസ്യമായി ജ്ഞാനസ്നാനം സ്വീകരിച്ചിരുന്നു. ഇതറിഞ്ഞ അവളുടെ മാതാപിതാക്കള്‍ ദിനം തോറും രാത്രിയും, പകലും അവളെ തന്റെ വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിക്കുകയും, ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്തു. അവളുടെ അവസ്ഥയെക്കുറിച്ച് അറിയുവാനിടവന്ന വിശുദ്ധ ഇയൂളോജിയൂസും അദ്ദേഹത്തിന്റെ സഹോദരിയായിരുന്ന അനുലോണയും, അവളോടു തന്റെ ഇഷ്ടപ്രകാരമുള്ള മതവിശ്വാസം പുലര്‍ത്തുവാന്‍ കഴിയുന്ന എവിടേക്കെങ്കിലും പോകുവാന്‍ അവളെ ഉപദേശിച്ചു. അവളുടെ യാത്രക്ക് വേണ്ടുന്ന സാധന-സാമഗ്രികള്‍ അവര്‍ വളരെ രഹസ്യമായി ശേഖരിക്കുകയും, വിശ്വസ്തരായ സുഹൃത്തുക്കളുടെ കൂടെ അവളെ വളരെ രഹസ്യമായി കുറച്ചുകാലത്തേക്ക് പാര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ അവസാനം ഇക്കാര്യം പുറത്തറിഞ്ഞു. അവരെ എല്ലാവരേയും നിയമഞ്ജരുടെ സമക്ഷം ഹാജരാക്കി. അദ്ദേഹം വിശുദ്ധനെ ചമ്മട്ടികൊണ്ടടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ “തന്നെ മര്‍ദ്ദിക്കുന്നതു കൊണ്ട് യാതൊരു ഫലവും ഉണ്ടാകില്ല, കാരണം താന്‍ ഒരിക്കലും തന്റെ വിശ്വാസത്തെ കൈവെടിയുകയില്ല” എന്ന് വിശുദ്ധന്‍ പറഞ്ഞു. ഇതില്‍ ക്രുദ്ധനായ നിയമഞ്ജന്‍ വിശുദ്ധനെ രാജകൊട്ടാരത്തില്‍ കൊണ്ടുപോകുവാനും രാജാവിന്റെ സമിതിക്ക് മുന്‍പാകെ കാഴ്ചവെക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ വിശുദ്ധനാകട്ടെ വളരെ ഉച്ചത്തില്‍ അവരോടു സുവിശേഷ സത്യങ്ങള്‍ പ്രഘോഷിക്കുവാനാരംഭിച്ചു,

മറ്റുള്ളവര്‍ വിശുദ്ധന്റെ സുവിശേഷ പ്രബോധനങ്ങള്‍ കൂടുതല്‍ കേള്‍ക്കുന്നത് തടയുന്നതിനായി ഉടന്‍ തന്നെ വിശുദ്ധനെ ശിരച്ചേദം ചെയ്തു വധിക്കുവാന്‍ തന്നെ രാജസമിതി തീരുമാനിച്ചു. അവരെ വധിക്കുവാന്‍ കൊണ്ടുപോകുന്ന വഴിയില്‍ മാഹോമെറ്റിനെതിരായി സംസാരിച്ചതിനാല്‍ കാവല്‍ക്കാരില്‍ ഒരാള്‍ വിശുദ്ധന്റെ മുഖത്ത് വളരെ ശക്തിയായി അടിച്ചു. എന്നാല്‍ വിശുദ്ധന്‍ വളരെ ക്ഷമാപൂര്‍വ്വം തന്റെ മറ്റേ കവിളും കാണിച്ചുകൊടുക്കുകയും, ആ കവിളത്തും അടിക്കുവാന്‍ കാവല്‍ക്കാരനെ അനുവദിക്കുകയും ചെയ്തു.

859 മാര്‍ച്ച്‌ 11ന് വളരെ സന്തോഷത്തോടു കൂടി വിശുദ്ധന്‍ തന്റെ മരണത്തേ സ്വീകരിച്ചു. വിശുദ്ധന്റെ വധത്തിനു നാല് ദിവസങ്ങള്‍ക്ക്‌ ശേഷം വിശുദ്ധ ലിയോക്രീഷ്യയേയും ശിരച്ചേദം ചെയ്തു കൊലപ്പെടുത്തുകയും അവളുടെ മൃതദേഹം ഗുവാദാല്‍ഖ്വിവിര്‍ നദിയിലേക്കെറിഞ്ഞു. പിന്നീട് ഈ മൃതശരീരങ്ങള്‍ അവിടത്തെ ക്രിസ്ത്യാനികള്‍ വീണ്ടെടുത്തു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ക്ലൊനെനാഗ് ബിഷപ്പായ എക്കൂസ്

2. ആല്‍ബെര്‍ത്താ

3. സ്പെയിനിലെ അമുണിയ

4. സ്പയിനിലെ ഓറിയ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനൊന്നാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶


ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ’20 എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു”
(മത്തായി 2:19-20).

കന്യാവ്രതക്കാരുടെ കാവല്‍ക്കാരന്‍
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

വിശുദ്ധ യൗസേപ്പിനെ പറ്റിയുള്ള പൗരാണികമായ ഗ്രന്ഥകാരന്മാരും കലാകാരന്മാരും പ.കന്യകയേക്കാള്‍ വലിയ വൃദ്ധനായി ചിത്രീകരിച്ചിരുന്നു. ഒരു യുവതിയോട് കൂടി വസിച്ചുകൊണ്ട് കന്യാവ്രതം പാലിക്കുവാന്‍ വൃദ്ധന്‍മാര്‍ക്കേ സാധിക്കുകയുള്ളൂ എന്ന ധാരണ അന്ന് ഉണ്ടായിരുന്നു. എന്നാല്‍ വിശുദ്ധ യൗസേപ്പും പ. കന്യകയും പ്രായത്തില്‍ ഏകദേശം സമാനരായിരുന്നു. വിശുദ്ധ യൗസേപ്പ് പ്രായാധിക്യത്താല്‍ ചൈതന്യമറ്റവനായിട്ടല്ല ജീവിച്ചത്. മറിച്ച്, ദൈവീക പ്രചോദനത്താല്‍ യൗവ്വനയുക്തനായ അദ്ദേഹം ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചത്.

പ. കന്യകയുടെ ദര്‍ശനവും സാമീപ്യവും വി. യൗസേപ്പിനു ശക്തിപകര്‍ന്നുവെന്നതില്‍ തര്‍ക്കമില്ല. കൂടാതെ ദൈവത്തിന്‍റെ അനന്ത ജ്ഞാനത്തില്‍ പ. കന്യകയുടെ കന്യാവ്രതപാലനത്തിനുള്ള ഒരു തിരശ്ശീല അഥവാ കാവല്‍ക്കാരനായി വി. യൗസേപ്പ് തെരഞ്ഞെടുക്കപ്പെട്ടു. യഹൂദാചാരപ്രകാരം ഒരു യുവതി അവിവാഹിതയായി ജീവിക്കുകയെന്നത് മൂല്യച്യുതിയായിട്ടാണ് പരിഗണിച്ചിരുന്നത്. അവിവാഹിതയായ സ്ത്രീ ഗര്‍ഭം ധരിച്ചാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലണമെന്ന് പഴയ നിയമം അനുശാസിച്ചിരുന്നു. ഇപ്രകാരമുള്ള സാമൂഹ്യ പശ്ചാത്തലത്തില്‍ പ.കന്യക അവിവാഹിതയായി ജീവിക്കുക ദുഷ്ക്കരമാണ്. എന്നാല്‍ ദൈവകുമാരനെ സംവഹിച്ച ദിവ്യപേടകത്തിന്‍റെ കന്യകാത്വത്തിന് എന്തെങ്കിലും ഹാനി സംഭവിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല. തന്നിമിത്തം വി. യൗസേപ്പിന് വിരക്ത ജീവിതത്തോട് കരുണ കാണിച്ചു കൊണ്ട് ദൈവം പരിശുദ്ധ കന്യകയെയും വിശുദ്ധ യൗസേപ്പിനെയും വിവാഹത്തിലൂടെ ബന്ധിപ്പിച്ചത്. അതിനാല്‍ വി. യൗസേപ്പ് കന്യാവ്രതക്കാരുടെ കാവല്‍ക്കാരനുമായി.

കന്യാവ്രതം അനുഷ്ഠിച്ചു കൊണ്ടുള്ള ജീവിതം നയിക്കുന്നവര്‍, വി. യൗസേപ്പിനോട് ഭക്തരായിരുന്നാല്‍ അവര്‍ക്കത് സുഗമമായി പാലിക്കുവാന്‍ സാധിക്കുന്നതാണ്. വിശുദ്ധ യൗസേപ്പ് പരിശുദ്ധ കന്യകയുമായി വിവാഹിതനായിരുന്നിട്ടും വിശുദ്ധിക്ക് കോട്ടം വരുത്തിയില്ല. തന്നിമിത്തം എല്ലാ ജീവിതാന്തസ്സുകാര്‍ക്കും ശുദ്ധത എന്ന പുണ്യത്തിനും അദ്ദേഹം മാതൃകയായി. വൈവാഹിക വിശ്വസ്തത പാലിക്കുവാന്‍ ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്ക് വിശുദ്ധ യൗസേപ്പിന്‍റെ മാതൃക പ്രചോദനമരുളുന്നു. വിരക്തര്‍ക്കും പരിത്രാണ പദ്ധതിയില്‍ സ്ഥാനമുണ്ട്. “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍‌മാര്‍ അവര്‍ ദൈവത്തെ എന്നും കാണും” എന്ന ഗിരിപ്രഭാഷണവാക്യം ഇവിടെ അനുസ്മരിക്കേണ്ട ഒന്നാണ്.

സംഭവം
🔶🔶🔶🔶

തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു യുവാവ് അതിഭയങ്കരമായ തീപ്പൊള്ളലേറ്റ് അവശനിലയിലായി. അയാളുടെ കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗം കമ്പനിയിലെ അയാളുടെ തൊഴിലായിരുന്നു. അപകടം കാരണമായി ആ മനുഷ്യന്‍റെ കുടുംബം അനാഥ സ്ഥിതിയിലായി. നടത്തിയ ചികിത്സകളൊന്നും ഫലപ്രദമായില്ല. ഡോക്ടര്‍മാരെല്ലാം കൈവെടിഞ്ഞു. ജീവിച്ചിരിക്കുകയില്ലെന്ന് വിധിയെഴുതി. യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം യാചിക്കുകയല്ലാതെ ഇനി വേറെ മാര്‍ഗ്ഗമൊന്നും ഇല്ലെന്നുറച്ച് കുടുംബാംഗങ്ങള്‍ മാര്‍ യൗസേപ്പിനോട് നിരന്തരം പ്രാര്‍ത്ഥന തുടങ്ങി. ഭക്ഷണം കഴിക്കുവാനോ സംസാരിക്കുവാനോ ശക്തിയില്ലാത്ത ആ മനുഷ്യന്‍റെ ജീവിതകാലം ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിരിക്കുകയുള്ളൂ എന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്.

ഉണ്ണിയീശോയെ പരിരക്ഷിച്ച യൗസേപ്പ് ഞങ്ങളുടെ പിതാവിനേയും സംരക്ഷിക്കുമെന്ന് ഉറപ്പോടെ വിശ്വസിച്ച് ആ വീട്ടിലെ എല്ലാവരും ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ഫലമായി അയാളില്‍ ആശ്വാസം ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അയാള്‍ പൂര്‍ണ്ണ ആരോഗ്യവാനായി. യൗസേപ്പ് പിതാവിന്‍റെ മധ്യസ്ഥത മൂലം ആ മനുഷ്യന്‍ രക്ഷപെട്ടു. അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും വിസ്മയം ജനിപ്പിക്കത്തക്ക വിധം പൊള്ളലേറ്റ ഭാഗങ്ങളില്‍ നേരിയ കല മാത്രം അവശേഷിപ്പിച്ചു കൊണ്ടു രോഗവിമുക്തനായ ആ മനുഷ്യന്‍ ചുരുങ്ങിയ ദിനങ്ങള്‍ക്കകം പഴയ ജോലിയില്‍ പ്രവേശിച്ചു.

ജപം
🔶🔶

കന്യാവ്രതക്കാരുടെ കാവല്‍ക്കാരനും ദിവ്യജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, ഞങ്ങള്‍ ആത്മശരീര നൈര്‍മ്മല്യത്തോടു കൂടി ജീവിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. ലോകത്തില്‍ നടമാടുന്ന തിന്മകളെയും വിപത്തുകളെയും മനസ്സിലാക്കി ഞങ്ങള്‍ അവധാനപൂര്‍വ്വം വര്‍ത്തിക്കുവാന്‍ സഹായിക്കുക. വന്ദ്യപിതാവേ, അങ്ങും അങ്ങേ മണവാട്ടിയായ പ. കന്യകയും ആത്മശരീരശുദ്ധതയെ വളരെയധികം വിലമതിച്ചിരുന്നു. ഞങ്ങളെയും ആ സുകൃതത്തെ സ്നേഹിക്കുവാനും അഭ്യസിക്കുവാനും പ്രാപ്തരാക്കേണമേ. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍‌മാര്‍ എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകളെ ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി ദൈവിക ദര്‍ശനത്തിന് പ്രാപ്തരാക്കട്ടെ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

കന്യാവ്രതക്കാരുടെ കാവല്‍ക്കാരാ, ഞങ്ങളെ വിരക്തരായി കാത്തുകൊള്ളണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്‌തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകര്‍ക്ക്‌ എത്രയധികം സമൃദ്‌ധമായി ലഭിച്ചിരിക്കുന്നു!
റോമാ 5 : 15

സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ
വാസസ്‌ഥലം എത്ര മനോഹരം!
എന്റെ ആത്‌മാവു കര്‍ത്താവിന്റെ അങ്കണത്തിലെത്താന്‍ വാഞ്‌ഛിച്ചു തളരുന്നു;
എന്റെ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന്‌ ആനന്‌ദഗാനമാലപിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 84 : 1-2

Advertisements

നോമ്പുകാല വിചിന്തനം-22
വി. യോഹന്നാൻ 7: 1 – 13

മരുഭൂമിയിലെ പ്രലോഭനത്തിനുശേഷം യേശുവിന് നേരിടേണ്ടിവന്ന മറ്റൊരു പ്രലോഭനം സ്വന്തപ്പെട്ടവരിൽനിന്ന് ഉണ്ടായതാണ്. വി. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ പറഞ്ഞാൽ, പിശാചുപോലും ചില സന്ദർഭങ്ങളിൽ പ്രഭാപൂർണ്ണനായ മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ടെന്നുവരാം. കൂടാരത്തിരുനാളിൽ ജറുസലേമിൽച്ചെന്ന് യേശു നാട്ടുമ്പുറത്തു ചെയ്ത ചില അത്ഭുതപ്രവർത്തികൾ ചെയ്ത് തന്റെ ദൈവത്വം വെളിപ്പെടുത്തുക എന്നതായിരുന്നു അവരുടെ ഉപദേശം. എന്റെ സമയം ഇനിയും ആയിട്ടില്ല എന്നു പറഞ്ഞ് അവിടുന്ന് ഒഴിയുകയാണുണ്ടായത്. ദൈവോന്മുഖരായി ജീവിക്കുന്നവർക്കെല്ലാം മാംസത്തിന്റെ പ്രലോഭനം അതിശക്തമായിരിക്കും. അവരുടെ ഹൃദയങ്ങളെ വരിഞ്ഞു മുറുക്കി വേദനിപ്പിക്കുന്ന കാര്യവും അതുതന്നെയായിരിക്കും. യേശുവിന്റെ ഓരോ തീരുമാനവും ദൈവഹിതാനുസാരമുള്ളതായിരുന്നു. ദൈവികമായ മാനദണ്ഡങ്ങളോട് ചേർന്നു പോകാത്ത ഒരു നിർദ്ദേശമോ ഉപദേശമോ അംഗീകരിക്കാൻ അവിടുന്നു തയ്യാറല്ലായിരുന്നു. കാരണം മാംസത്തിന്റെ ആ ഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും ഒരു വ്യക്തിയുടെ വിശ്വസ്തതയും സ്നേഹവും പ്രതി ബദ്ധതയും എക്കാലവും നിലനിർത്തുവാൻ കഴിയുകയില്ല. താൻ എന്തു നൽകുന്നു എന്നതുകൊണ്ടല്ല താൻ എന്തായിരിക്കുന്നുവോ അതുകൊണ്ടുമാത്രം ജനങ്ങൾ തന്നെ അനുഗമിക്കണം എന്നു നിർബന്ധബുദ്ധിയുള്ളയാളായിരുന്നു യേശു. അതുകൊണ്ടാണ് അപ്പം വർദ്ധിപ്പിക്കൽപോലുള്ള അത്ഭുതപ്രവർത്തികളിൽ യേശു തന്റെ ജീവിതത്തെ തളച്ചിടാതിരുന്നത്. ദൈവരാജ്യമെന്ന സങ്കല്പനം കുരിശെടുത്തുകൊണ്ടുമാത്രം സാക്ഷാത്ക്കരിക്കേണ്ടതാണെന്ന ശക്തമായ ബോധ്യം അവിടുത്തേക്കുണ്ടായിരുന്നു. ആ ബോധ്യംതന്നെയാണ് ഈ നോമ്പുകാലത്തു നമ്മിലും രൂപപ്പടേണ്ടത്.

* * ഫാ. ആന്റണി പൂതവേലിൽ

Leave a comment