ജോസഫ് ചിന്തകൾ 104
ജോസഫ് ദാവീദിൻ്റെ വിശിഷ്ട സന്താനം
1910 ഒക്ടോബർ ഒന്നാം തീയതി പത്താം പീയൂസ് മാർപാപ്പയാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനയാ ഔദ്യോഗികമായി തിരുസഭയിൽ അംഗീകരിച്ചത്. ലുത്തിനിയായിലെ ആദ്യ അഭിസംബോധന ദാവീദിൻ്റെ വിശിഷ്ട സന്താനമേ (proles David) എന്നാണ്. നസറായനായ യൗസേപ്പ് ദാവീദിൻ്റെ വംശജയാണ്.
മത്തായിയുടെ സുവിശേഷത്തിലെ യേശുവിൻ്റെ വംശാവലിയിൽ “യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു. “
(മത്തായി 1 : 16) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. യൗസേപ്പ് മറിയത്തെ തൻ്റെ ഭാര്യയായി സ്വീകരിക്കുന്നതു വഴിയും യേശു ദാവീദിൻ്റെ വംശജത്തിൻ്റെ ഭാഗമാകുന്നു. “ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെപ്രവര്ത്തിച്ചു; അവന് തന്റെ ഭാര്യയെ സ്വീകരിച്ചു. “
(മത്തായി 1 : 24). നിയമപരമായ ഈ സംയോജനത്തിനു പുറമേ ഈശോയുടെ അമ്മയായ മറിയവും ദാവീദിൻ്റെ വംശത്തിൽ പെട്ടതായിരുന്നു എന്നു നമുക്കു അനുമാനിക്കാം. ” ദാവീദിൻ്റെ പുത്രൻ ” എന്ന നിലയിൽ മനുഷ്യരുടെ രക്ഷകനാകാൻ പിറന്ന ഈശോയുടെ രക്ഷകര പദ്ധതിയിൽ അവനോടുള്ള എല്ലാ പിതൃത്വ അവകാശങ്ങളും കടമകളും നിർവ്വഹിക്കാൻ യൗസേപ്പിതാവ് തികച്ചും യോഗ്യനായിരുന്നു.
” ദാവീദിൻ്റെ വിശിഷ്ട സന്താനമേ ” എന്ന ശീർഷകം യൗസേപ്പും മാതാവും ദൈവീക വാഗ്ദാനങ്ങൾ വഹിക്കുന്ന യഹൂദരായിരുന്നു എന്നു സൂചിപ്പിക്കുന്നു. “അവര്‍ ഇസ്രായേല്മക്കളാണ്. പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്.” (റോമാ 9 : 4) എന്നു പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഈ യാഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പഴയ നിയമ പ്രവചനങ്ങളുടെ പൂർത്തീകരണമായ ഈശോയുടെ വളർത്തു പിതാവ് ദാവീദിൻ്റെ വിശിഷ്ട സന്താനമാകുന്നതുവഴി ദൈവത്തിൻ്റെ അരുളപ്പാടുകളുടെ നിറവേറലിനു സഹായിയാകുകയാണ് ചെയ്യുന്നത്. ആ യൗസേപ്പിതാവിനെ നമുക്കും പിൻതുടരാം.
ഫാ. ജയ്സൺ കുന്നേൽ mcbs

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/
Categories: ജോസഫ് ചിന്തകൾ