പുലർവെട്ടം 456

{പുലർവെട്ടം 456}

 
തെരുവുകളെ സ്നേഹസാന്ദ്രമാക്കിയ ആഘോഷം! ആ യാത്രയുടെ പശ്ചാത്തലത്തിൽ അവന്റെ പതിഞ്ഞൊഴുകുന്ന കരുണയുടെയും അനുഭാവത്തിന്റെയും മിത്രസങ്കല്പങ്ങൾ തെളിഞ്ഞു കത്തുന്നുണ്ട്. ഇതിനകം ഒരു റോമൻ അധിവേശ ഇടമായി മാറിയ ദേശത്തിലെ അശ്വാരൂഢരുടെ പകിട്ടുകൾക്കിടയിലൂടെയാണ് ഒരു സാധു മൃഗത്തിലേറിയുള്ള അവന്റെ സൗമ്യയാത്ര. വൃക്ഷച്ചില്ലകളേന്തി നിസ്വരും നിസ്സഹായരുമായ മനുഷ്യർ നിലവിളികളുമായി അവനോടൊപ്പം ചരിത്രത്തിന്റെ പരവതാനിയിലേക്ക് പ്രവേശിക്കുകയാണ്. സ്വന്തം മേലങ്കികൾ നിലത്ത് വിരിച്ചാണ് അവർ ഈ സാങ്കല്പികപാത തുന്നിയെടുക്കുന്നത്. പാവപ്പെട്ടവരുടെ അക്കാലത്തെ പണയവസ്തുവായിരുന്നു അവരുടെ മേലങ്കി. അത് ഉരിഞ്ഞിട്ടാണ് അവന്റെ വഴികളെ അവർ അലങ്കരിച്ചത്. ഞങ്ങളുടെ പ്രാണനു മീതേ അങ്ങ് സഞ്ചരിച്ചെത്തണമേ എന്നൊരു പ്രാർത്ഥനയാണ് അതിൽ അടക്കം ചെയ്തിരിക്കുന്നത്. ഓരോരോ കയങ്ങളിലേക്ക് വഴുതിപ്പോയ ഞങ്ങൾക്ക് ഒരു രക്ഷകനെ ആവശ്യമുണ്ട്. ഓശാന എന്ന നിലവിളി താനേ രൂപപ്പെടുകയായിരുന്നു.ഞങ്ങളെ രക്ഷിക്കണമേ എന്നാണതിന്റെ പൊരുൾ. ഇപ്പോൾത്തന്നെ എന്ന തിടുക്കത്തിന്റെ ധ്വനി കൂടി അതിൽ മുഴങ്ങുന്നുണ്ട്. ഒരു മാത്ര പോലും ഇനി കാത്തിരിക്കാനാവില്ല എന്നൊരു മന്ത്രണവും അതിലുണ്ട്- Save us Lord, now. മുങ്ങിത്തുടങ്ങുന്നവരുടെ ആർത്തനാദമാണത്. ദുഖം, ക്ഷോഭം, ആസക്തികൾ, അനുപാതങ്ങളില്ലാത്ത മമതകൾ ഇങ്ങനെയെന്തൊക്കെ കിടങ്ങുകളിൽ നിന്നാണ് അങ്ങ് കരം നീട്ടി ഞങ്ങളെ രക്ഷിക്കേണ്ടത്.
 
കരുണയിൽ ആരംഭിച്ച ഒരു യാത്രയായിരുന്നു അത്. അവസാനിക്കുന്നതും അങ്ങനെതന്നെ. ആൾക്കൂട്ടത്തെ ഉറ്റു നോക്കുമ്പോൾ ഇടയനില്ലാത്ത ആട്ടിൻപറ്റം പോലെ ചിതറിയവരാണ് അവരെന്നും അവന് അവരോട് അനുകമ്പ തോന്നിയെന്നുമൊക്കെ ഇതരയിടങ്ങളിലും രേഖപ്പെടുത്തുവാൻ സുവിശേഷകർ ശ്രദ്ധിച്ചിട്ടുണ്ട്. അനുകമ്പയിൽ ആരംഭിച്ച് അനുകമ്പയിൽ അവസാനിക്കുന്ന രീതിയിലാണ് ഒലീവുചില്ലകൾ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രക്കായി ഒരു കഴുതയെ അഴിച്ചുകൊണ്ടുവരാനാവശ്യപ്പെടുമ്പോൾ അതിന്റെ കുഞ്ഞിനെ കൂടെ കൂട്ടാൻ പറയുന്നതിലെ സെൻസിറ്റിവിറ്റി കാണാതെ പോവരുത്. അമ്മയെക്കാണാതെ പരിഭ്രാന്തയാവുന്ന ഒരു കുഞ്ഞിന്റെ സ്മൃതി അയാളുടെ തലച്ചോറിലും ആഴത്തിൽ ജീവിതം കോറിയിട്ടിട്ടുണ്ട്. യാത്രയുടെ അവസാനം കുന്നിൻമുകളിൽ നിന്ന് നഗരത്തെ നോക്കിയുള്ള ദുഃഖത്തിലായിരുന്നു: ജറുസലേം, ജറുസലേം തള്ളപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ ചിറകോടണച്ച് ചേർത്ത് സംരക്ഷിക്കുന്നതു പോലെ എത്ര അഗാധമായി നിന്നെ പുണരാൻ ഞാൻ കൊതിച്ചിട്ടുണ്ട്. ആരവങ്ങളിലല്ല അനുകമ്പയിലാണ് ഓശാന പ്രദക്ഷിണത്തിന്റെ സത്ത മയങ്ങുന്നതെന്ന് സാരം.
 
കുട്ടികളോട് ഓശാനപ്രഭാഷണം നടത്തുമ്പോൾ, എന്തുകൊണ്ട് കഴുതപ്പുറത്ത് എന്ന് ആരായുമ്പോൾ ലഭിച്ച ഉത്തരത്തിൽ എന്തോ ചില ഭംഗികളുണ്ടെന്ന് തോന്നി. ആ ദേശത്തിന്റെ രീതിയനുസരിച്ച് ഒട്ടകമാവാമായിരുന്നു. അപ്പോൾ നമ്മുടെ അടക്കിയ നിലവിളികൾ കേൾക്കാനാവാത്ത വിധത്തിൽ അവിടുന്ന് ഒത്തിരി ഉയരത്തിലായേനേ. കുതിരയ്ക്കുമുണ്ട് ഈ പ്രശ്നം. നമ്മളെ ശ്രദ്ധിക്കാനാവാത്ത വിധത്തിൽ ഞൊടിയിടകൊണ്ട് കാതങ്ങൾ താണ്ടി നമ്മുടെ ദുഃഖങ്ങളിൽ നിന്ന് അകന്നുപോയേനേ. ഈ സാധുമൃഗമാവട്ടെ നമുക്കിണങ്ങിയ വേഗത്തിൽ നമ്മളോടൊപ്പം സദാ ഉണ്ടായിരിക്കും. രണ്ട് സഹസ്രാബ്ദങ്ങൾക്ക് ഇപ്പുറത്തും അവിടുന്നിങ്ങനെ നമുക്കിടയിൽ നമ്മളോടൊപ്പം മെല്ലെ നടക്കുന്നതിന്റെ ഹർഷം ചിതറി കൂടെയുണ്ടെന്നുള്ളത് എന്തൊരു ആശ്വാസമാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

One thought on “പുലർവെട്ടം 456

Leave a comment