⚜️⚜️⚜️⚜️ March 23 ⚜️⚜️⚜️⚜️
വിശുദ്ധ ടോറിബിയോ ഡി മോഗ്രോവെജോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
സ്പെയിനിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധ ടൊറീബിയോ അല്‍ഫോണ്‍സൊ ഡി മൊഗ്രോവെജോ ജനിച്ചത്. ചെറുപ്പം മുതല്ക്കേ തന്നെ പാപങ്ങളില്‍ നിന്നും അകന്നുകൊണ്ട് നന്മയിലൂന്നിയ ഒരു ജീവിതമായിരിന്നു ടൊറീബിയോ നയിച്ചിരിന്നത്. പരിശുദ്ധ മാതാവിന്റെ ഒരു വലിയ ഭക്തനും കൂടിയായിരുന്നു വിശുദ്ധന്. ദിനംതോറും വിശുദ്ധന് മാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ജപമാലയും ചൊല്ലുകയും ശനിയാഴ്ചകളില്‍ മാതാവിന് വേണ്ടി ഉപവാസമനുഷ്ടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. വിദ്യ അഭ്യസിക്കുന്നതിനോട് സ്വാഭാവികമായി വളരെയേറെ താത്പര്യമുണ്ടായിരുന്ന വിശുദ്ധന്, വല്ലഡോളിഡിലും, സലമാന്‍കായിലുമായി തന്റെ നിയമപഠനം പൂര്‍ത്തിയാക്കി.
വിശുദ്ധന്റെ നന്മയേയും അറിവിനേയും പരിഗണിച്ചുകൊണ്ട് ഫിലിപ്പ് രണ്ടാമന് രാജാവ്, വിശുദ്ധനെ ഗ്രാനഡായിലെ സുപ്രീംകോടതിയിലെ മുഖ്യന്യായാധിപനാക്കുകയും, അതേ നഗരത്തിലെ തന്നെ ഔദ്യോഗിക പരിശോധനാ വിഭാഗം മേധാവിയാക്കുകയും ചെയ്തു. തന്നെ ഏല്‍പ്പിച്ച ജോലി അഞ്ചുവര്‍ഷത്തോളം വളരെ വിശിഷ്ടമായ രീതിയില്‍ തന്നെ വിശുദ്ധന് നിര്‍വഹിച്ചു.
1580-ല്‍ പെറുവിലെ, ലിമായിലെ പരിശുദ്ധ സഭാസിംഹാസനം ഒഴിവായി കിടന്ന അവസരത്തില്‍ രാജാവ് വിശുദ്ധനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു, എന്നാല്‍ പരിശുദ്ധമായ ആ സ്ഥാനത്തിരിക്കുവാന്‍ താന്‍ യോഗ്യനല്ലെന്ന് വാദിച്ചുകൊണ്ട് ടൊറീബിയോ ഡി മൊഗ്രോവെജോ തന്റെ സഭാപരമായ അറിവുവെച്ചു കൊണ്ട് നിയമനം നടത്തുവാന്‍ ശ്രമം നടത്തി. പക്ഷേ വിശുദ്ധന്റെ വാദങ്ങളെ മറികടന്നുകൊണ്ട് രാജാവ് അദ്ദേഹത്തെ പുരോഹിതനാക്കുകയും, മെത്രാനായി അഭിഷേകം ചെയ്യുകയും ചെയ്തു. അങ്ങിനെ 1581-ല്‍ തന്റെ 43-മത്തെ വയസ്സില്‍ വിശുദ്ധന് തന്റെ പുതിയ ദൗത്യവുമായി പെറുവിലെ, ലിമായിലെത്തി.
വളരെ വലിയൊരു രൂപതയായിരുന്നു വിശുദ്ധന്റേത്. എന്നാല്‍ സ്പെയിന്‍കാരായ പുരോഹിത വൃന്ദവും, അല്മായരും ധാര്‍മ്മികമായി വളരെയേറെ അധപതിച്ച നിലയിലായിരുന്നു. അവിടത്തെ ഇന്ത്യന്‍ ജനത വളരെയേറെ ചൂഷണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന കാര്യവും വിശുദ്ധന് മനസ്സിലാക്കി. എന്നാല്‍ ഇതൊന്നും വിശുദ്ധനെ ഒട്ടുംതന്നെ തളര്‍ത്തിയില്ല. അവിടെ മതനവീകരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി വിശുദ്ധന് ട്രെന്റ് സമിതിയുടെ തീരുമാനങ്ങള്‍ അവിടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.
വിവേകത്താലും, ഉത്സാഹത്താലും സമ്മാനിതനായിരുന്ന വിശുദ്ധന് പുരോഹിത വൃന്ദത്തിന്റെ നവീകരണത്തിനു തുടക്കം കുറിച്ചു. പാപികള്‍ക്ക് അദ്ദേഹമൊരു ചമ്മട്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒരു സംരക്ഷകനുമായിരുന്നു വിശുദ്ധന്. ഇക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന് വളരെയേറെ വിമര്‍ശനവും, പീഡനവും സഹിക്കേണ്ടതായി വന്നു. പക്ഷേ സമീപകാലത്ത് വൈസ്രോയിയായി ലിമായിലെത്തിയ ഡോണ്‍ ഫ്രാന്‍സിസ് ഡി ടോള്‍ഡോയില്‍ നിന്നും വിശുദ്ധന് വളരെയേറെ പിന്തുണ ലഭിച്ചു.
അപ്രകാരം താന്‍ തുടങ്ങിവെച്ച ധാര്‍മ്മിക നവോത്ഥാനം പൂര്‍ത്തിയാക്കുവാന്‍ വിശുദ്ധന് സാധിച്ചു. വലിപ്പ ചെറുപ്പമില്ലാതെ സകല ജനങ്ങളുടേയും രക്ഷക്കായി തനിക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം വിശുദ്ധ ടൊറീബിയോ ഡി മൊഗ്രോവെജോ ചെയ്തു. ഇന്ത്യാക്കാര്‍ക്ക് വേണ്ട സംരക്ഷണം അദ്ദേഹം നല്കി. അവരെ വേദപാഠം പഠിപ്പിക്കുന്നതിനായി വിശുദ്ധന് അവരുടെ ഭാഷകളും സ്വായത്തമാക്കി. വിശുദ്ധ കുര്‍ബ്ബാന, നിരന്തരമായ കുമ്പസാരം, ധ്യാനം, നീണ്ട പ്രാര്‍ത്ഥനകള്‍, കഠിനമായ അനുതാപ പ്രവര്‍ത്തികള്‍ എന്നിവയിലൂന്നിയ ആത്മീയ ചൈതന്യമായിരുന്നു വിശുദ്ധന്റെ എല്ലാ കഠിനപ്രവര്‍ത്തനങ്ങളുടേയും ഊര്‍ജ്ജം.
ഒരിക്കല്‍ ഒരു രൂപതാ സന്ദര്‍ശനത്തിനിടക്ക് പാക്കാസ്മായോയില്‍ വെച്ച് വിശുദ്ധന് കലശലായ പനി ബാധിച്ചു. തന്റെ മരണം മുന്നില്‍ കണ്ട വിശുദ്ധന് തന്റെ സ്വത്തുക്കളെല്ലാം തന്റെ ദാസര്‍ക്കും, പാവപ്പെട്ടവര്‍ക്കുമായി വീതിച്ചു കൊടുത്തു. “പിതാവേ നിന്റെ കരങ്ങളില്‍ ഞാനെന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു” എന്ന യേശുവിന്റെ വാക്കുകള്‍ ഉരുവിട്ടുകൊണ്ട്, പെറുവിന്റെ മഹാനായ അപ്പസ്തോലന് 1606 മാര്‍ച്ച് 23ന് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. കമ്പാനയിലെ ബെനഡിക്റ്റ്
2. സെസരേയായിലെ ഡോമീഷിയൂസു, പെലാജിയ, അക്വില, എപ്പര്‍ക്കൂസ്, തെയോ ഡോഷ്യാ
3. റിപ്പോണിലെ എഥെല്‍ വാള്‍ഡ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്റെ വണക്കമാസം:
ഇരുപത്തി മൂന്നാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
“ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന് ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു”
(മത്തായി 2:19-20).
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വി. യൗസേപ്പ് പിതാവ്- എളിമയുടെ മഹത്തായ ഉദാഹരണം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
എളിമ സകല സുകൃതങ്ങളുടെയും അടിസ്ഥാനമാണ്. യഥാര്‍ത്ഥ്യ ബോധത്തോടെ ദൈവത്തെയും നമ്മെത്തന്നെയും മനസ്സിലാക്കുമ്പോള്‍ നമ്മില്‍ ഉണ്ടാകുന്ന മനോഭാവമാണ് എളിമ. ആദിമാതാപിതാക്കന്‍മാരുടെയും മറ്റു പലരുടെയും അഹങ്കാരം അവരുടെ നാശത്തിന് കാരണമായി. അതിന് പരിഹാരമര്‍പ്പിക്കുവാന്‍ ദൈവകുമാരന് വിണ്ണില്‍ നിന്നും മണ്ണിലേക്ക് അവതരിച്ചു. “അവന് ദൈവത്തിന്റെ സാദൃശ്യത്തിലായിരിക്കെ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ താഴ്ത്തി ദാസന്റെ രൂപം സ്വീകരിച്ച് ശൂന്യനായിത്തീര്‍ന്നു, സ്ലീവായിലെ മരണം വരെ അവിടുന്ന് അനുസരണയുള്ളവനായിത്തീര്‍ന്നു”.
ക്രിസ്തീയമായ എളിമ, മാര്‍ യൗസേപ്പ് ഈശോയില്‍ നിന്നും പ. കന്യകാമറിയത്തില്‍ നിന്നും പഠിച്ച് അതു പ്രാവര്‍ത്തികമാക്കി. ദൈവകുമാരന്റെ വളര്‍ത്തു പിതാവ്, പരിശുദ്ധ ജനനിയുടെ വിരക്തഭര്‍ത്താവ്, ദാവീദ് രാജവംശജന്‍ എന്നിങ്ങനെ അതുല്യമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും വി. യൗസേപ്പ് എളിമയുടെ മാതൃകയായിരുന്നു. നസ്രസിലെ വിനീതമായ ജീവിതം, ദരിദ്രമായ അവസ്ഥ എന്നിവ യൗസേപ്പുപിതാവിന്റെ എളിമയുടെ പ്രതിഫലനമാണ്. കൂടാതെ അദ്ദേഹം തച്ചന്റെ ജോലിയാണ് ചെയ്തിരുന്നത്. അന്നത്തെ സാമൂഹ്യമായ ചിന്താഗതിയില്‍ ഏറ്റവും ലളിതമായ തൊഴിലായിരുന്നു അത്. എന്നാല്‍ ആ ജോലിയിലും ജീവിതത്തിലും മാര്‍ യൗസേപ്പ് സംതൃപ്തനായിരുന്നു.
“ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകുന്നു. നിങ്ങള്‍ എന്നില്‍ നിന്നു പഠിക്കുവിന്‍” എന്നുള്ള ഈശോമിശിഹായുടെ പ്രബോധനം അദ്ദേഹം മനസ്സിലാക്കിയിരുന്നു. അസാധാരണമായ കൃത്യങ്ങളോ, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കത്തക്ക പ്രവര്‍ത്തനങ്ങളോ ഒന്നും വി. യൗസേപ്പ് ചെയ്തിട്ടില്ല. വിശുദ്ധ യൗസേപ്പു പിതാവിന്റെ മഹത്വത്തിന്റെ നിദാനം അദ്ദേഹത്തിന്റെ എളിമയായിരുന്നുവെന്ന് നാം മനസ്സിലാക്കണം. ‘തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും’ എന്നുള്ള ദിവ്യഗുരുവിന്റെ പ്രബോധനം അപ്പാടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയായിരിന്നു യൌസേപ്പ് പിതാവ്.
ക്രിസ്ത്യാനിയുടെ അടിസ്ഥാനപരമായ മനോഭാവം എളിമയായിരിക്കണം. എളിമ സത്യവും നീതിയുമാണ്. നമുക്കുള്ള വസ്തുക്കള്‍ ദൈവത്തിന്റെ ദാനമാണെന്ന് അംഗീകരിക്കുക. സമ്പത്തോ സ്ഥാനമാനങ്ങളോ സൗന്ദര്യമോ, ബുദ്ധിശക്തിയോ നമുക്കുണ്ടെങ്കില്‍ അത് ദൈവിക ദാനമാണെന്ന് അംഗീകരിക്കുക. അഹങ്കാരി ദൈവത്തിനു നല്‍കേണ്ട മഹത്വം തന്നില്‍തന്നെ ആരോപിക്കുന്നു. വിനയാന്വിതന് ദൈവത്തിനു തന്നെ മഹത്വം നല്കുന്നു. “എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു” എന്ന് പ. കന്യകയോടു കൂടി നമുക്കു പറയാം.
സംഭവം
🔶🔶🔶🔶
ഒരിടവകയില്‍ മോശമായ രീതിയില്‍ ഒരു സ്ത്രീ ജീവിച്ചിരുന്നു. അവളുടെ ദുര്‍മാതൃകയറിഞ്ഞ് ശാസിച്ച ഇടവക വികാരിയോട് അവള്‍ക്കു കടുത്ത അമര്‍ഷമാണുണ്ടായിരുന്നത്. വഴിപിഴച്ച ജീവിതം അവള് തുടര്‍ന്നു പോന്നു. ഒരിക്കല്‍, ആറു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ അവള് വെട്ടിക്കൊലപ്പെടുത്തി ചാക്കിലാക്കി. ഇതിന് ശേഷം അവള് യൗസേപ്പു പിതാവിന്റെ അതീവ ഭക്തനായ ഇടവക വികാരിയുടെ പക്കലെത്തി. അദ്ദേഹമറിയാതെ അവള് മുറിയില്‍ പ്രവേശിച്ചു. വൈദികന്റെ കിടക്കക്കടിയില്‍ ആ ചാക്ക്കെട്ട് ഒളിപ്പിച്ചുവെച്ച ശേഷം അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് “എനിക്കൊന്നു കുമ്പസാരിക്കണം”എന്നു പറഞ്ഞു.
ദൈവാലയത്തിലെക്ക് പൊയ്ക്കൊള്ളുക എന്ന് അദ്ദേഹം പറഞ്ഞു. കുമ്പസാരിപ്പിക്കുവാന്‍ പോകുന്നതിനു മുമ്പ് പതിവുപോലെ മുറിയില്‍ സൂക്ഷിച്ചിരുന്ന യൗസേപ്പു പിതാവിന്റെ രൂപത്തിന് മുമ്പില്‍ പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹം മറന്നില്ല. പ്രാര്‍ത്ഥന കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അവിചാരിതമായി തന്റെ കിടക്കയ്ക്കടിയില്‍ ഒരു ചാക്കുകെട്ടു കിടക്കുന്നത് കണ്ടു. തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ നടുക്കി. ചുടുചോരയുണങ്ങാത്ത പിഞ്ചു കുഞ്ഞിന്റെ മൃതദേഹം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മേല്‍പ്പറഞ്ഞ സ്ത്രീയാണ് പ്രസ്തുത ഹീനകൃത്യം ചെയ്തതെന്നും കുമ്പസാര രഹസ്യം എന്ന നിലവരുത്തി വൈദികനെ കള്ളക്കേസില്‍ കുടുക്കണമെന്നുള്ളതാണ് അവളുടെ പദ്ധതിയെന്നും എല്ലാര്ക്കും മനസ്സിലായി. ഈ നിര്‍ണ്ണായക നിമിഷത്തില്‍ തന്നെ രക്ഷിച്ച മാര്‍ യൗസേപ്പു പിതാവിന് വൈദികന് നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തോത്രം ചെയ്തു.
ജപം
🔶🔶
ദിവ്യകുമാരന്റെ വളര്‍ത്തുപിതാവും ദൈവജനനിയുടെ വിരക്തഭര്‍ത്താവുമായ മാര്‍ യൗസേപ്പേ, അങ്ങ് എളിമയുടെ മഹനീയമായ മാതൃകയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവിടുത്തെ എളിമയാണല്ലോ അങ്ങേ മഹത്വത്തിന് നിദാനം. ഞങ്ങള്‍ അനുപമമായ അങ്ങേ മാതൃക അനുകരിച്ച് എളിമയുള്ളവരായിരിക്കുന്നതാണ്. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം എളിമയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനും ദൈവാനുഗ്രഹങ്ങള്‍ക്കര്‍ഹരായിത്തീരുവാനും വേണ്ട വരം ഞങ്ങള്‍ക്ക് പ്രാപിച്ചു തരണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,
(മിശിഹായെ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്ക്കാരാ,
ദൈവകുമാരന്റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,
തിരുക്കുടുംബത്തിന്റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶🔶🔶
വിനീതഹൃദയനായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിനയമുള്ളവരാക്കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
ഞാന്‍ എന്റെ ദൈവത്തെ മഹത്വപ്പെടുത്തുന്നു;
സ്വര്‍ഗത്തിന്റെ രാജാവിനെ
എന്റെ ആത്മാവു പുകഴ്ത്തുന്നു.
അവിടുത്തെ പ്രഭാവത്തില്‍
ഞാന്‍ ആനന്ദം കൊള്ളുന്നു.
തോബിത് 13 : 7
🌻പ്രഭാത പ്രാർത്ഥന🌻
ഞാനാണ് കർത്താവ് എന്നു ഗ്രഹിക്കുന്നതിനായി ഞാൻ അവർക്കു ഹൃദയം നൽകും.. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും.. അവർ പൂർണ ഹൃദയത്തോടെ എന്റെ അടുക്കലേക്ക് തിരിച്ചു വരും.. (ജറെമിയ : 24/7)
കരുണാമയനായ ദൈവമേ…
എന്റെ നിത്യപ്രകാശമായ അങ്ങയിലേക്ക് പ്രാർത്ഥനയോടെ മിഴികളുയർത്തിയും, ആശ്വസിപ്പിക്കപ്പെടാൻ കൊതിക്കുന്ന എന്റെ ഹൃദയമർപ്പിച്ചും ഈ പ്രഭാതത്തിലും ഞാൻ അണഞ്ഞിരിക്കുന്നു. ഈശോയേ.. ജീവിതത്തിൽ നടന്നു നീങ്ങേണ്ടി വന്ന വഴികളിലെല്ലാം നൊമ്പരത്തിന്റെ കനലുകൾ നീറിയപ്പോഴും.. ചേർത്തു പിടിക്കുമെന്നു കരുതിയ കരങ്ങളാൽ തന്നെ തള്ളിയകറ്റപ്പെട്ടപ്പോഴും.. പ്രിയപ്പെട്ടവരുടെ വാക്കുകളാൽ ആഴത്തിൽ മുറിവേൽപ്പിക്കപ്പെട്ടപ്പോഴും.. ജീവിതത്തിൽ വിലയില്ലാത്തവനായി തരംതാഴ്ത്തപ്പെട്ടപ്പോഴും ഞാൻ തേടിയെത്തിയ എന്റെ ജീവിതത്തിലെ അവസാന പ്രതീക്ഷയായിരുന്നു എന്നും എനിക്കു നീ..
നാഥാ.. എന്റെ ആശ്വാസത്തിന്റെ ഉറവിടം നീ മാത്രമാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ഞാൻ ആദ്യം അഭയം തേടിയെത്തുന്ന മടിത്തട്ട് നിന്റേതാകുമായിരുന്നു.. നിന്നിൽ നിന്നും എന്റെ കാഴ്ച്ചയെ മറച്ചിരുന്ന നശ്വരമായ എല്ലാ ഹൃദയസ്ഥാനങ്ങളിൽ നിന്നും എന്നെ വീണ്ടെടുക്കേണമേ.. എന്റെ കുറവുകളെ നിറവുകളാക്കിയും, തന്നോളം വിലയുള്ളതാക്കിയും എന്നെ ചേർത്തു പിടിക്കുന്ന നിന്നിലേക്കു മാത്രം തുറന്നിരിക്കുന്നതും.. നിന്നെ മാത്രം ഉൾക്കൊള്ളുന്നതുമായ ഒരു ഹൃദയം എനിക്കു നൽകേണമേ നാഥാ.. അപ്പോൾ എന്റെ ജീവിതത്തിലെ ആദ്യാവസാന കാഴ്ച്ചയും പ്രതീക്ഷയും എന്നും നീ മാത്രമായിരിക്കുകയും.. നിന്നിൽ മാത്രം മുറിയപ്പെടുന്ന ഒരു ഹൃദയഭാവം ഞാനും സ്വന്തമാക്കുകയും ചെയ്യും..
വിശുദ്ധ സക്കറിയാസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.
നോമ്പുകാല വിചിന്തനം-34
വി. ലൂക്ക 13 : 21 -35
റോമൻ ആധിപത്യത്തിൻകീഴിൽ മഹാനായ ഹേറോദ് രാജാവ് പണികഴിപ്പിച്ച ദൈവാലയമായിരുന്നു യേശുവിന്റെ കാലത്ത് ജറൂസലേമിലുണ്ടായിരുന്നത്. നാഗരികസൗന്ദര്യം തുളുമ്പി നിന്നൊരു സ്വർണ്ണത്തിടമ്പായിരുന്നു. വാസ്തുശില്പകലയുടെ പ്രൗഢഭംഗിയിൽ ഉന്നതശീർഷയായി നിലയുറപ്പിച്ചിരുന്ന ഈ ദൈവാലയത്തെ നോക്കി യേശു വിലപിക്കുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം. ചരിത്രത്തിന്റെ വിവിധഘട്ടങ്ങളിൽ ദൈവം പറഞ്ഞയച്ച പ്രവാചകരെയും ന്യായാധിപന്മാരെയുമെല്ലാം കല്ലെറിയുകയോ കൊന്നു കളയുകയോ ചെയ്ത പാരമ്പര്യമാണ് ഈ നഗരത്തിനുള്ളതെന്ന് ഏറെ ദു:ഖത്തോടെ യേശു അനുസ്മരിക്കുന്നു. പ്രവാചകനായ ഏശയ്യാ പറയുന്നു;നീതിയും ധർമ്മവും കുടികൊണ്ടിരുന്ന നഗരം ഇപ്പോൾ കൊലപാതകികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അനാഥരുടെപക്ഷത്തു നില്‍ക്കാനോ വിധവകളുടെ അവകാശം പരിഗണിക്കാനോ ആരുമില്ല. കലഹപ്രിയരായ നേതാക്കന്മാർ കള്ളന്മാരോട് കൂട്ടുചേരുന്നു. അതുകൊണ്ട് നിങ്ങൾ ഇല കൊഴിഞ്ഞ കരുവേലകവൃക്ഷംപോലെയും വെളളമില്ലാത്ത ഉദ്യാനം പോലെയുമാകും. (ഏശയ്യ 1:21-28) ഇക്കാര്യങ്ങളെല്ലാം ഓർത്തുകൊണ്ടാണ് യേശു പറഞ്ഞത് , തള്ളക്കോഴി കുഞ്ഞുങ്ങളെ തന്റെ ചിറകിൻകീഴിൽ ചേർത്ത് സംരക്ഷിക്കാൻ ആഗ്രഹിക്കുന്നതുപോലെ എന്റെ രക്ഷാസങ്കേതത്തിലേക്ക് നിങ്ങളെ ഞാൻ വിളിച്ചു. പക്ഷേ, നിങ്ങൾ എന്നെ തിരസ്ക്കരിച്ചു കളഞ്ഞു. അതിനാൽ, ഇതാ നിങ്ങൾ പരിത്യക്തരാകാൻ പോകുന്നു. അപ്രകാരമാണ് A.D.70 ൽ ജറൂസലെം ദൈവാലയവും A.D.135 ൽ നഗരവും നശിപ്പിക്കപ്പെട്ടത്. പ്രായോഗികമായി ഈ സംഭവങ്ങളെയെല്ലാം വിലയിരുത്തുമ്പോൾ ഒരു കാര്യം നമുക്ക് മനസ്സിലാക്കാം. രക്ഷയുടെ മാർഗ്ഗങ്ങൾ ഏതെന്നും എന്തെന്നും അറിഞ്ഞിട്ടും അതിനെ ബോധപൂർവ്വം അവഗണിച്ച് സ്വാർത്ഥതയുടെ സ്വപ്നഗോപുരങ്ങളിൽ കഴിയുന്നവർ ശിക്ഷാവിധി സ്വയം ക്ഷണിച്ചുവരുത്തുക തന്നെ ചെയ്യും. ഒരു പ്രവൃത്തി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുകയും അതെക്കുറിച്ച് പശ്ചാത്തപിക്കുകയും ചെയ്യാതിരുന്നാൽ ആത്മീകഭവിഷ്യത്തുകൾ ഗുരുതരമായിരിക്കും. ദൈവത്തെ പങ്കു ചേർക്കാത്ത ജീവിതം സ്വാർത്ഥതയിൽ ഒടുങ്ങി നാമാവശേഷമാകും. ആ ദുരവസ്ഥ ആർക്കും സംഭവിക്കാതിരിക്കാൻ ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ.
ഫാ.ആന്റണി പൂതവേലിൽ
Categories: അനുദിനവിശുദ്ധർ