പുലർവെട്ടം

പുലർവെട്ടം 454

{പുലർവെട്ടം 454}

 
മരണമയക്കത്തിലേക്ക് വഴുതിപ്പോകുന്നതിനിടയിലും രോഗിലേപനത്തിനെത്തിയ ബിഷപ്പ് കാല്പാദങ്ങളെ തൈലം പൂശുമ്പോൾ, ഒന്ന് കുതറി അരുതെന്ന് പറഞ്ഞ് തടയുന്ന ഒരു വയോധികവൈദികനെക്കുറിച്ച് A New Kind of Fool: Meditations on Saint Francis തുടങ്ങിയ പുസ്തകങ്ങളുടെ എഴുത്തുകാരനായ ക്രിസ്റ്റഫർ കൊയ്ലോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൗരസ്ത്യബോധത്തിന് തീരെ നിരക്കാത്ത ഒന്നാണ് തങ്ങൾക്ക് മീതേ എന്ന് കല്പിച്ച മനുഷ്യർ വിധേയരുടെ കാലടികളെ തൊടുകയെന്നത്. ഭാരതത്തിലാവട്ടെ അത് ചരൺസ്പർശ എന്ന പേരിൽ വേദകാലത്തോളം പഴക്കമുള്ള രീതിയാണ്. അതുകൊണ്ടാവണം രാധയുടെ പാദങ്ങളെ മാധവൻ ചുംബിച്ചതെന്ന് എഴുതാനാഞ്ഞ ജയദേവർ ഒരു വീണ്ടുവിചാരത്തിൽ അടിമുടി പരിഭ്രമിച്ചു പോയത്. എഴുത്ത് പൂർത്തിയാക്കാതെ തീർത്ഥാടനത്തിന് പോയ കവി മടങ്ങിവരുമ്പോൾ അയാൾ എഴുതാൻ ഭയന്ന വരികൾ ഭഗവാൻ പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു.
 
പീറ്ററിനത് താങ്ങാനാവുന്നില്ലായിരുന്നു. തന്റെ കാല്പാദങ്ങളെ കഴുകാനായുന്ന ഗുരുവിനോട് അയാൾ അരുതെന്ന് കെഞ്ചി. ഞാൻ നിന്നെ കഴുകിയില്ലെങ്കിൽ നിനക്ക് ഈ വിരുന്നിൽ പങ്കാളിത്തമുണ്ടാവില്ല എന്നായിരുന്നു യേശുവിന്റെ മറുപടി. അതിലൂടെ കേവലം ഒരു ആചാരത്തിന്റെ തുടർച്ച എന്ന നിലയിൽ ചുരുങ്ങേണ്ടതല്ല ഈ പാദക്ഷാളനം എന്ന പ്രകാശമുണ്ടായി.
 
പാദം അങ്ങനെ ഇവിടെ ഒരു പ്രതീകമായി. മനസ്സുകൊണ്ടും ശരീരം കൊണ്ടുമുള്ള ഓരോരുത്തരുടെയും സഞ്ചാരങ്ങളിൽ, പൊടി പുരളാവുന്നതും വ്രണിതാനുഭവങ്ങളിൽ വെന്തതും വിശ്രാന്തിയില്ലാത്തതിനാൽ വിണ്ടുകീറിയതുമായ ഒരാളിലെ ആന്തരികതയുടെ അംശം. അത് തണുപ്പും പരിചരണവും ശുദ്ധിയും അർഹിക്കുന്നുണ്ട്. ആശയം വ്യക്തമായിരുന്നു. അതുകൊണ്ടാണയാൾ ഇങ്ങനെ കുമ്പസാരിച്ചത്: എന്നെ കുളിപ്പിക്കണമേ!
 
അതൊരു കണ്ടെത്തലാണ്. കാലിടറുന്നതിനു മുൻപേ ശിരസ്സാണ് ഇടറിയത്. ബോധത്തിനാണ് ജ്ഞാനസ്നാനം ആവശ്യമുള്ളത്. ഭാവനകളുടെ ശുദ്ധീകരണമാണ് പ്രധാനം. യേശു രൂപപ്പെടുത്തിയ പാപസങ്കല്പം പോലും അതിനോട് ചേർന്നുനിൽക്കുന്നു. കൊലപാതകത്തിന് കഠാരയും പരസംഗത്തിന് കിടക്കയും വേണ്ടെന്ന് പറഞ്ഞ് പാപം ഒരു ക്രിയയല്ലെന്നും വ്യതിചലിച്ച ഭാവനയാണെന്നും അവനാണ് അവരോട് പറഞ്ഞത്.
 
ഇവന്റെ മൂർദ്ധാവിലാണ് അങ്ങ് ഈ ജലം ഇറ്റുവീഴ്ത്തേണ്ടത്. വിമലീകരിക്കപ്പെട്ട ഭാവനയുടെ ലോകത്തെ ഒരിക്കൽക്കൂടി കണ്ടുതുടങ്ങുന്നിടത്താണ് എന്റെ വീണ്ടും പിറവി.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s