ജോസഫ് ചിന്തകൾ 110
ജോസഫ് ദൈവം തിരഞ്ഞെടുത്ത നല്ല അപ്പൻ
കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത്.
നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്. യൗസേപ്പിതാവിനു ഈ ലോകത്തിൽ കിട്ടിയ എറ്റവും വലിയ ആനുകൂല്യവും കടമയും ദൈവപുത്രൻ്റെ പിതൃത്വം ഏറ്റെടുക്കലായിരുന്നു.
വിശുദ്ധ യൗസേപ്പിൻ്റെ യേശുവിൻ്റെ പിതാവ് എന്ന സ്ഥാനം വിശുദ്ധ ഗ്രന്ഥാധിഷ്ഠതമാണ്. സുവിശേഷങ്ങളിൽ രണ്ടിടത്ത് യൗസേപ്പിതാവിനെ യേശുവിൻ്റെ പിതാവായി സാക്ഷ്യപ്പെടുത്തുന്നു. ശിമയോൻ ഉണ്ണിയേശുവിനെ കൈകളിലെടുത്തു ദൈവത്തെ സ്തുതിക്കുന്ന അവസരത്തിൽ അവൻ്റെ മാതാവും പിതാവും അത്ഭുതപ്പെട്ടു (ലൂക്കാ 2:33) എന്നു ലൂക്കാ സുവിശേഷകൻ എഴുതിയിരിക്കുന്നു. രണ്ടാം സന്ദർഭത്തിൽ മൂന്നു ദിവസം യേശുവിനെ കാണാതെ അന്യോഷിച്ചു ജറുസലേം ദൈവാലയത്തിൽ യേശുവിനെ കണ്ടുമുട്ടുമ്പോൾ മറിയം പറയുന്നു : നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. (ലൂക്കാ 2 : 48).
ആദിമ സഭയിൽ യൗസേപ്പിനെ യേശുവിൻ്റെ പിതാവായി അംഗീകരിക്കാൻ ഒരു വിമുഖത ഉണ്ടായിരുന്നു. യൗസേപ്പിനെ യേശുവിൻ്റെ ശാരീരിക പിതാവായി തെറ്റി ദ്ധരിച്ചാലോ എന്ന ഭയം നിമിത്തമായിരുന്നു അത്. മറിയത്തിൻ്റെ കന്യകാത്വത്തിനു ഭംഗം വരുത്തുന്ന യാതൊന്നും അവർക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. നാലാം നൂറ്റാണ്ടിൽ വിശുദ്ധ ആഗസ്തിനോസാണ് ഈ ചിന്താഗതിയെ മാറ്റിയത്. ഒരു പ്രഭാഷണത്തിൽ വിശുദ്ധ ആഗസ്തിനോസ് ഇപ്രകാരം പറഞ്ഞു: “വിശുദ്ധ യൗസേപ്പ് യേശുവിൻ്റെ ശാരീരിക പിതാവല്ലെങ്കിലും അവൻ യേശുവിനു ഒരു പിതാവു തന്നെയാണ് കാരണം ആധികാരികതയോടും വാത്സല്യത്തോടും വിശ്വസ്തയോടും യൗസേപ്പ് യേശുവിനോടുള്ള തൻ്റെ പിതൃത്വ കടമ നിറവേറ്റി. ” യേശുവിൻ്റെ പിതാവായ യൗസേപ്പ് യേശുവിൻ്റെ മൗതീക ശരീരമായ സഭയുടെയും പിതാവാണ്, അതിനാൽ ഓരോ സഭാംഗങ്ങളുടെയും പിതാവായി യൗസേപ്പിതാവ് മാറുന്നു.
ദൈവപിതാവു നമുക്കു നൽകിയ നല്ല അപ്പനായ യൗസേപ്പിൻ്റെ പക്കൽ നമുക്കും വിശ്വസത്തോടെ പോകാം.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/
Categories: ജോസഫ് ചിന്തകൾ