⚜️⚜️⚜️⚜️ March 20 ⚜️⚜️⚜️⚜️
ലിന്‍ഡിസ്ഫാര്‍ണെയിലെ വിശുദ്ധ കുത്ബെര്‍ട്ട്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
AD 634-ല്‍ ഇംഗ്ലണ്ടിലെ നോര്‍ത്തംബ്രിയയിലാണ് വിശുദ്ധ കുത്ബെര്‍ട്ട് ജനിച്ചതെന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടില്‍, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒരുപക്ഷേ ഏറ്റവും അധികം ആദരിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ കുത്ബെര്‍ട്ട്. എന്നിരുന്നാലും വിശുദ്ധന്റെ യഥാര്‍ത്ഥ ജനനസ്ഥലത്തേക്കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഇംഗ്ലണ്ട്കാരും, സ്കോട്ട് ലാന്‍ഡ്കാരും വിശുദ്ധന്റെ ജനനസ്ഥലമെന്ന ഖ്യാതി അവകാശപ്പെടുന്നു. വിശുദ്ധന്റെ ജീവചരിത്രം രചിച്ച വിശുദ്ധ ബെഡെ ഇതിനെകുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല.
വിശുദ്ധന് അയര്‍ലാന്‍ഡിലെ രാജാവായിരുന്ന മുയിര്‍സെര്‍താഗിന്റെ പേരകുട്ടിയായ ‘മുല്ലോച്ചെ’ യാണെന്ന് അവകാശവാദവും നിലവിലുണ്ട്. “വിശുദ്ധ കുത്ബെര്‍ട്ട്, ദേവാലയത്തിന്റേയും, ദുര്‍ഹാം നഗരത്തിന്റേയും മാദ്ധ്യസ്ഥന്‍, ജനനം കൊണ്ട് അയര്‍ലാന്‍ഡ് കാരനും, രാജകീയ വംശത്തില്‍ പിറന്നവനും” എന്ന് ദുര്‍ഹാം കത്രീഡലിലെ അള്‍ത്താരയും, പ്രധാന മുറിയും തമ്മില്‍ വിഭജിക്കുന്ന വിഭജന പലകയില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കൊണ്ട് ഈ വാദഗതി ശക്തമാണ്.
വിശുദ്ധ ബെഡേയുടെ വിവരണമനുസരിച്ച്, ദാവീദിനെപോലെ വിശുദ്ധ കുത്ബെര്‍ട്ടും ഒരാട്ടിടയനായിരുന്നു, സ്കോട്ട്ലന്‍ഡിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കെന്‍സ്വിത്ത് എന്ന് പേരായ ഒരു വിധവയാണ് വിശുദ്ധനെ പരിപാലിച്ചിരുന്നത്. വിശുദ്ധ കുത്ബെര്‍ട്ടിന് 15 വയസ്സായപ്പോള്‍ അദ്ദേഹത്തിനൊരു ദര്‍ശനമുണ്ടായി, അതില്‍ വിശുദ്ധ ഐഡാനേയെ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതായാണ് വിശുദ്ധന് കണ്ടത്. പിന്നീട് യുവാവായിരിക്കെ തന്നെ അദ്ദേഹം റ്റ്വീഡ് നദീക്കരയിലുള്ള വിശുദ്ധ ഈറ്റായുടെ കീഴിലുള്ള മെല്‍റോസ് ആശ്രത്തിലെ സന്യാസിയായി തീര്‍ന്നു. അവിടത്തെ പ്രിയോര്‍ ആയിരുന്ന വിശുദ്ധ ബോയിസില്‍ നിന്നാണ് വിശുദ്ധന് സന്യാസജീവിതരീതികളും, സുവിശേഷങ്ങളും ആര്‍ജിച്ചെടുത്തത്.
ബോയിസിലിന് പ്ലേഗ് പിടിപ്പെട്ടപ്പോള്‍ വിശുദ്ധ കുത്ബെര്‍ട്ടാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. 13മത്തെ നൂറ്റാണ്ടില്‍ വിശുദ്ധന്, ബോയിസിലിനു സുവിശേഷങ്ങള്‍ വായിച്ചുകേള്‍പ്പിക്കാനുപയോഗിച്ചിരുന്ന പുസ്തകം വിശുദ്ധ കുത്ബെര്‍ട്ടിന്റെ തിരുനാള്‍ ആഘോഷവേളയില്‍ ദുര്‍ഹാമിലെ കത്രീഡലിന്റെ അള്‍ത്താരയില്‍ സൂക്ഷിക്കുവാന്‍ തുടങ്ങി. ബോയിസിലിന്റെ മരണത്തേതുടര്ന്ന് 664-ല്‍ കുത്ബെര്‍ട്ട് മെല്‍റോസ് ആശ്രമത്തിലെ പ്രിയോര്‍ ആയി. ലിന്‍ഡിസ്ഫാര്‍ണേയിലെ പ്രിയോര്‍ തീര്‍ന്ന വിശുദ്ധന്, നോര്‍ത്തംബര്‍ലാന്‍ഡ്, ദുര്‍ഹാം എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കിടയിലേക്കും തന്റെ പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. പിന്നീട് വിശുദ്ധന് ലിന്‍ഡിസ്ഫാര്‍ണേയിലെ ആശ്രമാധിപതിയായി നിയമിതനായി. സകല ചരാചരങ്ങളോടും വളരെ സ്നേഹപൂര്‍വ്വമാണ് വിശുദ്ധന് പെരുമാറിയിരുന്നത്. പാറകളോടും, കടലിനോടും വരെ വിശുദ്ധന് സ്നേഹമായിരുന്നു, പക്ഷികളും, മൃഗങ്ങളും വിശുദ്ധന്റെ വിളിപ്പുറത്തെത്തുമായിരുന്നു. അധികം താമസിയാതെ അദ്ദേഹത്തിനും മാരകമായ പ്ലേഗ് അസുഖം പിടിപ്പെട്ടു. അദ്ദേഹത്തിന് പിന്നീടൊരിക്കലും തന്റെ പഴയ ആരോഗ്യം വേണ്ടെടുക്കുവാന്‍ സാധിച്ചില്ല.
676-ന്റെ തുടക്കംവരെ വിശുദ്ധന് ഫാര്‍ണെ ദ്വീപില്‍ വളരെ കഠിനമായ ഏകാന്തവാസമായിരുന്നു നയിച്ചുവന്നിരുന്നത്. ഇക്കാലയളവില്‍ മാലാഖമാരാണ് വിശുദ്ധന് പോറ്റിയിരുന്നതെന്നൊരു വിശ്വാസവും നിലവിലുണ്ട്. നോര്‍ത്തംബര്‍ലാന്‍ഡിലെ രാജാവിന്റെ നിരന്തരമായ അഭ്യര്‍ത്ഥനയേ മാനിച്ച് വിശുദ്ധന് ഇഷ്ടത്തോടെയല്ലെങ്കില്‍ പോലും 684-ല്‍ ഹെക്സ്ഹാമിലെ മെത്രാനായി അഭിഷിക്തനായി. എന്നാല്‍ 685-ല്‍ ഈറ്റായും ലിന്‍ഡിസ്ഫാര്‍ണെയും പരസ്പരം കൈമാറികൊണ്ട് 685-ലെ ഈസ്റ്റര്‍ ഞായരറാഴ്ച വിശുദ്ധന് തനിക്കിഷ്ടപ്പെട്ട ലിന്‍ഡിസ്ഫാര്‍ണെ സഭയിലെ മെത്രാനായി. ഈ പദവിയില്‍ വിശുദ്ധന് രണ്ടു വര്‍ഷത്തോളം തുടര്‍ന്നു. ഇക്കാലയളവില്‍ അദ്ദേഹം പ്രവര്‍ത്തിച്ച നിരവധി അത്ഭുതപ്രവര്‍ത്തനങ്ങളാല്‍ അദ്ദേഹത്തെ “ബ്രിട്ടണിന്റെ അത്ഭുത-പ്രവര്ത്തകന്” എന്നാണു വിശേഷിപ്പിച്ചിരുന്നത്.
വിശുദ്ധനെക്കുറിച്ച് ഇപ്രകാരമൊരു ഐതീഹ്യവും വിശുദ്ധ ബെഡെ വിവരിക്കുന്നുണ്ട് : ‘ഒരിക്കല്‍ അസമയത്ത് ഒരു നീണ്ടയാത്രയിലായിരുന്ന വിശുദ്ധന് വഴിതെറ്റി ഒരു ഗ്രാമത്തിലെത്തി, അവിടെ കണ്ട ഒരു വീട്ടിലെ സ്ത്രീയോട് വിശുദ്ധന് തനിക്ക് പകരം തന്റെ കുതിരക്ക് എന്തെങ്കിലും ഭക്ഷണം നല്കുവാന് അപേക്ഷിച്ചു, ഒരു ദൈവഭക്തയായിരുന്ന ആ സ്ത്രീ കുതിരക്ക് ഭക്ഷണം നല്‍കിയതിനു ശേഷം വിശുദ്ധനോട് എന്തെങ്കിലും കഴിക്കുവാന്‍ നിര്‍ബന്ധിക്കുകയും ഇവിടം വിട്ടാല്‍ പിന്നെ ജനവാസമുള്ള സ്ഥലങ്ങള്‍ കുറവാണ് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഉപവാസത്തിലായിരുന്ന വിശുദ്ധന് അതിനു തയ്യാറായില്ല. തന്റെ യാത്ര തുടര്‍ന്ന വിശുദ്ധന് സന്ധ്യകഴിഞ്ഞപ്പോഴും താന്‍ ഉദ്ദേശിച്ച സ്ഥലത്ത് എത്തുവാന്‍ കഴിയാതായപ്പോള്‍ രാത്രി താങ്ങുവാന്‍ ഒരു സ്ഥലവും കാണാതെ കുഴങ്ങി, അവസാനം ആട്ടിടയന്മാര് ഉപേക്ഷിച്ച ഒരു ചെറുകുടില്‍ കണ്ട വിശുദ്ധന് അവിടെ തങ്ങുകയും, കാറ്റത്ത് ചിന്നിചിതറികിടന്നിരുന്ന കുറച്ചു വൈക്കോല്‍ തന്റെ കുതിരക്ക് നല്‍കുകയും ചെയ്തു.
അതിനു ശേഷം വിശന്നു വലഞ്ഞ വിശുദ്ധന് തന്റെ പതിവ് പ്രാര്‍ത്ഥന ചൊല്ലികൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കുതിര ആ വീടിന്റെ മേച്ചില്‍ വലിച്ചു നിലത്തിട്ടു, അതില്‍ ഒരു തുണികഷണത്തില്‍ പൊതിഞ്ഞ നിലയില്‍ അപ്പോഴും ചൂടാറാത്ത ഭക്ഷണം. വിശുദ്ധന് അമ്പരന്നു. തനിക്ക് നല്കിയ ഭക്ഷണത്തിനായി കര്‍ത്താവായ ദൈവത്തിനു നന്ദിപറഞ്ഞ ശേഷം വിശുദ്ധന് ആ ഭക്ഷണം രണ്ടായി പകുത്തു, ഒരു പകുതി സ്വയം ഭക്ഷിക്കുകയും മറ്റേ പകുതി കുതിരക്ക് കൊടുക്കുകയും ചെയ്തു.
വീണ്ടും രോഗബാധിതനായ വിശുദ്ധന് തന്റെ പദവി ഉപേക്ഷിച്ചശേഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു, മാത്രമല്ല ആരെയും തന്നെ ശുശ്രൂഷിക്കുവാന്‍ അനുവദിക്കാതെ വിശുദ്ധന് തന്റെ സഹനങ്ങള്‍ സ്വയം സഹിച്ചു. 687 മാര്‍ച്ച് 20ന് ഇന്നര്‍ഫാര്‍ണെയില്‍ വെച്ച് അദ്ദേഹം നിത്യതയിലേക്ക് യാത്രയായി. വിശുദ്ധന്റെ മരണവാര്‍ത്ത മിന്നല്‍ കണക്കെ ലിന്‍ഡിസ്ഫാര്‍ണെയിലെ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചു. അദ്ദേഹത്തെ ലിന്‍ഡിസ്ഫാര്‍ണെയിലാണ് അടക്കം ചെയ്തത്. അദ്ദേഹത്തിന്റെ ഭൗതീകശരീരം അവിടെ നൂറ്റാണ്ടുകളോളം അഴുകാതെ കിടന്നു. പിന്നീട് വൈകിംഗുകളുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ പല സന്യാസിമാരിലുമായി ചിന്നിചിതറി.
പിന്നീട് നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം 1104-ല്‍ അവ ദുര്‍ഹാം കത്രീഡലിലേക്ക് മാറ്റി. അവിടെയുള്ള ദേവാലയം ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന ഒരു കേന്ദ്രമായി മാറി. മദ്ധ്യകാലഘട്ടങ്ങളിലെ ഒരു ദേവാലയത്തിന്റെ കീഴില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ ഒരുപക്ഷേ വിശുദ്ധന്റേതായിരിക്കാമെന്നാണ് കരുതുന്നത്. നല്ലൊരു സുവിശേഷകനായിരുന്ന വിശുദ്ധന് രോഗശാന്തി വരവും ഉള്ളതായി പറയപ്പെടുന്നു. സ്കോട്ട്ലന്റിലെ ആദ്യത്തെ പ്രഭാഷണ ശാല വിശുദ്ധനാണ് പണികഴിപ്പിച്ചത്. ഇവിടെ പിന്നീട് ഒരാശ്രമം ഉണ്ടാവുകയും അത് പില്ക്കാലത്ത് സെന്റ്. ആന്‍ന്ത്രൂസ്സ് സര്‍വ്വകലാശാലയായി മാറുകയും ചെയ്തു.
ഏതപകടകരമായ സ്ഥലത്ത് പോയി സുവിശേഷം പ്രസംഗിക്കുന്നതിനും വിശുദ്ധന് ഭയമില്ലായിരുന്നു. ഇദ്ദേഹത്തിന്റെ എളിമയും, ക്ഷമയുമാണ് ലിന്‍ഡിസ്ഫാര്‍ണെയിലെ മറ്റു സന്യാസിമാരെ കൂടി ബെനഡിക്ടന്‍ സഭയിലെക്കാകര്‍ഷിക്കുവാന്‍ കാരണമായത്. പ്രകൃതിയോടും, പക്ഷികളോടും, മൃഗങ്ങളോടും വളരെയേറെ സ്നേഹമുണ്ടായിരുന്ന വിശുദ്ധന് ഇക്കാലത്തും നമുക്കെല്ലാവര്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ആശ്രമം സ്ഥിതി ചെയ്തിരുന്ന ലിന്‍ഡിസ്ഫാര്‍ണെ ദ്വീപ് ഇന്നൊരു പക്ഷി-മൃഗ സംരക്ഷണ കേന്ദ്രമാണ്. നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്റെ പേരിലുണ്ട്, ഒരു സ്ത്രീയുടെ മരിച്ചുകൊണ്ടിരുന്ന കുട്ടിയെ ഒരു ചുംബനം വഴി വിശുദ്ധന് സുഖപ്പെടുത്തിയത് അതില്‍ ഒന്നുമാത്രം. ലിന്‍ഡിസ്ഫാര്‍ണെ ദ്വീപില്‍ കാണപ്പെടുന്ന ചെറിയ കക്കകള്‍ ഇന്ന് ‘കുത്ബെര്‍ട്ടിന്റെ മുത്തുകള്‍’ എന്നാണു അറിയപ്പെടുന്നത്.
സഭാ വസ്ത്രവും, കിരീടവും ധരിച്ചുകൊണ്ട് നില്ക്കുന്ന രീതിയിലും, തലക്ക് മുകളില്‍ പ്രകാശ സ്തംഭങ്ങളുമായി നില്ക്കുന്ന രീതിയിലും, അരയന്നങ്ങള്‍ക്കൊപ്പവും, കഴുകന്മാര്ക്ക് ഭക്ഷണം കൊടുക്കുന്ന രീതിയിലും മറ്റുമാണ് വിശുദ്ധനെ പലപ്പോഴും ചിത്രീകരിച്ചു കണ്ടിട്ടുള്ളത്. ദുര്‍ഹാമിലെ കത്രീഡലിനു പുറമേ, റിപ്പോണിലും, മെല്റോസിലും വിശുദ്ധനെ ആദരിച്ചുവരുന്നു. ആട്ടിടയന്മാരുടേയും, നാവികരുടേയും, പ്ലേഗ് ബാധിതരുടേയും മാദ്ധ്യസ്ഥന്‍ കൂടിയാണ് വിശുദ്ധ കുത്ബര്‍ട്ട്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ജെറുസലേമിലെ അനസ്റ്റാസിയൂസ്
2. ഫോട്ടിന, ജൊസഫ്, വിക്ടര്‍, സെബാസ്റ്റ്യന്‍, അനാറ്റോളിയൂസ് ഫോസിയൂസ്,ഫോത്തിസ്, പാരഷേവ്, സിറിയാക്കോ
3. ഫിലെമോണിലെ ആര്‍ച്ചിപ്പുസ്
4. ഫോന്തെനെല്ലിലെ ബെനിഞ്ഞൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം: ഇരുപതാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
“ഇവന് ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്?”
(മത്തായി 13:55).
വിശുദ്ധ യൗസേപ്പ് അനുഭവിച്ച ദുഃഖങ്ങളുടെ വ്യാപ്തി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
“യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന് തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” (മത്തായി 16:24). മിശിഹായേ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാവര്‍ക്കും സഹനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. വാസ്തവത്തില്‍ കുരിശുകള്‍ ഈശോയുമായിട്ടുള്ള ഐക്യത്തിനുളള ക്ഷണമാണ്. ദൈവമാതാവായ പ. കന്യക, അവിടുത്തെ പരിത്രാണന കര്‍മ്മത്തില്‍ സഹകരിച്ച് ഈശോമിശിഹായുടെ പീഡാനുഭവത്തില്‍ ഭാഗഭാക്കായി. അത് കൊണ്ട് അവള് സഹരക്ഷക, വ്യാകുലാംബിക എന്നെല്ലാമുള്ള അഭിനന്ദനങ്ങള്‍ക്കര്‍ഹയായി. ജീവിതത്തിലെ സഹനങ്ങളിലൂടെ നാം മിശിഹായുടെ രക്ഷണീയ കര്‍മത്തില്‍ പങ്കുചേരുന്നത് വഴി നാം സഹരക്ഷകരായിത്തീരുന്നു.
ഈശോമിശിഹായുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പു പിതാവ് സഹനങ്ങളെ സന്തോഷത്തോടെ ഏറ്റെടുത്ത വ്യക്തിയായിരിന്നു. തിരുക്കുടുംബം എല്ലാ വര്‍ഷവും പെസഹാത്തിരുന്നാളിനു ഓര്‍ശ്ലത്തെയ്ക്ക് തീര്‍ത്ഥയാത്ര നടത്തിയിരിന്നു. ഈശോയ്ക്ക് പന്ത്രണ്ട് വയസ്സായിരുന്നപ്പോള്‍ പതിവ് പോലെ അവര്‍ ഓര്‍ശ്ലം ദൈവാലയത്തിലേക്ക് ദൈവാരാധനയ്ക്കായി പുറപ്പെട്ടു. ദൈവാരാധന കഴിഞ്ഞ് എല്ലാവരും ഭവനങ്ങളിലേക്ക് മടങ്ങി. ദിവ്യകുമാരന് മാത്രം ഓര്‍ശ്ലത്ത് വസിച്ചു.
അക്കാലഘട്ടങ്ങളില്‍, പുരുഷന്മാരും സ്ത്രീകളും രണ്ടു വഴിക്കാണ് യാത്ര കഴിക്കുക. ഒരു ദിവസത്തെ യാത്ര കഴിഞ്ഞാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. അതിനാല്‍ തന്നെ ഉണ്ണിമിശിഹാ മാതാവിന്റെ കൂടെ ഉണ്ടായിരിക്കുമെന്ന് വി. യൗസേപ്പും, വളര്‍ത്തുപിതാവിന്റെ കൂടെ ഉണ്ടായിരിക്കും എന്ന് പ. കന്യകയും വിചാരിച്ചിരിക്കണം. കൂടാതെ കുട്ടികളും സംഘം ചേര്‍ന്നാണ് യാത്ര തിരിക്കുക. അക്കൂട്ടത്തില്‍ ഈശോ ഉള്‍പ്പെട്ടിരിക്കാമെന്നും ആ മാതാപിതാക്കള്‍ കരുതിയിട്ടുണ്ടാവാം. ഏതായാലും ഒരു ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ദിവ്യസുതന്‍ തങ്ങളോടു കൂടി ഇല്ലെന്നുള്ള വസ്തുത കന്യാംബികയും വിശുദ്ധ യൗസേപ്പും മനസ്സിലാക്കുന്നത്.
വി. യൗസപ്പ് വളര്‍ത്തുപിതാവാണെങ്കിലും പിതൃനിര്‍വിശേഷമായ സ്നേഹം ഈശോയോടുണ്ടായിരുന്നു. അതിനാല്‍ മാര്‍ യൗസേപ്പും കന്യകാമേരിയും കൂടി ദിവ്യസുതനെ അന്വേഷിച്ചു പുറപ്പെട്ടു. ബന്ധുക്കളുടെയും പരിചിതരുടെയും ഇടയില്‍ ഉണ്ണിമിശിഹായെ അന്വേഷിച്ചു. തങ്ങളുടെ ഉത്തരവാദിത്വരഹിതമായ പ്രവൃത്തിയോ, അനാസ്ഥയോ നിമിത്തമാണോ ദിവ്യകുമാരന് തങ്ങളെ ഉപേക്ഷിച്ചത് എന്നുള്ള സംശയവും ഭയവും അവര്‍ക്കുണ്ടായിരുന്നിരിക്കാം.
പ്രിയ മകനേ കാണാതാകുമ്പോള്‍ മാതാപിതാക്കന്മാര്ക്ക് ഉണ്ടാകുന്ന ഹൃദയവേദന എത്ര കഠിനമായിരിക്കുമെന്ന് ഒന്നു ചിന്തിച്ച് നോക്കുക. ഏതായാലും മൂന്നാം ദിവസം ദേവാലയത്തില്‍ വച്ച് നിയമജ്ഞരുമായി തര്‍ക്കിക്കുന്ന രംഗമാണ് അവര്‍ കാണുന്നത്. പരിശുദ്ധ അമ്മ ഖേദം നിറഞ്ഞ സ്വരത്തില്‍ ഇപ്രകാരം ചോദിച്ചു. “മകനെ, നീ എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. ഞാനും നിന്റെ പിതാവും ദുഃഖത്തോടുകൂടി നിന്നെ അന്വേഷിക്കുകയായിരുന്നു.” അപ്പോള്‍ ഈശോ ഇപ്രകാരം അരുളിച്ചെയ്തു. “നിങ്ങള്‍ എന്തുകൊണ്ട് എന്നെ അന്വേഷിച്ചു. ഞാന്‍ എന്റെ പിതാവിന്റെ ഭവനത്തിലായിരിക്കേണ്ടയോ?”
വിശുദ്ധ യൗസേപ്പിന്റെ ദുഃഖം അഗാധമായിരുന്നു എന്ന് ദിവ്യജനനി തന്നെ പറയുന്നു. എങ്കിലും ഈശോയെ കണ്ടപ്പോള്‍ അവരുടെ ദുഃഖമെല്ലാം മാറി. നമ്മുടെ ജീവിതത്തിലെ ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവത്തെ അന്വേഷിക്കുന്നെങ്കില്‍ ദൈവം നമ്മെ സഹായിക്കും. മാര്‍ യൗസേപ്പിന്റെ മാതൃക നമുക്ക് സഹനത്തെ പ്രശാന്തമായി അഭിമുഖീകരിക്കുവാനുള്ള പ്രചോദനം നല്കുന്നു.
സംഭവം
🔶🔶🔶🔶
പേരുകൊണ്ടു മാത്രം ക്രിസ്ത്യാനിയായ ഒരു ധനികന് ജീവിച്ചിരുന്നു. അയാള്‍ ഒരു ബസ് വാങ്ങി. ജോസഫ് എന്ന പേരോടു കൂടിയ യൗസേപ്പിതാവിന്റെ ഒരു ഭക്തനായിരുന്നു ബസ്സിന്റെ ആദ്യത്തെ ഉടമ. ബസ്സില്‍ സെന്റ് ജോസഫ് എന്ന പേര് പെയിന്റ് ചെയ്തിരുന്നു. മത തീക്ഷ്ണതയോ വിശ്വാസത്തിന്റെ കണിക പോലുമില്ലാത്ത പുതിയ ഉടമസ്ഥന് ബസിന്റെ പേരു മായിച്ചുകളയുകയും തനിക്ക് തോന്നിയ ഓമനപ്പേര് ബസ്സിനു നല്‍കുകയും ചെയ്തു. എന്നാല്‍ ആ ബസ്സിലെ ഡ്രൈവര്‍ അക്രൈസ്തവനായ ഒരു വ്യക്തിയായിരുന്നു. അയാള്‍ ബസ് ഓടിക്കുമ്പോള്‍ വി. യൗസേപ്പിന്റെ പടം അതില്‍ തൂക്കിയിടുക പതിവായിരുന്നു. അങ്ങനെയിരിക്കെ അവിചാരിതമായി ഒരു അപകടം ഉണ്ടായി. മലഞ്ചെരിവിലൂടെ അനേകം ആളുകളെ കയറ്റിക്കൊണ്ടുപോയ ബസ് കൊക്കയിലേക്ക് വീണു.
ഇരുന്നൂറ് അടിയോളം താഴ്ചയുള്ള അഗാധ ഗര്‍ത്തത്തിലേക്കാണ് ബസ് വീണത്. അത്ഭുതമെന്നു പറയട്ടെ. അതിലുണ്ടായിരുന്നവര്‍ക്ക് യാതൊരു കേടുപാടുകളുമുണ്ടായില്ല. ബസ്സിനു ചില്ലറ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ വിസ്മയം പൂണ്ട ആളുകളോട് കേവലം ക്രിസ്ത്യാനിപോലുമല്ലാത്ത ഡ്രൈവര്‍ പറഞ്ഞത് ശ്രദ്ധേയമാണ്. “ഞാന്‍ ക്രിസ്തുമത വിശ്വാസിയല്ലെങ്കിലും യേശുവിനെ എനിക്ക് വിശ്വാസമുണ്ട്. യേശുവിനെയും യേശുവിന്റെ അമ്മയേയും പരിപാലിച്ച ഈ പുണ്യദേഹം നമ്മെ കാത്തുകൊള്ളുമെന്നതില്‍ സംശയത്തിന് അവകാശമില്ല. അക്രൈസ്തവനായ ആ മനുഷ്യന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ ശ്രോതാക്കള്‍ വിസ്മയിച്ചു എന്നു മാത്രമല്ല, ഭക്തകാര്യങ്ങളില്‍ ഉദാസീനനായിരുന്ന ബസ്സുടമ മാര്‍ യൗസേപ്പിതാവിന്റെ ഉത്തമഭക്തനായിത്തീരുകയും ചെയ്തു.
ജപം
🔶🔶
മാര്‍ യൗസേപ്പിതാവേ, ഉണ്ണിമിശിഹായെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയപ്പോള്‍ അവിടുന്ന് സീമാതീതമായ ദുഃഖം അനുഭവിച്ചുവല്ലോ. ഞങ്ങള്‍ പാപത്താല്‍ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോള്‍ ഉത്തമ മനസ്താപത്തോടുകൂടി അവിടുത്തെ അന്വേഷിക്കുവാനും അങ്ങുമായി രമ്യപ്പെട്ട് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്കേണമേ. ജീവിത ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവസഹായത്തോടുകൂടി അതിനെ അതിജീവിക്കുവാനുള്ള ധൈര്യവും സ്ഥിരതയും ഞങ്ങള്‍ പ്രാപിക്കട്ടെ. ഈശോയെ അനുഗമിക്കുവാന്‍ കുരിശുകള്‍ സഹായകരമാണെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്ക്കാരാ,
ദൈവകുമാരന്റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,
തിരുക്കുടുംബത്തിന്റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶🔶🔶
മാര്‍ യൗസേപ്പേ, ഞങ്ങള്‍ കുരിശുകള്‍ സഹിച്ച് ഈശോയെ അനുഗമിക്കുവാന്‍ സഹായിക്കണമേ..
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
നീതിയെ സ്നേഹിക്കുന്നവന് അവളുടെ പ്രവര്‍ത്തനങ്ങളുടെ ഫലം നന്മയായിരിക്കും. ആത്മനിയന്ത്രണവും വിവേകവും നീതിയും ധൈര്യവും അവള് പരിശീലിപ്പിക്കുന്നു. ജീവിതത്തില്‍ ഇവയെക്കാള്‍ പ്രയോജനകരമായി ഒന്നുമില്ല.
ജ്ഞാനം 8 : 7
നോമ്പുകാല വിചിന്തനം-31
വി. മർക്കോസ് 10 : 1 – 12
വിവാഹമോചനം സർവ്വസാധാരണമായി ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. വിവാഹം കഴിക്കുന്നതുതന്നെ വിവാഹമോചനത്തിനുവേണ്ടിയാണെന്ന മട്ടായിരിക്കുന്നു.യഹൂദരുടെയിടയിൽ ഇതേക്കുറിച്ച് തർക്കമുണ്ടായിരുന്നതിനാലാണ് ഈ വിഷയം യേശുവിന്റെ മുമ്പിലേക്ക് എടുത്തിട്ടത്. മോശയുടെ നിയമത്തിൽ വിവാഹ മോചനം അനുവദിച്ചിരുന്നു എന്നു പറയുന്നുണ്ടെങ്കിലും അതു് അത്ര ശരിയാണെന്ന് പറയാനാവുകയില്ല. ജനങ്ങളുടെ ഹൃദയകാഠിന്യം നിമിത്തം അക്കാര്യത്തിൽ ഒരു സഹിഷ്ണുത കാണിച്ചിരുന്നു എന്നു പറയുന്നതാവും ശരി.(Not permitted but tolerated) സമുദായത്തിലെ പാവപ്പെട്ട സ്ത്രീകളെ കഴിയുന്നത്ര സംരക്ഷിക്കുകയായിരുന്നു മോശയുടെ ലക്ഷ്യം. കാരണം, ഉപേക്ഷാപത്രം കൊടുത്തു പുരുഷന്മാർക്ക് സ്ത്രീകളെ യഥേഷ്ടം ഒഴിവാക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നപ്പോൾ സ്ത്രീകൾക്ക് അത് നിഷേധിക്കപ്പെട്ടിരുന്നു. തന്നെയുമല്ല, ഉപേക്ഷാപത്രമില്ലാതെ അവർക്ക് പുനർവിവാഹം അനുവദിച്ചിരുന്നുമില്ല. ഇക്കാരണത്താലാണ് മോശ സഹിഷ്ണുത കാട്ടിയത്. യേശുവിന്റെ ഭാഷ്യമനുസരിച്ച് മോശയുടെ ആ പ്രവൃത്തി ദൈവഹിതപ്രകാരമായിരുന്നില്ല. നല്ല കുടുംബം കെട്ടിപ്പടുക്കുന്നതിന് ഒരു പുരുഷന് ഒരേസമയം ഒരു സ്ത്രീ മതി എന്ന നിലപാടാണ് യേശുവിനുണ്ടായിരുന്നത്. വേദപുസ്തകപരമായ ഈ നിലപാടിൽനിന്നു കത്തോലിക്കസഭ ഇതുവരെ വ്യതിചലിച്ചിട്ടില്ല. ദാമ്പത്യബന്ധം എപ്പോഴും അവികലവും അവിഭാജ്യവുമായിരിക്കണം എന്ന കാര്യത്തിൽ സഭയ്ക്ക് നിർബ്ബന്ധമുണ്ട്. കത്തോലിക്കസഭയുടെ കാഴ്ചപ്പാടിൽ വിവാഹ മോചനം(Divorce) എന്നൊന്നില്ല എന്നതാണ് സത്യം. എന്നാൽ ഒരു വിവാഹത്തിന്റെ സാധുതയ്ക്ക്(Validity) അവശ്യംവേണ്ട ഘടകങ്ങൾ വിവാഹം നടന്ന സമയത്തോ അതിനുമുമ്പോ ഇല്ലാതിരുന്നാൽ ആ വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടേക്കാം. രാജ്യനിയമം അനുവദിക്കുന്നതരത്തിലുളള വിവാഹമോചനോപാധികളെ സഭ അംഗീകരിക്കുന്നില്ല. വിവാഹജീവിതം ഇരുകൂട്ടരും മരണംവരെ വിശ്വസ്തതയോടെ ജീവിക്കേണ്ടതാണെന്ന ലളിതസത്യം നമുക്ക് വിസ്മരിക്കാതിരിക്കാം.
* ഫാ. ആന്റണി പൂതവേലിൽ
Categories: അനുദിനവിശുദ്ധർ