Liturgy

ദിവ്യബലി വായനകൾ – Monday of Holy Week 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

29-Mar-2021, തിങ്കൾ

Monday of Holy Week 

Liturgical Colour: Violet.

____

ഒന്നാം വായന

ഏശ 42:1-7

അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. കര്‍ത്തൃദാസന്റെ ഒന്നാം ഗാനം.

ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും. ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതു വരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു. ആകാശത്തെ സൃഷ്ടിച്ചു വിരിച്ചു നിര്‍ത്തുകയും ഭൂമിയെയും അതിലെ വിഭവങ്ങളെയും വ്യാപിപ്പിക്കുകയും അതിലെ നിവാസികള്‍ക്കു ജീവന്‍ നല്‍കുകയും അതില്‍ ചരിക്കുന്നവര്‍ക്ക് ആത്മാവിനെ നല്‍കുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണു കര്‍ത്താവ്, ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു. അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍ നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 27:1,2,3,13-14

R. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,
ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?

R. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോള്‍, അവര്‍ തന്നെ കാലിടറി വീഴും.

R. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

ഒരു സൈന്യം തന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേ യുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം വെടിയുകയില്ല.

R. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനു വേണ്ടി കാത്തിരിക്കുവിന്‍.

R. കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.

____

സുവിശേഷ പ്രഘോഷണവാക്യം

കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.

ഞങ്ങളുടെ രാജാവേ, വാഴ്ക! ഞങ്ങളുടെ തെറ്റുകളില്‍ അങ്ങേയ്ക്ക മാത്രം അലിവു തോന്നിയല്ലോ.

കര്‍ത്താവായ യേശുക്രിസ്തുവേ, അങ്ങേയ്ക്ക് സ്തുതിയും പുകഴ്ചയും.
____

സുവിശേഷം

യോഹ 12:1-11

എന്റെ ശവസംസ്‌കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ.

മരിച്ചവരില്‍ നിന്നു താന്‍ ഉയിര്‍പ്പിച്ച ലാസര്‍ താമസിച്ചിരുന്ന ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുമ്പ് യേശു വന്നു. അവര്‍ അവന് അത്താഴം ഒരുക്കി. മര്‍ത്താ പരിചരിച്ചു. അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരില്‍ ലാസറും ഉണ്ടായിരുന്നു. മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളം കൊണ്ടു വീടു നിറഞ്ഞു. അവന്റെ ശിഷ്യന്മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ്. സ്‌കറിയോത്താ പറഞ്ഞു: ‘‘എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല?’’ അവന്‍ ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതു കൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍ നിന്ന് അവന്‍ എടുത്തിരുന്നതു കൊണ്ടുമാണ്. യേശു പറഞ്ഞു: ‘‘അവളെ തടയേണ്ടാ. എന്റെ ശവസംസ്‌കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ. ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്; ഞാന്‍ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.’’ അവന്‍ അവിടെയുണ്ടെന്നറിഞ്ഞ് വലിയ ഒരു ഗണം യഹൂദര്‍ അവിടേക്കു വന്നു. അവര്‍ വന്നത് യേശുവിനെ ഉദ്ദേശിച്ചു മാത്രമല്ല; അവന്‍ മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച ലാസറിനെ കാണാന്‍ കൂടിയാണ്. ലാസറിനെക്കൂടി കൊല്ലാന്‍ പുരോഹിതപ്രമുഖന്മാര്‍ ആലോചിച്ചു. എന്തെന്നാല്‍, അവന്‍ നിമിത്തം യഹൂദരില്‍ വളരെപ്പേര്‍ അവരെ വിട്ടു യേശുവില്‍ വിശ്വസിച്ചിരുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Categories: Liturgy

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s