🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ചൊവ്വ, 23/3/2021
Tuesday of the 5th week of Lent
(optional commemoration of Saint Turibius of Mongrovejo, Bishop)
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
സങ്കീ 27:14
കര്‍ത്താവിനെ പ്രതീക്ഷിക്കുക; ധൈര്യം അവലംബിക്കുക.
നിങ്ങള്‍ ധീരഹൃദയരായിരിക്കുക; കര്‍ത്താവിനെ കാത്തിരിക്കുക.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കാലയളവില്‍ അങ്ങേക്കു ശുശ്രൂഷചെയ്യുന്ന ജനം
യോഗ്യതയിലും എണ്ണത്തിലും വര്‍ധമാനമാകുന്നതിന്,
അങ്ങേ തിരുവുള്ളത്തിനു കീഴ്വഴങ്ങുന്ന സ്ഥിരോത്സാഹം
ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
സംഖ്യ 21:4a-9
ദംശനമേല്ക്കുന്നവര് പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ മരിക്കുകയില്ല.
ഇസ്രായേല്‍ ജനം ഏദോം ചുറ്റിപ്പോകാന്‍ ഹോര് മലയില്‍ നിന്നു ചെങ്കടലിലേക്കുള്ള വഴിയേ യാത്ര പുറപ്പെട്ടു; യാത്രാമധ്യേ ജനം അക്ഷമരായി. ദൈവത്തിനും മോശയ്ക്കുമെതിരായി അവര്‍ സംസാരിച്ചു. ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍ നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങള്‍ മടുത്തു. അപ്പോള്‍ കര്‍ത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്നേയ സര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലില്‍ വളരെപ്പേര്‍ മരിച്ചു. ജനം മോശയുടെ അടുക്കല്‍ വന്നു പറഞ്ഞു: അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപം ചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു. കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്ക്കുന്നവര് അതിനെ നോക്കിയാല്‍ മരിക്കുകയില്ല. മോശ പിച്ചള കൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ വടിയില്‍ ഉയര്‍ത്തി നിര്‍ത്തി; ദംശനമേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കി; അവര്‍ ജീവിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 102:1-2,15-16,18,22bc,20b
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങേ സന്നിധിയില്‍ എത്തട്ടെ.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
എന്റെ നിലവിളി അങ്ങേ സന്നിധിയില്‍ എത്തട്ടെ.
എന്റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ്
എന്നില്‍ നിന്നു മുഖം മറയ്ക്കരുതേ!
അങ്ങ് എനിക്കു ചെവിതരണമേ!
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍
വേഗം എനിക്കുത്തരമരുളണമേ!
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങേ സന്നിധിയില്‍ എത്തട്ടെ.
ജനതകള്‍ കര്‍ത്താവിന്റെ നാമത്തെ ഭയപ്പെടും;
ഭൂമിയിലെ രാജാക്കന്മാര് അങ്ങേ മഹത്വത്തെയും.
കര്‍ത്താവു സീയോനെ പണിതുയര്‍ത്തും;
അവിടുന്നു തന്റെ മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
അഗതികളുടെ പ്രാര്‍ഥന അവിടുന്നു പരിഗണിക്കും;
അവരുടെ യാചനകള്‍ നിരസിക്കുകയില്ല.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങേ സന്നിധിയില്‍ എത്തട്ടെ.
ഭാവിതലമുറയ്ക്കുവേണ്ടി,
ഇനിയും ജനിച്ചിട്ടില്ലാത്ത ജനം
അവിടുത്തെ സ്തുതിക്കാന്‍ വേണ്ടി
ഇത് ആലേഖനം ചെയ്യപ്പെടട്ടെ!
തടവുകാരുടെ ഞരക്കം കേള്‍ക്കാനും
മരണത്തിനു വിധിക്കപ്പെട്ടവരെ
സ്വതന്ത്രരാക്കാനും വേണ്ടി
അവിടുന്നു തന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു
താഴേക്കു നോക്കി.
കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ നിലവിളി അങ്ങേ സന്നിധിയില്‍ എത്തട്ടെ.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 8:21-30
നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നു നിങ്ങള്‍ മനസ്സിലാക്കും.
യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്ന് അവന് പറയുന്നല്ലോ. അവന് ആത്മഹത്യ ചെയ്തേക്കുമോ? അവന് പറഞ്ഞു: നിങ്ങള്‍ താഴെനിന്നുള്ളവരാണ്; ഞാന്‍ മുകളില്‍ നിന്നുള്ളവനും. നിങ്ങള്‍ ഈലോകത്തിന്റെതാണ്; ഞാന്‍ ഈ ലോകത്തിന്റെതല്ല. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്തെന്നാല്‍, ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും. അപ്പോള്‍ അവര്‍ ചോദിച്ചു: നീ ആരാണ്? യേശു പറഞ്ഞു: ആരംഭം മുതലേ ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നതുതന്നെ. എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന് സത്യവാനാണ്. അവിടുത്തെ അധരത്തില്‍ നിന്നു കേട്ടതു ഞാന്‍ ലോകത്തോടു പറയുന്നു. പിതാവിനെക്കുറിച്ചാണ് അവന് തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ മനസ്സിലാക്കിയില്ല. അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കും. എന്നെ അയച്ചവന് എന്നോടുകൂടെയുണ്ട്. അവിടുന്ന് എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു. ഇതു പറഞ്ഞപ്പോള്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അലിവു തോന്നി ഞങ്ങളുടെ തെറ്റുകള്‍ പൊറുക്കുകയും
ചഞ്ചല ഹൃദയങ്ങളെ അങ്ങു നയിക്കുകയും ചെയ്യാന്‍,
രമ്യതയുടെ യാഗദ്രവ്യങ്ങള്‍ അങ്ങേക്കു ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 12:32
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ഭൂമിയില്‍ നിന്ന് ഉയര്ത്തപ്പെടുമ്പോള്
എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ദൈവികമായവ നിരന്തരം അന്വേഷിക്കാനും
സ്വര്ഗീയദാനങ്ങള്ക്ക് എന്നും അര്‍ഹരായി മുന്നേറാനും
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന
ദൈവമേ, അങ്ങില്‍ പ്രത്യാശയര്പ്പിക്കുന്നവരോട്,
കോപിക്കുന്നതിനെക്കാളേറെ, കരുണ കാണിക്കുന്നതിന്
അങ്ങ് തിരുമനസ്സായല്ലോ.
ചെയ്തുപോയ തിന്മകളെക്കുറിച്ച്
ആത്മാര്‍ഥമായി വിലപിക്കുന്ന അങ്ങേ വിശ്വാസികള്‍ക്ക്
അങ്ങേ സമാശ്വാസത്തിന്റെ കൃപ
കണ്ടെത്താനുളള അര്‍ഹത നല്കാന് കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.
ആമേൻ.
🔵
Categories: Liturgy