ജോസഫ് ചിന്തകൾ 103
ജോസഫ് തക്ക സമയത്ത് സഹായവുമായി വരുന്നവൻ
സ്പെയിനിൽ ജനിച്ച വിശുദ്ധ ജുനിപെറോ സെറ (1713 – 1784) ഫ്രാൻസിസ്കൻ സന്യാസഭയിലെ ഒരു വൈദീകൻ ആയിരുന്നു. സഭയിൽ അംഗമാകുന്നതിനു മുമ്പുള്ള ജുനിപെറോയുടെ ആദ്യ പേര് മിഗുവൽ ജോസേ സെറാ എന്നായിരുന്നു. അമേരിക്കയിലെ കാലിഫോർണിയിൽ 21 മിഷൻ സ്റ്റേഷനുകൾ രൂപം കൊടുക്കുകയും ചെയ്ത വലിയ മിഷനറി കൂടിയാണ് ജുനിപെറോ. ജീവിതത്തിലുടനീളം വിശുദ്ധ യൗസേപ്പിതാവിനോടു തികഞ്ഞ ഭക്തി പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജുനിപെറോ അച്ചൻ. എല്ലാ ബുധനാഴ്ചയും യൗസേപ്പിതാവിൻ്റെ ദിവസമായി ആചരിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു.
1769 ൽ സാൻ ഡിയാഗോയിൽ ഒരു പുതിയ മിഷൻ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിക്കുന്നു, അവിടെയ്ക്കു ഭക്ഷണ സാധനങ്ങളും മറ്റു ആവശ്യ സാധനങ്ങളുമായി എത്തേണ്ട കപ്പൽ മാസങ്ങളായിട്ടും വരാൻ താമസിച്ചതിനാൽ പുതിയ മിഷൻ സ്റ്റേഷൻ തുടങ്ങാതെ മടങ്ങാൻ ആലോചിച്ചു. അതു മാർച്ചു മാസമായതിനാൽ അവസാനശ്രമം എന്നോണം ജുനിപെറോയും മറ്റു സഹോദരന്മാരും യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം തേടി നോവേന ചൊല്ലുവാൻ ആരംഭിച്ചു. കൃത്യം മാർച്ചു പത്തൊമ്പതാം തീയതി ഒരു കപ്പൽ നിറയെ ഭക്ഷണ സാധനങ്ങളുമായി സാൻ ഡിയോഗിലെത്തി.
മറ്റൊരിക്കൽ മെക്സിക്കയിലേക്കുള്ള യാത്രയിൽ മൂന്നു തവണ ജുനിപെറോ അപകടത്തിൽ പെട്ടു മൂന്നു തവണയും അപരിചിതനായ ഒരു വ്യക്തിയുടെ സഹായത്താലാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഈ അപരിചിതനായ വ്യക്തി സ്വർഗ്ഗത്തിൽ നിന്നു തൻ്റെ സഹായത്തിനു വന്ന വിശുദ്ധ യൗസേപ്പിതാവിയിരുന്നു എന്നാണ് വിശുദ്ധ ജുനിപെറോ സെറ വിശ്വസിക്കുന്നത്. കുറേ വർഷങ്ങൾക്കു ശേഷം ജുനിപെറോയും സഹോദരങ്ങളും ഒരു രാത്രി ചരക്കുകൾ ഇറക്കാൻ ബുദ്ധിമുട്ടിയപ്പോൾ തിരുകുടുംബം വിശുദ്ധ യൗസേപ്പിൻ്റെ നേതൃത്വത്തിൽ അവരെ സഹായിക്കാൻ എത്തിച്ചേർന്നു എന്നു ജുനിപെറോയുടെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തക്ക സമയത്ത് സഹായവുമായി കടന്നു വരുന്ന വിശുദ്ധനാണ് യൗസേപ്പിതാവ്. ആ വത്സല പിതാവിൻ്റെ പക്കലേക്കു വിശ്വാസപൂർവ്വം നമുക്കു പോകാം.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/
Categories: ജോസഫ് ചിന്തകൾ