പൗരോഹിത്യത്തിന്റെ ആനന്ദം

പൗരോഹിത്യത്തിന്റെ ആനന്ദം ❤️
Happiness in Priesthood
International Day of Happiness

ആറേഴു വർഷം മുമ്പാണ്. തിരുവനന്തപുരം ജില്ലയിലെ ഗുരുനാഗപ്പൻകാവ് എന്നൊരു തനി നാട്ടിൻപുറത്ത്, എട്ടുപത്തു കുടുംബങ്ങൾ മാത്രമുള്ള ഒരു ചെറിയ പള്ളിയിൽ വികാരിയായി ഞാൻ ചുമതലയേൽക്കുമ്പോൾ അല്ലുവിന് രണ്ടു വയസ്സായിരുന്നു പ്രായം. ആ പള്ളിയിലെ ഏറ്റവും ഇളയ കുഞ്ഞാട്. അതുകൊണ്ടു തന്നെ എല്ലാവരുടേയും സ്നേഹവാത്സല്യ ലാളനകൾ എപ്പോഴും അവനെ പൊതിഞ്ഞു നിന്നിരുന്നു.

ഞായറാഴ്ച രാവിലെ പള്ളിയിലെത്തിയാലുടൻ തന്നെ പള്ളിയ്ക്കകത്തും പുറത്തും അവൻ, താരതമ്യങ്ങളില്ലാത്ത തന്റെ വികൃതികളാരംഭിക്കുകയായി. ഞാൻ പള്ളിമുറ്റത്തെത്തുമ്പോഴേക്കും അതുവരെ നടത്തിക്കൊണ്ടിരുന്ന എല്ലാ കലാകായിക വിനോദങ്ങളും പൊടുന്നനെ അവസാനിപ്പിച്ച് അമ്മയുടെ ചേലത്തുമ്പിനുള്ളിൽ ഒളിവിടം കണ്ടെത്തുന്ന അല്ലു പിന്നീട് സജീവമാകുന്നത് തിരുവസ്ത്രങ്ങളണിഞ്ഞ് ഞാൻ അൾത്താരയിൽ പ്രവേശിച്ച ശേഷമായിരിക്കും.

പള്ളിയിൽ സമൂഹം പ്രാർത്ഥിക്കുന്ന സമയം മുഴുവനും ഓട്ടവും ചാട്ടവും ബഹളങ്ങളുമായി ഓടിനടന്ന് അവൻ പള്ളി കീഴടക്കും.

അന്നൊരിക്കൽ വിശുദ്ധ കുർബാനയ്ക്കിടയിൽ തന്നെ സംഭവിച്ചതാണ്. പതിവിലും ആവേശത്തോടെ അല്ലു തന്റെ ഏകാംഗ ലീലാവിലാസങ്ങളിൽ മുഴുകിയിരിക്കവേ, ബഹളം ക്രമാതീതമായി വർദ്ധിച്ച നേരത്ത്, ദേഷ്യം കൊണ്ടു ചുവന്ന എന്റെ കണ്ണുകൾ അല്ലുവിനെ തേടിച്ചെന്നു. നിയന്ത്രിക്കാനാവാത്ത കോപം നാവിലേക്കിരച്ചു കയറിയ ആ ദുർബല നിമിഷത്തിൽ ഞാൻ പൊട്ടിത്തെറിച്ചു:

“ടാ… നിനക്കൊന്നു മിണ്ടാതിരിക്കാമോ!”

പ്രാർത്ഥനകൾ ആരോ പിടിച്ചുകെട്ടിയ പോലെ നിലച്ചു. ആളുകൾ സ്തബ്ദരായി. പരിപൂർണ്ണ നിശബ്ദത. എല്ലാ കണ്ണുകളും പിന്നിൽ അല്ലുവിലേക്കു തിരിഞ്ഞു. ഏറ്റവും പിറകിൽ കുമ്പസാരക്കൂടിന്റെ പടിയിൽ അപ്രതീക്ഷിതമായി പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ അല്ലു അനക്കമറ്റു നിന്നു. സം‌ഭവം പ്രശ്നമാണെന്നവനു മനസ്സിലായി. കുസൃതി നിറഞ്ഞ കണ്ണുകളിൽ അമ്പരപ്പു നിറഞ്ഞു. പിന്നെ ഭയം. പിന്നാലെ മിഴികളിൽ നിന്നൊഴുകിയ സങ്കടത്തിന് അകമ്പടിയായി അത്യഗാധങ്ങളിൽ നിന്നൊരു നിലവിളി മുഴങ്ങി. ഇരു കൈകളും നീട്ടി നിലയ്ക്കാത്ത നിലവിളിയോടെ അമ്മയെന്ന അഭയത്തിലേക്ക് അല്ലു ഓടി മറഞ്ഞു.

അങ്ങനെയാണ് ഞാൻ അല്ലുവിന്റെ ശത്രുവായിത്തീർന്നത്. പിന്നീടു കുറെക്കാലത്തേക്ക് ഞാൻ അവന്റെ കണ്ണുകൾ മാത്രമേ കണ്ടിട്ടുള്ളൂ. അമ്മയുടെ സാരിത്തുമ്പിന്റെ ഇരുട്ടിലൊളിച്ചിരുന്ന് ഭീതിയോടെ എന്നെ നോക്കിയിരുന്ന രണ്ടു കണ്ണുകൾ. പള്ളിയിൽ ഞാനുള്ളപ്പോൾ കളിചിരികളില്ല. തലയിൽ കൈവച്ചു പ്രാർത്ഥിക്കാൻ കൊണ്ടുവരുമ്പോൾ എനിക്കെതിരേ മുഖം വെട്ടിച്ച് എന്നോടുള്ള അവന്റെ പ്രതിഷേധം അവൻ രേഖപ്പെടുത്തുമായിരുന്നു. എന്റെ ശകാരം അത്രത്തോളം അവന്റെ കുഞ്ഞു മനസ്സിനെ മുറിപ്പെടുത്തിയിരിക്കണം!

നാളുകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഞാനും അല്ലുവും നല്ല ‘ശത്രുക്കളാ’യി തന്നെ തുടർന്നു. എങ്കിലും എല്ലാ ദിവസവും ബോധപൂർവം എന്തെങ്കിലും അവനോടൊന്നു മിണ്ടിപ്പറയാതെ ഞാൻ പള്ളിയിൽ നിന്നു മടങ്ങുമായിരുന്നില്ല. ഭീതി കലർന്ന നിസംഗതയായിരുന്നു മറുപടി. എങ്കിലും സ്നേഹത്തിൽ പൊതിഞ്ഞ, എന്റെ നിരന്തരമായ നിർബന്ധങ്ങളോടു പ്രതികരിക്കാതിരിക്കാൻ അവനാകുമായിരുന്നില്ല.

കുഞ്ഞുകുഞ്ഞു സമ്മാനങ്ങളാൽ ഞാനവനെ വിടാതെ പ്രലോഭിപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ സ്വർണ്ണ നിറമുള്ളൊരു കൂടിൽ പൊതിഞ്ഞ ഒരു സുന്ദരൻ ചോക്ലേറ്റിൽ അല്ലുവിന്റെ മനസ്സലിഞ്ഞു. ‘മൊണാലിസ’യുടെ മുഖത്തുള്ള പോലെ വിവേചിക്കാനാവാത്ത ഒരു ചെറുപുഞ്ചിരിയായിരുന്നു മറുപടി. ദേഷ്യവും സങ്കടവും തെല്ലകന്നെങ്കിലും എന്നെ അപ്പോഴും അവനു ഭയമായിരുന്നു. മിത്രമായില്ലെങ്കിലും അവന്റെ ശത്രുവെന്ന പേരുദോഷം മാറിത്തുടങ്ങി. പിന്നെപ്പിന്നെ ഞാൻ പറയുന്നതൊക്കെ അവൻ ശ്രദ്ധിക്കാൻ തുടങ്ങിയെങ്കിലും അല്ലു ഒരിക്കലും പഴയ അല്ലുവായില്ല.

രണ്ടു വർഷങ്ങൾക്കിപ്പുറം ട്രാൻസ്ഫർ കിട്ടി മടങ്ങുന്ന ഞായറാഴ്ച.

വിശുദ്ധ കുർബാന കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് തിരികെ മടങ്ങാൻ തുടങ്ങുമ്പോഴാണ് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ അദ്ഭുതം നടന്നത്. അമ്മയുടെ മടിയിൽ നിസംഗനായി എല്ലാം കേട്ടിരുന്ന അല്ലു, ആരും പറയാതെ അമ്മയുടെ കരങ്ങളിൽ നിന്നൂർന്നിറങ്ങി എന്റെ അടുത്തേക്കോടി വന്ന് എല്ലാ പിണക്കവും മറന്ന്, അന്നാദ്യമായി, അപ്രതീക്ഷിതമായി, സ്നേഹത്തോടെ, എന്നെ കെട്ടിപ്പിടിച്ചു. ഒരു ചെറിയ കിളിക്കുഞ്ഞിന്റേതെന്ന പോലെ ഇളം ചൂടുള്ള അവന്റെ ശരീരം പതിയെ വിറയ്ക്കുന്നുണ്ടായിരുന്നു. കണ്ടു നിന്നവരുടെ കണ്ണുകളിൽ അദ്ഭുതം നിറഞ്ഞു; പിന്നെ ജലവും.

ഹൃദയത്തിൽ നിന്നടർന്നു പോയതെന്തോ തിരികെ വന്നു ചേർന്ന പോലെ എനിക്കു തോന്നി.

ഒരു നാലു വയസ്സുകാരന്റെ പക്വതയിൽ നിന്ന് ഞാൻ അതൊട്ടും പ്രതീക്ഷിച്ചില്ല. ഞാനവനെ ചേർത്തുപിടിച്ചു. എന്റെ കരം കവർന്നെടുത്ത് അതിൽ തെരുതെരെ ഉമ്മ വച്ച്, ഒരു കുസൃതിച്ചിരിയോടെ അവൻ അമ്മയുടെ മടിയിലേക്കു തിരിച്ചോടി. കണ്ണുകൾ നനയാതിരിക്കാൻ ഞാനേറെ പാടുപെട്ടു.

അന്ന് ഒരു ജൂൺ പത്തൊൻപതായിരുന്നു. ലോകം മുഴുവനും ‘ഫാദേഴ്സ് ഡേ’ ആഘോഷിച്ച ദിവസം. ജന്മം കൊടുത്തില്ലെങ്കിലും നിയോഗം കൊണ്ട് അനേകം പേരുടെ പിതാവാകാൻ ജീവിതം കൊടുത്തതിന്, ഫാദർ എന്ന വിശേഷണം പേരിനൊപ്പം നിത്യമായി ചേർത്തുവച്ചതിന്, ഒരു പുരാഹിതനാവാൻ തീരുമാനിച്ചതിന് ദൈവം സ്വർഗ്ഗത്തിൽ നിന്ന് എനിക്കായി കൊടുത്തു വിട്ട, വിലപിടിച്ച ഒരു സമ്മാനപ്പൊതിയായിരുന്നു അല്ലു എന്ന ആ മാലാഖക്കുഞ്ഞ്!

ഇപ്പോൾ മനസ്സിലായോ പൗരോഹിത്യത്തിന്റെ ആനന്ദം എന്താണെന്ന്? ❤️

Fr. Sheen Palakkuzhy

One thought on “പൗരോഹിത്യത്തിന്റെ ആനന്ദം

Leave a comment