Liturgy

ദിവ്യബലി വായനകൾ – Monday of the 5th week of Lent

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 22/3/2021


Monday of the 5th week of Lent – Proper Readings 
(see also Lazarus)

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 56:2

കര്‍ത്താവേ, എന്നോട് കരുണതോന്നണമേ!
എന്തെന്നാല്‍, മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു,
ദിവസം മുഴുവന്‍ ശത്രുക്കള്‍ പടപൊരുതി എന്നെ പീഡിപ്പിക്കുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ അവാച്യമായ കൃപവഴി
സകല അനുഗ്രഹങ്ങളാലും ഞങ്ങളെ ധന്യരാക്കിയല്ലോ.
പഴയ ജീവിതശൈലിയില്‍ നിന്ന്
പുതിയതിലേക്കു കടന്നുവരാന്‍ അനുഗ്രഹിക്കുന്നപോലെ,
സ്വര്‍ഗരാജ്യ മഹത്ത്വത്തിന് സജ്ജരാക്കപ്പെടാനും
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ദാനി 13:1-9,15-17,19-30,33-62
ഞാനിതാ മരിക്കാന്‍ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാന്‍ ചെയ്തിട്ടില്ല.

യൊവാക്കിം എന്നൊരുവന്‍ ബാബിലോണില്‍ ജീവിച്ചിരുന്നു. ഹില്‍ക്കിയായുടെ മകളും അതീവസുന്ദരിയും ദൈവഭക്തയും ആയ സൂസന്നയെ അവന്‍ വിവാഹംചെയ്തു. അവളുടെ മാതാപിതാക്കന്മാര്‍ നീതിനിഷ്ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച് അവര്‍ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു. യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടു ചേര്‍ന്ന് അവനു വിസ്തൃതമായ ഒരു ഉദ്യാനമുണ്ടായിരുന്നു; അവന്‍ എല്ലാവരെയുംകാള്‍ ആദരണീയനായിരുന്നതിനാല്‍ യഹൂദര്‍ അവനെ കാണാന്‍ വരുക പതിവായിരുന്നു. അക്കൊല്ലം ജനത്തിന്റെ ഇടയില്‍ നിന്നു രണ്ടു ശ്രേഷ്ഠന്മാര ന്യായാധിപന്മാരായി നിയമിക്കപ്പെട്ടു. അവരെപ്പറ്റി കര്‍ത്താവ് അരുളിച്ചെയ്തിരുന്നു: ബാബിലോണില്‍ നിന്ന് ജനത്തെ ഭരിക്കേണ്ടവരും ന്യായാധിപന്മാരുമായ ശ്രേഷ്ഠന്മാരില്‍ നിന്ന് അകൃത്യം പുറപ്പെട്ടു. ഇവര്‍ കൂടെക്കൂടെ യൊവാക്കിമിന്റെ വീട്ടില്‍ പോയിരുന്നു. വ്യവഹാരങ്ങളുള്ളവര്‍ അവരെ സമീപിക്കുമായിരുന്നു. ഉച്ചയ്ക്ക് ആളുകള്‍ പിരിഞ്ഞു പോയതിനുശേഷം, സൂസന്ന ഭര്‍ത്താവിന്റെ ഉദ്യാനത്തില്‍ ഉലാത്താന്‍ പോകും. എല്ലാ ദിവസവും അവളെ ഈ രണ്ടു ശ്രേഷ്ഠന്മാരും കാണാറുണ്ട്. അവര്‍ക്ക് അവളില്‍ അഭിലാഷം ജനിച്ചു. അവര്‍ വിവേകശൂന്യരായി ദൈവവിചാരവും ധര്‍മബോധവും കൈവെടിഞ്ഞു. അവര്‍ തക്കം നോക്കിയിരിക്കവേ, പതിവുപോലെ അവള്‍ രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തില്‍ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ട് അവള്‍ കുളിക്കാന്‍ ഒരുങ്ങി. ഒളിച്ചുനിന്ന് നോക്കിയിരുന്ന ആ രണ്ടുശ്രേഷ്ഠന്മാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അവള്‍ തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാന്‍ എണ്ണയും ലേപനങ്ങളും കൊണ്ടുവരുവിന്‍.
തോഴിമാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആ രണ്ടു ശ്രേഷ്ഠന്മാര്‍ അവളുടെ അടുത്ത് ഓടിയെത്തി പറഞ്ഞു: ഇതാ, ഉദ്യാനകവാടങ്ങള്‍ അടച്ചിരിക്കുന്നു; ആരും നമ്മെ കാണുന്നില്ല; ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ട്, നീ മടികൂടാതെ ഞങ്ങളോടൊത്തു ശയിക്കുക. നീ വിസമ്മതിച്ചാല്‍, നിന്റെ കൂടെ ഒരുയുവാവ് ഉണ്ടായിരുന്നതു കൊണ്ടാണ് തോഴിമാരെ നീ പറഞ്ഞയച്ചതെന്ന് ഞങ്ങള്‍ നിനക്കെതിരേ സാക്ഷ്യപ്പെടുത്തും. സൂസന്ന നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എല്ലാത്തരത്തിലും ഞാന്‍ അകപ്പെട്ടു. ഞാന്‍ സമ്മതിച്ചാല്‍, അതെന്റെ മരണമാണ്. സമ്മതിച്ചില്ലെങ്കില്‍, നിങ്ങളുടെ കൈയില്‍ നിന്ന് രക്ഷപെടുകയില്ല. കര്‍ത്താവിന്റെ മുന്‍പില്‍ പാപം ചെയ്യുന്നതിനെക്കാള്‍ നിങ്ങള്‍ക്കു വഴങ്ങാതെ നിങ്ങളുടെ പിടിയില്‍പ്പെടുന്നതാണു ഞാന്‍ ഇഷ്ടപ്പെടുന്നത്. സൂസന്ന ഉച്ചത്തില്‍ നിലവിളിച്ചു. ആ ശ്രേഷ്ഠന്മാര്‍ അവള്‍ക്കെതിരേ അട്ടഹസിച്ചു.
അവരിലൊരാള്‍ ഓടിച്ചെന്ന് ഉദ്യാനവാതില്‍ തുറന്നു. ഉദ്യാനത്തില്‍ നിന്ന് അട്ടഹാസം കേട്ടപ്പോള്‍ സൂസന്നയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ വീട്ടിലെ വേലക്കാരെല്ലാവരും ഉദ്യാനത്തിലെ പിന്‍വാതിലിലൂടെ ഓടിക്കൂടി. ശ്രേഷ്ഠന്മാര്‍ പറഞ്ഞകഥ കേട്ട് വേലക്കാര്‍ അത്യന്തം ലജ്ജിച്ചു; ഇത്തരത്തിലൊന്നും ഒരിക്കലും സൂസന്നയെപ്പറ്റി അവര്‍ കേട്ടിരുന്നില്ല. അടുത്തദിവസം, അവളുടെ ഭര്‍ത്താവായ യൊവാക്കിമിന്റെ വീട്ടില്‍ ആളുകള്‍ കൂടിയപ്പോള്‍, സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി ആ രണ്ടു ശ്രേഷ്ഠന്മാരും എത്തിച്ചേര്‍ന്നു. അവര്‍ ജനത്തോടു പറഞ്ഞു: ഹില്‍ക്കിയായുടെ മകളും യൊവാക്കിമിന്റെ ഭാര്യയുമായ സൂസന്നയെ കൊണ്ടുവരുവിന്‍. അവര്‍ അവളെ കൊണ്ടുവന്നു. തന്റെ മാതാപിതാക്കന്മാരോടും കുട്ടികളോടും ബന്ധുക്കളോടും കൂടെയാണ് അവള്‍ വന്നത്.
അവളുടെ കുടുംബാംഗങ്ങളും കൂട്ടുകാരും അവളെ കണ്ട എല്ലാവരും കരഞ്ഞു. അപ്പോള്‍ ആ രണ്ടു ശ്രേഷ്ഠന്മാര്‍ ജനമധ്യേ എഴുന്നേറ്റുനിന്ന് അവളുടെ തലയില്‍ കരങ്ങള്‍ വച്ചു. അവള്‍ കരഞ്ഞുകൊണ്ട് സ്വര്‍ഗത്തിലേക്കു ദൃഷ്ടികളുയര്‍ത്തി; അവള്‍ കര്‍ത്താവില്‍ ആശ്രയം അര്‍പ്പിച്ചു.
ശ്രേഷ്ഠന്മാര്‍ പറഞ്ഞു: ഞങ്ങള്‍ തനിച്ച് ഉദ്യാനത്തില്‍ നടക്കുമ്പോള്‍, ഇവള്‍ രണ്ടു തോഴിമാരോടൊപ്പം വരുകയും ഉദ്യാനവാതില്‍ അടച്ചതിനുശേഷം തോഴിമാരെ പറഞ്ഞുവിടുകയും ചെയ്തു. അപ്പോള്‍ അവിടെ ഒളിച്ചിരുന്ന ഒരു യുവാവു വന്ന് ഇവളോടുകൂടെ ശയിച്ചു. ഞങ്ങള്‍ ഉദ്യാനത്തില്‍ ഒരു കോണിലായിരുന്നു; ഈ ദുഷ്ടത കണ്ട് ഞങ്ങള്‍ ഓടിച്ചെന്നു. അവര്‍ ആലിംഗനം ചെയ്യുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ ഞങ്ങളെക്കാള്‍ ശക്തനായിരുന്നതിനാല്‍, ഞങ്ങള്‍ക്ക് അവനെ പിടിക്കാന്‍ കഴിഞ്ഞില്ല; അവന്‍ വാതില്‍ തുറന്ന് ഓടിമറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ഇവളെ പിടിച്ച്, അവന്‍ ആരാണെന്നു ചോദിച്ചു; അവള്‍ പറഞ്ഞില്ല. ഇതു ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടിയിരുന്നവര്‍ അവരെ വിശ്വസിച്ചു; കാരണം, അവര്‍ ജനത്തിന്റെ ശ്രേഷ്ഠന്മാരും ന്യായാധിപന്മാരുമായിരുന്നു; അവര്‍ അവളെ മരണത്തിനു വിധിച്ചു.
അപ്പോള്‍ സൂസന്ന അത്യുച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനേ, വസ്തുക്കള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അവയെ അറിയുന്നവനേ, ഇവര്‍ എനിക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞെന്ന് അങ്ങ് അറിയുന്നുവല്ലോ. ഞാനിതാ മരിക്കാന്‍ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാന്‍ ചെയ്തിട്ടില്ല.
കര്‍ത്താവ് അവളുടെ നിലവിളി കേട്ടു. അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്നു പേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കര്‍ത്താവ് ഉണര്‍ത്തി. അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ഇവളുടെ രക്തത്തില്‍ എനിക്കു പങ്കില്ല. ജനം അവന്റെ നേരേ തിരിഞ്ഞു: നീ എന്താണു പറഞ്ഞത്? അവരുടെ മധ്യേ നിന്നുകൊണ്ട് അവന്‍ പറഞ്ഞു: ഇസ്രായേല്‍ മക്കളേ, നിങ്ങള്‍ ഇത്ര ഭോഷന്മാരാണോ? വിചാരണ നടത്താതെയും വസ്തുതകള്‍ ഗ്രഹിക്കാതെയും ഒരു ഇസ്രായേല്‍ പുത്രിയെ നിങ്ങള്‍ ശിക്ഷയ്ക്കു വിധിക്കുന്നുവോ? വിചാരണ സ്ഥലത്തേക്കു മടങ്ങുവിന്‍, കാരണം, ഈ മനുഷ്യര്‍ ഇവള്‍ക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു. അവര്‍ വേഗം മടങ്ങി.
ശ്രേഷ്ഠന്മാര്‍ അവനോടു പറഞ്ഞു: ഞങ്ങളുടെ ഇടയിലിരുന്ന് നിന്റെ വാദം ഉന്നയിക്കുക; ദൈവം നിനക്ക് ശ്രേഷ്ഠസ്ഥാനം നല്‍കിയിട്ടുണ്ടല്ലോ. ദാനിയേല്‍ പറഞ്ഞു: അവരെ രണ്ടുപേരെയും പരസ്പരം ദൂരെ മാറ്റി നിര്‍ത്തുക; ഞാന്‍ അവരെ വിസ്തരിക്കാം. അവരെ തമ്മില്‍ അകറ്റിനിര്‍ത്തിയിട്ട്, അവന്‍ അവരില്‍ ഒരുവനെ വിളിച്ചുപറഞ്ഞു: ദുഷ്ടതയില്‍ തഴക്കം നേടിയവനേ, നിന്റെ മുന്‍കാല പാപങ്ങള്‍ നിന്റെമേല്‍ പതിച്ചിരിക്കുന്നു. നിരപരാധനും നീതിമാനുമായ ഒരുവനെ കൊല്ലരുത് എന്ന് കര്‍ത്താവ് കല്‍പിച്ചിട്ടുണ്ടെങ്കിലും നീ നിരപരാധിനിയെ ശിക്ഷയ്ക്കു വിധിച്ചു. തെറ്റു ചെയ്തവനെ വെറുതെവിട്ടു; അങ്ങനെ അന്യായമായ വിധികള്‍ നീ പ്രസ്താവിച്ചു. എന്നാല്‍, നീ അവളെ കണ്ടു എന്നത് സത്യമാണെങ്കില്‍ ഞാന്‍ ചോദിക്കുന്നതിന് ഇപ്പോള്‍ ഉത്തരം പറയുക. ഏതു വൃക്ഷത്തിന്റെ ചുവട്ടിലാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? ഒരു കരയാമ്പൂമരത്തിന്റെ ചുവട്ടില്‍ – അവന്‍ മറുപടി പറഞ്ഞു. ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെ തന്നെതലയ്ക്കു തിരിഞ്ഞടിക്കും. ദൈവദൂതന്, ദൈവത്തില്‍ നിന്നു കല്‍പന ലഭിച്ചിരിക്കുന്നു. അവന്‍ ഉടനെ നിന്നെ രണ്ടായി പിളര്‍ന്നുകളയും. അവനെ മാറ്റി നിര്‍ത്തിയിട്ട് അപരനെ കൊണ്ടു വരാന്‍ ദാനിയേല്‍ ആജ്ഞാപിച്ചു. ദാനിയേല്‍ അവനോടു പറഞ്ഞു: കാനാന്റെ സന്തതീ, നീ യൂദാഗോത്രത്തില്‍പ്പെട്ടവനല്ല. സൗന്ദര്യം നിന്നെ വഞ്ചിക്കുകയും, വിഷയാസക്തി നിന്റെ ഹൃദയത്തെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണു നിങ്ങള്‍ ഇരുവരും ഇസ്രായേല്‍ പുത്രിമാരോടു പെരുമാറിയത്. ഭയംമൂലം അവര്‍ നിങ്ങളോടൊപ്പം ശയിച്ചു; പക്‌ഷേ, യൂദായുടെ ഒരു പുത്രി നിങ്ങളുടെ ദുഷ്ടതയ്ക്കു വഴങ്ങിയില്ല. എന്നാല്‍, ഇപ്പോള്‍ എന്നോടു പറയുക, ഏതു വൃക്ഷത്തിന്റെ ചുവട്ടില്‍വച്ചാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? തഴച്ചുവളരുന്ന ഒരുകരുവേലകത്തിന്റെ ചുവട്ടില്‍ – അവന്‍ മറുപടി നല്‍കി. ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെ തലയ്ക്കു തിരിഞ്ഞടിച്ചിരിക്കുന്നു. നിന്നെ രണ്ടായി അറുത്തു മുറിക്കുന്നതിന് ദൈവദൂതന്‍ വാളുമായി കാത്തുനില്‍ക്കുന്നു; അവന്‍ നിങ്ങള്‍ ഇരുവരെയും നശിപ്പിക്കും.
അപ്പോള്‍ കൂടിയിരുന്നവര്‍ അത്യുച്ചത്തില്‍ അട്ടഹസിക്കുകയും, തന്നില്‍ പ്രത്യാശ വയ്ക്കുന്നവരെ രക്ഷിക്കുന്ന ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവര്‍ ആ രണ്ടു ശ്രേഷ്ഠന്മാര്‍ക്കെതിരേ തിരിഞ്ഞു: എന്തെന്നാല്‍, അവര്‍ കള്ളസാക്ഷ്യം പറയുന്നെന്ന് അവരുടെ വാക്കുകൊണ്ടുതന്നെ ദാനിയേല്‍ തെളിയിച്ചു. തങ്ങളുടെ അയല്‍ക്കാരിക്ക് അവര്‍ നല്‍കാന്‍ ദുഷ്ടതയോടെ തീരുമാനിച്ച ശിക്ഷ അവര്‍ക്കു നല്കി. മോശയുടെ നിയമമനുസരിച്ച് ജനം അവരെ വധിച്ചു. അങ്ങനെ നിഷ്‌കളങ്കയായ ഒരുവള്‍ അന്നു രക്ഷപെട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 23:1-3a,3b-4,5,6

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും ഞാന്‍ ഭയപ്പെടുകയില്ല.


സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 8:1-11
നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.

യേശു ഒലിവുമലയിലേക്കു പോയി. അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരുംകൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി. അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യങ്ങള്‍ അനുഷ്ഠിക്കാനൊരുങ്ങുന്ന ഞങ്ങള്‍
ശാരീരിക തപശ്ചര്യകളുടെ ഫലമായി
മാനസങ്ങളുടെ സന്തോഷനിര്‍ഭരമായ പരിശുദ്ധി
അങ്ങേ മുമ്പില്‍ പ്രകാശിപ്പിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം
വ്യഭിചാരിണിയെപ്പറ്റിയുള്ള സുവിശേഷമാണ് വായിക്കുന്നതെങ്കില്‍:
സ്ത്രീയേ, ആരും നിന്നെ വിധിച്ചില്ലേ?
ഇല്ല, കര്‍ത്താവേ. ഞാനും നിന്നെ വിധിക്കുന്നില്ല;
ഇനിമേല്‍ പാപം ചെയ്യരുത്.
വേറെ സുവിശേഷഭാഗമാണ് വായിക്കുന്നതെങ്കില്‍:
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു,
എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.


ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശകളുടെ
അനുഗ്രഹത്താല്‍ ശക്തിപ്പെട്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു:
അവ വഴി തിന്മകളില്‍നിന്ന്
എപ്പോഴും ഞങ്ങള്‍ ശുദ്ധീകൃതരാകാനും
ക്രിസ്തുവിനെ പിഞ്ചെന്നുകൊണ്ട്,
അങ്ങിലേക്ക് വേഗത്തില്‍ എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധമായ ജീവിതശൈലിയിലൂടെ നീങ്ങി,
ഒരു വിപത്തും ബാധിക്കാതിരിക്കേണ്ടതിന്
അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ഈ ജനത്തെ
പാപങ്ങളില്‍നിന്നു മോചിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.


🔵

Advertisements

Categories: Liturgy

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s