അനുദിനവിശുദ്ധർ – മാർച്ച് 27

⚜️⚜️⚜️⚜️ March 28 ⚜️⚜️⚜️⚜️
വിശുദ്ധ ഗോണ്‍ട്രാന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ക്ലോവിസ്‌ ഒന്നാമന്റേയും വിശുദ്ധ ക്ലോടില്‍ഡിസിന്റേയും പേരകുട്ടിയും രാജാവായിരുന്ന ക്ലോടെയറിന്റെ മകനുമായിരിന്നു വിശുദ്ധ ഗോണ്‍ട്രാന്‍. വിശുദ്ധന്റെ സഹോദരന്‍മാരായിരുന്ന ചാരിബെര്‍ട്ട് പാരീസിലും, സിഗെബെര്‍ട്ട് ഓസ്ട്രേഷ്യായിലും ആധിപത്യമുറപ്പിച്ചിരുന്നതിനാല്‍, 561-ല്‍ വിശുദ്ധ ഗോണ്‍ട്രാന്‍ ഓര്‍ലീന്‍സിലേയും, ബുര്‍ഗുണ്ടിയിലേയും ഭരണാധികാരിയായി അധികാരമേറ്റു. സാവോണിലെ ചാല്ലോണ്‍സായിരുന്നു വിശുദ്ധന്റെ അധികാര പരിധിയുടെ തലസ്ഥാനം. അത്യാഗ്രഹികളായിരുന്ന തന്റെ സഹോദരന്‍മാര്‍ക്കെതിരേയും, ലൊംബാര്‍ഡുകള്‍ക്കെതിരേയും ആയുധമെടുക്കേണ്ടിവന്നപ്പോള്‍, മോമ്മോള്‍ എന്ന സൈനീക നായകന്‍റെ നേതൃത്വത്തില്‍ നേടിയ വിജയങ്ങള്‍ തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സമാധാനം ഉറപ്പ്‌ വരുത്തുവാന്‍ വേണ്ടി മാത്രമാണ് വിശുദ്ധന്‍ ഉപയോഗിച്ചത്.

രാജാവായിരിക്കെ താന്‍ ചെയ്ത തെറ്റുകള്‍ക്കെല്ലാം വിശുദ്ധന്‍ തന്റെ കണ്ണുനീരു കൊണ്ടും, അനുതാപ പ്രവര്‍ത്തികള്‍ കൊണ്ടും പരിഹാരങ്ങള്‍ ചെയ്തു. തന്റെ മാത്രം സന്തോഷത്തിനു വേണ്ടിയല്ല മറ്റുള്ളവരുടെ സന്തോഷത്തിനും കരുതല്‍ നല്‍കികൊണ്ടാണ് വിശുദ്ധന്‍ തന്റെ ഭരണം നിര്‍വഹിച്ചത്. അഹംഭാവം, അസൂയ, അത്യാഗ്രഹം, തുടങ്ങിയ തിന്മയുടെ സ്വാധീനം വിശുദ്ധനെ തെല്ലും ബാധിച്ചില്ല. ദൈവഭക്തി മാത്രമായിരുന്നു വിശുദ്ധന്റെ ഭരണത്തിന്റെ അടിസ്ഥാനം. സുവിശേഷങ്ങളില്‍ പ്രമാണങ്ങള്‍ക്ക് മാനുഷിക നയങ്ങളെ മാതൃകയാക്കുവാന്‍ സാധിക്കുകയില്ല എന്ന് വിചാരിച്ചിരുന്നവര്‍ക്കൂള്ള മറുപടിയായിരുന്നു യുദ്ധരംഗത്തും, സമാധാന രംഗത്തും അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ നേടിയ പുരോഗതി.

സഭാപുരോഹിതന്‍മാരോടും, പാസ്റ്റര്‍മാരോടും വളരെ ബഹുമാനപൂര്‍വ്വമായിരുന്നു വിശുദ്ധന്‍ പെരുമാറിയിരുന്നത്. അവരെ തന്റെ പിതാവിനേപോലെ കണ്ടു ആദരിക്കുകയും, തന്റെ ഗുരുക്കന്‍മാരേപോലെ കണ്ടു ബഹുമാനിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങളെ പാലിക്കുകയും ചെയ്തിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷകനായിരുന്നു വിശുദ്ധന്‍, മാത്രമല്ല തന്റെ രാജ്യത്തെ ജനങ്ങളെ വിശുദ്ധന്‍ തന്റെ മക്കളെപോലെയാണ് കണ്ടിരുന്നത്.

പ്രത്യേകിച്ച് പകര്‍ച്ചവ്യാധിയുടേയും, ക്ഷാമത്തിന്റേയും വേളകളില്‍ അവര്‍ക്ക് വലിയൊരു പ്രത്യാശ നല്കാന്‍ വിശുദ്ധന് സാധിച്ചു. രോഗികളോട് വിശുദ്ധന്‍ ആഴമായ കരുണ വെച്ചു പുലര്‍ത്തിയിരുന്നു. ഉപവാസം, പ്രാര്‍ത്ഥന തുടങ്ങിയ ഭക്തിമാര്‍ഗ്ഗങ്ങള്‍ വിശുദ്ധന്‍ പതിവാക്കിയിരുന്നു. രാത്രിയും, പകലും വിശുദ്ധന്‍ തന്നെതന്നെ ദൈവത്തിനായി സമര്‍പ്പിച്ചു. തന്റെ നീതിയുടെ അള്‍ത്താരയില്‍ എപ്പോള്‍ വേണമെങ്കിലും സ്വയം സമര്‍പ്പിക്കുവാന്‍ സന്നദ്ധനായിരുന്നു വിശുദ്ധന്‍.

ഉദ്യോഗസ്ഥരുടേയും, മറ്റുള്ളവരുടേയും തെറ്റുകള്‍ക്ക് അദ്ദേഹം കഠിനമായ ശിക്ഷകള്‍ തന്നെ നല്‍കിയിരുന്നു, മാത്രമല്ല യുക്തപൂര്‍ണ്ണമായ നിയമങ്ങള്‍ വഴി തന്റെ സൈനികരുടെ തന്നിഷ്ടങ്ങള്‍ അദ്ദേഹം തടഞ്ഞിരുന്നു. രാജകീയ പ്രൌഡിയോട് കൂടിയ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും വിശുദ്ധന്‍ പണി കഴിപ്പിച്ചു. 31 വര്‍ഷവും കുറച്ചു മാസങ്ങളും വിശുദ്ധന്‍ തന്റെ രാജ്യം നീതിപൂര്‍വ്വം ഭരിച്ചു. വിശുദ്ധ ഗോണ്‍ട്രാന്‍ തന്റെ മരണത്തിനു മുന്‍പും, പിന്‍പുമായി നിരവധി അത്ഭുത പ്രവര്‍ത്തങ്ങള്‍ ചെയ്തിട്ടുള്ളതായി ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി പറയുന്നു. ഇതില്‍ ചിലതിനു അദ്ദേഹം ദൃക്സാക്ഷിയുമായിരുന്നു.

തന്റെ 68-മത്തെ വയസ്സില്‍ 593 മാര്‍ച്ച് 28-നാണ് വിശുദ്ധന്‍ മരണമടയുന്നത്. അദ്ദേഹം തന്നെ സ്ഥാപിച്ചിരുന്ന മാര്‍സെല്ലൂസ് ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. പിന്നീട് ഹുഗ്യൂനോട്സ് എന്ന മാതാവിരോധിയായ ഭരണാധികാരി അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ നശിപ്പിച്ചു കളഞ്ഞുവെങ്കിലും വിശുദ്ധന്റെ തലയോട്ടി മാത്രം രക്ഷിക്കാനായി. അത് വെള്ളികൊണ്ടുള്ള ഒരു പെട്ടിയില്‍ ഇപ്പോഴും അവിടെ സൂക്ഷിച്ചിരിക്കുന്നു. റോമന്‍ രക്തസാക്ഷിപ്പട്ടികയില്‍ വിശുദ്ധന്റെ നാമവും ചേര്‍ക്കപ്പെട്ടിരിക്കുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. പ്രിസ്കൂസ്, മാല്‍ക്കസ്, അലക്സാണ്ടര്‍

2. ടാര്‍സൂസിലെ കാസ്റ്ററും

3. സിസിലിയിലെ കോനോണ്‍

4. ആല്‍സെസിലെ ഗ്വെന്‍റോലിന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം:  ഇരുപത്തിയെട്ടാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16)

വിശുദ്ധ യൗസേപ്പിനെ ബഹുമാനിക്കുന്നത് ദൈവത്തിന് സംപ്രീതിജനകമാണ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

നാം വിശുദ്ധന്‍മാരെ ബഹുമാനിക്കുന്നത് ദൈവസംപ്രീതിക്ക് കാരണഭൂതമാണ്‌. “ദൈവം അവിടുത്തെ വിശുദ്ധന്‍മാരിലൂടെ മഹത്വം പ്രാപിക്കുന്നുവെന്ന് വത്തിക്കാന്‍ സൂനഹദോസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധന്മാരെ ബഹുമാനിക്കുന്നത് ദൈവമഹത്വത്തിന് പ്രതിബന്ധമാണെന്നോ അഥവാ ദൈവാരാധനയ്ക്ക് അനുയോജ്യമല്ലെന്നോ ഉള്ള ധാരണ ചിലര്‍ക്കുണ്ട്. അത് തികച്ചും അടിസ്ഥാന രഹിതമാണ്. വിശുദ്ധന്മാരെ ബഹുമാനിക്കുന്നത് ദൈവാരാധനയ്ക്കും ദൈവമഹത്വത്തിനും കൂടുതല്‍ സഹായകമത്രേ.

മറ്റെല്ലാ വിശുദ്ധരിലും ഉപരിയായി ദൈവജനനിയേയും മാര്‍ യൗസേപ്പിനെയും സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ദൈവത്തിന് കൂടുതല്‍ സംപ്രീതിജനകമാണ്. ഒരു രാജ്യത്തിലെ രാജാവിനെയോ, പ്രസിഡന്‍റിനെയോ, പ്രധാനമന്ത്രിയേയോ നാം ബഹുമാനിക്കാറുണ്ട്. അവരോടുള്ള ബഹുമാനദ്യോതകമായി അവരുടെ മാതാപിതാക്കളേയും നാം ബഹുമാനിക്കും. അഥവാ അവരുടെ മാതാപിതാക്കന്‍മാര്‍‍ക്ക് നാം നല്‍കുന്ന ബഹുമതി അവര്‍ക്കുതന്നെ നല്‍കുന്നതായി പരിഗണിക്കുന്നു. ഇതുപോലെ തന്നെ ദൈവമാതാവിനോടും മാര്‍ യൗസേപ്പിതാവിനോടും നമുക്കുള്ള ഭക്ത്യാദരങ്ങള്‍ ദൈവത്തിനു തന്നെ നല്‍കുന്നതിനായി അവിടുന്ന്‍ അംഗീകരിക്കുന്നതാണ്.

മറ്റു വിശുദ്ധന്‍മാരോട് നാം പ്രദര്‍ശിപ്പിക്കുന്ന വണക്കത്തെ ദൈവം അത്ഭുതങ്ങളിലൂടെ അംഗീകരിക്കുന്നു. നേപ്പിള്‍സിലെ ദൈവാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും കട്ടിയായിരിക്കുന്നതുമായ ജനുവാരിയൂസിന്‍റെ രക്തം തന്‍റെ തിരുനാളില്‍ അദ്ദേഹത്തിന്‍റെ ഛേദിക്കപ്പെട്ട ശിരസ്സിന്‍റെ അടുത്തു കൊണ്ടുവരുമ്പോള്‍ അത്ഭുതകരമായി ദ്രാവകരൂപം പ്രാപിക്കുന്നു. ഇപ്രകാരം അനേകം അത്ഭുതങ്ങള്‍ വിശുദ്ധന്‍മാരോടുള്ള ഭക്തി അംഗീകരിച്ചു കൊണ്ട് ദൈവം പ്രവര്‍ത്തിക്കുന്നുണ്ട്. അപ്രകാരമെങ്കില്‍ ദൈവമാതാവായ പരിശുദ്ധ കന്യകയെയും അവിടുത്ത വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പിനെയും ബഹുമാനിക്കുന്നത് ദൈവം എത്ര കൂടുതല്‍ അംഗീകരിക്കുകയില്ല. സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവിടുത്തെ അനുഗ്രഹ ഭണ്ഡാരം മാര്‍ യൗസേപ്പിന്‍റെ സൂക്ഷത്തിലാണ് ഭരമേല്‍പ്പിച്ചിരിക്കുന്നത്.

മാര്‍ യൗസേപ്പ് ഈ ലോകത്തില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനം വഹിച്ചിരുന്നു. പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവ്, പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയുടെ വിരക്തഭര്‍ത്താവ് എന്നീ വിവിധ നിലകളില്‍ വിശുദ്ധ യൗസേപ്പ് ബഹുമാനവും വണക്കവും അര്‍ഹിക്കുന്നു. അത് നാം നല്‍കുമ്പോള്‍ പരിശുദ്ധ ത്രിത്വത്തിലെ മൂന്ന്‍ വ്യക്തികളും മഹത്വീകരിക്കപ്പെടുന്നു. പിതാവായ ദൈവം നമ്മുടെ വന്ദ്യപിതാവിന്‍റെ അവിടുത്തെ ഭൂമിയിലെ പ്രതിനിധിയായും പുത്രനായ ദൈവം അവിടുത്തെ വളര്‍ത്തുപിതാവായും പരിശുദ്ധാത്മാവ് അവിടുത്തെ ദിവ്യമണവാട്ടിയുടെ കാവല്‍ക്കാരനായും സ്നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാല്‍ മാനവകുലത്തില്‍ നിന്ന്‍ ദൈവം ഏറ്റവും കൂടുതലായി സ്നേഹിക്കുന്നത് മാര്‍ യൗസേപ്പിനെയാണെന്ന് നിസ്സംശയം പറയാവുന്നതാണ്. നീതിമാന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കുക ഔചിത്യപൂര്‍ണ്ണമാണെന്നു വി. തോമസ്‌ അക്വിനാസ് അഭിപ്രായപ്പെടുന്നു. നീതിമാന്‍മാരില്‍ സര്‍വരാലും സമാദരണീയനാണ് മാര്‍ യൗസേപ്പ് എന്നുള്ളത് വ്യക്തമാണല്ലോ. വിശുദ്ധി ദൈവവുമായിട്ടുള്ള വൈയക്തിക ബന്ധമാണ്. ക്രിസ്തുവിലൂടെ ദൈവവുമായിട്ടുള്ള അഭിമുഖീകരണമത്രേ. അത് മാര്‍ യൗസേപ്പ് ഏറ്റവും ഉന്നതമായ വിധത്തില്‍ നിര്‍വഹിച്ചു.

സംഭവം
🔶🔶🔶🔶

ഒരിക്കല്‍ ഫ്രാന്‍സില്‍ കാത്സ എന്ന പട്ടണത്തില്‍ അധ്വാനശീലനായ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. മതപരമായ കാര്യങ്ങളില്‍ തികഞ്ഞ അനാസ്ഥയാണ് അയാള്‍ പുലര്‍ത്തിയിരുന്നത്. ദൈവ പ്രമാണങ്ങള്‍ ലംഘിച്ച് കൂദാശകള്‍ സ്വീകരിക്കാതെ മൃഗസദൃശനായി അയാള്‍ ജീവിച്ചു. അയാളുടെ ഭാര്യ വിശുദ്ധ യൗസേപ്പിന്‍റെ തികഞ്ഞ ഭക്തയായിരുന്നു. അതിനാല്‍ ഭര്‍ത്താവിന്‍റെ മന:പരിവര്‍ത്തനത്തിനു വേണ്ടി മാര്‍ യൗസേപ്പിതാവിന്‍റെ സന്താപസന്തോഷങ്ങളെ ധ്യാനിച്ചുകൊണ്ട് ഏഴ് ബുധനാഴ്ചകളില്‍ പ്രാര്‍ത്ഥിച്ചു.

ഏഴാം ദിവസം അവളുടെ ഉപകാരിണിയായ ഒരു കുലീന സ്ത്രീ നല്‍കിയ മാര്‍ യൗസേപ്പിന്‍റെ സ്വരൂപം കൈയില്‍ വഹിച്ചുകൊണ്ട് ഈ വന്ദ്യപിതാവിനെ അനുകരിച്ച് ഉത്തമ ക്രിസ്തീയ ജീവിതം നയിക്കുവാനുള്ള ആഹ്വാനം നല്‍കി. സാധാരണ വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കോപാവേശത്തോടെ അവളെ കുറ്റപ്പെടുത്താറുണ്ടായിരുന്ന ഭര്‍ത്താവ് സൗമ്യ ഭാവമുള്ളവനും ശാന്തനുമായി. ഭര്‍ത്താവിന്‍റെ ഭാവപ്പകര്‍ച്ചയില്‍ അവള്‍ അതീവ സന്തുഷ്ടയായി. താമസിയാതെ അയാള്‍ പാപസങ്കീര്‍ത്തനം നിര്‍വഹിച്ചു. ഒരു പുതിയ ജീവിതം നയിക്കുവാനും വിശുദ്ധ യൗസേപ്പിനോടുള്ള അവളുടെ ഭക്തി ഇടയാക്കി.

ജപം
🔶🔶

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, അങ്ങേ വിശ്വസ്ത ശുശ്രൂഷിയായ മാര്‍ യൗസേപ്പിനെ അങ്ങ് മഹത്വപ്പെടുത്തുവാന്‍ തിരുമനസ്സായി. ഞങ്ങള്‍ ആ പുണ്യപിതാവിനെ പുത്രര്‍ക്കനുയോജ്യമായ വിധം ബഹുമാനിക്കുന്നത് അവിടുത്തെ സംപ്രീതിക്കു നിദാനമാണെന്നു ഞങ്ങള്‍ക്കറിയാം. മാര്‍ യൗസേപ്പിനെ അനുകരിച്ച് ഞങ്ങളും അനുദിന ജീവിതത്തില്‍ അവിടുത്തെ ഹിതം മാത്രമനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹം നല്‍കേണമേ. മാര്‍ യൗസേപ്പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ദൈവസവിധത്തില്‍ മാദ്ധ്യസ്ഥം വഹിച്ച് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനും അവിടുത്തെ മക്കളാണെന്നു പ്രഖ്യാപിക്കുന്നതിനും ഞങ്ങളെ പ്രാപ്തരാക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶🔶🔶

ഈശോയുടെ സ്നേഹമുള്ള വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ! ഈശോയെ സ്നേഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

പ്രഭാത പ്രാർത്ഥന..🙏


സീയോൻ പുത്രിയോടു പറയുക..ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.. (മത്തായി :21/5)

രാജാധിരാജനായ ഈശോയേ..
ഹൃദയത്തിന് മാധുര്യവും ആനന്ദവും ഉണർത്തുന്ന ഹോസാന സ്തുതിസ്തോത്രങ്ങളോടെ ഈ പ്രഭാതത്തിന്റെ അനുഗ്രഹീത നിമിഷങ്ങളിൽ ഞങ്ങളങ്ങയെ ആരാധിക്കുവാൻ അണഞ്ഞിരിക്കുന്നു. ഈശോയേ.. കുട്ടിക്കാലത്ത് കേട്ടുപഴകിയ കഥകളിലും നിറമുള്ള കാഴ്ച്ചകളിലുമൊന്നും വിനയാന്വിതനായി കഴുതപ്പുറത്ത് എഴുന്നള്ളുന്ന ഒരു രാജാവിനെക്കുറിച്ച് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല. അതുകൊണ്ടാവും സ്വപ്നങ്ങളിൽ പോലും രാജാവായി ഞാനൊരിക്കലും നിന്റെ മുഖം തിരയാതിരുന്നത്.. എങ്കിലും ഹോസാന എന്നു കേൾക്കുമ്പോൾ ഇപ്പോഴും മനസ്സു നിറഞ്ഞു കവിയുന്ന ആനന്ദത്തെ ഞാൻ തിരിച്ചറിയുന്നുണ്ട്.. ഹോസാനയിൽ മാത്രം മുഴങ്ങിക്കേട്ട സ്തുതിപാടലുകളെക്കുറിച്ചും നിനക്കു ലഭിച്ച രാജകീയമായ വരവേൽപ്പിനെക്കുറിച്ചും ഞാനിപ്പോൾ ഓർക്കുകയായിരുന്നു..അന്യായമായ ന്യായവിസ്താരങ്ങളുടെ മുന്നിൽ പെട്ടപ്പോൾ എത്ര പെട്ടെന്നാണവർ കള്ളസാക്ഷ്യങ്ങൾ ഉണ്ടാക്കിയതും.. സ്തുതിപാടകരുടെ നിലപാടുകൾ പോലും മാറിമറിഞ്ഞതും..

ഈശോയേ.. ഹോസാന പാടി എതിരേറ്റവർ പോലും നിശബ്ദരായിരുന്നപ്പോഴും, സന്തോഷത്തോടെ ഭക്ഷിച്ചു തൃപ്തിയടഞ്ഞവർ പോലും കൂട്ടത്തിൽ കൂടി അവനെ ക്രൂശിക്കുക എന്നാർത്തു വിളിച്ചപ്പോഴും അവരിലേക്കുള്ള ഒരു നോട്ടത്തിൽ പോലും കനലുകളെരിയാതെയും.. അധിക്ഷേപങ്ങളിൽ മനമിടറാതെയും.. അപഹാസ്യങ്ങൾക്കു നേരെ മുഖം തിരിക്കാതെയും അസത്യമായ കുറ്റാരോപണങ്ങളിൽ സ്വയം മറന്നു പ്രതികരിക്കാതെയും അചഞ്ചലനായി നിലകൊണ്ടപ്പോൾ ഉന്നതത്തിൽ നിന്നുള്ള ദൈവമഹത്വത്തെ മാത്രം അഭിലഷിച്ചു കൊണ്ട് അങ്ങ് പിതാവിനോടുള്ള അനുസരണം പൂർത്തിയാക്കുകയായിരുന്നുവല്ലോ.. ദുഃഖത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിക്കേണ്ടി വരുമ്പോഴും, സന്തോഷത്തിന്റെ അതിമധുരം നുകരുമ്പോഴും ഒരേ മനസ്സോടെയും ഹൃദയത്തോടെയും നിനക്കു സ്തുതി പാടുവാൻ എന്റെ അധരത്തെ ഒരുക്കേണമേ നാഥാ.. ഈ ലോകത്തിലെ നശ്വരമായ നേട്ടങ്ങളിൽ ഭ്രമിച്ച് നീയെന്ന സ്വർഗ്ഗസന്തോഷത്തെ ഞാനൊരിക്കലും നഷ്ടപ്പെടുത്താതിരിക്കട്ടെ.. നിന്നിലേക്ക് ഉയരുന്ന സ്വരവും. നിനക്കു വേണ്ടി തുടിക്കുന്ന ഹൃദയവുമായി ഞാനും നിന്റെ കാൽവരിബലിയിലെ സ്നേഹപ്രവഹത്തിന്റെ പൂർണതയിൽ നിത്യമായി നിന്നോട് അലിഞ്ഞു ചേരട്ടെ..

ദാവീദിന്റെ പുത്രന് ഹോസാന.. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ.. ഉന്നതങ്ങളിൽ ഹോസാന.. ആമേൻ 🙏

Advertisements

നോയമ്പുകാല വിചിന്തനം-39 ഓശാന ഞായർ
വി. മത്തായി 21 : 1 -17

പുതിയനിയമ ജനതതിയുടെ ജീവിതഗതിയിൽ നിർണ്ണായകമായിത്തീർന്ന ചരിത്രസംഭവമാണ് യേശുവിന്റെ രാജകീയമായ ജറൂസലേം ദൈവാലായ പ്രവേശം.. ജറൂസലേം നഗരത്തിന്റെ കാവൽ ഗോപുരമെന്നും യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെയും പുനരാഗമനത്തിന്റെയും വേദിയെന്നു വിശേഷിപ്പിക്കപ്പെടുകയും വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒലീവ്മലയിൽ നിന്നാണ് കഴുതപ്പുറത്തേറിയുള്ള യേശുവിന്റെ ജൈത്രയാത്രയുടെ ആരംഭം. ദൈവജനത്തിന്റെ കൊടിയ പാപങ്ങൾക്കും അതിക്രമങ്ങൾക്കുമുളള ശിക്ഷയെന്നോണം നഗരത്തെ നാശത്തിനു വിട്ടുകൊടുത്തുകൊണ്ട് ദൈവാലയം വിട്ടുപോയ ദൈവമഹത്വം ഒലീവ് മലയിലുടെ നഗരത്തിലേക്ക് കടന്നുവരുമെന്ന എസക്കിയേലിന്റെ പ്രവചന സാക്ഷാത്ക്കാരമാണ് ഈ യാത്രയെന്നാണ് സുവിശേഷകന്മാർ വ്യാഖ്യാനിക്കുന്നത്(എസ.43:4) യേശുവിന്റെ പ്രബോധനങ്ങൾ കൊണ്ടൊന്നും മനസ്സു തിരിയാതിരുന്ന ദൈവജനത്തെ താൻ തന്നെയാണ് വരാനിരിക്കുന്ന രക്ഷക(മിശിഹ) നെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു കഴുതപ്പുറത്തേറിയുള്ള നാടകീയതയും പ്രതീകാത്മകതയും നിറഞ്ഞ യാത്രയുടെ ലക്ഷ്യം. പഴയ നിയമത്തിൽ അഹിയ പ്രവാചകൻ തന്റെ പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി അതിൽ പത്തു കഷണങ്ങൾ ജറോബോവാവിനു നൽകിക്കൊണ്ട് പറഞ്ഞു: നീ ഇതെടുത്തുകൊൾക . അതായത്, സോളമന്റെ രാജ്യത്തെ പത്തു ഗോത്രങ്ങളെ നിനക്ക് ഇതാ :ഞാൻ തരുന്നു. (1 രാജാ 11:30,31) ഇതൊരു പ്രതീകാത്മക സംഭവമായിരുന്നു. ദൈവത്തിൽനിന്ന് അകലുന്നവന് അവിടുത്തെ സംരക്ഷണം നഷ്ടപ്പെടുമെന്ന സന്ദേശമാണ് ഇതുവഴി നൽകിയത്. യഹൂദ- റോമൻ സംസ്ക്കാരത്തിൽ ” കഴുതപ്പുറത്തെഴുന്നള്ളു ന്ന രാജാവ് ” യുദ്ധമില്ലാത്ത സമാധാനകാലത്തിന്റെ പ്രതീകമായിരുന്നു. അപ്പോൾ യേശുവിന്റെ ദൈവാലയപ്രവേശം ദൈവവും മനുഷ്യനും തമ്മിലും മനുഷ്യർ പരസ്പരവും സംഭവിക്കുന്ന അനുരഞ്ജന കാലത്തിന്റെ വിളംബരംകൂടിയാണ്. അതുപോലെ പഴയകാലങ്ങളിൽ യുദ്ധത്തിൽ വിജയശ്രീലാളിതനായിവരുന്ന രാജാക്കന്മാരെ മരച്ചില്ലകളേന്തി ജനം വരവേല്ക്കുമായിരുന്നു. അതിനെ അനുസ്മരിപ്പിക്കുന്നതാണ് ഒലിവിലക്കമ്പുകളേന്തിയും ഓശാനഗീതങ്ങൾ പാടിയും യേശുവിനെ വരവേല്ക്കുന്ന സംഭവം. ഇതും ഏറെ പ്രതീകാത്മകമായ അർത്ഥം ഉൾക്കൊള്ളുന്നുണ്ട്. പാപത്തിന്റെ അടിമത്വത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും പുതിയ സമാധാനകാലത്തെ സ്വാഗതം ചെയ്യുന്നതിന്റെയും യേശുവിലൂടെ കൈവരുന്ന വിശുദ്ധീകരണത്തിനു നമ്മെത്തന്നെ സമർപ്പിക്കുന്നതിന്റെയും സൂചകങ്ങളാണ്. യേശുവിലൂടെ ദൈവം നമുക്കു തരുന്ന സ്വാതന്ത്യം, സമാധാനം, വിശുദ്ധീകരണം എന്നിവയ്ക്ക് നന്ദിപറഞ്ഞു കൊണ്ടു് വിശുദ്ധവാരത്തിലെ രക്ഷാകരസംഭവങ്ങളുടെ ആത്മീകാനുഭവങ്ങളിലേക്ക് നമുക്ക് ഭക്തിപൂർവം പ്രവേശിക്കാം.

* ഫാ.ആന്റണി പൂതവേലിൽ

Advertisements

Leave a comment