Article

തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം!

തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം!

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

“എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കൽ കൂടെ എന്‍റെ കൈകൾ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര; ഇരുപത്തിയഞ്ചാം വയസ്സിന്‍റെ തിളയ്ക്കുന്ന ചോര… എഴുതിവെച്ചു, ജീവിച്ചാൽ ക്രിസ്തുവിനുവേണ്ടി… പ്രവർത്തിച്ചാൽ ക്രിസ്തുവിനുവേണ്ടി… മരിച്ചാൽ ക്രിസ്തുവിനുവേണ്ടി….” വലതു കൈപ്പത്തി ഇടതു നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടിയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ ഈ വാക്കുകള്‍ പുറത്തു വരൂമ്പോള്‍ കേള്‍വിക്കാരുടെ രോമകൂപങ്ങളില്‍ പൂത്തിരി കത്തുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ശരിയാണ്, തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി സഭാവ്യത്യാസമെന്യേ സുവിശേഷത്തെ സ്നേഹിക്കുന്ന, ഭാഷയെ സ്നേഹിക്കുന്ന, പ്രസംഗങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും സ്വന്തമായിരുന്നു…

കന്യാകുമാരി ജില്ലയില്‍ കല്‍ക്കുളം താലൂക്കില്‍ തിരുവട്ടാര്‍ ദേശത്ത് കൊല്‍വേള്‍ എന്ന ഗ്രാമത്തിലെ ജന്മിയായ രാമന്‍പിള്ളയുടെയും മാളി വള്ളിയമ്മയുടെയും നാല് മക്കളില്‍ മൂത്തവനായി ജനിച്ച കൃഷ്ണന്‍കുട്ടി ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ആയിരത്തിലധികം ആടുകളും പാടത്ത് നിന്ന് നെല്ല് കൊണ്ടുവരുന്നതിനായി മാത്രം രണ്ടു കാളവണ്ടികളും ഉണ്ടായിരുന്ന, സ്ഥലം പാട്ടത്തിന് കൊടുത്ത വകയില്‍ തന്നെ ധാരാളം വരുമാനം ലഭിച്ചിരുന്ന ജന്മി കുടുംബത്തിലെ അംഗമായ കൃഷ്ണന്‍കുട്ടി ഏഴാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നത് സര്‍.സി.പി.യുടെ ദുര്‍ഭരണത്തിനെതിരായും തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തിയിരുന്ന സമരത്തില്‍ പങ്കെടുത്തതോടെയാണ്‌. സരസമായ വാണീവിലാസത്തോടെ അദ്ദേഹം അക്കാര്യം ഇങ്ങനെ വിവരിക്കാറുണ്ടായിരുന്നു:

 

“തിരുവട്ടാര്‍ ക്ഷേത്രമൈതാനിയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായ പി.നീലകണ്‌ഠപ്പിള്ള പ്രസംഗിക്കുന്നു എന്നറിഞ്ഞ ഞാന്‍ അത് കേള്‍ക്കാന്‍ പോയി. എന്‍റെ ജീവിതത്തില്‍ ആദ്യമായി കേട്ട രാഷ്ട്രീയ പ്രസംഗം അതായിരുന്നു. ‘തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും സര്‍.സി.പി.രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരായും ബഹുജന മുന്നേറ്റം ഉണ്ടാകണമെന്നും വിദ്യാര്‍ഥികള്‍ ധൈര്യമായി സമരരംഗത്ത് വരണമെന്നും’ എല്ലും തോലുമായിരുന്ന നീലകണ്‌ഠപ്പിള്ള ആകാശത്തേക്ക് മുഷ്ടിചുരുട്ടി ആഹ്വാനം ചെയ്തു. അന്ന് ഞാന്‍ മലയാളം ഏഴാം ക്ലാസില്‍ പഠിക്കുന്നു. പ്രസംഗം കേട്ട് ചോര തിളച്ച് വര്‍ദ്ധിച്ച ആവേശത്തോടെ വീട്ടില്‍ പോയ ഞാന്‍ പിറ്റെന്നാള്‍ സ്കൂളില്‍ എത്തി എന്‍റെ സഹപാഠികളോട് നാഷണല്‍ കോണ്‍ഗ്രസ്സിനെ കുറിച്ചും പി.നീലകണ്‌ഠപ്പിള്ളയുടെ പ്രസംഗത്തെ കുറിച്ചും വിശദീകരിച്ച ശേഷം സി.പി.യുടെ ദുര്‍ഭരണത്തിനെതിരെ വിദ്യാര്‍ഥികളായ നമ്മള്‍ സംഘടിക്കേണ്ടതിനെപ്പറ്റിയും പറഞ്ഞു. ഞാന്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന വാര്‍ത്ത അധ്യാപകര്‍ക്ക് എങ്ങനെയോ ലഭിച്ചു. ഹെഡ്മാസ്റ്റര്‍ കുമാരപിള്ള സര്‍ എന്‍റെ പിതാവിന്‍റെ സ്നേഹിതനായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് ഈ ശ്രമത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ തെല്ലും വഴങ്ങിയില്ല. തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിങ്ങളും വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടാകണം എന്ന സഹായാഭ്യര്‍ത്ഥനയും നടത്തിയിട്ടാണ് ഞാന്‍ പോന്നത്.

 

പിറ്റേന്ന് അമ്മയുടെ അടുത്ത നിന്ന് സംഘടിപ്പിച്ച അര രൂപകൊണ്ട് ഒരു ഗാന്ധിത്തൊപ്പി വാങ്ങി. നീലകണ്ഠപ്പിള്ള ഗാന്ധിത്തൊപ്പി അല്പം ചെരിച്ചാണ് വെച്ചിരുന്നത്, ഞാനും അതുപോലെ തൊപ്പി ചെരിച്ചു വെച്ചു. നീലകണ്‌ഠപ്പിള്ള കീ ജയ്‌, നാഷണല്‍ കോണ്‍ഗ്രസ് കീ ജയ്‌, സ്റ്റേറ്റ് കോണ്‍ഗ്രസ് കീ ജയ്‌, പട്ടം താണുപിള്ള കീ ജയ്‌, എന്ന് ഞങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടു മാര്‍ച്ച് ചെയ്ത് സ്കൂളിലേക്ക് പോയി. ഞങ്ങള്‍ വരുന്നത് അധ്യാപകര്‍ ദൂരെ നിന്ന് കണ്ടു. അധ്യാപകരില്‍ ചിലര്‍ ഗെയ്റ്റിനു മുന്നില്‍ വന്നു നിന്ന് ഞങ്ങളെ തടഞ്ഞു. പത്മനാഭപ്പിള്ള സാര്‍ എന്‍റെ നേരെ രോഷം കൊണ്ടലറി, “എടുക്കെടാ തൊപ്പി”. “എടുക്കില്ല സാര്‍” ഉച്ചത്തില്‍ ഞാനും പ്രതികരിച്ചു. പത്മനാഭപ്പിള്ള സാറിന്‍റെ ശബ്ദം കൂടുതല്‍ കടുത്തു, “കടക്കെടാ പുറത്ത്”. രണ്ടടി പുറകോട്ടു മാറി നിന്ന് സര്‍വ്വ ശക്തിയും സംഭരിച്ച് ഞാന്‍ വിളിച്ചു പറഞ്ഞു,

 

“സി.പി.തന്നെ വന്നു നിന്ന് വലിയ തോക്ക് വെക്കിലും

അടികള്‍ ഇടികള്‍ വെടികള്‍ പൊടികള്‍ മേത്ത് തന്നെ വീഴിലും

സഹന സമര സജ്ജരായ് നമ്മള്‍ തന്നെ നില്‍ക്കണം”

ഞാന്‍ വിളിച്ചു പറഞ്ഞ മുദ്രാവാക്യത്തിന്‍റെ ഈരടിയില്‍ തന്നെ സുഹൃത്തുക്കളും അതേറ്റു വിളിച്ചു. അതോടെ എന്നെ സ്കൂളില്‍ നിന്ന് പുറത്താക്കി.”

 

ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയെങ്കിലും വായന അദ്ദേഹം അവസാനിപ്പിച്ചില്ല. വീടിനടുത്തുണ്ടായിരുന്ന രണ്ട് ലൈബ്രറികളില്‍ അംഗത്വമെടുത്ത തിരുവട്ടാര്‍ പരന്ന വായനയിലൂടെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അടുത്തു. എങ്കിലും അമ്പലങ്ങളില്‍ പോകുന്നത് മുടക്കിയിരുന്നില്ല. തന്നെക്കാള്‍ മൂന്നു വയസ്സ് പ്രായക്കൂടുതലുള്ള യേശുദാസന്‍ എന്ന ബാല്യകാല സുഹൃത്ത് തിരുവട്ടാറിന്‍റെ പാട്ടക്കാരനായി മാറിയതോടെ അവര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിച്ചു. യേശുദാസന്‍ ആണ് ക്രിസ്തുവിനെ കുറിച്ച് ആദ്യമായി തിരുവട്ടാറിനോട് പറയുന്നത്. യേശുദാസന്‍ ക്രിസ്തുവിനെ കുറിച്ച് പറയുമ്പോള്‍ തിരുവട്ടാര്‍ തന്‍റെ കുലത്തിന്‍റെ നാഥനായ കൃഷ്ണനെ കുറിച്ച് പറയും. പലപ്പോഴും അവര്‍ തമ്മിലുള്ള സംസാരം കനത്തിട്ടുണ്ടെങ്കിലും അവരുടെ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. യേശു മാത്രമാണ് യഥാര്‍ത്ഥ ദൈവം എന്ന യേശുദാസന്‍റെ പ്രസ്താവനയോട് തിരുവട്ടാര്‍ ശക്തിയുക്തം എതിര്‍ത്തു നിന്നു.

 

കമ്യൂണിസം തലയ്ക്ക് പിടിച്ചിരുന്നത് കൊണ്ട് ജന്മിയായിരിക്കാതെ തൊഴിലാളിയായി മാറാന്‍ തിരുവട്ടാര്‍ തീരുമാനിച്ചു. പക്ഷെ തൊഴില്‍ ഒന്നും അറിഞ്ഞുകൂടാ. യേശുദാസന്‍ പറഞ്ഞു, ‘ഇഷ്ടംപോലെ ഭൂമി തരിശായി കിടക്കുകയല്ലേ, അതില്‍ കൃഷി ചെയ്യണം’ എന്ന്. കൃഷിയെപറ്റിയുള്ള അടിസ്ഥാന അറിവ് പോലും തനിക്കില്ലെന്ന് തിരുവട്ടാര്‍. കുറച്ചു ദിവസം കഴിഞ്ഞ് ഒരു കുട്ട വാഴക്കണ്ണുമായി യേശുദാസന്‍ തിരുവട്ടാറിന്‍റെ വീട്ടിലെത്തി. വാഴക്കണ്ണ്‍ നടുവാനുള്ള കുഴിയെടുത്ത് ഒരു വാഴക്കണ്ണ്‍ അതില്‍ നട്ടു. എന്നിട്ട് പറഞ്ഞു, ‘ഇതുപോലെ കുഴിയെടുത്ത് എല്ലാ കുഴികളിലും വാഴക്കണ്ണ്‍ നടുക.’ യേശുദാസന്‍ പറഞ്ഞതു പോലെ തിരുവട്ടാര്‍ ചെയ്തു. വാഴയ്ക്ക് വേണ്ട പരിചരണങ്ങള്‍ എല്ലാം യേശുദാസന്‍റെ നിര്‍ദ്ദേശപ്രകാരം തിരുവട്ടാര്‍ നല്‍കിപ്പോന്നു. അവസാനം കുലവെട്ടുവാന്‍ പാകമായപ്പോള്‍ നന്നായി പാകമായ ഒരു കുല തിരുവട്ടാര്‍ തന്നെ വെട്ടി ഒരു പണിക്കാരന്‍റെ കൈവശം കുലശേഖരം ചന്തയില്‍ കൊണ്ടുപോയി വിറ്റു. അഞ്ചു രൂപ അമ്പത് പൈസയ്ക്ക് വാഴക്കുല വിറ്റ്‌ പണിക്കാരന്‍ തിരിച്ചെത്തി. അമ്പത് പൈസ പണിക്കാരന് നല്‍കി അഞ്ച് രൂപ തിരുവട്ടാര്‍ സൂക്ഷിച്ചു വെച്ചു. സ്വന്തമായി അദ്ധ്വാനിച്ചു നേടിയ ആദ്യത്തെ കാശ്! അതൊരിക്കലും ചിലവാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ബൈബിള്‍ വായന തുടങ്ങിയപ്പോള്‍ ആ അഞ്ച് രൂപാ നോട്ട് ബൈബിളില്‍ എടുത്തു വെച്ചു. പിന്നീട് വിശ്വാസിയായി മാറിയപ്പോള്‍ വീടും സ്വത്തുമെല്ലാം ഉപേക്ഷിച്ച് സഞ്ചാര സുവിശേഷകനായി അലഞ്ഞ കാലത്ത് പട്ടിണി കിടക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായപ്പോഴും ആ അഞ്ച് രൂപാ നോട്ട് അദ്ദേഹം ചിലവാക്കിയില്ല. ഓര്‍മ്മ നഷ്ടപ്പെടുന്നതിനു കുറച്ചു നാള്‍ മുന്‍പ് വരെ ആ നോട്ട് അദ്ദേഹത്തിന്‍റെ ബൈബിളില്‍ ഉണ്ടായിരുന്നു.

 

കൃഷി ചെയ്യുന്നതിനിടയ്ക്കും യേശുദാസനും തിരുവട്ടാറും തമ്മിലുള്ള തര്‍ക്കം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. യേശുക്രിസ്തു മാത്രമാണ് ദൈവം എന്ന പ്രസ്താവനയോട് തിരുവട്ടാര്‍ ശക്തിയുക്തം എതിര്‍ത്തു നിന്നു. വൈകുന്നേരങ്ങളില്‍ പതിവായി ചന്തയുടെ ഒരു ഭാഗത്ത് യേശുദാസനും തിരുവാട്ടാറും സന്ധിച്ച് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. യേശുദാസനോടൊപ്പം ചില ക്രിസ്തീയ സുഹൃത്തുക്കളും ഈ ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നിരുന്നു. ആറാം ക്ലാസ്സില്‍ വെച്ച് പഠിച്ച ‘ഉണ്ണിയേശു’ എന്ന കവിതയില്‍ നിന്നും കിട്ടിയ പരിമിതമായ അറിവ് മാത്രമാണ് ക്രിസ്തുവിനെ എതിര്‍ക്കാന്‍ തിരുവട്ടാറിനുള്ള ഏക കൈമുതല്‍. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ “യേശു ഒരു വേശ്യാപുത്രനാണ്” എന്ന് തിരുവട്ടാര്‍ തട്ടിവിട്ടു. യേശുദാസനും കൂട്ടരും ഈ പ്രസ്താവനയെ നഖശിഖാന്തം എതിര്‍ത്തു. ഒടുവില്‍ തിരുവട്ടാര്‍ പറഞ്ഞു: ‘എനിക്ക് ഒരു ബൈബിള്‍ തരിക, അത് വായിച്ചു കഴിഞ്ഞിട്ട് ഞാന്‍ ഇനി നിങ്ങളോട് സംസാരിക്കാന്‍ വരാം.’ ഉടനെത്തന്നെ യേശുദാസന്‍ ഒരു തമിഴ് ബൈബിള്‍ സംഘടിപ്പിച്ചു കൊടുത്തു. ഈ സമയത്തെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു തിരുവട്ടാര്‍.

 

പുസ്തകപ്രേമിയായ തിരുവട്ടാര്‍ ബൈബിള്‍ സസൂക്ഷ്മം വായിക്കാനാരംഭിച്ചു. പഴയ നിയമം വായിച്ചപ്പോള്‍ ക്രിസ്ത്യാനിറ്റിയോട് അനുകൂലമനോഭാവമായിരുന്നില്ല ഉണ്ടായിരുന്നത്. മത്തായിയും മര്‍ക്കോസും ലൂക്കോസും വായിച്ചു കഴിഞ്ഞപ്പോഴും യേശു വേശ്യാപുത്രന്‍ തന്നെ എന്ന നിലപാടില്‍ ഉറച്ചു നിന്നു. പിന്നീട് യോഹന്നാനിലേക്ക് കയറി. അതിന്‍റെ മുഖവര തന്നെ ആകര്‍ഷകമായി തനിക്ക് തോന്നി. വായന തുടരും തോറും യേശുവിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറാന്‍ തുടങ്ങി. ആ സുവിശേഷം വായിച്ചു പൂര്‍ത്തിയായപ്പോഴേക്കും യേശുക്രിസ്തു സാക്ഷാല്‍ സത്യദൈവവും നിത്യജീവനും എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. വീണ്ടും വീണ്ടും യോഹന്നാന്‍ സുവിശേഷം വായിച്ചു. ഒടുവില്‍ 1959 ഡിസംബര്‍ 27 നു തിരുവട്ടാര്‍ തന്‍റെ ജീവിതം യേശുക്രിസ്തുവിന് അടിയറ വെച്ചു..

 

ബൈബിള്‍ വായന മുന്നോട്ടു പോകുന്തോറും സ്നാനപ്പെടണം എന്ന് തനിക്ക് മനസ്സിലായി. യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തിയത് യോഹന്നാന്‍ സ്നാപകന്‍ ആയതുപോലെ ഒരു ക്രിസ്ത്യന്‍ സന്ന്യാസി വേണം തന്നെ സ്നാനപ്പെടുത്താന്‍ എന്ന് തിരുവട്ടാര്‍ നിശ്ചയിച്ചു. ഇക്കാര്യം യേശുദാസനോട് പറഞ്ഞപ്പോള്‍ അന്വേഷിച്ചു കണ്ടെത്താം എന്ന് അദ്ദേഹം വാക്ക് നല്‍കി. അതിനിടയില്‍ വേറൊരു കാര്യം കൂടി നടന്നിരുന്നു. അവിടെയുള്ള ഒരു പ്രബല നായര്‍ തറവാട്ടിലെ അംഗമായിരുന്നു വിഘ്നേശ്വരന്‍ നായര്‍. തികഞ്ഞ മദ്യപാനിയും ഏത് അക്രമത്തിനും കൂട്ട് നില്‍ക്കുന്ന സ്വഭാവക്കാരനുമായിരുന്ന വിഘ്നേശ്വരന്‍ നായരെ ഭീതിയോടെയാണ് പലരും നോക്കിക്കണ്ടിരുന്നത്. സ്വന്തമായി ഒരു ചായക്കട നടത്തി വന്നിരുന്ന വിഘ്നേശ്വരന്‍ നായരുടെ പേരില്‍ ഒമ്പത് കേസുകള്‍ ഉണ്ടായിരുന്നു. യേശുദാസന്‍ പതിവായി വിഘ്നേശ്വരന്‍ നായരുടെ ചായക്കടയില്‍ ചെല്ലുകയും യേശുക്രിസ്തുവിനെ കുറിച്ച് പറയുകയും ചെയ്യും. ആത്മീയ വിഷയങ്ങളില്‍ അവര്‍ തമ്മില്‍ ഘോരയുദ്ധം തന്നെ നടന്നിരുന്നു. അവസാനം വിഘ്നേശ്വരന്‍ നായര്‍ ക്രിസ്തുവിനെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിച്ചു. തിരുവട്ടാറിന്‍റെ മാനസാന്തരത്തിനോടടുപ്പിച്ചു തന്നെയാണ് ഇതും നടക്കുന്നത്. വിഘ്നേശ്വരന്‍ നായരുടെ മാനസാന്തരം നാട്ടില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. വീട്ടുകാര്‍ മുഴുവന്‍ തനിക്കെതിരെ തിരിഞ്ഞു. ചായക്കട ഒരു മാസത്തിനകം പൂട്ടേണ്ടി വന്നു. വിഘ്നേശ്വരന്‍ നായരുമായി കൂടുതല്‍ അടുപ്പത്തിന് ഇഷ്ടപ്പെടാതിരുന്ന തിരുവട്ടാര്‍ ഈ സംഭവങ്ങള്‍ എല്ലാം അറിഞ്ഞപ്പോള്‍ വിഘ്നേശ്വരന്‍ നായരുടെ അടുക്കല്‍ ചെല്ലുന്നത് പതിവാക്കി.

 

യേശുദാസനും ഒരു കൊല്ലം മുന്‍പാണ് ക്രിസ്തുവിനെ സ്വീകരിച്ചത് എന്നുള്ളത് കൊണ്ട് അദ്ദേഹവും സ്നാനപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്‍റെ അന്വേഷണത്തില്‍ സാധുദേവനേശ്വരന്‍ എന്ന ഒരു ക്രിസ്തീയ സന്യാസി മലവിള എന്ന സ്ഥലത്ത് ആശ്രമം പണിത് ശിഷ്യന്മാരോടൊപ്പം താമസിക്കുന്നുണ്ടെന്ന് അറിവായി. അദ്ദേഹത്തിന്‍റെ കൈക്കീഴില്‍ സ്നാനം സ്വീകരിക്കാം എന്നുള്ള ലക്ഷ്യത്തോടെ മൂവരും മലവിളയിലേക്ക് യാത്രയായി. ആശ്രമത്തിലെത്തി സാധുവിനെ കണ്ട് ആഗ്രഹം അറിയിച്ചു. തിരുവട്ടാറിന്‍റെ പിതാവ് രാമന്‍പിള്ളയുടെ പരിചയക്കാരനായിരുന്നു സാധു. മൂവരുടെയും തീരുമാനം വ്യക്തമായി കേട്ടതിന് ശേഷം സാധു പറഞ്ഞു: “നാളെ ഇവിടെ നടക്കുന്ന യോഗത്തില്‍ സംബന്ധിച്ച് സാക്ഷ്യം പറഞ്ഞെങ്കില്‍ മാത്രമേ സ്നാനപ്പെടുത്താനാവൂ.” സാക്ഷ്യം പറയേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് മൂന്നു പേര്‍ക്കും ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ സാധു തന്നെ അതും പറഞ്ഞു കൊടുത്തു. പിറ്റേദിവസത്തെ യോഗത്തിനിടയില്‍ മൂന്നു പേരും സ്നാനപ്പെടാനുള്ള തങ്ങളുടെ ആഗ്രഹം സാക്ഷ്യപ്പെടുത്തി. യോഗം കഴിഞ്ഞപ്പോള്‍ സാധുവും ശിഷ്യന്മാരും വിശ്വാസികളും അടങ്ങുന്ന ഒരു വലിയ ജനാവലിയോടു കൂടെ മൂവരും താമ്രപര്‍ണ്ണി നദിയിലേക്ക് പോയി. അവിടെ വെച്ച് സ്നാനമേറ്റു. സ്നാനം കഴിഞ്ഞ് ആശ്രമത്തില്‍ തിരിച്ചെത്തിയപ്പോള്‍ തനിക്ക് പ്രസംഗിക്കാന്‍ അവസരം തരണമെന്ന് തിരുവട്ടാര്‍ സാധുവിനോട് പറഞ്ഞു. “നേരാം വണ്ണം സാക്ഷ്യം പോലും പറയാന്‍ അറിയാത്ത നീയെങ്ങനെയാണ് പ്രസംഗിക്കുന്നത്?” എന്നായിരുന്നു സാധുവിന്‍റെ പ്രതികരണം. എങ്കിലും തിരുവട്ടാര്‍ തന്‍റെ ആവശ്യത്തില്‍ ഉറച്ചു നിന്നു. നിര്‍ബന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അന്നത്തെ രാത്രിയോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കി. ഗലാത്യര്‍.6:4-നെ അടിസ്ഥാനമാക്കി തിരുവട്ടാര്‍ ഒന്നര മണിക്കൂര്‍ പ്രസംഗിച്ചു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ കന്നി പ്രസംഗമായിരുന്നു അത്. അവിടന്നങ്ങോട്ട്, നീണ്ട അമ്പത് വര്‍ഷത്തിലധികം കാലം ആ മനുഷ്യന്‍ ദൈവം വാരിക്കോരി കനിഞ്ഞരുളിയ വാണീവിലാസത്താല്‍, മലയാളത്തിലും തമിഴിലുമായി യേശുക്രിസ്തുവിനെ പ്രസംഗിച്ചു നടന്നു. “വിദേശികള്‍ കടല്‍ കടന്നു കപ്പലില്‍ കയറ്റി കേരള മണ്ണിലേക്ക് കൊണ്ടുവന്ന യേശുവിനെ ഞങ്ങള്‍ അതേ കടലിലൂടെ കപ്പലില്‍ കയറ്റി വിദേശത്തേക്ക് തിരിച്ചയക്കും” എന്ന് ഒരുകാലത്ത് പറഞ്ഞു നടന്നിരുന്ന കൃഷ്ണന്‍കുട്ടി പിന്നീട് അതേ യേശുവിനെ പ്രസംഗിക്കാനായി കടല്‍ കടന്നു വിദേശങ്ങളിലേക്ക് പോയി! തിരിച്ചു വന്ന് നാട്ടിന്‍പുറത്തെ റോഡരികിലും തെരുവോരങ്ങളിലും കവലകളിലും നിന്ന് ആവേശം ഒട്ടും ചോരാതെ ക്രിസ്തുവിനെ പ്രസംഗിച്ചു. വിവാഹയാത്രയില്‍പ്പോലും ആ ആവേശം അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. വിവാഹത്തിന്‍റെ തലേദിവസം രാവിലെ തൃശ്ശൂര്‍ നിന്നും ആരംഭിച്ച യാത്ര രാത്രിയോടെ വധുവിന്‍റെ നാടായാ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നതിനിടയ്ക്ക് കാണുന്ന കവലകളിലെല്ലാം യേശുക്രിസ്തുവിനെ പ്രസംഗിച്ച വ്യക്തിയാണ് തിരുവട്ടാര്‍!

 

പ്രസംഗത്താല്‍ പ്രകോപിതരായ ശത്രുക്കള്‍ തന്നെയും കൂടെയുള്ളവരെയും ആക്രമിക്കാന്‍ അടുക്കുമ്പോള്‍

 

“ഞാൻ പറയുന്ന ഓരോ വാക്കിനും ഞാനാണ് ഉത്തരവാദി. അതുകൊണ്ട് ഈ പാവങ്ങളുടെ മേൽ ഒരു മൺതരിപോലും വീഴരുത്. എന്നെ എറിഞ്ഞോളൂ. എന്‍റെ മേൽ ഒരു കൽക്കുന്നാക്കിക്കോളൂ. എന്നാൽ ഒരുനാള്‍ എന്‍റെ കര്‍ത്താവിന്‍റെ കാഹളം ഈ ചക്രവാളങ്ങളില്‍ പ്രതിദ്ധ്വനിക്കുമ്പോള്‍ ഞാന്‍ പുനരുഥാനം ചെയ്തു വരും. നിങ്ങള്‍ക്ക് എന്നെ കൊല്ലാം, എന്നാല്‍ എന്‍റെ പുനരുത്ഥാനത്തെ തടയാനാവില്ല”

 

എന്നും

 

“എന്നെ കുത്തണോ? എങ്കിൽ അത് എന്‍റെ നെഞ്ചിലാവണം. ആ കഠാര എന്‍റെ ഹൃദയത്തിൽ ഇറങ്ങണം. അവിടുന്നു ചീറ്റിവരുന്ന രക്തവും യേശുവിനെ പ്രഘോഷിക്കുന്നതായിരിക്കും. ഓർത്തോളൂ, ആ ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം കൃഷ്ണൻകുട്ടിമാർ ഉയിർത്തുവന്നു ക്രിസ്തുവിനെ പ്രസംഗിക്കും!

 

എന്നും എതിരാളികളുടെ നേര്‍ക്കുനേരെ നിന്ന് മുഖത്ത് നോക്കി ചങ്കുറപ്പോടെ പറയാന്‍ ഒരുകാലത്ത് മലയാളക്കരയില്‍ ഒരേയൊരു തിരുവട്ടാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

കൃശഗാത്രനായ കൃഷ്ണന്‍കുട്ടി കേരളത്തിലെ പ്രസംഗകരുടെ പ്രഭുവും ക്രിസ്ത്യാനികളിലെ ഗര്‍ജ്ജിക്കുന്ന സിംഹവും, തൂലിക പടവാളാക്കിയ എഴുത്തുകാരനും, കനകം മൂലവും കാമിനിമൂലവും കറപുരളാത്തവനും, ദാവക്കാരുടെ തട്ടിപ്പുകളെ പരസ്യമായി തട്ടി താഴെയിട്ടവനും, സുവിശേഷ വിരോധികളെ അവരുടെ മടയില്‍ ചെന്ന് വെല്ലുവിളിച്ചവനും, തര്‍ക്കിച്ചതിനു പലതിനും ചങ്കില്‍ കൈ ആഞ്ഞടിച്ച് അവസാന കുത്തിട്ടുറപ്പിച്ചവനും, ആരെയും വിശ്വസിക്കുന്ന നിഷ്കളങ്കനും, തെറ്റിനു നേരെ മുഖം നോക്കാതെ വിമര്‍ശനം ചൊരിഞ്ഞതിനാല്‍ പുറത്തുള്ളതിലും അധികം ശത്രുക്കളെ ക്രിസ്തീയ ഗോളത്തിനകത്ത് സമ്പാദിച്ചവനും ശത്രുക്കളാല്‍ വളരെയധികം ഉപദ്രവിക്കപ്പെട്ടവനും, സുവിശേഷ തല്‍പര വിശ്വാസികളാല്‍ വേണ്ടും വണ്ണം സഹായിക്കപ്പെട്ടവനും ആണെന്ന് പറഞ്ഞാല്‍ ചരിത്രം എളുപ്പത്തില്‍ തീര്‍ക്കാം. ക്രിസ്തീയ ഗോളത്തിനകത്തും പുറത്തുമുള്ള ശത്രുക്കളാല്‍ ജീവിതത്തില്‍ ധാരാളം അടി കിട്ടിയിട്ടുള്ളയാളാണ് തിരുവട്ടാര്‍. പക്ഷെ അടിയേല്‍ക്കുന്തോറും പൊന്നിന്‍റെ മാറ്റ് കൂടിയതേ ഉള്ളൂ. ഇരുമ്പ് തൂണ് ഉറുമ്പരിക്കില്ല എന്ന ലളിത യാഥാര്‍ത്ഥ്യം ശത്രുക്കള്‍ക്ക് പിടികിട്ടാന്‍ കാലം കുറച്ച് പിടിച്ചു. പിടികിട്ടി വന്നപ്പോഴേക്കും തിരുവട്ടാര്‍ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് വാര്‍ദ്ധക്യം മൂലം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു താനും.

 

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ശുശ്രൂഷയിലെ അഗ്രഗാമിയാണ് തിരുവട്ടാര്‍. ഇസ്ലാമിക പണ്ഡിതലോകം വെളിപ്പെടുത്തുവാന്‍ ഇഷ്ടപ്പെടാതെ മറച്ചു വെച്ചിരുന്ന ഖുര്‍ആനിലെയും ഹദീസുകളിലെയും പല കാര്യങ്ങള്‍ റോഡരികില്‍ നിന്ന് മലയാളികളോട് വിളിച്ചു പറഞ്ഞ കേരളക്കരയിലെ ആദ്യ വ്യക്തി തിരുവട്ടാര്‍ ആയിരുന്നു. ഒരു കാലത്ത്, അപ്രതിരോധ്യമാം ദുര്‍ഗ്ഗമായി നിലനിന്നിരുന്ന ഇസ്ലാമിക വിമര്‍ശന മണ്ഡലത്തിലേക്ക് നിര്‍ഭയം കാലെടുത്തു വെച്ച പോരാളിയായിരുന്നു തിരുവട്ടാര്‍. എം.എം.അക്ബറിന്‍റെ പ്രയാണത്തിനു കൂച്ചുവിലങ്ങിട്ട പെരുമ്പാവൂര്‍ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ മദയാന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെയാണ് കേള്‍വിക്കാര്‍ക്ക് അനുഭവപ്പെട്ടത്. അതിന്‍റെ പക അക്ബറിന്‍റെ ഉള്ളില്‍ കെടാതെ കിടന്നിരുന്നു എന്നുള്ളത് പിന്നീട് നമ്മള്‍ കണ്ടതാണ്. ‘ദാവാക്കാരെ വീട്ടിനകത്ത് കേറ്റാന്‍ കൊള്ളില്ല’ എന്ന് ക്രിസ്ത്യാനികളെക്കൊണ്ട് പറയിപ്പിച്ചു എന്നതല്ലാതെ വേറെ ഒന്നും ആ ചതി കൊണ്ട് ദാവക്കാര്‍ക്ക് നേടാനായില്ല.

 

നൂറ്റാണ്ടുകള്‍ക്കിടയില്‍ ദൈവം തന്‍റെ ജനത്തിന് നല്‍കുന്ന അമൂല്യ സമ്മാനമാണ് ഇതുപോലെയുള്ള ദൈവദാസന്മാര്‍. ക്രൈസ്തവ കൈരളിയില്‍ നിന്നും അതുവരെ ആരും കടന്നിട്ടില്ലാത്ത ഇസ്ലാം എന്ന വനാന്തരത്തിനകത്തെക്ക് ആരെയും കൂസാതെ ഒറ്റയാനെപ്പോലെ കടന്നു പോയ തിരുവട്ടാര്‍ സൃഷ്ടിച്ച ഒറ്റയടിപ്പാതയാണ് പുറകെ വരുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ വഴി വെട്ടി വിശാലമായ പാതയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത് എന്നുള്ള കാര്യം അഭിമാനത്തോടെ സ്മരിക്കുന്നു.

 

പാരിലെ മനുഷ്യനെ പരത്തിലേക്കുയര്‍ത്തുവാന്‍ പരമ ദൈവം ആസൂത്രണം ചെയ്ത പവിത്രപദ്ധതിയുടെ വിശദീകരണമായ സുവിശേഷത്തിന്‍റെ കൊടിക്കൂറ പാരിടമെങ്ങും പാറിപ്പറപ്പിച്ച മികവുറ്റ വാഗ്മിയും കിടയറ്റ താര്‍ക്കികനും തികവുറ്റ ഗ്രന്ഥകാരനുമായ തിരുവട്ടാറിന് ഞങ്ങള്‍ ഹൃദയത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

‘നീതിമാന്‍റെ ഓര്‍മ്മ അനുഗ്രഹിക്കപ്പെട്ടത്’ എന്ന ബൈബിള്‍ വാക്യം ഓര്‍ത്തു പോകുന്നു…

✍️ – അനില്‍കുമാര്‍ വി. അയ്യപ്പന്‍

Advertisements

എംഎം – അക്ബറിനു അപ്പച്ചൻ കൊടുത്ത മറുപടി

Advertisements

Categories: Article

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s