⚜️⚜️⚜️⚜️ March 18 ⚜️⚜️⚜️⚜️
ജെറുസലേമിലെ വിശുദ്ധ സിറില്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ലിഖിതങ്ങള്‍ മനപാഠമാക്കിയ ആളായിരുന്നു ജെറൂസലേമിലെ വിശുദ്ധ സിറില്‍. വിശുദ്ധ ലിഖിതങ്ങളുടെ പഠനത്തില്‍ വളരെയേറെ ആഴത്തിൽ ചിന്തിക്കുകയും, യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു വലിയ സംരക്ഷകനുമായിതീര്‍ന്ന ശ്രേഷ്ഠ വ്യക്തിയായിരുന്നു വിശുദ്ധ സിറില്‍. അദ്ദേഹം ബ്രഹ്മചര്യവും, കഠിനമായ സന്യാസനിഷ്ടകളുമായി എളിയ ജീവിതം നയിക്കുകയും ചെയ്തു. ജെറൂസലേമിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ മാക്സിമസ്, വിശുദ്ധന് പുരോഹിത പട്ടം നല്‍കുകയും, വിശ്വാസികള്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നതിനും, ക്രിസ്തീയവിശ്വാസ സ്വീകരണത്തിനു തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. തന്റെ ഈ ദൗത്യത്തില്‍ വിശുദ്ധന് സകലരുടേയും പ്രശംസക്ക് പാത്രമായി.
‘ മതബോധന നിര്‍ദ്ദേശങ്ങള്‍’ (Catechetical Instructions) എന്ന മനോഹരമായ ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ് വിശുദ്ധ സിറില്‍. തന്റെ ഈ കൃതിയില്‍ വിശുദ്ധന് വളരെ വ്യക്തമായും, പൂര്‍ണ്ണമായും സഭാപ്രബോധനങ്ങള്‍ വിവരിച്ചിരിക്കുന്നു. മാത്രമല്ല ക്രിസ്തീയ വിശ്വാസത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കുവാന്‍ വേണ്ട മത-സിദ്ധാന്തങ്ങള്‍ ഓരോന്നായി അദ്ദേഹം എടുത്ത് പറഞ്ഞിരിക്കുന്നു. വളരെ വിശേഷമായ രീതിയിലാണ് അദ്ദേഹം ഈ വിഷയം കൈകാര്യം ചെയ്തിരിന്നത്. കൂടാതെ തന്റെ സമയത്ത് നിലനിന്നിരുന്ന എല്ലാ മതവിരുദ്ധവാദങ്ങളെയും, വരുവാനിരിക്കുന്ന മതവിരുദ്ധവാദങ്ങളെ വരെ ദീര്‍ഘവീക്ഷണത്തോട് കൂടി അദ്ദേഹം വളരെ വ്യക്തമായി എതിര്‍ത്തിരിന്നു. അപ്രകാരം ക്രിസ്തുവിന്റെ ശരീരത്തിന്റേയും, രക്തത്തിന്റേയും യാഥാര്‍ത്ഥ സാന്നിദ്ധ്യം അള്‍ത്താരയിലെ ആരാധനയില്‍ അദ്ദേഹം ഉറപ്പ് വരുത്തി. മാക്സിമസിന്റെ മരണത്തിനു ശേഷം ആ പ്രവിശ്യയിലെ മെത്രാന്മാര് വിശുദ്ധ സിറിലിനെ മാക്സിമസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു.
തന്റെ സമകാലികനും അനുഗ്രഹീതനുമായ അത്തനാസിയൂസിനെ പോലെ ഒരു മെത്രാനെന്നനിലയില്‍, വിശുദ്ധനും തന്റെ വിശ്വാസ സംരക്ഷണത്തിനായി മതവിരുദ്ധരായ നാസ്ഥികരുടെ കയ്യില്‍ നിന്നും നിരവധി പീഡനങ്ങളും തിന്മകളും സഹിക്കെണ്ടതായി വന്നിട്ടുണ്ട്. അവര്‍ക്ക് വിശുദ്ധന്റെ ശക്തമായ എതിര്‍പ്പ് സഹിക്കുവാന്‍ കഴിയുകയില്ലായിരുന്നു, അതിനാല്‍ അവര്‍ വിശുദ്ധനെ വ്യാജാപവാദങ്ങളാല്‍ അധിക്ഷേപിക്കുകയും, കപട-സമിതി മുന്‍പാകെ ഹാജരാക്കി വിശുദ്ധനെതിരെ കള്ളസാക്ഷ്യം പറഞ്ഞും അദ്ദേഹത്തെ തന്റെ സഭയില്‍ നിന്നും ആട്ടിയകറ്റി. അവരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷനേടുന്നതിനായി വിശുദ്ധന് സിലിസിയായിലെ ടാര്‍സസിലേക്ക് പോയി. കോണ്‍സ്റ്റാന്റിയൂസ് ജീവിച്ചിരുന്നിടത്തോളം കാലം അദ്ദേഹം അവിടെ ഒളിജീവിതത്തിന്റെ സകലവിധ കഷ്ടപ്പാടുകളും സഹിച്ച് കഴിഞ്ഞു. കോണ്‍സ്റ്റാന്റിയൂസിന്റെ മരണത്തിനു ശേഷം ജൂലിയന്‍ അധികാരത്തില്‍ വന്നതോടെ വിശുദ്ധ സിറിലിന് ജെറൂസലേമിലേക്ക് തിരിച്ചു വരുവാന്‍ സാധിച്ചു. തിരികെയെത്തിയ വിശുദ്ധന് തന്റെ അജഗണത്തെ തെറ്റായ സിദ്ധാന്തങ്ങളില്‍ നിന്നും മോചിപ്പിക്കുവാനും, പാപങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാനും വളരെ കഠിനമായ പരിശ്രമങ്ങള്‍ നടത്തി.
പക്ഷേ വാലെന്‍സ് ചക്രവര്‍ത്തിയുടെ കാലത്ത് വീണ്ടും ഒരിക്കല്‍ കൂടി അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടതായി വന്നു. എന്നാല്‍ മഹാനായ തിയോഡോസിയൂസിന്റെ കാലത്ത് സഭയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുകയും, മതവിരുദ്ധവാദികളുടെ ക്രൂരതയും, ധിക്കാരവും അവസാനിപ്പിക്കുകയും ചെയ്തപ്പോള്‍, ക്രിസ്തുവിന്റെ ധീരനായ ഒരു യോദ്ധാവ് എന്ന നിലയില്‍ വിശുദ്ധനെ വളരെ ആദരപൂര്‍വ്വം തിരികെ കൊണ്ടു വരികയും അദ്ദേഹത്തിന്റെ പദവി തിരികെ നല്‍കുകയും ചെയ്തു. ഒരു തീര്‍ത്ഥാടനത്തിനിടക്ക് കുറച്ച് കാലം അവിടെ കഴിഞ്ഞ വിശുദ്ധ ബേസില്‍ വിവരിച്ചിരിക്കുന്നതനുസരിച്ച്, ജെറൂസലേമിലെ സഭയുടെ പിന്നീടുള്ള വളര്‍ച്ചക്ക് കാരണം വിശുദ്ധ സിറിലിന്റെ വിശുദ്ധിയും, ഉത്സാഹവുമാണ്.
ഐതീഹ്യമനുസരിച്ച് ഈ സിറിലിന്റെ വിശുദ്ധിയേ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ശ്രേഷ്ടമായ ചില അടയാളങ്ങള്‍ നല്കി ആദരിച്ചു. ‘സൂര്യനേക്കാളും പ്രകാശമുള്ള ഒരു കുരിശു രൂപത്തിന്റെ പ്രത്യക്ഷപ്പെടല്‍’ ഇതില്‍ ഒന്നാണ്. വിശുദ്ധ സിറില്‍ മാത്രമല്ല ക്രിസ്ത്യാനികളും, വിജാതീയരും ഒരുപോലെ ഈ അത്ഭുതത്തിനു സാക്ഷ്യം വഹിച്ചിരുന്നു. വിശുദ്ധന് ഇതിനു ദേവാലയത്തില്‍ വെച്ച് ദൈവത്തിനു നന്ദി പറഞ്ഞതിന് ശേഷം എഴുത്ത് മുഖാന്തിരം കോണ്‍സ്റ്റാന്റിയൂസിനേ ഇത് അറിയിക്കുകയുണ്ടായി. ദൈവഭക്തിയില്ലാതിരുന്ന ജൂലിയന്‍ ചക്രവര്‍ത്തി, ടൈറ്റസിനാല്‍ തകര്‍ക്കപ്പെട്ട ഒരു ക്ഷേത്രം പുനസ്ഥാപിക്കുവാനായി ജൂതന്മാരുടെ പടയേയും നയിച്ചുകൊണ്ട് പോകുന്ന വഴിക്ക് ഒരു ഭൂകമ്പമുണ്ടാവുകയും, ഭൂമിക്കടിയില്‍ നിന്നും വലിയ തീഗോളങ്ങള്‍ അവര്‍ക്ക് നേരെ വരികയും വളരെയേറെ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇതില്‍ ഭീതിപൂണ്ട അവര്‍ പിന്നീട് തങ്ങളുടെ ഉദ്യമം ഉപേക്ഷിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സംഭവം വളരെ വ്യക്തമായി വിശുദ്ധ സിറില്‍ പ്രവചിച്ചിരുന്നതാണ്. അദ്ദേഹം മരിക്കുന്നതിനു കുറച്ച് കാലം മുന്‍പ് വിശുദ്ധന് കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭാ സമിതിയില്‍ പങ്കെടുക്കുകയും മാസെഡോണിയൂസ്, അരിയൂസ് തുടങ്ങിയ മതവിരുദ്ധ വാദങ്ങളെ വളരെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. തിരികെ ജെറൂസലേമില്‍ എത്തിയതിനു ശേഷം മെത്രാന് പദവിയില്‍ 35 വര്‍ഷം പിന്നിട്ടപ്പോള്‍, തന്റെ 69-മത്തെ വയസ്സില്‍ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. ആഗോള സഭ മുഴുവനും അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും വേണമെന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ അന്ന് ആഹ്വാനം ചെയ്തിരുന്നു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ജറുസലേമിലെ അലക്സാണ്ടര്‍
2. ലൂക്കായിലെ ആന്‍സെലം
3. ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ് രാജാവ്
4. റിപ്പോണിലെ എഗ്ബെര്‍ട്ട്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: പതിനെട്ടാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
“അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു”
(മത്തായി 1:19).
വിശുദ്ധ യൗസേപ്പിന്റെ സന്താപങ്ങള്‍
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
മനുഷ്യ ജീവിതത്തില്‍ എല്ലാവര്ക്കും സഹനം ഉണ്ടാകാറുണ്ട്. ദൈവകുമാരന്റെ വളര്‍ത്തുപിതാവായ യൌസേപ്പ് പിതാവ് അതുല്യമായ വിശുദ്ധിയില്‍ പ്രശോഭിച്ചിരുന്നതിനാല്‍ അദ്ദേഹവും അനേകം യാതനകളെ അഭിമുഖീകരിക്കേണ്ടതായി വന്നു. വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകയും പരിപാവനമായ ജീവിതം നയിച്ചു വരുമ്പോള്‍ പരിശുദ്ധ കന്യക, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഈശോമിശിഹായെ ഗര്‍ഭം ധരിച്ചു. പരിശുദ്ധ അമ്മ ഗര്ഭണിയാണെന്ന് മനസ്സിലായ മാര്‍ യൗസേപ്പ് അത്യഗാധമായ ഹൃദയ വ്യഥ അനുഭവിച്ചു. എന്നിരിന്നാലും പ്രിയ പത്നിയുടെ ആത്മാര്‍ത്ഥതയില്‍ വി.യൌസേപ്പിന് തെല്ലും സംശയമുണ്ടായിരിന്നില്ല. പക്ഷേ, പ്രകൃത്യതീതമായ ആ രഹസ്യം അഗ്രാഹ്യവുമാണ്. മേരിക്ക് ഏതെങ്കിലും അപകീര്‍ത്തി ഉളവാക്കുവാന്‍ യൗസേപ്പ് പിതാവ് ആഗ്രഹിച്ചില്ല. ദൈവജനനി പരിപൂര്‍ണ്ണമായ മൗനം പാലിച്ചത് അദ്ദേഹത്തിന് കൂടുതല്‍ വേദനയ്ക്ക് കാരണമായി.
പ്രകൃത്യതീതമായ ഈ യാഥാര്‍ഥ്യത്തെ സംബന്ധിച്ച് മേരിയോടു ചോദിക്കുവാനുള്ള വൈമുഖ്യവും അവളുടെ ഒന്നും സംഭവിക്കാത്തതുപോലുള്ള മൗനവും ജോസഫിന്റെ അന്തരാത്മാവില്‍ ഒരു സംഘട്ടനം ഉളവാക്കി. അത് നമ്മുടെ പിതാവിന്റെ ഹൃദയത്തെ ദുഃഖിതനാക്കി. അതിനാല്‍ അദ്ദേഹം കന്യകയെ രഹസ്യത്തില്‍ പരിത്യജിക്കുവാന്‍ ആലോചിക്കുകപോലും ചെയ്തു. എന്നാല്‍ യൗസേപ്പ് പിതാവിന് ദൈവ പരിപാലനയിലുള്ള പ്രത്യാശ നഷ്ടപ്പെട്ടിരുന്നില്ല. അത് കൊണ്ട് തന്നെ ദൈവദൂതന് പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക പരിശുദ്ധാത്മാവിനാലാണ് ഗര്‍ഭിണിയായിരിക്കുന്നത് എന്നുള്ള രഹസ്യം വെളിപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷം അനുഭവപ്പെട്ടു.
റോമാ ചക്രവര്‍ത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ കല്പന അനുസരിച്ച് വി. യൗസേപ്പും മേരിയും ബത്ലഹേത്തിലേക്ക് യാത്ര കഴിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയം സുദീര്‍ഘവും ക്ലേശഭൂയിഷ്ടവുമായ യാത്ര കഴിക്കേണ്ടി വന്നതില്‍ മാര്‍ യൗസേപ്പിന് ഖേദമുണ്ടായിരുന്നു. അവിടെ ചെന്നപ്പോളാകട്ടെ, ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഭവനങ്ങളില്‍ പോലും രാത്രികാലം കഴിക്കുന്നതിനുള്ള സ്ഥലം ലഭിച്ചില്ല താനും. അതും അദ്ദേഹത്തിന്റെ ദുഃഖത്തെ വര്‍ധിപ്പിച്ചു. ദൈവകുമാരന് പിറക്കുവാന്‍ ഒരു ദരിദ്ര ഭവനം പോലും ലഭിക്കാതെ ഒടുവില്‍ പുല്‍ക്കൂട്ടില്‍ പോകേണ്ടതായ അനുഭവം വിശുദ്ധന് സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാല്‍ വിശുദ്ധ യൗസേപ്പ് നിരാശനാകാതെ ദൈവപരിപാലനയ്ക്ക് സ്വയമര്‍പ്പിച്ച് ശക്തി പ്രാപിച്ചു.
എന്നെ അനുഗമിക്കുവാന്‍ മനസ്സാകുന്നവന്‍ സ്വയം പരിത്യജിച്ച് തന്റെ കുരിശും എടുത്ത് എന്റെ പിന്നാലെ വരട്ടെ എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ (വി.മത്താ. 16). നമ്മുടെ ജീവിതത്തില്‍ നമുക്കുണ്ടാകുന്ന ക്ലേശങ്ങളും യാതനകളും നാം എപ്രകാരമാണോ അഭിമുഖീകരിക്കുന്നത് അത് നമ്മെ പവിത്രീകരിക്കാനുള്ള മാര്‍ഗ്ഗമാണ്. പരിത്രാണ പരിപാടിയില്‍ അതിലുള്ള സ്ഥാനം നാം മനസ്സിലാക്കി പ്രവര്‍ത്തിക്കണം.
സംഭവം
🔶🔶🔶🔶
സാമാന്യം നല്ല ധനസ്ഥിതി ഉണ്ടായിരുന്ന മാര്‍ യൌസേപ്പിതാവിന്റെ ഭക്തനായ ഒരു മനുഷ്യന്റെ സമ്പത്ത്, ചില കുബുദ്ധികള്‍ കൈവശപ്പെടുത്തുകയുണ്ടായി. സ്വത്ത് വീണ്ടെടുക്കുന്നതിനു വേണ്ടി അയാള്‍ കോടതിയെ അഭയം ഗമിച്ചു. പക്ഷേ എതിരാളികള്‍ ശക്തരായിരുന്നതിനാല്‍ അയാള്‍ക്ക് അടിക്കടി പരാജയമാണ് നേരിട്ടത്. അയാളുടെ ഭാര്യയും ഏകമകനും അപകടത്തില്‍പെട്ടു മരിച്ചു. കൂനിന്മേല് കുരു എന്ന പോലെ നേരിട്ട ഈ ക്ലേശങ്ങള്‍ മൂലം അദ്ദേഹം മനസ്സും ശരീരവും തളര്‍ന്നവനായി തീർന്നു. ജീവിതത്തിലും കേസിലും തുടരെത്തുടരെ പരാജയങ്ങള്‍ നേരിട്ടത് കൊണ്ട് അയാള്‍ വിഷാദത്തിന് അടിമയായി.
ശേഷിച്ചിട്ടുള്ള തുകയെങ്കിലും നഷ്ടപ്പെടുത്തേണ്ടതില്ല എന്നു തീരുമാനിച്ച അദ്ദേഹം, ജീവിക്കാന്‍ അവശ്യം വേണ്ട തുകയൊഴിച്ച് തന്റെ കൈവശമുള്ളതെല്ലാം യൌസേപ്പിതാവിന്റെ നാമത്തില്‍ സമീപസ്ഥലത്ത് പണിതുകൊണ്ടിരുന ദേവാലയത്തിനു സംഭാവന ചെയ്തു. ഇതിനിടെ നേരത്തെ താന്‍ കൊടുത്തിരുന്ന അപ്പീല്‍ അനുസരിച്ച് കേസില്‍ വിധി ഉണ്ടായി. കോടതി ചെലവു സഹിതം വലിയൊരു തുക അയാള്‍ക്ക് നല്കുവാനായിരുന്നു അന്തിമമായ വിധിയുണ്ടായത്. ആ തുക ഉപയോഗിച്ച് അദ്ദേഹം അഗതികളെയും വൃദ്ധന്മാരെയും സംരക്ഷിക്കാനുള്ള ഒരഭയ കേന്ദ്രം മാര്‍ യൌസേപ്പിതാവിന്റെ നാമത്തില്‍ സ്ഥാപിച്ചു. മറ്റാരും അവകാശികളില്ലാത്ത തന്റെ സമ്പത്തു കൊണ്ട് അനേകം അഗതികള്‍ സന്തുഷ്ടരായി ജീവിക്കുന്നതു കണ്ട് സംതൃപ്തിയോടെ മരിക്കുവാനുള്ള ഭാഗ്യം ആ മനുഷ്യനുണ്ടായി.
ജപം
🔶🔶
ഞങ്ങളുടെ പിതാവായ മാര്‍ യൌസേപ്പേ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും ക്ലെശങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നതില്‍ അങ്ങ് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ആപത്തുകളിലും യാതനകളിലും സഹനത്തിന്റെ പ്രകൃത്യതീതമായ മൂല്യം ഗ്രഹിച്ചു. അതിനെ നേരിടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേ ഭക്തര്‍ക്ക് നേരിടുന്ന് വിപത്തുകളില്‍ വത്സല പിതാവേ, അങ്ങ് അവര്‍ക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയും പലപ്പോഴും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ ധൈര്യപ്പെടുത്തുന്നു
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്ക്കാരാ,
ദൈവകുമാരന്റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,
തിരുക്കുടുംബത്തിന്റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶🔶🔶
ക്ലേശങ്ങളില്‍ ആത്മധൈര്യം പ്രകടിപ്പിച്ച വി. യൗസേപ്പേ ഞങ്ങളുടെ ക്ലേശങ്ങളെ ധീരതയോടെ നേരിടുവാന്‍ സഹായിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍!
മത്തായി 6 : 26
🌻പ്രഭാത പ്രാർത്ഥന🌻
വിശ്വസ്ഥതയിൽ നിന്നെ ഞാൻ സ്വന്തമാക്കും..കർത്താവിനെ നീ അറിയും.. (ഹോസിയ : 2/20)
എന്റെ രക്ഷകനായ ദൈവമേ..
എന്നും നിന്റെ തൂവലുകളാൽ മറയ്ക്കപ്പെടാനും നിന്റെ ചിറകുകളുടെ കീഴിൽ അഭയം ലഭിക്കാനും കൊതിക്കുന്ന ഹൃദയത്തോടെ ഈ പ്രഭാതത്തിലും ഞാനണഞ്ഞിരിക്കുന്നു. പലപ്പോഴും ഞെരുക്കുന്ന ജീവിത ദൗർഭാഗ്യങ്ങളിൽ മനസ്സ് വല്ലാതെ പതറിപ്പോകാറുണ്ട്.. എല്ലാം അറിയുന്നവർ അരികിലുണ്ടായിട്ടും വേദനയുടെ നിമിഷങ്ങളിൽ ഒന്നു മനസ്സിലാക്കാനോ ചേർത്തു പിടിക്കാനോ ആരുമില്ലാതായി പോകുന്ന നിസ്സഹായത.. എത്ര അധ്വാനത്തിന്റെ വിയർപ്പണിഞ്ഞിട്ടും ഒരിക്കലും ദാരിദ്ര്യത്തിനപ്പുറത്തേക്ക് വളരാത്ത ചുറ്റുപാടുകൾ.. എത്ര ചികിത്സി ച്ചിട്ടും സൗഖ്യം ലഭിക്കാത്ത രോഗാവസ്ഥകൾ.. എത്ര പരിശ്രമിച്ചിട്ടും വിജയിക്കാനാവാതെ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന സ്വപ്നങ്ങൾ.. ഇവയിലൊക്കെയും ഒരാശ്വാസം തിരഞ്ഞു മടുക്കുമ്പോഴായിരിക്കും ചിലപ്പോഴെങ്കിലും ജീവിതത്തേക്കാളേറെ ഞങ്ങൾ മരണത്തെ പ്രണയിച്ചു പോകുന്നത്.. സമീപസ്ഥരുടെ ജീവിതങ്ങളിൽ നിന്നും വ്യത്യസ്തമായി ഞങ്ങളുടെ ജീവിതം മാത്രം എന്നും ഒരു ചോദ്യചിഹ്നമായി തീരുമ്പോഴാണ് പലപ്പോഴും ഞങ്ങളുടെ ദൈവവിശ്വാസം പോലും നഷ്ടമായി പോകുന്നത്..
എന്റെ ഈശോയേ.. എനിക്കു ചുറ്റും പ്രിയപ്പെട്ടവരുടെ ഒരു വലിയ സമൂഹം തന്നെയുണ്ടെങ്കിലും ഒരാശ്വാസത്തിന്റെ കരസ്പർശത്തിനു വേണ്ടി ഞാൻ നിന്നിലേക്ക് കരങ്ങൾ നീട്ടിയെങ്കിൽ എന്റെ വിശ്വാസത്തിലൂടെ നീയെന്നെ വീണ്ടെടുക്കുക തന്നെ ചെയ്യണം.. എന്റെ സങ്കടങ്ങളെ പെയ്തൊഴിക്കാൻ ഞാൻ നിന്റെ നെഞ്ചോരം ചേർന്നു നിന്നെങ്കിൽ നിന്റെ ഹൃദയമിടിപ്പിൽ എന്റെ നിശ്വാസങ്ങളും അലിഞ്ഞു ചേരുക തന്നെ വേണം..ഒരു മിഴിദൂരത്തിനപ്പുറം നിന്റെ നോട്ടം കൊതിച്ചു കൊണ്ടു മാത്രം ഞാനെന്റെ ജീവിതത്തിന്റെ സിക്കമൂർ മരമേറിയെങ്കിൽ നിന്റെ രക്ഷയുടെ അനുഭവം എനിക്കും സ്വന്തമാവുക തന്നെ വേണം.. ഒരു വലിയ വിശ്വാസ സമൂഹത്തിനിടയിൽ പ്രശോഭിക്കാനാകാതെ ഒളിമങ്ങി തുടങ്ങിയ എന്റെ വിശ്വാസവുമായി നിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ ഞാൻ സ്പർശിച്ചുവെങ്കിൽ നീ നൽകുന്ന വിടുതലിന്റെ സൗഖ്യം എന്നിലും അനുഭവവേദ്യമാവുക തന്നെ വേണം.. അപ്പോൾ എന്റെ വിശ്വസ്ഥതയിൽ എന്നെ സ്വന്തമാക്കുന്ന എന്റെ ദൈവമായ കർത്താവ് അങ്ങു മാത്രമാണെന്ന് ഞാനും രുചിച്ചറിയുക തന്നെ ചെയ്യും..
വിശുദ്ധ പാട്രിക്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.
നോമ്പുകാല വിചിന്തനം-29
വി. ലൂക്ക 18 : 31 – 34
യേശുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവ അപ്പസ്തോലന്മാരുടെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച സംഭവങ്ങളായിരുന്നു. ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ നിവർത്തനമായിരുന്നു യേശുവിൽ സംഭവിച്ചതെന്ന കാര്യത്തിൽ അവർ തീർത്തും അജ്ഞരായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം യേശുവിന്റെ പ്രബോധനങ്ങളെയും പ്രവചനരൂപേണയുള്ള പ്രസ്താവനകളെയും അവർ ഗൗരവമായി എടുക്കാതെപോയത്. ഏറെ വൈകാരികത നിറഞ്ഞതും ലൗകിക താല്പര്യങ്ങളെ മുൻനിർത്തിയുള്ളതുമായിരുന്നു യേശുവിനോടുണ്ടായിരുന്ന അവരുടെ സമീപനംതന്നെ. ദൈവരാജ്യം സംസ്ഥാപിതമാകുമ്പോൾ മുന്തിയ പദവികളും പങ്കാളിത്തവും ഉറപ്പാക്കുന്നതിനുവേണ്ടി നടത്തിയ നീക്കങ്ങളെല്ലാം ഈ താൽപ്പര്യങ്ങളുടെ സംരക്ഷണാർത്ഥമായിരുന്നു. ഉത്ഥാനശേഷം നടന്ന പന്തക്കുസ്ത അനുഭവമാണ് അവരുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചത്. അതോടെ യേശുവിലൂടെ ദൈവം സാക്ഷാത്ക്കരിച്ച രക്ഷണീയകർമ്മത്തിന്റെ മുഴുവൻ സാരാംശവും അവർക്ക് നല്ലവണ്ണം ബോധ്യമായി. അതിൽപ്പിന്നെ തങ്ങൾക്കുവേണ്ടി ഒരു അവകാശവാദവും ഉന്നയിക്കാൻ ഒരുമ്പെടാതെ സർവ്വതും യേശുവിനായി സമർപ്പിക്കാൻ അവർ സന്നദ്ധരായി. യേശുവിനു വേണ്ടിയും ദൈവരാജ്യത്തിനുവേണ്ടിയും സ്വജീവൻ പണയപ്പെടുത്തുന്നതിൽ പോലും അവർ എന്തെന്നില്ലാത്ത സന്തോഷം കണ്ടെത്തി. ഒരു വ്യക്തി വിശ്വാസത്തിലേക്ക് കടന്നുവരുന്നതിനു മുമ്പും ശേഷവുമുളള അനുഭവം പോലെയായിത്തീർന്നു അവരുടെ ജീവിതംതന്നെ. വിശ്വാസവിഷയങ്ങളിലും ആദ്ധ്യാത്മികതയിലും അഗാധമായ അറിവും ബോധ്യവും കൈവരിക്കാനായാൽ നമുക്കും പുതിയ മനുഷ്യരായി രൂപാന്തരപ്പെടാനാകും. നോമ്പുകാലദിനങ്ങൾ യേശുവിനെ കൂടുതൽ പഠിക്കാനും അറിയാനും വിനിയോഗിച്ചുകൊണ്ട് ചെലവഴിക്കാം. അതുവഴി നമ്മുടെ വിശ്വാസ ബോധ്യങ്ങളിൽ സ്ഥിരതയുളളവരാകാം.
ഫാ. ആന്റണി പൂതവേലിൽ
Categories: അനുദിനവിശുദ്ധർ