⚜️⚜️⚜️⚜️ March 13 ⚜️⚜️⚜️⚜️
കോണ്‍സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ ഏവൂഫ്രാസിയാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
കോണ്‍സ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയത്തിലാണ് വിശുദ്ധ ഏവൂഫ്രാസിയാ ജനിച്ചത്. ചക്രവര്‍ത്തിയായിരുന്ന തിയോഡോസിയൂസ് ഒന്നാമന്റെ രക്തബന്ധത്തില്‍പ്പെട്ടയാളായിരുന്നു വിശുദ്ധയുടെ പിതാവായിരുന്ന ആന്റിഗോണസ് . വിശുദ്ധയുടെ മാതാവായിരുന്ന ഏവൂപ്രാക്സിയായ നന്മ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിന്നു. വിശുദ്ധയുടെ പിതാവുമായിട്ടുള്ള ബന്ധം മൂലവും, അവള്‍ തന്റെ തന്റെ മാതാപിതാക്കളുടെ ഏക മകളുമാണെന്ന കാര്യം കണക്കിലെടുത്ത് കൊണ്ട് ചക്രവര്‍ത്തി വിശുദ്ധയോട് പ്രത്യേക വാത്സല്ല്യം പുലര്‍ത്തിയിരുന്നു. അതിനാല്‍ ചക്രവര്‍ത്തി, അവള്‍ക്ക് അഞ്ചുവയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ധനികനായ ഒരു സെനറ്ററിനെ അവളുടെ ഭാവി ഭര്‍ത്താവായി കണ്ടെത്തുകയും ചെയ്തു. വിശുദ്ധയുടെ ജനനത്തിനു ശേഷം അവളുടെ ഭക്തരായ മാതാപിതാക്കള്‍ ശാശ്വതമായ ബ്രഹ്മചര്യം പാലിക്കുവാന്‍ പരസ്പരധാരണയോടെ പ്രതിജ്ഞ ചെയ്തു. അവര്‍ പ്രാര്‍ത്ഥനയിലും, ദാനധര്‍മ്മങ്ങളിലും, അനുതാപത്തിലും മുഴുകി സഹോദരീ-സഹോദരന്‍മാരേ പോലെ ജീവിക്കുവാന്‍ ആരംഭിച്ചു.
ഒരു വര്‍ഷത്തിനകം തന്നെ വിശുദ്ധയുടെ പിതാവായ ആന്റിഗോണസ് മരിച്ചു, വിധവയായ വിശുദ്ധയുടെ അമ്മ തന്റെ മകളേയും കൂട്ടികൊണ്ട് ഈജിപ്തിലുള്ള തങ്ങളുടെ വലിയ തോട്ടത്തിലേക്ക് താമസം മാറി. വിവാഹാഭ്യര്‍ത്ഥകരില്‍ നിന്നും, കൂട്ടുകാരുടെ ബുദ്ധിമുട്ടിപ്പിക്കലില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇത്. തബേന്‍സിയില്‍ അവരുടെ ഭവനത്തിന് അടുത്തായി ഏതാണ്ട് കഠിനമായ സന്യാസ ജിവിതം നയിക്കുന്ന 130-ഓളം വരുന്ന സന്യാസിനികള്‍ താമസിച്ചിരിന്ന ഒരാശ്രമം ഉണ്ടായിരുന്നു. അവര്‍ പതിവായി കഠിനമായ ഉപവാസമനുഷ്ടിക്കുകയും, ചണനാരുകള്‍ കൊണ്ട് സ്വയം തുന്നിയ പരുക്കന്‍ വസ്ത്രങ്ങള്‍ ധരിക്കുകയും, യാതൊരു മുടക്കവും കൂടാതെ നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
രോഗം വരുമ്പോള്‍ ഗൗരവമായ ഘട്ടത്തില്‍ ഒഴികെ വൈദ്യന്‍മാരുടെ സഹായം തേടുന്നതിനു പകരം അവര്‍ തങ്ങളുടെ വേദനകള്‍ സഹിക്കുകയും, ദൈവത്തിനു നന്ദിപറഞ്ഞു കൊണ്ട് ദൈവത്തിന്റെ കാരുണ്യത്തിനായി തങ്ങളെ സമര്‍പ്പിക്കുകയാണ് ചെയ്തിരിന്നത്. ആരോഗ്യത്തെകുറിച്ചുള്ള സങ്കീര്‍ണ്ണവും അമിതവുമായ ശ്രദ്ധ അമിതമായ ആത്മപ്രീതിക്കിടവരുത്തുകയും ചെയ്യുമെന്നു അവര്‍ വിശ്വസിച്ചിരിന്നു.
ഈ ദൈവീക കന്യകമാരുടെ മാതൃക വിശുദ്ധയുടെ ഭക്തയായ അമ്മയെ വളരെയേറെ സ്വാധീനിക്കുകയും, അത് അവരുടെ ഭക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തന്മൂലം വിശ്വാസപ്രവര്‍ത്തികളിലും, കാരുണ്യപ്രവര്‍ത്തികള്‍ക്കുമായി അവര്‍ കൂടുതല്‍ സമയം കണ്ടെത്തി. വിശുദ്ധയുടെ മാതാവ് ഈ സന്യാസിനിമാരെ സന്ദര്‍ശിക്കുക പതിവായി. മാത്രമല്ല മരിച്ചുപോയ തന്റെ ഭര്‍ത്താവിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന നിബന്ധനമേല്‍ തന്റെ സ്വത്തുക്കള്‍ മുഴുവന്‍ സ്വീകരിക്കുവാന്‍ സന്യസ്ഥരെ പ്രേരിപ്പിച്ചു. എന്നാല്‍ ആശ്രമാധിപയാകട്ടെ “സ്വര്‍ഗ്ഗം വിലക്ക് വാങ്ങുന്നതിന് വേണ്ടി ഞങ്ങള്‍ ഈ ലോകത്തിന്റെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ചവരാണ്. ഞങ്ങള്‍ ദരിദ്രകളാണ്, ഇതുപോലെ തന്നെ തുടരുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു” എന്ന് പറഞ്ഞുകൊണ്ട് വിശുദ്ധയുടെ അമ്മ വാഗ്ദാനം ചെയ്ത തോട്ടം സ്വീകരിക്കുവാന്‍ വിസമ്മതിച്ചു. എന്നിരുന്നാലും അള്‍ത്താരയിലെ വിളക്കിന് ആവശ്യമായ എണ്ണയും, സുഗന്ധദ്രവ്യങ്ങളും പതിവായി സ്വീകരിക്കാമെന്ന് അവര്‍ സമ്മതിച്ചു.
വിശുദ്ധക്ക് ഏഴ് വയസ്സായപ്പോള്‍ അവള്‍ തന്റെ അമ്മയോട് ആ ആശ്രമത്തില്‍ ചേര്‍ന്ന് ദൈവത്തെ സേവിക്കുവാനുള്ള അനുവാദം ചോദിച്ചു. വളരെ സന്തോഷപൂര്‍വ്വം വിശുദ്ധയുടെ അമ്മ വിശുദ്ധയെ ആശ്രമാധിപയുടെ പക്കല്‍ ഏല്‍പ്പിച്ചു. സന്തോഷപൂര്‍വ്വം ഏവൂഫ്രാസിയായേ സ്വീകരിച്ചുകൊണ്ട് ആ മഠത്തിന്റെ അധിപ അവള്‍ക്ക് യേശുവിന്റെ ഒരു രൂപം കൊടുത്തു. വിശുദ്ധ അതില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു, “ഞാന്‍ എന്നെ തന്നെ യേശുവിനായി അഭിഷേകം ചെയ്തിരിക്കുന്നതായി പ്രതിജ്ഞയെടുക്കുന്നു” തുടര്‍ന്ന്‍ വിശുദ്ധയുടെ അമ്മ, രക്ഷകനായ യേശുവിന്റെ രൂപത്തിന്‍ കീഴെ അവളെ നിറുത്തുകയും അവളുടെ കൈകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പിടിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു “കര്‍ത്താവായ യേശുവേ, ഈ കുട്ടിയെ നിന്റെ പ്രത്യേക സംരക്ഷണയിലേക്ക് സ്വീകരിക്കണമേ. അവള്‍ നിന്നെ തേടുകയും നിന്നെ മാത്രം സ്നേഹിക്കുകയും, സ്വയം നിനക്കായി സമര്‍പ്പിക്കുകയും ചെയ്യുന്നു” അതിനു ശേഷം തന്റെ പ്രിയപ്പെട്ട മകളുടെ നേര്‍ക്ക് തിരിഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു. “പര്‍വ്വതങ്ങള്‍ക്ക് അടിസ്ഥാനമിട്ട ദൈവം അവനിലുള്ള ഭയം വഴി നിന്നെ എപ്പോഴും ശക്തിപ്പെടുത്തട്ടെ.” തന്റെ മകളെ ആ ആശ്രമാധിപയുടെ കൈകളില്‍ ഏല്‍പ്പിച്ചതിനുശേഷം തേങ്ങി കരഞ്ഞുകൊണ്ട് അവര്‍ ആ ആശ്രമം വിട്ടു.
ആദ്യം അവിടത്തെ സന്യാസിനിമാര്‍ വിചാരിച്ചിരുന്നത് അവിടത്തെ ആശ്രമജീവിതത്തിന്റെ കാഠിന്യത്താല്‍ ആ ബാലിക തന്റെ തീരുമാനം മാറ്റുമെന്നായിരുന്നു, എന്നാല്‍ അവിടത്തെ സഹനങ്ങള്‍ വിശുദ്ധയേ തെല്ലും ദുഃഖിപിച്ചില്ല. താന്‍ ലോകസുഖങ്ങള്‍ ഉപേക്ഷിച്ചത് മൂലം തന്റെ ജീവിതത്തിലെ ചില സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തിയെന്നു തീര്‍ച്ചയായും അവള്‍ക്ക് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകാം. പക്ഷേ അവളുടെ ഏറ്റവും വലിയ സന്തോഷം മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിലായിരുന്നു.
ഇതിനിടെ വിശുദ്ധയുടെ മാതാവായ ഏവൂപ്രാക്സിയാ അസുഖം പിടിപ്പെട്ട് മരണകിടക്കയില്‍ കിടക്കുമ്പോള്‍ അവര്‍ തന്റെ മകള്‍ക്ക് തന്റെ അവസാന നിര്‍ദ്ദേശങ്ങള്‍ നല്‍കി, “ദൈവത്തെ ഭയക്കുക, തന്റെ സഹോദരിമാരെ സ്നേഹിക്കുകയും അവരോടു എളിമയോട് കൂടി പെരുമാറുകയും ചെയ്യുക, നീ എന്തായിരുന്നുവെന്നത് ഒരിക്കലും ചിന്തിക്കരുത്, നിന്റെ രാജകീയകുലത്തിലുള്ള ജനനത്തെക്കുറിച്ച് ആലോചിക്കുകയോ സ്വയം പറയുകയോ ചെയ്യരുത്, ഈ ഭൂമിയില്‍ വിനയത്തോടും, ലാളിത്യത്തോടും കൂടി ജീവിക്കുക. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് സമ്പന്നയായി ജീവിക്കുവാന്‍ കഴിയും.” ഇപ്രകാരം പറഞ്ഞതിന് ശേഷം ആ നല്ല അമ്മ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
വിശുദ്ധയുടെ മാതാവിന്റെ മരണവാര്‍ത്ത ചക്രവര്‍ത്തിയുടെ ചെവിയില്‍ എത്തിയപ്പോള്‍, ചക്രവര്‍ത്തിയായ തിയോഡോസിയൂസ് ആ പ്രഭു കന്യകയേ കൊട്ടാരത്തിലേക്ക് വിളിപ്പിക്കുവാന്‍ ആളെ അയക്കുകയും തനിക്ക് ഇഷ്ടമുള്ള ഒരു സെനറ്ററിനെ അവള്‍ക്ക് ഭര്‍ത്താവായി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ വിശുദ്ധ തന്റെ സ്വന്തം കൈപ്പടയില്‍ ചക്രവര്‍ത്തിക്കെഴുതി : “അജയ്യനായ ചക്രവര്‍ത്തി, ഞാന്‍ എന്നെ തന്നെ യേശുവിനായി സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു, എനിക്ക് എന്റെ പ്രതിജ്ഞ തെറ്റിച്ചുകൊണ്ട് അധികം താമസിയാതെ പുഴുക്കള്‍ക്ക് ഭക്ഷണമാകുവാന്‍ പോകുന്ന നശ്വരനായ ഒരു മനുഷ്യനെ വിവാഹം കഴിക്കുവാന്‍ സാധിക്കുകയില്ല. എന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ദയവായി അവരുടെ സ്വത്തുക്കള്‍, ദരിദ്രര്‍ക്കും, അനാഥര്‍ക്കും, ദേവാലയത്തിനുമായി വീതിച്ചു നല്‍കുക. എന്റെ എല്ലാ അടിമകളേയും സ്വതന്ത്രരാക്കുക, എന്റെ ദാസികളെയും, വേലക്കാരേയും അവര്‍ക്ക് കൊടുക്കുവാനുള്ളതെല്ലാം കൊടുത്തിട്ട് പറഞ്ഞുവിടുക. എന്റെ പിതാവിന്റെ കാര്യസ്ഥന്‍മാരോട് കൃഷിക്കാര്‍ക്ക് പിതാവിന്റെ മരണം മുതല്‍ കൊടുക്കുവാനുള്ളതെല്ലാം കൊടുത്തിട്ട് അവരെ മോചിപ്പിക്കുവാന്‍ ഉത്തരവിടുക, എങ്കില്‍ മാത്രമേ എനിക്ക് എന്റെ ദൈവത്തെ യാതൊരു തടസ്സവും കൂടാതെ സേവിക്കുവാനും, യാതൊരു ബന്ധനവുമില്ലാതെ അവന്റെ മുന്‍പില്‍ നില്‍ക്കുവാനും സാധിക്കുകയുള്ളൂ. അങ്ങും അങ്ങയുടെ ചക്രവര്‍ത്തിനിയോടും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടുക. തന്മൂലം ഞാന്‍ യേശുവിനെ സേവിക്കുവാന്‍ തക്കവിധത്തില്‍ യോഗ്യയായി തീരട്ടെ.”
ആ സന്ദേശവാഹകന്‍ ഈ എഴുത്തുമായി ചക്രവര്‍ത്തിയുടെ പക്കല്‍ എത്തി, കണ്ണീരോട് കൂടിയാണ് ചക്രവര്‍ത്തി ഈ കത്ത് വായിച്ചത്. ഇത് കേട്ട സെനറ്റര്‍മാര്‍ കരഞ്ഞു കൊണ്ട് ചക്രവര്‍ത്തിയോട് പറഞ്ഞു; “നിന്റെ തന്നെ രാജകീയരക്തത്തിലുള്ള ആന്റിഗോണസിന്റേയും, ഏവൂപ്രാക്സിയായുടേയും യോഗ്യയായ മകളാണവള്‍, വളരെയേറെ നന്മയുള്ളവരുടെ വിശുദ്ധ സന്തതി.” 395-ല്‍ ചക്രവര്‍ത്തി മരിക്കുന്നതിനു മുന്‍പായി അവള്‍ നിര്‍ദ്ദേശിച്ച കാര്യങ്ങളെല്ലാം അദ്ദേഹം നിര്‍വഹിച്ചു.
വിശുദ്ധ ഏവൂഫ്രാസിയാ ആ ആശ്രമത്തിലെ മറ്റ് കന്യകാസ്ത്രീകള്‍ക്കെല്ലാം എളിമയുടേയും, ശാന്തതയുടേയും, കാരുണ്യത്തിന്റേയും ഒരു മാതൃകയായിരുന്നു. അവള്‍ ഏതെങ്കിലും വിധത്തില്‍ പ്രലോഭിപ്പിക്കപ്പെടുകയാണെങ്കില്‍ അതേക്കുറിച്ച് ഉടന്‍തന്നെ അത് ആശ്രമാധിപയോട് ഏറ്റ് പറയുകയും, സാത്താനെ ആട്ടിപായിക്കുവാനുള്ള പരിഹാരം തേടുകയും ചെയ്യുമായിരുന്നു. വിവേകമുള്ള ആശ്രാമാധിപ അത്തരം അവസരങ്ങളില്‍ പ്രായശ്ചിത്തത്തിനായി അവള്‍ ചെയ്തിരുന്ന ലളിതവും വേദനാജനകവുമായിരുന്ന കഠിന പ്രയത്നങ്ങളെ ആസ്വദിക്കുമായിരുന്നു. വലിയ പാറകള്‍ ഒരുസ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചുമക്കുക, മുപ്പത് ദിവസത്തോളം കഠിനമായ ലാളിത്യത്തില്‍ ജീവിക്കുക തുടങ്ങിയവ വിശുദ്ധയുടെ അനുതാപപ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം. സാത്താന്റെ പ്രലോഭനത്തിന്റെ സ്വാധീനം തന്നില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നത് വരെ വിശുദ്ധ തന്റെ പ്രായശ്ചിത്ത പ്രവര്‍ത്തനങ്ങള്‍ തുടരും. വിശുദ്ധയുടെ ഭക്ഷണം വെറും പച്ചകറിയും, ധാന്യങ്ങളും മാത്രമായിരുന്നു. തുടക്കത്തില്‍ എല്ലാ ദിവസവും സൂര്യാസ്തമനത്തിനു ശേഷം ഒരുപ്രാവശ്യം മാത്രമായിരുന്നു വിശുദ്ധ ഭക്ഷണം കഴിച്ചിരുന്നുള്ളൂ, പിന്നീട് രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരിക്കലായി.
വിശുദ്ധ ഏവൂഫ്രാസിയാ മറ്റ് കന്യകാസ്ത്രീകളുടെ മുറികള്‍ വൃത്തിയാക്കുകയും, അടുക്കളയിലേക്ക് വെള്ളം കൊണ്ടുവരികയും ചെയ്യുമായിരുന്നു. കഠിനവും, വിരസവുമായ ജോലികള്‍ അവള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു; വേദനാജനകമായ ജോലികള്‍ തന്റെ അനുതാപത്തിന്റെ ഭാഗമാക്കി.
ഒരിക്കല്‍ അടുക്കളയിലെ ഒരു ജോലിക്കാരി വിശുദ്ധയോട് ആഴ്ചമുഴുവനും ഉപവസിക്കുന്നത് എന്തിനെന്നു ചോദിച്ചു, ആ ആശ്രമത്തിലെ അധിപയൊഴികെ മറ്റാരും അങ്ങിനെ ഉപവസിക്കാറില്ലായിരുന്നു. ‘ആ അനുതാപപ്രവര്‍ത്തി ചെയ്യുവാന്‍ ആശ്രമാധിപ തന്നോട് നിര്‍ദ്ദേശിച്ചിരിക്കുന്നു’ എന്നായിരുന്നു വിശുദ്ധയുടെ മറുപടി. എന്നാല്‍ ആ ജോലിക്കാരി വിശുദ്ധയെ കാപടനാട്യക്കാരി എന്ന് വിളിച്ചു ആക്ഷേപിച്ചു, അത് കേട്ട ഉടന്‍തന്നെ വിശുദ്ധ അവളുടെ പാദങ്ങളില്‍ വീണ് തന്നോടു ക്ഷമിക്കുവാനും, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും അപേക്ഷിക്കുകയാണുണ്ടായത്. എങ്ങിനെയൊക്കെയാണെങ്കിലും, ഇത്തരമൊരു അന്യായമായ ആക്ഷേപത്തേയും, അപവാദത്തേയും ക്ഷമാപൂര്‍വ്വം സ്വീകരിച്ച വിശുദ്ധയുടെ ക്ഷമാശീലവും, ആത്മാര്‍ത്ഥമായി സ്വയം നിന്ദിച്ച എളിമയുമാണ് വിശുദ്ധയുടെ ഈ പ്രവര്‍ത്തിയില്‍ നിന്നും പ്രകടമാകുന്നത് എന്നകാര്യം എടുത്ത് പറയാതിരിക്കുവാന്‍ സാധ്യമല്ല. അവളുടെ അസാധാരണമായ എളിമയുടേയും, ശാന്തതയുടേയും ഉദാഹരണം കൂടിയാണ് ഈ സംഭവം. 420-ല്‍ തന്റെ മുപ്പതാമത്തെ വയസ്സില്‍ മരിക്കുന്നതിനു മുന്‍പും പിന്‍പുമായി നിരവധി അത്ഭുതപ്രവര്‍ത്തനങ്ങള്‍ വിശുദ്ധ ചെയ്തിട്ടുണ്ട്. ഇപ്പോഴും ബൈസന്റൈന്‍ കുര്‍ബ്ബാനക്ക് മുന്‍പുള്ള ഒരുക്കത്തില്‍ വിശുദ്ധയുടെ പേരും പരാമര്‍ശിക്കുന്നു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. തെയുസെറ്റാസ് ഹോറെസ്, തെയോഡോറ, നിംഫോഡോറ, മാര്‍ക്ക് അറേബിയ
2. പേഴ്സ്യന്‍ കന്യക ക്രിസ്റ്റീന
3. നോവലീസ് ആശ്രമാധിപനായ ഹെല്‍ഡ്റാഡ്
4. അയര്‍ലന്‍റിലെ ജെറാള്‍ഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിമൂന്നാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16).
വിശുദ്ധ യൌസേപ്പ്- തിരുസഭയുടെ സാര്‍വത്രികമദ്ധ്യസ്ഥന്‍
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധന്‍മാരുടെ മാദ്ധ്യസ്ഥശക്തി അവര്‍ ഈ ലോകത്തില്‍ ജീവിച്ചിരുന്നപ്പോള്‍ ദൈവത്തിന്‍റെ പരിത്രാണന പരിപാടിയില്‍ എത്രമാത്രം സഹകരിച്ചുവോ അതിന്‍റെ തോതനുസരിച്ചായിരിക്കും എന്ന്‍ വേദപാരംഗതനായ വി. തോമസ് അക്വിനാസ് അഭിപ്രായപ്പെട്ടിരിന്നു. രക്ഷാകര പദ്ധതിയില്‍ പ. കന്യകാമറിയം കഴിഞ്ഞാല്‍ ഈശോമിശിഹായോട് ഏറ്റവും കൂടുതല്‍ സഹകരിച്ച വ്യക്തി വി. യൗസേപ്പാണെന്നുള്ളത് നിസ്തര്‍ക്കമത്രേ. മനുഷ്യാവതാര കര്‍മ്മത്തില്‍ ഒരു തിരശ്ശീലയായി വര്‍ത്തിച്ചു കൊണ്ടും ഉണ്ണി മിശിഹായെ ജീവാപായത്തില്‍ നിന്നും രക്ഷിച്ചും വി. യൗസേപ്പ് രക്ഷാകരകര്‍മ്മത്തില്‍ സുപ്രധാനമായ പങ്കു വഹിച്ചു. കൂടാതെ ദിവ്യകുമാരനെ സംരക്ഷിക്കുവാനും വളര്‍ത്തുവാനും വന്ദ്യപിതാവ് ഏറെ കഠിനാദ്ധ്വാനം ചെയ്തു. നസ്രസിലെ അജ്ഞാത ജീവിതദശയില്‍ വിശുദ്ധ യൗസേപ്പ്, ഈശോമിശിഹായെ തൊഴില്‍ അഭ്യസിപ്പിക്കുകയും യഹൂദമതാനുഷ്ഠാനങ്ങളില്‍ വളര്‍ത്തുകയും ചെയ്തിരുന്നു. ഇപ്രകാരം പരിത്രാണ കര്‍മ്മത്തില്‍ വിശുദ്ധ യൗസേപ്പും സുപ്രധാനമായ പങ്ക് അനുഭവിച്ചു.
ഈജിപ്തിലെ രാജാവായിരുന്ന ഫറവോന്‍ അദ്ദേഹത്തിന്‍റെ രാജകീയ ഭണ്ഡാരങ്ങളുടെ സൂക്ഷിപ്പുകാരനായി പൂര്‍വ യൗസേപ്പിനെ നിയമിച്ചതായി ഉത്പത്തിയുടെ പുസ്തകത്തില്‍ കാണുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും ഭക്ഷണസാധനങ്ങളും മറ്റു വിഭവങ്ങളും വാങ്ങിക്കുവാനായി എത്തുന്നവരോട് ഫറവോന്‍ പറഞ്ഞിരുന്നത് “നിങ്ങള്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍” എന്നാണ്. ദൈവം അവിടുത്തെ സ്വര്‍ഗ്ഗീയ നിക്ഷേപങ്ങളുടെ സൂക്ഷിപ്പുകാരനായി നമ്മുടെ പിതാവ് മാര്‍ യൗസേപ്പിനെ നിയോഗിച്ചിരുന്നു. അതിനാല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവുംതിരുകുമാരനും, ‘നിങ്ങള്‍ യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍’ എന്ന് നമ്മോട് അരുളിചെയ്യുന്നുണ്ട്. മറ്റു വിശുദ്ധന്‍മാര്‍ക്ക് നമ്മെ ചില പ്രത്യേക കാര്യങ്ങളില്‍ സഹായിക്കുവാനുള്ള കഴിവാണ് ദൈവം നല്‍കിയിരിക്കുന്നത്. എന്നാല്‍ പരിശുദ്ധ കന്യകാമറിയത്തിനും വിശുദ്ധ യൗസേപ്പിനും ആധ്യാത്മികവും ഭൗതികവുമായ എല്ലാക്കാര്യങ്ങളിലും നമുക്കു വേണ്ട അനുഗ്രഹങ്ങള്‍ നല്‍കുന്നതിനും കഴിയുന്നതാണെന്ന് നമ്മില്‍ പലര്‍ക്കുമറിയില്ല.
തിരുക്കുടുംബത്തിന്‍റെ നാഥനെന്ന നിലയില്‍ ഈശോമിശിഹായിലും പരിശുദ്ധ കന്യകാമറിയത്തിലും, വിശുദ്ധ യൗസേപ്പിനുണ്ടായ അധികാരം സ്വര്‍ഗ്ഗീയ ജീവിതത്തിലും ഉണ്ടാകുമല്ലോ. അവര്‍ രണ്ടുപേരും അദ്ദേഹത്തിന്‍റെ ആഗ്രഹമറിഞ്ഞ് പ്രവര്‍ത്തിക്കുന്മെന്ന് നിസംശയം പറയാം. 1891-ല്‍ ലെയോ പതിമ്മൂന്നാമന്‍ ’ക്വാം ക്വാം ഫളൂരിസ്’ എന്ന വിശ്വലേഖനത്തിലൂടെ മാര്‍ യൗസേപ്പിനെ തിരുസഭയുടെ സാര്‍വത്രിക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. പൂര്‍വ്വയൗസേപ്പ് നമ്മുടെ പിതാവ് മാര്‍ യൗസേപ്പിന്‍റെ പ്രതിഛായയാണ്. അദ്ദേഹം ഈജിപ്തില്‍ രാജകീയ ഭണ്ഡാരത്തിലുള്ളവ വിതരണം ചെയ്ത് അന്നത്തെ ലോകത്തിലുള്ളവരെ സംരക്ഷിച്ചതു പോലെ, നമ്മുടെ പിതാവ് മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ ഭക്തരായ ആത്മാക്കളെ സവിശേഷകരമാം വിധം സംരക്ഷിക്കുമെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട.
സംഭവം
🔶🔶🔶🔶
വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തില്‍നിന്ന് ഒരു ക്രൈസ്തവ കുടുംബം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. കാറിലാണ് യാത്ര ചെയ്തിരുന്നത്. രാത്രിയില്‍ വിജനമായ വഴിയില്‍ വച്ച് ഒരു സംഘം കവര്‍ച്ചക്കാര്‍ കാര്‍ തടഞ്ഞു. ആ കുടുംബാംഗങ്ങളെയെല്ലാം വധിച്ച് കാറും വസ്തുക്കളും കവര്‍ച്ച ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. കേണപേക്ഷിച്ചെങ്കിലും ആ കഠിന ഹൃദയര്‍ക്ക് യാതൊരു കാരുണ്യവും ഉണ്ടായില്ല. കുടുംബനാഥന്‍ ഉറച്ച വിശ്വാസത്തോടെ തങ്ങളെ മുഴുവന്‍ വി. യൗസേപ്പിന് സമര്‍പ്പിച്ചു കൊണ്ടു പ്രാര്‍ത്ഥിച്ചു. ഹേറോദേസിന്‍റെ കൈകളില്‍ നിന്ന് ഈശോയേയും മറിയത്തെയും രക്ഷിച്ച വി. യൗസേപ്പ് പരിശുദ്ധ മറിയത്തിന്‍റെ സന്നിധിയില്‍ തീര്‍ത്ഥാടനം നടത്തിയ തങ്ങളെ കൈവിടുകയില്ല എന്ന ഉറപ്പോടെ ഉയര്‍ത്തിയ പ്രാര്‍ത്ഥനയ്ക്ക് ഉടന്‍ ഫലമുണ്ടായി. കൊലയായുധവുമായി കവര്‍ച്ച സംഘം അവരോട് എതിരിട്ട് നില്‍ക്കുന്ന നിമിഷത്തില്‍ ഒരു നീല വാന്‍ അവിടെ പ്രത്യക്ഷമായി. ഒരു പോലീസ് വണ്ടിയായിരുന്നു അത്. തോക്കുധാരികളായ പോലീസുകാര്‍ സംഗതി മനസ്സിലാക്കി വണ്ടിയില്‍ നിന്നും ചാടിയിറങ്ങി. കവര്‍ച്ച സംഘത്തിലെ മിക്കവരെയും അറസ്റ്റ്ചെയ്തു. ഉടനെ ലോക്കപ്പിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതില്‍ സന്തോഷചിത്തരായ കുടുംബാംഗങ്ങള്‍ യൗസേപ്പ് പിതാവിന് നന്ദി പറഞ്ഞു.
ജപം
🔶🔶
ഞങ്ങളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പേ, അങ്ങേ അഗാധമായ വിശുദ്ധി മൂലം അങ്ങ് ഞങ്ങളുടെ സമുന്നത മദ്ധ്യസ്ഥനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആകയാല്‍ പ്രത്യാശപൂര്‍വ്വം ഞങ്ങള്‍ അങ്ങേ സനിധിയില്‍ അണഞ്ഞു ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഈശോ മിശിഹായും പ. കന്യകാമറിയവും ധാരാളമായ അനുഗ്രഹങ്ങള്‍ അങ്ങുവഴി നല്‍കുന്നു എന്ന്‍ ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങളുടെ വത്സല പിതാവായി ഞങ്ങളെ അങ്ങു പരിപാലിച്ചു കൊള്ളണമേ.
*
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶🔶🔶
തിരുസഭയുടെ സാര്‍വത്രികമദ്ധ്യസ്ഥനായ വി. യൗസേപ്പേ, ഞങ്ങളെ കാത്തുകൊള്ളണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
ദൈവഭക്‌തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്;
ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണം ചെയ്യുന്നു,
പ്രഭാഷകന്‍ 40 : 27
ദൈവഭക്‌തിയാണു ജ്‌ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും.
അവിടുന്ന് എന്നേക്കും സ്‌തുതിക്കപ്പെടും!
സങ്കീര്‍ത്തനങ്ങള്‍ 111 : 10
🌻പ്രഭാത പ്രാർത്ഥന🌻
യേശു പറഞ്ഞു.. പിതാവേ,അവരോടു ക്ഷമിക്കണമേ..അവർ ചെയ്യുന്നതെന്തെന്ന് അവർ
അറിയുന്നില്ല.. (ലുക്ക:23/34)
കരുണാമയനായ എന്റെ ദൈവമേ..
ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുൻപു തന്നെ അത് അറിയുന്നവനും, എന്റെ മുൻപിലും പിൻപിലും കാവൽ നിൽക്കുന്നവനും, എന്നും ശക്തമായ കരങ്ങളാൽ എന്നെ വഴിനടത്തുന്നവനുമായ എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞാൻ അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും കൂടെപ്പിറന്നവരും,ജീവനെക്കാളധികം ഞങ്ങൾ സ്നേഹിക്കുന്നവരുമായ പ്രിയപ്പെട്ടവരിൽ സന്തോഷം കണ്ടെത്തിയാണ് ഞങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടു നയിക്കപ്പെടുന്നത്. സ്നേഹത്തിനും വിശ്വാസത്തിനും അതിരുകൾ തീർക്കാതെ എന്റെ സ്വന്തമായി കരുതി ചേർത്തു പിടിച്ചവരാൽ തന്നെ പെട്ടെന്നൊരു ദിവസം തള്ളിയകറ്റപ്പെടുമ്പോഴോ, തനിച്ചാക്കപ്പെടുമ്പോഴോ, അവരിൽ നിന്നും വേദനിപ്പിക്കുന്ന പ്രവർത്തികൾ ഏറ്റുവാങ്ങേണ്ടി വരുമ്പോഴോ ഞങ്ങൾ വളരെയധികം തകർന്നു പോകാറുണ്ട്.. ഊണും ഉറക്കവുമൊക്കെ നഷ്ടപ്പെട്ട താളം തെറ്റിയ ഒരു ജീവിതക്രമത്തിന്റെ ഉടമയായി ഞങ്ങൾ മാറാറുണ്ട്.. അപ്പോഴൊക്കെയും ഞങ്ങൾ അതുവരെ അവരെ സ്നേഹിച്ചിരുന്നതിന്റെ ഇരട്ടിയിലധികം വെറുപ്പും വിദ്വേഷവുമായിരിക്കും ഞങ്ങളിലുണ്ടാവുന്നത്.. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത വിധം അവരോടുള്ള ഞങ്ങളുടെ സ്നേഹം എന്നേക്കുമായി നഷ്ടപ്പെടുകയും പകരം പകയാൽ ഞങ്ങളുടെ ഹൃദയം നിറയുകയും ചെയ്യും. ഈ പക മനസ്സിൽ നിറച്ചു വച്ചിട്ടായിരിക്കും പിന്നീട് ഞങ്ങൾ അവരോടു പെരുമാറുന്നത്..
ഈശോയേ.. ഞങ്ങൾ എത്ര വലിയ ദൈവാശ്രയബോധം ഉള്ളവരാണെങ്കിലും, പലപ്പോഴും ഞങ്ങളെ ഭരിക്കുന്നത് വിദ്വേഷത്തിന്റെ ദുർചിന്തകൾ തന്നെയാണ്. കുരിശിൽ കിടന്നു കൊണ്ട് ശത്രുക്കൾക്ക് വേണ്ടി പോലും പ്രാർത്ഥിക്കാൻ അങ്ങു കാണിച്ച സ്നേഹത്തിന്റെ ഹൃദയവിശാലത ഒരിക്കലും അവകാശപ്പെടാനില്ലാത്ത കുറവായി എന്നിൽ നിറഞ്ഞിരിക്കുമ്പോൾ നിന്റെ സ്നേഹത്തിൽ പൂർണനാകാൻ എനിക്കു കഴിയുകയില്ല എന്ന ബോധ്യത്താൽ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കാൻ എന്നെ സഹായിക്കേണമേ.. എന്നെ വേദനിപ്പിച്ചവരിൽ ഒരനുഗ്രഹമാകാൻ കഴിഞ്ഞില്ലെങ്കിലും അവർക്കു വേണ്ടിയുള്ള മനം നിറഞ്ഞ പ്രാർത്ഥനയാകാൻ എന്നെ അനുവദിക്കേണമേ നാഥാ.. അപ്പോൾ ക്ഷമിക്കുവാനും സ്നേഹിക്കുവാനുമുള്ള പ്രസാദവരത്തിന്റെ അനുഗ്രഹത്താൽ ഞാനും എന്നും നിറയപ്പെടുക തന്നെ ചെയ്യും..
വിശുദ്ധ തെയോഫെയിൻസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.
നോമ്പുകാല വിചിന്തനം-24
വി. യോഹന്നാൻ 7 : 45 – 53
ജറുസലേം ദേവാലയത്തിൽവെച്ച് ശിമയോൻ ശിശുവായ ഈശോയെ കൈയിലെടുത്തുകൊണ്ട് പറഞ്ഞ ഒരു വചനമുണ്ട്:
“ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും.”
(ലൂക്ക 2:34). ഈ വചനം അന്വർത്ഥമായ ഒരു സാഹചര്യമാണ് ഇന്നത്തെ സുവിശേഷം. ആരാണ് ഈശോ? അവൻ എവിടെ നിന്നു വരുന്നു? അവന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയെന്ത് ? തുടങ്ങിയ ചോദ്യങ്ങളോടുള്ള പ്രതികരണം പ്രതിജനഭിന്നമായിരുന്നു. ഈശോയുടെ ദൈവികതയാർന്ന ആധികാരിക പ്രബോധനം ശ്രവിച്ച സാധാരണ യഹൂദർ അനുകൂലമായി പ്രതികരിച്ചപ്പോൾ യഹൂദ മതനേതാക്കൾ പ്രതികൂലിക്കുകയാണുണ്ടായത്. ഒരുകൂട്ടർ ഈശോയിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ചപ്പോൾ മറ്റൊരുകൂട്ടർ ഔദ്ധത്യപൂർവ്വം ഒഴിഞ്ഞുമാറുകയാണുണ്ടായത്. അവർ ഈശോയുടെ പ്രബോധനങ്ങളെ ചെവിക്കൊള്ളാൻ തയ്യാറായില്ല. അപ്രകാരം വിശ്വാസികളാകേണ്ടവർ അവിശ്വാസികളും അവിശ്വാസികളായവർ വിശ്വാസികളുമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈശോമിശിഹായുടെ വുക്തിത്വം ഒരു രഹസ്യമാണ്. വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ടുമാത്രമേ അതിനെ പൂർണ്ണമായി മനസ്സിലാക്കാനാവൂ! ഫരിസേയ പ്രമുഖനായ നിക്കോദേമൂസ് അപ്രകാരം മനസ്സിലാക്കാൻ ശ്രമിച്ചയാളാണ്. ഈശോയുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളായ ദൈവികതയും മാനുഷികതയും ആന്തരികമായി ഉൾക്കൊള്ളാൻ ഔദ്ധത്യ ഭാവം വെടിഞ്ഞ, വിശ്വാസവും എളിമയുമുളള ഒരു ഹൃദയത്തിനേ സാധ്യമാവുകയുള്ളൂ. ഒരാളുടെ യഥാർത്ഥവിശ്വാസമെന്നതു് അയാൾ സ്വന്തം ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെയും പ്രശ്നങ്ങളിലൂടെയും നീറിത്തെളിഞ്ഞു വരേണ്ട ഒരനുഭവമാണ്. നമ്മുടെ ജീവിതത്തെ സമ്പൂർണ്ണമായും ഉപാധികളില്ലാതെയും ദൈവതിരുമുമ്പാകെ വിധേയപ്പെടുത്തി ഉറപ്പിച്ചെടുക്കേണ്ട ഒരനുഭവമാണ് വിശ്വാസം.
* ഫാ. ആന്റണി പൂതവേലിൽ